എങ്ങനെ നാം മറക്കും? ചലച്ചിത്ര സംഗീതത്തിന്റെ നാൾവഴികൾ (ഭാഗം–1)
എങ്ങനെ നാം മറക്കും? ചലച്ചിത്ര സംഗീതത്തിന്റെ നാൾവഴികൾ (ഭാഗം–1)
Monday, September 26, 2016 3:35 AM IST
ഡോ. എം.ഡി. മനോജ്

മലയാളിയുടെ ആത്മവിചാരങ്ങൾ സാന്ദ്രീകരിച്ച സാംസ്കാരിക ലോകമാണ് ചലച്ചിത്രസംഗീതം. കേരളീയ സംഗീതം ഈണങ്ങളുടെ കാല്പനികതയിൽ അഭിജാതവും അതേസമയം ജനകീയവുമാകുന്നത് ചലച്ചിത്ര ഗാനങ്ങളിലാണ്. നമ്മുടെ സാംസ്കാരിക മണ്ഡലത്തിന്റെയും സംവേദനലോകത്തിന്റെയും രൂപീകരണവുമായി ചലച്ചിത്ര സംഗീതം പുലർത്തുന്ന ഗാഢബന്ധവും പരിഗണിക്കേണ്ടതാണ്. മലയാളി ജീവിതത്തിന്റെ ശരിയായ നിർവചനത്തിന് കെൽപുള്ള വിഭവംകൂടിയായാണ് ചലച്ചിത്രസംഗീതം നമ്മുടെ സാംസ്കാരിക ഭൂമികയിൽ ഇടംകണ്ടെത്തുന്നത്. ഇതു ദേശവ്യത്യാസങ്ങളെയും വാമൊഴി വഴക്കങ്ങളെയും തീർത്തുമൊരളവിൽ മായ്ച്ചുകളയുന്ന വ്യവഹാരമാണ്. മലയാളിയുടെ പൊതുമണ്ഡലത്തിന്റെ കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള സൗന്ദര്യാനുഭൂതിപരമായ വിടർച്ചകളും പടർച്ചകളും പകുത്തെടുക്കുന്നുണ്ട്, ചലച്ചിത്ര ഗാനങ്ങൾ.

ഈണത്തിന്റെയും താളത്തിന്റെയും സവിശേഷതകൾക്ക് വിധേയമായി ദൃശ്യപരിണയത്തിൽത്തന്നെ സിനിമ പലപ്പോഴും വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിക്കുന്നു. പാട്ടുകളുടെ സ്വരൂപത്തിന് അനുസരിച്ചുപോലും സിനിമകളുടെ നിർമിതി സംഭവിക്കാറുണ്ടല്ലോ. സിനിമയിൽ ശബ്ദം വന്നതുമുതൽക്കേ കാഴ്ചയെ മറികടന്നുള്ള കേൾവിയുടെ തലങ്ങൾ സൃഷ്ടിക്കാൻ ഗാനങ്ങൾക്കായി. മലയാള സിനിമയിലും അതങ്ങനെ സംഭവിക്കുകയായിരുന്നു. സിനിമാപ്പാട്ടുണ്ടാകുന്നതിനു മുമ്പുതന്നെ മലയാളിയുടെ ജീവിത സന്ദർഭങ്ങളുമായി നിരവധി പാട്ടുകൾ നിലവിലുണ്ടായിരുന്നു. ആഖ്യാനത്തിൽ സിനിമയുടെ പൊതുഘടനയിൽനിന്ന് മാറിനിൽക്കുന്നതിലൂടെ ഗാനങ്ങൾ അവയുടെ സ്വാതന്ത്ര്യം നിലനിർത്തി. ആവിഷ്കരണത്തിലും ആസ്വാദനത്തിലും സവിശേഷമായ രീതികളുയർത്തി ചലച്ചിത്ര ഗാനമെന്ന വ്യവഹാര രൂപം ശ്രദ്ധേയമായി. സിനിമയിലെ സംഗീതകലയെന്നതു പലപ്പോഴും ആഖ്യാനത്തിന്റെ പരിസരവുമായി ഇണങ്ങിയും പിണങ്ങിയും നിലകൊണ്ടു.

ജനപ്രിയ സംഗീതം

ജനപ്രിയ സംഗീതത്തിന്റെ സ്വന്തം വഴികളിലൂടെയാണ് ചലച്ചിത്ര ഗാനങ്ങൾ എക്കാലവും സഞ്ചരിക്കാൻ ശ്രമിച്ചിട്ടുള്ളത്. സാധാരണക്കാരായ ഒരു സമൂഹമാണ് സംഗീതത്തിലെ ഈ ജനപ്രിയതയെ ആവോളം അഭിമുഖീകരിച്ചത്. സംഗീതം, ജീവിതത്തിന്റെ ഭാഗമായിത്തീർന്ന് ആസ്വാദനത്തിന് ആഴമേറുകയായിരുന്നു. സിനിമയിൽ സംഗീതത്തിന്റെ ധർമം, അതിന്റെ ആവിഷ്കരണ രീതികൾ ആസ്വാദനതലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചില ധാരണകൾ പ്രബലമായി രൂപപ്പെടുകയുണ്ടായി. പ്രണയവും വിരഹവും ദുഃഖവും അശാന്തിയും താരാട്ടും തരളതയുമെല്ലാം മേൽപ്പറഞ്ഞ പ്രത്യേക നിർമിതിയിൽ ഏറെ സജീവമായി നിലനിന്നു. ഇങ്ങനെയൊക്കെ രൂപപ്പെട്ട ചലച്ചിത്ര സംഗീതത്തിന്റെ സാംസ്കാരിക പാഠങ്ങൾ പല കാലങ്ങളിൽ പല അനുപാതങ്ങളിൽ ഒരേ സമയം ലളിതവത്കരിക്കപ്പെടുകയും ഗൗരവവത്കരിക്കപ്പെടുകയും ചെയ്തിരുന്നുവെന്നതാണ് യാഥാർഥ്യം.

ആദ്യ ശബ്ദചിത്രമായ ബാലൻ (1930) മുതൽക്കേ സംഗീതം, സിനിമയിലെ പ്രധാന ഘടകമാകുന്നുണ്ട്. രാഗാധിഷ്ഠിതമായ നിരവധി ഗാനങ്ങൾ ഈ സിനിമയിലുണ്ടായി. തുടർന്നുവന്ന ജ്‌ഞാനാംബികയിലും ഇതു തന്നെയായിരുന്നു രീതികൾ. ‘മോഹനമേ മനോ മോഹനമേ’ എന്നു തുടങ്ങുന്ന ഗാനംതന്നെ ഇക്കാലത്തെ നിർവചിക്കുന്നുണ്ട്. സംഗീത നാടകങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള സിനിമകൾക്കായിരുന്നു അക്കാലം സാക്ഷ്യം വഹിച്ചത്. പ്രശസ്തങ്ങളായ ഹിന്ദി സിനിമാ ഗാനങ്ങളോട് ബന്ധം പുലർത്തിയാണ് അക്കാലത്തെ സിനിമകൾ പുരോഗമിച്ചത്. സൈഗാൾ, പങ്കജ് മല്ലിക, റാഫി, ലതാ മങ്കേഷ്കർ എന്നിവരൊക്കെ മലയാളിയുടെ കണ്ണിലുണ്ണികൾ ആയിരുന്നു. ആദ്യകാലത്ത് ഗാനങ്ങൾ ഹിന്ദിയിലെ ഈണങ്ങളെ അതേപടി പകർത്തിവച്ചവയായിരുന്നു. ജനങ്ങൾക്കു പരിചിതമായ ഈണങ്ങളെ സ്വീകരിക്കുകയായിരുന്നു അന്നത്തെ സംഗീത സംവിധായകരുടെ പ്രധാന ധർമം. ഗായകർക്കും ഗാനരചയിതാക്കൾക്കും മാത്രം പ്രാധാന്യം നൽകിയിരുന്ന കാലഘട്ടമായി ഇതു ചുരുങ്ങിയതിനു കാരണം നേരത്തെ നിലനിന്നിരുന്ന ഈണങ്ങളുടെ പരിചിതത്വമായിരുന്നു. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും മാവേലിക്കര പൊന്നമ്മയുമെല്ലാം അക്കാലത്തെ പ്രതിനിധാനം ചെയ്ത പ്രമുഖ ഗായകരായിരുന്നു.

പ്രഹ്ലാദ എന്ന സിനിമയ്ക്കുശേഷം കുറെ വർഷങ്ങൾ കഴിഞ്ഞാണു പാട്ടിനു പ്രാധാന്യമുള്ള ഒരു ചിത്രം വരുന്നത്. ‘നിർമല’ (1948) എന്ന ഈ സിനിമയിലൂടെ ജി. ശങ്കരക്കുറുപ്പിന്റെ ഭാവപ്രധാനമായ വരികൾക്ക് സംഗീതം ലഭിക്കുന്നത് പി.എസ്. ദിവാകർ എന്ന സംഗീത സംവിധായകനിലൂടെയാണ്. പി. ലീല, ടി.കെ. ഗോവിന്ദറാവു എന്നിവരൊക്കെ ഈ സിനിമയിൽ പ്രധാന ഗീതങ്ങൾ സൃഷ്ടിച്ചു. ‘നീരിലെ കുമിള പോലെ’ എന്ന റാവുവിന്റെ ആലാപനത്തിൽ വിടർന്ന ഗീതം ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ നേർത്ത ഗസൽച്ഛായകൾ പിന്തുടരുകയായിരുന്നു. അതേസമയം പി. ലീല എന്ന ഗായിക മാത്രമാണ് പിന്നീടു മലയാള സിനിമയിൽ സ്‌ഥിരമായി ചുവടുറപ്പിച്ചത്.

‘വെള്ളിനക്ഷത്രത്തിൽ അഭയദേവിന്റെ അരങ്ങേറ്റമായിരുന്നു മലയാള ചലച്ചിത്ര സംഗീതത്തിൽ പുതിയൊരു യുഗത്തിനു നാന്ദി കുറിക്കുന്നത്. ‘ജീവിതവാടി പൂവിടുകയായ്, തൃക്കൊടി തൃക്കൊടി’ എന്നീ ഗാനങ്ങളെല്ലാം വമ്പിച്ച ജനപ്രിയത നേടി. ‘നല്ല തങ്ക’യിൽ ദക്ഷിണാമൂർത്തി വരുന്നതോടെയാണ് അഭയദേവിന്റെ വരികളിലെ അർഥതലങ്ങൾ ആളുകൾ അറിയുന്നത്. ഇതേ ചിത്രത്തിൽ അഗസ്റ്റിൻ ജോസഫ് പാടിയ ‘മനോഹരമീ മഹാരാജ്യ, വൈക്കം മണി പാടിയ ‘കൃപാലോവൽസരാകും’ തുടങ്ങി നിരവധി ഗാനങ്ങൾ ഈ സമാഗമത്തിൽ പിറന്നു.

തിക്കുറിശി എഴുതി ബി.എ. ചിദംബരനാഥ് ഈണമിട്ട ‘സ്ത്രീ’യിലെ ഗാനങ്ങൾ പിന്നീടു പോപ്പുലറായി. ‘താമരത്താരിതൾ’ എന്ന ഗാനം ആളുകൾ മൂളി നടന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പി. ഭാസ്കരന്റെ വരവോടെയാണ് മലയാള ചലച്ചിത്ര സംഗീതം പച്ചപിടിക്കുന്നത്. ‘ചന്ദ്രികയിലെ ഗാനങ്ങൾ ഭാസ്കരൻ – ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ വരവറിയിച്ചു. ‘കേഴുക ആത്മസഖീ’, ‘ചൊരിയുക മാധുരി’ ഇങ്ങനെയുള്ള ഗാനങ്ങൾ ഏറെ ഭാസ്കരവിന്യാസത്താൽ തീർത്തും ലളിതമായി തീർന്നു. ഈ സമാഗമങ്ങൾ പിന്നീടു നാം അനുഭവിക്കുന്നത് ‘ജീവിതനൗകയിലായിരുന്നു. മെഹബൂബ് ഗാനം ശരിക്കും ജനകീയമായി. പി. ഭാസ്കരനും ദക്ഷിണാമൂർത്തിയും ഒന്നിച്ചു നിർമിച്ച ‘നവലോകം’ അമ്പതുകളിലെ വലിയ ചർച്ചയായിരുന്നു. കോഴിക്കോട് അബ്ദുൾ ഖാദർ പാടിയ ‘തങ്കക്കിനാക്കൾ ഹൃദയേ വീശും’ എന്ന ഗാനത്തിന്റെ പകിട്ടുകൾ പലനാൾ കഴിഞ്ഞിട്ടും മങ്ങിയില്ല. പി. ലീല പാടിയ ഗായക ഗായക’ എന്ന ഗാനത്തിന് വലിയ വരവേൽപു ലഭിച്ചു.

ദക്ഷിണാമൂർത്തി– അഭയദേവ് കൂട്ടുകെട്ടിൽ വന്ന ‘സ്നേഹസീമ’യിൽ പി. ലീലയും എ.എം. രാജയും ചേർന്നുപാടിയ ‘കണ്ണും പൂട്ടിയുറങ്ങുക’ എന്ന താരാട്ടുപാട്ട് ഇന്നും നമ്മുടെ കാതിനിമ്പമാകുന്നു. ‘സീത’ എന്ന സിനിമയിൽ പി. സുശീല പാടിയ ‘പാട്ടുപാടിയുറക്കാം ഞാൻ’ എന്ന ഗാനം അഭയദേവിന്റെ താരാട്ടുപാട്ടുകളിലെ വ്യത്യസ്തതയുടെ മറ്റൊരു വിതാനമാണ്. വീണ്ടും ഈ ജോഡികൾ ചേർന്നപ്പോൾ അതു പാട്ടിന്റെ പുഷ്പകാലമായി. അതിൽ ചിലത് ഏറെ ശ്രദ്ധേയമായി. കഥ പറയാമോ കാറ്റേ, പറന്നുപോയോ ഇണക്കുയിലേ, മിണ്ടാത്തതെന്താണ് തത്തേ (കമുകറ), കാൺമൂ ഞാൻ (പി.ബി. ശ്രീനിവാസ്) ഇങ്ങനെ നിരവധി ഗാനങ്ങളിലൂടെ മലയാള ചലച്ചിത്ര സംഗീതത്തിന് തനതായ ഒരു മേൽവിലാസമുണ്ടായെന്നു പറഞ്ഞാൽ അതിശയോക്‌തിയില്ല.

ഗാനരചയിതാക്കളിൽ പിൽക്കാലത്ത് ഏറ്റവും ശ്രദ്ധേയനായ ആൾ തിരുനയിനാർ കുറിച്ചി മാധവൻ നായരാണ്. ബ്രദർ ലക്ഷ്മൺ ഈണം നൽകിയ ആത്മസഖിയിലെ കാറ്റിലാടി കൺമയക്കും എന്ന ഗാനം ഏവരുടെയും മനം മയക്കി. പിന്നീട് ഈ കൂട്ടുകെട്ട് മധുരോദാരമായ എത്രയോ പാട്ടുകളെ ആസ്വാദക മനസിലേക്ക് ആനയിച്ചു. ഹരിശ്ചന്ദ്രയിലെ ആത്മവിദ്യാലയമേ (കമുകറ), ജയിൽപ്പുള്ളിയിലെ സംഗീതമേ ജീവിതം, ഭക്‌തകുചേലയിലെ ഈശ്വരചിന്ത എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളാണ്. തിരുനയിനാർ കുറിച്ചി എഴുതി തൃശൂർ പി. രാധാകൃഷ്ണൻ സംഗീതമാവിഷ്കരിച്ച തുമ്പപ്പൂ പെയ്യണ പൂനിലാവേ (കമുകറ, സുലോചന) എന്ന ഗാനത്തിലെ ലളിത വിശാലതകൾ ഒന്നുവേറെ.

പാടാനോർക്കുന്ന ഗാനങ്ങൾ

ഇതേ സമയം കേരളത്തിന്റെ ജനകീയ സംസ്കൃതിയുടെ ഈണങ്ങളെ ആധാരമാക്കി തനതായ ഗാനാവിഷ്കാരങ്ങൾ നാട്ടിലെമ്പാടുമുണ്ടായി. കൊച്ചിയിൽ മെഹ്ബൂബ് ജനസദസുകളെ കൈയിലെടുത്തത് തന്റേതായ ഗാനസംസ്കാരത്തെളിമയിലൂടെയാണ്. കോഴിക്കോട് അബ്ദുൾ ഖാദറും ബാബുരാജുമൊക്കെ ഇത്തരം സമാന്തര ധാരകൾ സൃഷ്ടിച്ചു. 1952–ൽ പി. ഭാസ്കരൻ എഴുതി ബാബുരാജ് സംഗീതം പകർന്ന് കോഴിക്കോട് അബ്ദുൾ ഖാദർ ആലപിച്ച ‘പാടാനോർത്ത’ എന്ന ലളിതഗാനം കാലാതിവർത്തിയായി നിൽക്കുന്നതും കൗതുകകരമാണ്.

നാടകരംഗത്തെ ചലനാത്മകമാക്കിക്കൊണ്ട് മറ്റൊരു ജനകീയ സംഗീതധാര വളരുകയായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകവുമായി ഒ.എൻ.വി– ദേവരാജൻ ജോഡികൾ രംഗത്തുവന്നു. കെ.എസ്. ജോർജും സുലോചനയുമെല്ലാം ഇവയ്ക്കു ശബ്ദം പകർന്നു. പൊന്നരിവാളും, വെള്ളാരംകുന്നിലും എല്ലാം അതിവേഗത്തിൽ ജനമനസുകളിലേക്കു പടർന്നുപിടിച്ചു. വയലാർ, ഭാസ്കരൻ എന്നിവരും രാഘവൻ, എം.ബി. ശ്രീനിവാസൻ, എൽ.പി.ആർ വർമ എന്നീ സംഗീത സംവിധായകരുമെല്ലാം ആകാശവാണിയിലും അല്ലാതെയും നിരവധി ഗാനങ്ങളുടെ നിയോഗം ഏറ്റെടുക്കുകയുണ്ടായി. മാരിവില്ലിൻ തേൻ മലരും തുഞ്ചൻ പറമ്പിലെ തത്തേയും എല്ലാം ഇക്കാലത്തെ പ്രകമ്പനം കൊള്ളിച്ച പാട്ടുകളിൽ ചിലതു മാത്രമാണ്.

പി. ഭാസ്കരൻ ഗാനരചനയിലെ അനിഷേധ്യസാന്നിധ്യമാകുന്നത് അമ്പതുകളിൽതന്നെയാണ്. തിരമാല, ആശാദീപം എന്നീ സിനിമകളിലെ ഗാനങ്ങൾ ഭാസ്കരനെ പ്രശസ്തനാക്കി. മധുരോദാരമായ മലയാളിത്തം, നാട്ടുമൊഴികളുടെ ചന്തം, ഭാവനയിലെ ലാളിത്യം എന്നിങ്ങനെ അക്കാലത്തെ മലയാളത്തിലെ പതിവുരീതികളിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഭാസ്കരന്റേത്. ഗാനത്തിലെ മലയാളിത്തത്തിനു യോജിച്ച ഈണ പദ്ധതികൾക്കു തുടക്കമിടാൻ സംഗീത സംവിധായകർ ശ്രമിക്കുന്ന ഒരു കാലഘട്ടമായിരുന്നു പിന്നീടുണ്ടായത്. അപ്പോഴും ഹിന്ദി ഗാനങ്ങളുടെ സ്വാധീനം പാട്ടുകളിൽ നിലനിന്നു. സുഹാനി രാത് എന്ന നൗഷാദ് ഗാനം ‘അകാലേ ആരും കൈവിടും’ എന്ന ശോകാർദ്ര ഗീതമായി പരിണമിച്ചതു ശ്രദ്ധേയമാണ്. പിന്നീടങ്ങോട്ടുള്ള പല സിനിമകളിലും ഈ ഹിന്ദി തരംഗം ഏൽക്കാതെ പോയി. സംഗീതാവിഷ്കർത്താക്കൾ സ്വന്തം ജീവിതപരിസരത്തുനിന്നുള്ള ഈണങ്ങളെ ഊതിത്തെളിയിക്കാൻ പ്രേരിതരായി. മലയാളത്തിലെ അക്കാലത്തെ പ്രശസ്തരായ പല ഗായകരും ഈ അയൽപക്ക ഈണങ്ങളോടുള്ള അസ്വാരസ്യവും വൈമനസ്യവും പുറത്തുകാണിക്കുവാൻ തുടങ്ങി. ഇവിടന്നങ്ങോട്ടാണ് മലയാളത്തിന്റെ ശുദ്ധവും കലർപ്പില്ലാത്തതുമായ ഈണത്തിന്റെ ഒറ്റയ്ക്കുള്ള നിലനിൽപ്പിനെക്കുറിച്ച് ആലോചിക്കാൻ സംഗീതാവിഷ്കാരകർ തയാറായത്. ‘നീലക്കുയിൽ’ (1954) എന്ന സിനിമയിലാണ് ഇത്തരമൊരു സ്വാതന്ത്ര്യത്തിന്റെ ആദ്യപതാക പാറുന്നത്.

കതിരുകാണാക്കിളിയിലെ ഗാനങ്ങൾക്കുവേണ്ടി പി. ഭാസ്കരനും രാഘവനും ആദ്യമായി ഒരുമിച്ചപ്പോൾത്തന്നെ മലയാള ചലച്ചിത്ര സംഗീതത്തിന്റെ പാടശേഖരങ്ങളിൽ നവോത്ഥാനത്തിന്റെ വിത്തുകൾ മുളയ്ക്കുവാൻ തുടങ്ങി. നീലക്കുയിലിൽ എത്തിയപ്പോഴേക്കും അതു പ്രബലമായ ധാരണകളിലേക്കു വികസിച്ചിരുന്നു. വരികളിലും ഈണത്തിലും ആലാപനത്തിലുമെല്ലാം കേരളത്തിന്റ നാടോടി സംസ്കൃതിയിൽനിന്നുള്ള ഈ ഊർജപ്രവാഹം ഒഴുകിനിറഞ്ഞു. ജാനമ്മ ഡേവിഡിന്റെ എല്ലാരും ചൊല്ലണ്, കുയിലിനെത്തേടി, മാനെന്നും വിളിക്കില്ല, രാഘവൻ പാടിയ കായലരികത്ത് എന്നീ ഗാനങ്ങളിൽ എല്ലാം അതുവരെ മലയാളികൾ സിനിമയിൽ അനുഭവിക്കാതിരുന്ന ഫോക് സംസ്കാരത്തിന്റെ സമൃദ്ധിയുണ്ട്. ജനപ്രിയ സംഗീതത്തിന്റെ വികസനത്തിനു സഹായകമാകുംവിധം നാടോടി സംസ്കൃതിയുടെ വിസ്തൃതിയെ സിനിമാപ്പാട്ടിൽ ലയിപ്പിച്ചെടുക്കുകയായിരുന്നു നീലക്കുയിലിന്റെ ശിൽപികൾ.


എങ്ങനെ നാം മറക്കും?

കോഴിക്കോട് അബ്ദുൾ ഖാദറിന്റെ എങ്ങനെ നീ മറക്കും എന്ന ഗാനം നാം എങ്ങനെ മറക്കാനാണ്. നീലക്കുയിൽ ചലച്ചിത്രാകാശത്ത് ചിറകുവീശി പറന്നു. പുതിയ ഗാനശിൽപികൾ ക്ക് ഈ രംഗത്ത് കടന്നുവരാനുള്ള ഊർജമുണ്ടാക്കിയത് നീലക്കുയിൽ ആയിരുന്നു. കാലം മാറുന്നു (1955) എന്ന സിനിമാ ശീർഷകത്തെ അർഥവത്താക്കുംവിധം അതിലെ ഗാനങ്ങളിലൂടെ മലയാള ഗാനകാലംതന്നെ മാറുകയായിരുന്നു. ഒ.എൻ.വി– ദേവരാജൻ ഒന്നിച്ചുചേർന്ന ഈ സിനിമയിലെ ഗാനങ്ങളെല്ലാം ജനപ്രിയമായി. ആ മലർ പൊയ്കയിൽ (കെ.എസ്. ജോർജ്, സുലോചന), അമ്പിളി മുത്തച്ഛൻ (ലളിതാ തമ്പി) എന്നിവയെല്ലാം മലയാളികളുടെ സ്വന്തം ഗാനങ്ങളായി മാറി. കെ. രാഘവൻ സംഗീതം നൽകിയ കൂടപ്പിറപ്പിലെ ഗാനങ്ങൾക്ക് വരികളെഴുതി വയലാർ രാമവർമ സിനിമയിൽ പ്രവേശിച്ചു. എന്തിനു പൊൻകണികൾ, പൂമുല്ല പൂത്തല്ലോ (ശാന്താ പി. നായർ) എന്നീ ഗാനങ്ങൾ എങ്ങും അലയടിക്കുകയുണ്ടായി. രാരിച്ചൻ എന്ന പൗരനിലൂടെ പാട്ടിന്റെ നാഴിയുരിപ്പാല് നമുക്കു മുമ്പിൽ നിവേദിക്കുകയായിരുന്നു ഭാസ്കരനും രാഘവനും. പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു, പെണ്ണിന്റെ കണ്ണിനകത്തൊരു എന്നിങ്ങനെ പ്രസിദ്ധമായിതീർന്ന നിരവധി ഗാനങ്ങൾ. പി. ഭാസ്കരൻ ഗാനങ്ങളെഴുതിയ മിന്നാമിനുങ്ങിലൂടെ എം.എസ്. ബാബുരാജും എത്തിയതോടെ പിന്നീടുള്ള രണ്ടു ദശകങ്ങൾ ചലച്ചിത്ര സംഗീതലോകത്തെ നിയന്ത്രിച്ച ഒരു ഭാവനാസംസ്കൃതിക്കു തുടക്കമാവുകയായിരുന്നു. നീയെന്തറിയുന്നു നീലത്താമരേ (അബ്ദുൾ ഖാദർ), ആരുചൊല്ലീടുമാരുചൊല്ലീടും (മച്ചാട്ട് വാസന്തി) എന്നീ ഗാനങ്ങളെല്ലാം മിന്നാമിനുങ്ങിലേതായിരുന്നു.

നാട്ടീണങ്ങൾ, ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ സംഗീത മിശ്രണങ്ങൾ എന്നിവയുടെ ധാരകൾ പ്രബലമാകുമ്പോൾത്തന്നെ കാവ്യാത്മകമായ വരികൾ, ഭാവ സംഗീത വിതാനങ്ങൾ എന്നിവയിൽ ചില മാതൃകാപരമായ കാഴ്ചപ്പാടുകൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു. സംഗീത ശിൽപികളുടെ സമാഗമങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോ ൾതന്നെ സിനിമാഗാനങ്ങളുടെ പൊതു സ്വഭാവങ്ങളെക്കുറിച്ച് നിർമിക്കപ്പെട്ട ധാരണകൾക്കുകൂടി ബലംവന്നു. ഭാസ്കരൻ, ഒ.എൻ.വി, വയലാർ എന്നിവരും ദക്ഷിണാമൂർത്തി, ദേവരാജൻ, എം.എസ്. ബാബുരാജ് എന്നിവരും തമ്മിലുള്ള മാറിമാറിയുള്ള കൂട്ടുകെട്ടുകൾ ഭാവപരമായ പരീക്ഷണങ്ങൾ സിനിമാസംഗീതത്തിൽ വരുത്താൻ ശ്രമിക്കുകയുണ്ടായി. കർണാട്ടിക് സംഗീതത്തിൽ ലാളിത്യം പകർന്ന ദക്ഷിണാമൂർത്തിയും നാടോടി സംഗീതത്തിൽ വിപ്ലവാത്മകമായ വിപുലതകൾ സമ്മാനിച്ച രാഘവനും രണ്ടിനെയും സമഞ്ജസമായി സമ്മേളിപ്പിച്ച ദേവരാജനും ഹിന്ദുസ്‌ഥാനിയെ ഭാവാത്മകമായി മലയാളത്തിൽ സന്നിവേശിപ്പിച്ച ബാബുരാജുമെല്ലാം പ്രസിദ്ധരായി. നായരു പിടിച്ച പുലിവാലിൽ പി. ഭാസ്കരനും രാഘവനും ചേർന്നുണ്ടാക്കിയ മിക്ക ഗാനങ്ങളും ആളുകളിൽ നാടോടിസംസ്കാരത്തിന്റെ ഓർമകൾ അവശേഷിപ്പിക്കുകയുണ്ടായി. മെഹ്ബൂബിന്റെ സ്വരത്തിലെ നർമഭാവനകൾ കാത്തുസൂക്ഷിച്ചൊരു എന്ന പാട്ടിൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും. നീലിസാലിയിലെ ഓട്ടക്കണ്ണിട്ടുനോക്കും, നയാപൈസയില്ല എന്നിങ്ങനെ വീണ്ടും മെഹ്ബൂബ് ഗാനങ്ങൾ. ഭാസ്കരൻ രചിച്ച് എം.എസ്. ബാബുരാജ് സംഗീതം ചെയ്ത പുതിയ ആകാശം പുതിയ ഭൂമിയിലെ പാട്ടുകൾ, ഭാസ്കരൻ– ബാബുരാജ് ടീമിന്റെ കണ്ടംബച്ച കോട്ടിലെ ഗാനങ്ങൾ, ഭാസ്കരൻ– ദേവരാജൻ സമാഗമത്തിൽ ഡോക്ടറിലെ ഗാനങ്ങൾ.. ഇങ്ങനെ വ്യത്യസ്ത ഗാനശിൽപികളുടെ സംഗീതാവിഷ്കരണത്തിൽ മെഹ്ബൂബ് അക്കാലത്തെ വലിയ ഗായകനായി മാറി.

ഗന്ധർവന്റെ കാൽപാടുകൾ

എം.ബി.എസിന്റെ രംഗപ്രവേശമാണ് അറുപതുകളിലെ പ്രധാന സംഭവം. 1962–ൽ കാൽപാടുകളിൽ ഭാസ്കരൻ രചിച്ച പാട്ടുകൾ പാടിയത് ഉദയഭാനുവും ശാന്താ പി. നായരും ചേർന്നായിരുന്നു. ജാതിഭേദം, മതദ്വേഷം എന്ന ഗുരുശ്ലോകം പാടി കെ.ജെ. യേശുദാസ് എന്ന ഗന്ധർവഗായകൻ ചലച്ചിത്ര ലോകത്തിന്റെ പടി കടന്നെത്തുകയുണ്ടായി. കമുകറ, എ.എം. രാജ, ഉദയഭാനു എന്നിവരുടെ ശബ്ദങ്ങളെ റീപ്ലെയ്സ് ചെയ്തുവന്ന യേശുദാസ് ആസ്വാദകർക്കുമുമ്പിൽ ഗന്ധർവ പൗർണിമകൾ തീർത്തു. സംഗീത ശൈലിയോടുള്ള സമീപനത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായ സമയമാണിത്. പാട്ടിനു ലയമെന്നൊരു കൂട്ടു ണ്ട് എന്ന് ആസ്വാദകർ തിരിച്ചറിഞ്ഞ കാലംകൂടിയായിരുന്നു അത്. ഭാസ്കരനും രാഘവനും ചേർന്നു പിന്നെയും ഹിറ്റുകൾ ഒരുക്കി. ഉണരുണരൂ, ഭാരതമെന്നാൽ, മഞ്ഞനിപ്പൂനിലാവ്, നഗരം നഗരം, മാനത്തെ കായലിൽ, കരിമുകിൽ കാട്ടിലെ എന്നിവയെല്ലാം ഈ കൂട്ടുകെട്ടിന്റെ മൗലികസംഭാവനകൾ ആയിരുന്നു. വയലാറും രാഘവനും ഒരുക്കിയ ആകാശത്തിലെ കുരുവികൾ (റബേക്ക), മഞ്ജുഭാഷിണി (കൊടുങ്ങല്ലൂരമ്മ) എന്നിവയും എടുത്തുപറയേണ്ടതാണ്.

ഈ സമയത്തുള്ള ശക്‌തവും സജീവവുമായ ഒരു കൂട്ടുകെട്ടു ഭാസ്കരനും ബാബുരാജും ചേർന്നതാണ്. ഉമ്മയെന്ന സിനിമയിലെ കദളിവാഴ, പാലാണ് തേനാണ്, ഉമ്മിണിത്തങ്കയിലെ അന്നുനിന്നെ കണ്ടതിൽ, ഭാഗ്യജാതകത്തിലെ ആദ്യത്തെ കൺമണി എന്നീ ഗാനങ്ങൾ അക്കാലത്തെ സംഗീത സംസ്കാരത്തെ വിളിച്ചോതുന്നു. ലൈലാ മജ്നുവിലെ താരമേ താരമേ (ഉദയഭാനു, ലീല), ചുടുകണ്ണീരാലെൻ (ഉദയഭാനു) എന്നീ ഗാനങ്ങളോടെ ബാബുരാജ് കൂടുതൽ ജനകീയനായി.

ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ സാധ്യതകൾ ബാബുരാജിൽനിന്ന് പാട്ടിലേക്കൊഴുകിയെത്തി. ചലച്ചിത്ര സംഗീതത്തിൽ അവശ്യംവേണ്ട വൈകാരികതയ്ക്ക് ആലാപനപരമായ ആഴംനൽകിയത് ബാബുരാജ് ആയിരുന്നു. ബാബുരാജിന്റെ ഗാനങ്ങൾ സ്വഭാവികമായും ഭാസ്കരന്റെ തൂലികയിലൂടെ സാർഥകമായി. തളിരിട്ട കിനാക്കൾ (മൂടുപടം) എന്ന ഗാനത്തിലെ ഭാവപരമായ ഈണവ്യതിയാനങ്ങൾ ശ്രദ്ധേയമായിരുന്നു. ജാനകിയുടെ ആലാപനക്ഷമതയെ അക്കാലം കൂടുതൽ പരീക്ഷിച്ചറിഞ്ഞത് എം.എസ്. ബാബുരാജ് ആയിരുന്നു. മാമലകൾക്കപ്പുറത്ത് (പി.ബി. ശ്രീനിവാസ്), അനുരാഗ നാടകത്തിൽ (ഉദയഭാനു), ഒരു കൊട്ട പൊന്നുണ്ടല്ലോ (എൽ.ആർ. ഈശ്വരിയും സംഘവും)... ഇങ്ങനെയുള്ള ഗാനങ്ങൾ വ്യത്യസ്ത താളലയ വിന്യാസങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അഞ്ജനക്കണ്ണെഴുതി (എസ്. ജാനകി), ഏകാന്തതയുടെ അപാരതീരം (കമുകറ), താമസമെന്തേ (യേശുദാസ്) എന്നിങ്ങനെ ബാബുരാജിന്റെ ഹാർമോണിയത്തിന്റെ ചന്ദനവാതിലുകൾ തുറന്നിട്ടു. താമരക്കുമ്പിളല്ലോ, ഇന്നലെ മയങ്ങുമ്പോൾ, ഒരു പുഷ്പം മാത്രം, പ്രാണസഖി, താനേ തിരിഞ്ഞും മറിഞ്ഞും എന്നിവയൊക്കെ ഈ കൂട്ടുകെട്ടിൽ പിറന്ന പ്രധാന ഗാനങ്ങളായിരുന്നു.

ഭാസ്കരനുമായി മാത്രമല്ല ബാബുരാജ് അക്കാലത്ത് സഹകരിച്ചത്. വയലാർ എഴുതിയ ചന്ദനപ്പല്ലക്കിൽ (പാലാട്ടുകോമൻ), കണ്ണു തുറക്കാത്ത ദൈവങ്ങളെ (അഗ്നിപുത്രി– സുശീല) എന്നിവയും ഏറെ ജനപ്രിയമായി. യൂസഫലി കേച്ചേരിയും ബാബുരാജും ചില ഹിറ്റുകൾ സൃഷ്ടിച്ചു. തേടുന്നതാരേ (ജാനകി), സുറുമയെഴുതിയ മിഴികളേ (യേശുദാസ്) പാവാട പ്രായത്തിൽ എന്നിവ ഇതിൽ പ്രാമുഖ്യം ഉള്ളവയാണ്. ശ്രീകുമാരൻ തമ്പിയുമായി ബാബുരാജ് ഒരുമിച്ചപ്പോഴും മികച്ച ഗാനങ്ങൾ പിറന്നു. അകലെ അകലെ (മിടുമിടുക്കി), കനക പ്രതീക്ഷ തൻ എന്നിവ ഈ കൂട്ടുകെട്ടിലെ മിന്നുന്ന നക്ഷത്രങ്ങളാണ്. തിരുനയിനാർ കുറിച്ചി എഴുതിയ കറുത്ത കൈയിലെ പഞ്ചവർണതത്തപോലെ (യേശുദാസ്, കമുകറ)യിൽ കവാലിയുടെ സ്പർശം പകർന്നതും ബാബുരാജ് ആയിരുന്നു.

1965–ൽ റിലീസായ ചെമ്മീൻ എന്ന സിനിമയിലെ സംഗീതത്തിലൂടെ സലിൽ ചൗധരി മലയാളത്തിൽ പുതിയ ഭാവുകത്വത്തിന് തുടക്കംകുറിച്ചു. കടൽ ജീവിതത്തിന്റെ സ്പന്ദനങ്ങൾ വായിച്ചെടുക്കാൻ പാകത്തിലുള്ള വയലാറിന്റെ വരികളിൽ സലിൽദാ ചേർത്തുവച്ച റിഥങ്ങളും ഓർക്കസ്ട്ര വിന്യാസങ്ങളും മലയാളികൾക്ക് ഏറെ കൗതുകമായി. കടലിനക്കരെ, പെണ്ണാളെ, മാനസ മൈനേ എന്നിവയെല്ലാം പാട്ടിൽ പുതുമയുടെ പുലരികൾ കൊണ്ടുവന്നു. മലയാളത്തിൽ വംഗസംഗീതത്തിന്റെ അകഭംഗികൾ പ്രവഹിക്കുകായിരുന്നു. വയലാറും ദേവരാജനുമെന്ന, മലയാളികൾക്കു മറക്കാനാവാത്ത ഒരു കൂട്ടുകെട്ടുണ്ടാകുന്നത് ഇക്കാലത്താണ്. ഭാര്യയിലെ പെരിയാറേ (എ.എം. രാജ), മണവാട്ടിയിലെ ഇടയകന്യകേ എന്നിവ അതിവേഗം ഓർമയിലേക്ക് ഓടിവരുന്നു. ശകുന്തളയിലെ ശംഖുപുഷ്പം, പ്രിയതമാ (സുശീല), മാലിനിനദിയിൽ എന്നിവയെല്ലാം അസാമാന്യ ജനപ്രീതി നേടുകയുണ്ടായി. ഭാസ്കരനും ദേവരാജനും ചേർന്നുള്ള പാട്ടുകൾ കുറവായിരുന്നുവെങ്കിലും അവയെല്ലാം അക്കാലത്തെ ഹിറ്റുകളായിരുന്നു. കളിത്തോഴനിലെ മഞ്ഞലയിൽ, കാട്ടുകുരങ്ങിലെ നാദബ്രഹ്മത്തിൽ, മൂലധനത്തിലെ സ്വർഗ ഗായികേ എന്നിവയിൽ ക്ലാസിക്കുകളും മെലഡിയും ഒരുപോലെ സംഗമിച്ചു. ദേവരാജനും ഒ.എൻ.വിയും ഒരുമിച്ച കാട്ടുപൂക്കളിലെ മാണിക്യവീണ, കുമാരസംഭവത്തിലെ പൊൻതിങ്കൾക്കല, പ്രിയസഖി ഗംഗേ (മാധുരി) എന്നിവ ആസ്വാദകന്റെ മനസിൽ സംഗീതത്തിന്റെ പുഷ്പമഴ പെയ്യിക്കുകയുണ്ടായി.

ശ്രീകുമാരൻ തമ്പിയുടെ വരവായിരുന്നു ഈ കാലത്തിന്റെ സംഗീതക്കനവുകളെ ആഴത്തിൽ നിബന്ധിച്ചത്. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾക്കു സംഗീതം നിർവഹിച്ചത് ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. ചന്ദ്രികയിലലിയുന്നു (എ.എം. രാജ), വൈക്കത്തഷ്ടമി നാളിൽ (ഭാര്യമാർ സൂക്ഷിക്കുക), ഹൃദയസരസിലെ (പാടുന്ന പുഴ), അശ്വതി നക്ഷത്രമേ (ഡെയ്ഞ്ചർ ബിസ്കറ്റ്), ഉത്തരാ സ്വയംവരം എന്നീ ഗാനങ്ങൾ വമ്പിച്ച ജനപ്രീതി നേടി.

ദേവരാജൻ സംഗീതം ആവിഷ്കരിച്ച ചിത്രമേളയിലെ മദം പൊട്ടിച്ചിരിക്കുന്ന ശ്രീകുമാരൻ തമ്പിയും എം.കെ. അർജുനനും ഒരുമിച്ച പാടാത്ത വീണയും പാടും എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ശ്രീകുമാരൻ തമ്പി ഗാനരചനയിൽ തന്റേതായ മുദ്രകൾ കൊണ്ടുവന്നു. ലാളിത്യമേറിയ വരികളിൽ കാൽപനികതയുടെ ഭാവചോർച്ചയില്ലാതെ ജീവിതകാഴ്ചകളെ അവതരിപ്പിക്കുകയായിരുന്നു ശ്രീകുമാരൻ തമ്പി. എൽ.വി.ആർ വർമയുടെ വീടിനു പൊൻമണി (കുടുംബിനി) എന്ന ഗാനത്തിന് വലിയ പ്രചാരമുണ്ടായി. ഓർക്കസ്ട്രേഷൻ അറേഞ്ചറായിരുന്ന ആർ.കെ. ശേഖർ, വയലാറുമൊത്ത് ചില ഗാനങ്ങൾ സംഗീതം ചെയ്തു. പഴശിരാജയിലെ ചൊട്ടമുതൽ ചുടല വരെ എന്ന ഗാനമായിരുന്നു ഇതിൽ മുഖ്യം. കാൽപനികാംശമുള്ള ഗാനങ്ങൾ ആവിഷ്കരിക്കുന്നതിൽ മികവുപുലർത്തിയ എ.ടി. ഉമ്മർ 1969–ലാണ് സിനിമാരംഗത്തു വരുന്നത്. ഭാസ്കരൻ എഴുതിയ പിന്നെയുമിണക്കുയിൽ എന്ന ഗാനമിതിൽ പ്രധാനമാണ്. റോസിയിലെ അല്ലിയാമ്പൽ (യേശുദാസ്) എന്ന ഒരൊറ്റ ഗാനത്തിലൂടെ ജോബ് മാസ്റ്റർ ഇന്നും അനശ്വരനായി തുടരുന്നു.

(തുടരും)