18 ഇനം ചക്കക്കറികളും ചക്കപ്പായസവും
18 ഇനം ചക്കക്കറികളും ചക്കപ്പായസവും
Tuesday, October 4, 2016 5:02 AM IST
ഭക്ഷ്യ സംസ്കരണത്തിൽ റഫീക്കിന്റെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു. ചക്ക സംസ്കരണ രംഗത്താണ് റഫീക്ക് ശ്രദ്ധേയനാകുന്നത്. പതിനെട്ടു കൂട്ടം രുചിയേറിയ ചക്ക കറികളോടൊപ്പം വിഭവ സമൃദ്ധമായ സദ്യ. കേൾക്കുമ്പോൾ ആദ്യമൊന്ന് അമ്പരക്കും. എന്നാൽ സദ്യ ഇലയിൽ വിളമ്പിക്കഴിയുമ്പോൾ നമ്മൾ തന്നെ നമിക്കും. പച്ചക്കറികളിൽ വിഷാംശം വ്യാപകമായിരിക്കുന്ന കാലഘട്ടത്തിൽ വിഷാംശം ഒട്ടും ഇല്ലാത്ത ചക്ക ഉപയോഗിച്ച് 18 ഇനം കറികളും ചക്കപ്പായവസും ഒരുക്കി ശ്രദ്ധേയനാകുകയാണ് തിരുവനന്തപുരം പാറശാല ഇടിഞ്ചക്കപ്ലാമൂട് സ്വദേശിയായ റഫീക്ക്. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ചക്ക ഫെസ്റ്റിൽ ഇദ്ദേഹത്തിന്റെ ഭക്ഷണശാലയിലേയ്ക്ക് ഭക്ഷ്യരപേമികളുടെ തിരക്കായിരുന്നു. 12 കൂട്ടുകറികൾ നാലു ഒഴിച്ചുകറികൾ ഇവയെല്ലാം റെഡി. എല്ലാം ചക്കയും ചക്കക്കുരുവും ചേർന്നുള്ളതെന്നത് ഏറെ വ്യത്യസ്തം.

ആദ്യ ദിനം 30 സദ്യ മാത്രമാണ് ചക്ക ഫെസ്റ്റിൽ ഒരുക്കിയിരുന്നത്. എന്നാൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചു വന്നതോടെ ഒരാഴ്ച നീണ്ടു നിന്ന ചക്കഫെസ്റ്റിൽ മറ്റെല്ലാ ദിവസങ്ങളിലും 500 സദ്യകൾ വരെയാണ് ചക്ക വിഭവങ്ങൾക്കൊണ്ട് റഫീക്ക് ഒരുക്കിയത്.

ചക്ക സാമ്പാർ, ചക്ക എരിശേരി, ചക്കപ്പുളിശേരി എന്നിവയാണ് സദ്യയ്ക്ക് ഒഴിച്ചുകറിയായി നല്കുന്നത്. ഇടിഞ്ചക്കത്തോരൻ ആണ് മറ്റൊരു ശ്രദ്ധേയമായ വിഭവം. ചക്കക്കുരു റോസ്റ്റ് ചെയ്തു നല്കുന്നതിന്റെ രുചി ഏറ്റവും ആസ്വാദ്യകരമാണ്. ചക്ക അവിയലിനും സ്വാദേറെയാണ്.



ചക്കപ്പഴം ഉപയോഗിച്ചുള്ള രണ്ടുകൂട്ടം പായസവും ഈ സദ്യയിൽ നല്കുന്നുണ്ട്. മൊത്തം ചക്കമയമാണ് റഫീക്കിന്റെ സദ്യ. ചിപ്സ് കച്ചവടം നടത്തിയിരുന്ന റഫീക്ക് ചക്കയോട് ആളുകൾക്കുള്ള താത്പര്യം മനസിലാക്കിയാണ് ചക്കവിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. ആറു വർഷമായി ഇത്തരത്തിൽ ചക്കസദ്യയും ചക്ക ഉപയോഗിച്ച് വിവിധ പലഹാരങ്ങളും നിർമിച്ച് വിപണനം നടത്തുകയാണിദ്ദേഹം.

20 ദിവസം പ്രായമായ ചക്ക മുതൽ പഴുത്ത ചക്ക വരെ ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്നു.
20 ദിവസം പ്രായമായ ചക്കയുടെ പുറം മടൽ ചെത്തിക്കളഞ്ഞശേഷം ചക്ക അരച്ച് മാവാക്കിയെടുക്കുന്നു. ഈ മാവ് ഉപയോഗിച്ച് ഉണ്ണിയപ്പം, അച്ചപ്പം തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നു. ചക്കക്കുരുവും ചക്കച്ചുളയും ഉണക്കി മാവാക്കി വിവിധ ഭക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നു.

പഴുത്ത തേൻ വരിക്ക ചക്കയുപയോഗിച്ചാണ് ഹൽവയും ജാമും, വരട്ടിയും ഒക്കെ ഉണ്ടാക്കുന്നത്. തേൻവരിക്കയായാൽ രുചി കൂടുതലായിരിക്കുമെന്നും റഫീക്ക് സാക്ഷ്യപ്പെടുത്തുന്നു. ചക്കച്ചുളയുപയോഗിച്ച് പല ഇറച്ചി ഉത്പന്നങ്ങളുടെ വിഭവങ്ങളും തയാറാക്കുന്നു. ചിക്കൻ ഫ്രൈയ്ക്ക് തുല്യമായ രുചിയോടെ ചക്ക ഉപയോഗിച്ച് ഫ്രൈ നിർമിക്കുന്നു. എറണാകുളത്ത് നടന്ന ചക്ക ഫെസ്റ്റിലാണ് ഈ ഉത്പന്നം പരീക്ഷിച്ചത്. താൻ നിർമിച്ച ചക്ക ഹൽവാ മൂന്നു മാസം വരെ യാതൊരു കേടും കൂടാതെ ഇരുന്നതായി റഫീക്ക് സാക്ഷ്യപ്പെടുത്തുന്നു. 20 ജീവനക്കാരാണ് റഫീക്കിനൊപ്പം ചക്ക ഉത്പന്നങ്ങൾ തയാറാക്കുന്നതിനായി രംഗത്തുള്ളത്, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നായി ആവശ്യത്തിനുള്ള ചക്ക ലഭിക്കുന്നതായും റഫീക്ക് കൂട്ടിച്ചേർത്തു. മറ്റ് ഉത്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത്ര ലാഭം ലഭിക്കുന്നില്ലെങ്കിലും താൻ കൊടുക്കുന്ന ഉത്പന്നങ്ങൾ ഒന്നും വിഷമില്ലാത്തത് ഏറെ ആത്മസംത്ൃപ്തി നല്കുന്നുവെന്നും ഈ പാറശാല സ്വദേശി വ്യക്‌തമാക്കുന്നു.



ചക്കയിലെ ചില വിഭവങ്ങൾ

ചക്ക ബജ്‌ജി, ചക്കപ്പഴംപൊരി, ഉണ്ണിയപ്പം, മോതകം, വട, ചക്കച്ചില്ലി, മധുരച്ചില്ലി, ചക്കമിക്ചർ, ചക്ക കട്ലറ്റ്, ചക്ക അട, ചക്ക കോട്ടപ്പം, ചക്കപ്പായസം, ചക്കവരട്ടി, ചക്കമഞ്ചൂരി, ചക്കപ്പുഴുക്ക്, ചക്കത്തോരൻ, ചക്ക അവിയൽ, ചക്കബിരിയാണി. ഫോൺ; റഫീക്ക്– 99614 92460.

തോമസ് വർഗീസ്