മഴനീർകണമായ് ബിച്ചുവിന്റെ രചനകൾ
മഴനീർകണമായ് ബിച്ചുവിന്റെ രചനകൾ
Saturday, October 1, 2016 5:14 AM IST
മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ പേരു ചാർത്തപ്പെട്ട ഗാന രചയിതാവാണ് ബിച്ചു തിരുമല. മലയാളികളുടെ നാവിൽ ഇപ്പോഴും ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നു വീണ വരികൾ കളിയാടുന്നുണ്ട്. അതു കാലങ്ങളോളം സഞ്ചരിക്കുക തന്നെ ചെയ്യും. ഒരു പക്ഷെ മലയാളത്തിൽ സിനിമാ സംഗീതത്തിന് ഇത്രമാത്രം രചന കുറിച്ചവർ വേറെയില്ലായിരിക്കും. സിനിമയുടെ തിരക്കിൽ നിന്നും മാറിനിന്ന് ഇന്നത്തെ സിനിമയുടെ വളർച്ചയെ നോക്കിക്കാണുകയാണ് അദ്ദേഹം. അവിടെ ആകുലതകളുണ്ട്, ആത്മരോഷമുണ്ട്, അനുതാപമുണ്ട്. പുതിയ കാലത്തിന്റെ സിനിമാ ലോകത്തിനോട് ഉപദേശിക്കാനും ഈ കാരണവർ തയ്യാറാണ്. മലയാള സിനിമയോട് ഈ പ്രതിഭ ഒരു കൂട്ടം ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഉത്തരം സിനിമ ലോകമാണ് തരേണ്ടത്. ബിച്ചു തിരുമലയുടെ വാക്കുകളിലൂടെ...

കാറ്റു പോലെ സംഗീതം
ലോകത്തുള്ള എല്ലാ ജീവജാലങ്ങളിലും സംഗീതമുണ്ട്. അതു കാറ്റുപോലെയാണ്. ഒരു ദിവസം കൊണ്ടു സൃഷ്ടിതമായതല്ല. അതു കാലത്തിനോടൊപ്പം സഞ്ചരിച്ചു പോരുന്നു. ഒരു വിഭവത്തിന്റെ രുചിക്കൂട്ടുപോലെ അതിനോടൊപ്പം എപ്പഴോ വരികളും ചേർന്നു തുടങ്ങി. അതിന്റെ വകഭേദങ്ങളിലൊന്നായി വന്നു കൂടിയതാണ് സിനിമ. സിനിമയിലും ശബ്ദം പിന്നീടാണ് ചേരുന്നത്. ഒരു താളാനുസൃതമായി അതിനെ പലപ്പോഴായി കൂട്ടിച്ചേർത്തതാണ്. ആ താളത്തിൽ നിന്നും കവിതകളും ഗാനങ്ങളും സിനിമയിൽ വന്നു ചേരുകയായിരുന്നു. കാലങ്ങൾ മാറിയപ്പോൾ സംഗീതത്തിന്റെ രൂപവും മാറി. എപ്പോഴോ സാധാരണക്കാരന്റെ മനസിലുള്ള സംഗീതത്തിൽ നിന്നു സിനിമാസംഗീതം മാറി സഞ്ചരിക്കാൻ തുടങ്ങി. സംഗീതത്തിന്റെ വ്യക്‌തിത്വം തന്നെ നഷ്ടപ്പെട്ടു.

സിനിമയിൽ സംഗീതം എത്തുന്നത് അതിനും മുമ്പുണ്ടായിരുന്ന നാടകങ്ങളിൽ കൂടിയാണ്. കാരണം നാടകം സംഗീത സാന്ദ്രമായിരുന്നു പണ്ട്. എന്നാൽ കല നാടകമായി രൂപപ്പെട്ട് സ്റ്റേജിലെത്തിയെന്നത് പല ജീവിത വ്യാപാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആവിഷ്കാരത്തിലൂടെയുമാണ്. അപ്പോൾ അത്ര ശക്‌തമായ നടന കലയും സംഗീത കലയുമാണ് നമ്മുടെ സിനിമയിലേക്കെത്തുന്നത്. എന്നാൽ അതിനു ശേഷം വന്നവർ അവർക്കു തോന്നിയതു പോലെ അതിനെ മാറ്റി മറിച്ചു. ആദ്യ നിശബ്ദ ചിത്രങ്ങളായ ബാലനിലൊക്കെ സംഗീതം നമുക്കു കാണാനില്ലായിരിക്കും. എന്നാൽ അതു കാണുമ്പോൾ സംഗീതം നമ്മുടെ മനസിലേക്കെത്തും. ആനത്തലയോളം വെണ്ണ തരാമെടാ എന്ന് അന്നു കവി പാടിയപ്പോൾ അതു സിനിമയ്ക്കും അപ്പുറം പ്രേക്ഷകരുടെ മനസിലാണു സംഗീതം നിറയ്ക്കുന്നത്. എഴുപതുകൾക്കു മുന്നിലുള്ള ഏറ്റവും പഴക്കമുള്ള പാട്ടിലൊന്നായ ആനത്തലയോളം എന്ന പാട്ട് ഇന്നും ആൾക്കാർ ഓർക്കുന്നു. ഇന്നു ദൃശ്യത്തിനു മാത്രം പ്രാധാന്യമേറിയപ്പോൾ പാട്ടുകൾക്കു ജീവനില്ലാതെ പോകുന്നു. ഇപ്പോഴുണ്ടാകുന്ന പാട്ടുകൾ എത്രകാലം ശ്രോതാവിന്റെ മനസിൽ നിൽക്കുന്നുണ്ട്? അതിനു കാരണമെന്നത് ഇന്നത്തെ തലമുറയ്ക്കു സിനിമയോടുള്ള സമീപനമാകാം. ഇവരിൽ എത്രയാളുകളുടെ പേര് നാളെ ലോകം ഓർത്തു വെയ്ക്കും? അതാണ് മലയാള സിനിമ സംഗീതത്തിൽ വന്ന പാകപ്പിഴ എന്നെനിക്കു തോന്നുന്നു.

പുതുമയില്ലാത്ത പുതുതലമുറ

ഇപ്പോൾ പുതിയ തലമുറയുടെ സിനിമയെന്നാണു പറയുന്നത്. പുതിയ ഒരുപാട് ആൾക്കാർ വരുന്നു. പക്ഷേ അവരുടെ വരവിൽ മാത്രമേ പുതുമ കാണുന്നുള്ളു. മറ്റെങ്ങും അതു പ്രതിഫലിക്കുന്നില്ലല്ലൊ? പുതിയ കാലത്തിലെ എഴുത്തുകാർ അതെക്കുറിച്ചു വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ്. ഞാൻ എഴുതുന്നത് എനിക്കെങ്കിലും മനസിലാകണം. സംഗീതത്തിൽ പുതുമ എന്നും വന്നിരുന്നു. പക്ഷേ, അതിനനുസൃതമായി എഴുത്തിലും മാറ്റം വരണം. സംസ്‌ഥാന സർക്കാരിന്റേതടക്കം അവാർഡിന്റെ അർത്ഥം തന്നെ മാറിയിരിക്കുന്നു. സ്വജന പക്ഷപാതം അവിടെയും പ്രതിഫലിക്കുന്നു. അവാർഡ് എന്നതു തന്നെ അനാവശ്യ സംഗതിയായി മാറിയിരിക്കുന്നു.

നമ്മൾ എഴുതുന്ന സാഹിത്യത്തിൽ കരുത്ത് ഉണ്ടായിരിക്കണം. അതിനു ലോകത്തെ വിശാലമായി കാണണം. ഇന്നു ലോകത്തു സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ സന്ദർഭമായി പരിവർത്തനം ചെയ്ത് സംഗീതത്തിന്റെ അകമ്പടിയിൽ ഗായകന്റെ ശബ്ദത്തിലൂടെ ലോകത്തിനു മുന്നിൽഎത്തിക്കണം. അത് ഒരാളോ രണ്ടു പേരോ ചെയ്യേണ്ടതല്ല. സിനിമയുടെ ആളുകൾ എല്ലാവരും കൂടിച്ചേർന്നു ചെയ്യേണ്ടതാണ്. വലിയൊരു കൂട്ടായ്മയാണത്. പക്ഷേ അതു ഇന്നു നടക്കുന്നില്ല. സംഗീതം എന്താണെന്നോ സാഹിത്യം എന്താണന്നോ ഇതു ദൃശ്യവത്കരിക്കുന്നതിലൂടെ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നേ ആർക്കുമറിയില്ല. അതു അറിവുകേടിന്റെ കുറവാണ്. തിരക്കാണ് എന്നു പറഞ്ഞു മാറ്റി നിർത്താനാവില്ല അതിനെ. അങ്ങനെ തിരക്കായിരുന്നു എങ്കിൽ ഐ.വി ശശിയൊന്നും ഇത്രമാത്രം സിനിമകൾ സംവിധാനം ചെയ്യുകയില്ലായിരുന്നല്ലോ? ആ ചിത്രങ്ങളിലെ പാട്ടുകൾ ഓരോന്നും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുകയില്ലായിരുന്നല്ലോ? ബുദ്ധിമുട്ടി ചെയ്യാനുള്ള മനസ് സിനിമാ പ്രവർത്തകർക്ക് ഉണ്ടാകണം.




കവിയുടെ മനസിൽ സംഗീതം വേണം

ഈണത്തിനനുസരിച്ച് പാട്ടെഴുതുന്നതു തെറ്റാണെന്നു പറയാനാവില്ല. കാരണം സംഗീതത്തിനനുസരിച്ച് വാക്കുകൾ കുറിക്കാൻ സാഹിത്യകാരൻ അറിഞ്ഞിരിക്കണം. സംഗീതം ഇല്ലാതെങ്ങനെയാണ് കവിത എഴുതുന്നത്. ഞാൻ സിനിമയിൽ രണ്ടു തരത്തിലും പാട്ടുകൾ എഴുതിയിരുന്നു. ചില പാട്ടുകൾ ചരണങ്ങൾ എഴുതിയത് ഈണം ചെയ്തതിനു ശേഷം ബാക്കി ഈണത്തിനനുസരിച്ചും എഴുതിയിട്ടുണ്ട്. ഈണം നൽകിയതായാലും അല്ലെങ്കിലും കവിത എഴുതുമ്പോൾ അവരുടെ മനസിൽ ഒരു സംഗീതം വേണം. അതിനനുസൃതമായി സാഹിത്യ സൃഷ്ടിയെ കരുത്തുള്ളതാക്കാനാണ് അവർ ശ്രമിക്കേണ്ടത്. എന്തും എഴുതുന്നതല്ല കവിത.

60 സംഗീത സംവിധായകർക്കൊപ്പം

1972–ലാണ് സിനിമയിൽ ഞാൻഎഴുതിത്തുടങ്ങുന്നത്. ഇവിടെ വരെയെത്തുമ്പോൾ 417 സിനിമകൾക്കു ഞാൻ വരികൾ എഴുതിക്കഴിഞ്ഞിരിക്കുന്നു. ഈശ്വരാനുഗ്രഹം എന്നു മാത്രമാണ് അതിനെ പറയാനാകുന്നത്. ആരു സംഗീതം നൽകിയാലും ഒട്ടുമിക്ക ചിത്രങ്ങളിലെയും ഒരു പാട്ടെങ്കിലും സൂപ്പർ ഹിറ്റായിരുന്നു. 60 സംഗീത സംവിധായകരമായി ചേർന്നു സിനിമകൾ ചെയ്യാനായി എന്നത് ഒരു ഭാഗ്യമാണ്. കെ.ടി ഉമ്മറുമായും ശ്യാമു മായും ചേർന്നാണ് കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്.
ഐ വി ശശിയുടെ സിനിമകൾക്കു ഞാൻ സ്‌ഥിരമായി എഴുതിയിരുന്നു. നമുക്ക് എല്ലാ മതങ്ങളിലും വേദങ്ങളിലുമായി നിരവധി പുരാണങ്ങളും ഐതിഹ്യങ്ങളും ഉണ്ട്. അതൊക്കെ പഠിക്കാൻ സാഹിത്യകാരന്മാർക്ക് മനസ് ഉണ്ടാകണം. അതിന്റെ അംശങ്ങളെ തന്നെ ഉൾക്കൊണ്ട് എത്രമാത്രം പാട്ടുകളെഴുതാം. സിനിമയുടെ സങ്കൽപവും രീതിയും മാറിയെങ്കിലും സാഹിത്യത്തെ സന്ദർഭത്തിനനുസരിച്ചു രൂപപ്പെടുത്തണം. പാവാട വേണം, അല്ലെങ്കിൽ കന്നിപ്പളുങ്കേ പൊന്നും കിനാവെ എന്ന പാട്ട് മുസ്ലീം പശ്ചാത്തലത്തിലാണ് എഴുതുന്നത്. അവരുടെ വേഷഭൂഷാദികളെപ്പറ്റിയാണ് അതു പറയുന്നത്. അതു നമ്മൾ വായിച്ചും പഠിച്ചും ചോദിച്ചും മനസിലാക്കുന്നതാണ്. അതു എഴുത്തിനോടുള്ള വാശിയായിരുന്നു. നമ്മൾ തന്നെയാണ് നമ്മളെ വലുതാക്കുന്നതും വളർത്തുന്നതുമെല്ലാം.

എന്താണു മൈനാകം?

ഐ.വി ശശിയുടെ തൃഷ്ണയിൽ ഞാനെഴുതിയ മൈനാകം കടലിൽ നിന്നും എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. എന്താണ് മൈനാകം? ആ പാട്ടിന്റെ ഒരു കഥയുണ്ട്. മൈനാകം എന്നത് പുരാണ ഐതിഹ്യത്തിലുള്ളതാണ് മൈനാകം എന്നത് ഒരു പർവ്വതമാണ്. ഇന്ദ്രന്റെ വാൾമുനയുടെ മുന്നിൽ നിന്നും രക്ഷിക്കാനായി വായു ഊതിത്തെറിപ്പിച്ചു കടലിലേക്ക് വിഴ്ത്തിയതാണ് ഈ പർവ്വതത്തെ. അങ്ങനെ കടലിൽ കൊണ്ടിരുത്തിയതാണ് മൈനാകത്തിനെ. വായു പുത്രനായ ഹനുമാൻ സീതയെ തേടി ലങ്ക ചാടുന്ന സമയം. തന്നെ രക്ഷിച്ച വായുപുത്രനു വിശ്രമിക്കാനായി കടലിൽ നിന്നും മൈനാകം താനെ പൊങ്ങി വന്നു എന്നതാണ് പുരാണം. അതിലെ മൈനാകം കടലിൽ നിന്നും ഉയർന്നതിനെ മാത്രം ഞാൻ തൃഷ്ണയിലെ ആ പാട്ടിൽ ഉപയോഗിച്ചു. ബാക്കിയുള്ളതു നായികയുടെ ചിന്തകളാണ്. അറിയുന്നവർ അതു ശ്രദ്ധിക്കും, ഇതറിയാത്തവർ എന്താണ് മൈനാകം എന്നത് തേടിപ്പിടിക്കും. നമ്മുടെ അറിവിനെ ശ്രോതാക്കളുമായി പങ്കിടുകയാണു ചെയ്തത്.

സന്തുഷ്ടനും സംതൃപ്തനുമാണ്

തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സന്തുഷ്ടനും സംതൃപ്തനുമാണ്. എന്റെ അറിവിനെ, ചിന്തകളെ, അനുഭവങ്ങളെയാണ് ഞാൻ ഓരോ പാട്ടുകളായി കുറിച്ചിട്ടത്. ഓരോ പാട്ടിലും എന്റെ വികാര വിചാരങ്ങൾ ഉണ്ടായിരുന്നു. ബാലഗോപാലനെ എണ്ണതേപ്പിക്കുന്നു എന്നു പാട്ടിൽ പാടുമ്പോൾ എന്റെ അനിയൻ ബാലഗോപാലനെ അമ്മ ഊട്ടുന്നതും ഉറക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ ഞാൻ കണ്ടു വളർന്നതാണ്. അങ്ങനെയുള്ള അനുഭവങ്ങളെയാണ് ഞാൻ കവിതയാക്കിയത്. പുതിയ കാലത്തിലെ എഴുത്തുകാരിൽ റഫീക്ക് അഹമ്മദ് അതിൽ ശ്രദ്ധിക്കുന്നുണ്ട്. തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചിച്ചെടിയേ എന്നു പാടുമ്പോൾ അത് അദ്ദേഹത്തിന്റെ ജീവിത അവസ്‌ഥയിൽ കണ്ടിട്ടുള്ളതാണ്. അതു നഷ്ടമാകാതെ ഇനിയും തുടരണം.

പുതിയ ആൾക്കാരടക്കം ഇപ്പോഴും ചില സിനിമ പ്രവർത്തകർ സമീപിക്കാറുണ്ട്. തിരക്കിട്ടഴുതാൻ ശ്രമിക്കാറില്ല. കവിതകൾ ഇപ്പോൾ എഴുതാറുണ്ട്. പുസ്തക രൂപത്തിൽ മാറ്റണമെന്നാണ് പ്രതീക്ഷ. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയായി ഭാര്യ പ്രസന്നയും മകൻ സുമനും ഒപ്പമുണ്ട്. സുമൻ ബിച്ചു ഇപ്പോൾ രണ്ടു ചിത്രങ്ങൾക്കു സംഗീതം നൽകിക്കഴിഞ്ഞു. ഒന്നു മലയാളത്തിലും മറ്റൊന്നു തമിഴിലും.

–ലിജിൻ കെ. ഈപ്പൻ