ബിനുവിനും ദീപയ്ക്കും അഭിമാനിക്കാം
ബിനുവിനും ദീപയ്ക്കും അഭിമാനിക്കാം
Friday, September 30, 2016 4:43 AM IST
വിഷം തളിച്ച പച്ചക്കറികൾ ഉപയോഗിക്കേണ്ടി വരുന്ന മലയാളിക്ക് ബിനു വിജയന്റെയും കുടുംബത്തിന്റെയും ജൈവ കൃഷി ഒരു മാതൃകയാണ്. മുണ്ടക്കയം കരിനിലം പാറയിൽ പുരയിടം ബിനു വിജയനും ഭാര്യ ദീപയുമാണ് വീട്ടുമുറ്റത്തും പരിസരത്തുമായി പച്ചക്കറി കൃഷിചെയ്ത് വിജയഗാഥ രചിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി കഴിക്കുക എന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചിരിച്ചതി ന്റെ സന്തോഷത്തിലാണിവർ.

വീടുൾപ്പെടുന്ന 30സെന്റ് സ്‌ഥലത്താണ് ഇവരുടെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി. പാവൽ, വെണ്ട, ചീര, മത്തൻ, പടവലം, തക്കാളി, നിത്യവഴുതനങ്ങ, വാളരിപ്പയർ, ചേന, ചേമ്പ്, കാച്ചിൽ, സവാള, ഉള്ളി, പച്ചമുളക് ഉൾപ്പെടെ വിവിധ തരത്തിലുള്ള മുളകുകൾ, കാബേജ്, ചോളം, പാഷൻഫ്രൂട്ട് തുടങ്ങി നിരവധി കൃഷികളാണ് ഇവർ ചെയ്യുന്നത്. ആദ്യമൊക്കെ പച്ചമണ്ണിലായിരുന്നു ഇവരുടെ കൃഷിയെങ്കിൽ ഇപ്പോൾ ഗ്രോ ബാഗുകളിലാണ് കൃഷി.

പലരിൽനിന്നായി വാങ്ങുന്ന വിത്തുകൾ പ്രോട്രേയിലെ ചകിരിച്ചോർ കമ്പോസ്റ്റിലിട്ട് കിളിർപ്പിച്ചെടുത്തശേഷം ഗ്രോബാഗുകളിലേക്ക് മാറ്റി നടുകയാണ് പതിവ്. ഗ്രോ ബാഗുകളിൽ ചകിരിച്ചോറും ചാണകപ്പൊടിയും മണ്ണുമെല്ലാം കൂട്ടിക്കുഴച്ചാണ് കിളിർപ്പിച്ചെടുത്ത വിത്തുകൾ നടുന്നത്. കീടങ്ങളെയും പുഴുക്കളെയും ഒഴിവാക്കാൻ വേപ്പെണ്ണയും സോപ്പും മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നു. ഇതോടൊപ്പം ബന്തിപ്പൂവും നട്ടുവളർത്തിയിരിക്കുന്നു.

തങ്ങളുടെ വീട്ടാവശ്യത്തിനു യഥേഷ്ടം പച്ചക്കറികൾ ലഭിക്കുന്നുണ്ടെന്നും മിച്ചം വരുന്ന പച്ചക്കറികൾ മറ്റുള്ളവർക്ക് നൽകാറുണെന്നും ഇവർ പറയുന്നു. മാർക്കറ്റിൽനിന്ന് ഒരു രൂപയ്ക്കുപോലും പച്ചക്കറി വാങ്ങേണ്ട അവസ്‌ഥ തങ്ങൾക്കില്ലെന്നും ഇവർ സന്തോഷത്തോടെ പറയുന്നു. പച്ചക്കറി കൃഷിയോടൊപ്പം മത്സ്യക്കൃഷിയും ഇവർക്കുണ്ട്. പ്രത്യേകം തയാറാക്കിയ കുളത്തിൽ വാള, തിലാപ്പിയ, രോഹു, കട്ട്ള തുടങ്ങിയ മത്സ്യങ്ങളെയാണ് വളർത്തുന്നത്.


നൂറു സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പത്തടി താഴ്ചയുള്ള കുളത്തിലാണ് മത്സ്യക്കൃഷി. കപ്പയില, ചേമ്പില എന്നിവ കൂടാതെ മാർക്കറ്റിൽനിന്നു വാങ്ങുന്ന തീറ്റയും മത്സ്യത്തിനു ആഹാരമായി നൽകുന്നു. രണ്ടുമാസം കൂടുമ്പോൾ കുളത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കും. വെള്ളം മാറ്റുമ്പോൾ കുളത്തിലുണ്ടായിരുന്ന വെള്ളം കൃഷിക്ക് ഉപയോഗിക്കും.

ഇതോടൊപ്പം പുരയിടത്തിൽ തെങ്ങുകളുമുണ്ട്. തെങ്ങുകളിൽനിന്ന് ആവശ്യത്തിനു തേങ്ങയും ലഭിക്കുന്നു. വീട്ടുമുറ്റത്ത് ആരംഭിച്ച കപ്പക്കൃഷി വിളവെടുക്കാൻ തയാറായി വരുന്നു. പരീക്ഷണാടിസ്‌ഥാനത്തിൽ വീട്ടുമുറ്റത്ത് നെൽക്കൃഷിയുമുണ്ട്. നെല്ല് വിളവെടുപ്പിനു തയാറായി വരുന്നു.

മുണ്ടക്കയം ഗ്രാമപഞ്ചായത്തും കൃഷിഭവനും മികച്ച യുവ കർഷകരായി ഇവരെ തെരഞ്ഞെടുക്കുകയും കർഷക ദിനത്തിൽ ആദരിക്കുകയും ചെയ്തിരുന്നു. ആദിത്യ, അതിഥി എന്നിവർ മക്കളാണ്. ഫോൺ: 9961671504.

–നിയാസ് മുസ്തഫ