മധുരിക്കും പാട്ടൊന്നുപാടി വിജയലക്ഷ്മി
മധുരിക്കും പാട്ടൊന്നുപാടി വിജയലക്ഷ്മി
Friday, September 30, 2016 3:08 AM IST
സംഗീതവും ജീവിതവും രണ്ടല്ല വൈക്കം വിജയലക്ഷ്മിക്ക്. നിശ്വാസ വായുവിൽ പോലും സംഗീതം മാത്രം ഉപാസിക്കുന്ന ഈ പ്രതിഭയുടെ ശബ്ദം ഇന്നു ദിക്കുകളും കടന്ന് ലോകത്തിനു പരിചിതമായിരിക്കുന്നു. തന്റെ ഉൾക്കണ്ണിന്റെ കാഴ്ചയാൽ സംഗീതത്തിലൂടെ ഈ ലോകത്തിന്റെ സൗന്ദര്യത്തിനെ അനുഭവിച്ചറിയുന്നു. കാലം തീർത്ത വേലിക്കെട്ടിനെ തന്റെ പ്രതിഭയാൽ അതിജീവിച്ചു ലോകത്തിനു മുന്നിൽ പ്രകാശം പരത്തി നിൽക്കുകയാണ് വിജ യലക്ഷ്മി. അവിടെ മറ്റാർക്കും പരിചിതമാകാത്ത ഗായത്രി വീണയും ഒപ്പം സംഗീതം പൊഴിക്കുന്നു. ഒരു ഗായത്രി മന്ത്രത്തിന്റെ പരിശുദ്ധി പോലെ വീണയിൽ നിന്നുയരുന്ന സംഗീതവും വിജയലക്ഷ്മിയുടെ സ്വരനാഥവും ഓരോ മലയാളിയുടെയും മനസിൽ ഗൃഹാതുരത്വ സ്മരണകളുയർത്തുന്നു. സംഗീതത്തിന്റെ പുത്തൻ പടവുകളിലേക്കുള്ള യാത്രയിലാണ് വിജയലക്ഷ്മി ഇപ്പോഴും... വൈക്കത്തുള്ള സ്വവസതിയിൽ നിന്നു വിജയലക്ഷ്മി തന്റെ ജീവിതം വായനക്കാരുമായി പങ്കുവെയ്ക്കുന്നു...

സംഗീതത്തിന്റെ വഴികളിലേക്ക്

ഒരു നല്ല സംഗീത പശ്ചാത്തലത്തിൽ നിന്നുമാണ് ഞാനും എത്തുന്നത്. 1981 ഒക്ടോബർ ഏഴ് വിജയദശമി നാളിലാണ് ഞാൻ ജനിക്കുന്നത്. വൈക്കത്തായിരുന്നു ജനനം. അങ്ങനെയാണ് വിജയലക്ഷമി എന്ന പേരു തന്നെ എനിക്കു വന്നത്. അതിനു ശേഷം അഞ്ചു വയസുവരെ ചെന്നൈയിലായിരുന്നു. അച്ഛന് അവിടെയായിരുന്നുജോലി. ഞാൻ ഒന്നര വയസുമുതൽ തന്നെ പാടുമായിരുന്നു എന്നു പറയാറുണ്ട്. അങ്ങനെയാണ് സംഗീതത്തിനോടുള്ള അഭിരുചി മനസിലാക്കി അച്ഛനും അമ്മയും എന്നെ പ്രോത്സാഹിപ്പിക്കുന്നത്. അഞ്ചു വയസായപ്പോൾ നാട്ടിൽ വന്നു. ആദ്യമൊക്കെ കാസറ്റു കേട്ടുള്ള പഠനമായിരുന്നു. ദാസേട്ടന്റെയും എം.എസ് അമ്മയുടെയും ബാലമുരളി സാറിന്റെയും തുടങ്ങി പ്രമുഖരായ എല്ലാവരുടെയും കാസറ്റ് വാങ്ങി കേൾക്കുമായിരുന്നു. ആറാം വയസിൽ പഠിക്കുമ്പോൾ ദാസേട്ടനു ഗുരദക്ഷിണ സമർപ്പിക്കാനായി. അതിനു ശേഷം വൈക്കം ഉദയനാപുരം ചാത്തനാകുടി ദേവിക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഗുരുമുഖത്തു നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ഏഴു വയസുമുതലാണ്. ആദ്യഗുരു അമ്പലപ്പുഴ തുളസി ടീച്ചറായിരുന്നു. പിന്നീട് വൈക്കം പ്രസന്ന ടീച്ചർ, സുമംഗല ടീച്ചർ, വിൻസെന്റ് മാഷ് തുടങ്ങി പല ഗുരുമുഖത്തു നിന്നും സംഗീതം പഠിക്കാനായി. ഇപ്പോൾ പഠിക്കുന്നതു മാവേലിക്കര പൊന്നമ്മാൾ ടീച്ചർ, പി.സുബ്രഹ്മണ്യ സാറ്, ശ്രീ നെടുമങ്ങാട് ശിവൻകുട്ടി സാറ് തുടങ്ങിയവരിൽ നിന്നാണ്. ജയചന്ദ്രൻ സാറും ദാസേട്ടനും കാവാലം ശ്രീകുമാർ സാറും തുടങ്ങി നിരവധി പേർ ഫോണിൽ കൂടിയും സംഗീതം പഠിപ്പിക്കാറുണ്ട്. അരങ്ങേറ്റത്തിനു ശേഷം ബോംബേ ഷൺമുഖാനന്ദ ഹാളിലാണ് ആദ്യത്തെ കച്ചേരി നടക്കുന്നത്.



ഗായത്രി വീണ

ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഗായത്രി വീണ വായിച്ചു തുടങ്ങുന്നത്. വീണയും ഗായത്രി വീണയും തമ്മിലുള്ള വ്യത്യാസം എന്നത് അതിന്റെ കമ്പികളുടെ എണ്ണത്തിലാണ്. വീണയിൽ സ്വരസ്‌ഥാനങ്ങൾ മാർക്കു ചെയ്ത എഴു കമ്പിയാണുള്ളത്. ഗായത്രി വീണയിൽ ഒറ്റക്കമ്പിയും. ഗായത്രി വീണയിൽ മനസിൽ നിന്നു പാടുന്നതുപോലെയാണ് വായിക്കുന്നത്. എന്റെ ഒരു കസിൻ ചെന്നൈയിൽ നിന്നു വന്നപ്പോൾ കളിവീണയായി പ്ലാസ്റ്റിക്കിൽ നിർമിച്ചു തന്നതിലാണ് ആദ്യമായി പ്രാക്ടീസ് ചെയ്തുതുടങ്ങുന്നത്. ആദ്യമൊക്കെ സ്പൂണും സ്ക്രൂ ഡ്രൈവറുമായിരുന്നു ഉപയോഗിച്ചിരുന്നത്. 1997ൽ സ്റ്റേറ്റ് സ്കൂൾ ഫെസ്റ്റിവലിൽ ക്ലാസിക്കൽ മ്യൂസിക്കിന് ഒന്നാം സ്‌ഥാനം ലഭിച്ചിരുന്നു. കുമ്മനം ശശികുമാർ സാർ അവിടെ വെച്ച് ഒരു ഗായത്രി തമ്പുരു സമ്മാനമായി നൽകിയിരുന്നു. അദ്ദേഹത്തിന്റെ മകളുടെ പേര് ഗായത്രി എന്നതായിരുന്നു. അതിനെ അച്ഛനായിരുന്നു ഒറ്റക്കമ്പിയാക്കി തയാറാക്കിയത്. വലുതായിരുന്നതിനാൽ അതു കൊണ്ടു നടക്കാൻ ബുദ്ധിമുട്ടുമായിരുന്നു. അങ്ങനെ മറ്റൊന്ന് അച്ഛൻ നിർമിച്ചുതന്നു. വീണയ്ക്കു ഗുരുദക്ഷിണ സമർപ്പിച്ചത് പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ ഉണ്ണിക്കുടി വൈദ്യനാഥ ഭാഗവതർക്കായിരുന്നു. അദ്ദേഹമാണ് ഗായത്രി വീണ എന്ന പേരു നൽകന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു അതിന്റെ അരങ്ങേറ്റം. മുപ്പതു വർഷമായി പാട്ടിനെയും ഗായത്രി വീണയെയും ജീവിതത്തിനൊപ്പം കൊണ്ടു പോകുന്നു. പ്രോഗ്രാമിൽ ആദ്യത്തെ ഒരു മണിക്കൂർ വായ്പ്പാട്ടും പിന്നീട് ഗായത്രീ വീണയുമാണ് ഉപയോഗിക്കുന്നത്. അതിനുള്ള കീർത്തനങ്ങൾ സ്വന്തമായിട്ടു തന്നെയാണ് ചിട്ടപ്പെടുത്തുന്നത്.

സിനിമയിലേക്ക്

2005 മുതൽ ആർട്ട് ഓഫ് ലിവിംഗിന്റെ പ്രോഗ്രാമിലൂടെയാണ് എം. ജയചന്ദ്രൻ സാറുമായി പരിചയമുണ്ടാകുന്നത്. ഇടയിൽ ഒരു റിയാലിറ്റി ഷോയിൽ സെലിബ്രിറ്റിയായി വന്നിട്ടുണ്ടായിരുന്നു ഞാൻ. ആത്മീയയാത്ര ചാനലിൽ അമൃതവർഷിണി എന്ന പരിപാടിയിൽ ഞാൻ പാടുന്നത് ജയചന്ദ്രൻ സാറ് കേൾക്കുകയുണ്ടായി. സാറിന് എന്റെ ശബ്ദം എം.എസ് സുബ്ബലക്ഷ്മിയമ്മയുടെ ശബ്ദവുമായി സാമ്യം തോന്നി. ആ സമയത്താണ് സെല്ലുലോയ്ഡ് സിനിമയിലേക്ക് ഒരു പഴയകാല ശബ്ദം വേണമെന്ന് കമൽ സാറ് അദ്ദേഹത്തോട് പറയുന്നത്. അങ്ങനെയാണ് സാറ് എന്നെ വിളിക്കുന്നത്. എനിക്കു വലിയ അദ്ഭുതമായിരുന്നു. എല്ലാം ദൈവനിശ്ചയം ആയിരുന്നു. അന്ന് എനിക്കു ശാരീരികമായി ചില അസ്വസ്‌ഥതകൾ ഉണ്ടായിരുന്നു. എങ്കിലും എനിക്കു ധൈര്യവും ആത്മവിശ്വാസവും തന്നതു സാറായിരുന്നു. അതിനു ശേഷമാണ് നടൻ സിനിമയിൽ ഔസേപ്പച്ചൻ സാറിന്റെ പാട്ട് പാടുന്നത്. അത് എനിക്കു സംസ്‌ഥാന അവാർഡും നിരവധി പുരസ്കാരങ്ങളും നേടിത്തന്നിരുന്നു. അത് ഒരു നാടക ഗാനം പോലെയുള്ളതായിരുന്നു. ആ പാട്ടിൽ ഞാൻ ഗായത്രി വീണ ഉപയോഗിക്കുന്നുമുണ്ട്. അതിനു തൊട്ടു പിന്നാലെ നിരവധി പാട്ടു കിട്ടി.


അന്യഭാഷകളിലേക്ക്

സെല്ലുലോയ്ഡിന്റെ തമിഴ് പതിപ്പ് ജെ.സി. ഡാനിയൽ എന്ന ചിത്രത്തിൽ കാറ്റേ കാറ്റേ എന്ന പാട്ടിന്റെ തമിഴ് വേർഷൻ പാടിയാണ് തമിഴിലേക്കു എത്തുന്നത്. അതിനുശേഷം തമിഴിൽ അവസരം കിട്ടുന്നത് സന്തോഷ് നാരായണൻ സാറിന്റെ സംഗീതത്തിൽ കുക്കു എന്ന ചിത്രത്തിലായിരുന്നു. പിന്നാലെ ഡി. ഇമാൻ സാറിന്റെ സംഗീതത്തിൽ അഞ്ചു സിനിമയിൽ പാടാൻ സാധിച്ചു. എന്നമോ ഏതോ, പുതിയ ഉലകൈ, റോമിയോ ജൂലിയറ്റ്, പത്ത് എൻട്രതുക്കുള്ളൈ തുടങ്ങിയ ചിത്രങ്ങളിൽ. റിലീസാകാൻ പോകുന്ന വീര ശിവാജിയാണ് അദ്ദേഹത്തിന്റെ പാട്ടു പാടിയ പുതിയ ചിത്രം. യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ സൂര്യയുടെ മാസ്, ജി.വി. പ്രകാശിനൊപ്പം വിജയുടെ തെരി എന്നീ ചിത്രങ്ങളിലും പാടിയിരുന്നു. അതിനിടയിലാണ് എം.എം. കീരവാണി സാറിന്റെ സംഗീതത്തിൽ ബാഹുബലിയിലൂടെ തെലുങ്കിലേക്കും എത്തുന്നത്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉണ്ടായിരുന്നത് കൊണ്ട് ഭാഷാ വ്യത്യാസം പ്രശ്നമായില്ല. ഉച്ചാരണം കൃത്യമായി പറഞ്ഞുതരും. ഇവയ്ക്കൊപ്പം ഭക്‌തിഗാനങ്ങളും നിരവധി പാടാറുണ്ട്.



വിദേശ രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കാനായി വിദേശ രാജ്യങ്ങളിലും പോകാറുണ്ട്. ഗൾഫ്, യൂകെ. യൂറോപ് തുടങ്ങിയ രാജ്യങ്ങളിൽ പോയിരുന്നു. അച്ഛനും അമ്മയും ഒപ്പം കൂടെ വരും.

സിനിമയിൽ അഭിനയം

ഏഴുദേശങ്ങൾക്കും അകലെ എന്ന സിനിമയിലാണ് അഭിനയിച്ചത്. കുറ്റിപ്പുറം റഷീദിക്കയായിരുന്നു സിനിമയുടെ സംവിധായകൻ. അദ്ദേഹം പറഞ്ഞു സിനിമയിൽ പാടി അഭിയിക്കാമെന്ന്. എനിക്കു പേടിയായിരുന്നു ആദ്യം. പഴയ ഒരു ആദിവാസി സമൂഹത്തിന്റെ കഥയായിരുന്നു ചിത്രം പറയുന്നത്. അതിലൊരു മൂപ്പന്റെ മകളുടെ വേഷത്തിലായിരുന്നു ഞാനെത്തിയത്. അച്ഛനും അമ്മയും കൊണ്ടു പോകുന്നതുപോലെ സാറ് വളരെ സൂക്ഷിച്ചു തന്നെയാണ് അഭിനയിക്കാനും കൊണ്ടുപോയത്. കുറ്റിപ്പുറത്തു വച്ചായിരുന്നു ഷൂട്ടിംഗൊക്കെ. ഒരു ദിവസത്തെ ഷൂട്ടായിരുന്നു. അതുകൊണ്ടാണു ഞാൻ അഭിനയിക്കാൻ സമ്മതിച്ചതും. പക്ഷെ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. പിന്നീട് അപ്പൂപ്പൻ താടി എന്ന ചിത്രത്തിൽ പാടിയപ്പോഴും അഭിനയിക്കാൻ വിളിച്ചിരുന്നു. അതിൽ വള്ളത്തിലൊക്കെ കേറണമായിരുന്നു. അതു പേടിയായതിനാൽ വേണ്ടന്നു വെച്ചു.

ഫാസ്റ്റ് സോംഗുകളും

ഒരു വടക്കൻ സെൽ ഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല എന്ന പാട്ടിനു ശേഷമാണ് ഫാസ്റ്റ് സോംഗിലേക്കും വിളിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലും അത്തരത്തിലൊരു പാട്ടാണുള്ളത്. ഹാപ്പി മൂഡായിരുന്നു ആ പാട്ടൊക്കെ. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലും ഒരു പാട്ട് പാടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഇടി എന്ന ചിത്രത്തിലും ഒരു പാട്ടുണ്ട്. വീര ശിവാജിയിലെയും പട്ടധാരി എന്ന സിനിമയിലെയും പാട്ടാണ് ഇനി പുറത്തിറങ്ങാനുള്ള തമിഴ് പാട്ടുകൾ. പാട്ടിന്റെ തെരഞ്ഞെടുപ്പിൽ വ്യത്യസ്തത പുലർത്താൻ ശ്രമിക്കാറുണ്ട്. ഒരേ പോലത്തെ പാട്ടു തന്നെ പാടിക്കൊണ്ടിരുന്നാൽ ശ്രോതാക്കൾക്കു ബോറടിക്കും. അപ്പോൾ പാട്ടിൽ പുതുമയ്ക്കു ശ്രമിക്കാറുണ്ട്. ഫാസ്റ്റ് സോംഗുകളൊക്കെ അങ്ങനെയെത്തുന്നതാണ്.

റേഡിയോയുടെ തോഴി

ചെറുപ്പം മുതൽ തന്നെ റേഡിയോ സ്‌ഥിരമായി കേൾക്കുമായിരുന്നു. ആകാശവാണിയും എഫ്.എം റേഡിയോയും കേൾക്കുന്ന ശീലം ഇപ്പോഴും തുടരുന്നുണ്ട്. എല്ലാ ഫോണിൻ പ്രോഗ്രാമിലും പങ്കെടുക്കാറുണ്ട്. കർക്കടക മാസങ്ങളിൽ വൈകുന്നേരം രാമായണ പാരായണവും കേൾക്കാറുണ്ട്.

ദിനചര്യകൾ

എന്നും രാവിലെയും വൈകിട്ടും പ്രാർഥനയും ഉപാസനയും ചെയ്യുന്നുണ്ട്. പിന്നെ പാട്ടുകേൾക്കും. പിന്നെ എനിക്കു ഇവിടെ കുറച്ചു കൂട്ടുകാരുണ്ട്. അവരോടൊപ്പം കളിക്കാനും കൂടാറുണ്ട്. ഒഴിവു വേളകളിൽ പാട്ടു പഠിത്തമാണ് കൂടുതലും ചെയ്യുന്നത്. പിന്നെ അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറാറുണ്ട്.

പുതിയ ആൾക്കാരുടെ പാട്ടുകൾ

പുതിയ ആൾക്കാരുടെ പാട്ടുകളൊക്കെ കഴിവതും ശ്രദ്ധിക്കാറുണ്ട്. ശ്രേയ ഘോഷാൽജി, നജീം തുടങ്ങി എല്ലാരുമായി നല്ലസൗഹൃദമുണ്ട്.

പുതുമകൾ

കസു എന്നൊരു ഉപകരണത്തിലും പാട്ടുകൾ വായിക്കാറുണ്ട്. എം.കെ അർജുൻ മാഷിന്റെ ഒരു പാട്ട് പാടിയിരുന്നു. ജയരാജിന്റെ വീരം എന്ന സിനിമയിൽ. അതിലും കസു വായിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു സിനിമയിൽ ഞാൻ കസു വായിക്കുന്നത്. ആലപ്പുഴയിലെ ഒരു ഫ്ളൂട്ട് ആർട്ടിസ്റ്റ് ജെസിച്ചേട്ടൻ കഴിഞ്ഞ പിറന്നാളിനു സമ്മാനമായി തന്നതാണ് കസു. ഇതു പ്രത്യേകിച്ച് പഠിക്കാനൊന്നും ഇല്ല. നമ്മൾ വായിൽ വെച്ച് ഊതുകയാണ്. ഒരു പാട്ടുമൂളുന്നതു പോലെ ചെയ്താൽ മതി. ഇതിൽ നിന്നും സംഗീതം എത്തു. നമുക്ക് സ്ട്രെയിൻ ഉണ്ടാകില്ല. കീബോർഡ്, മൃദംഗം, തബല തുടങ്ങിയ ഉപകരണങ്ങളും വായിക്കാറുണ്ട്.

വേഗത്തിൽ ഇണങ്ങൾ

കർണാട്ടിക് പശ്ചാത്തലമുള്ളതിനാലാകാം ഒരു പാട്ടു കേട്ടാൽ ഇതിന്റെ ഈണം വേഗത്തിൽ മനസിൽ പതിയുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്ക റെക്കോർഡിംഗും അരമണിക്കൂറിൽ കൂടുതൽ സമയം എടുക്കാറില്ല. പക്ഷെ ന്യുജനറേഷനിൽ പാട്ടുകാർക്ക് പാട്ടിന്റെ സ്വരം പോലും പറഞ്ഞുതരാൻ പലപ്പോഴേക്കും പറ്റാറില്ല. സംഗീതത്തിൽ അത്ര ഗ്രാഹ്യമില്ലാത്തതിനാലാകാം. ഇളയരാജാ സാർ, എസ് പി ബി സാർ, ശരത് സാർ ഇവരുടെയൊക്കെ പാട്ടു പാടണമെന്ന് ആഗ്രഹമുണ്ട്.

–ലിജിൻ കെ. ഈപ്പൻ