ഒരേയൊരു രൂപ
ഒരേയൊരു രൂപ
Saturday, September 24, 2016 4:56 AM IST
പല അതികായന്മാർ മുൻനിരയിൽ ആരാധക വൃന്ദ ത്തെ ആനന്ദത്തിലാഴ്ത്തുമ്പോഴാണ് അവിടേക്ക് ഒരു പെണ്മ യുടെ ഭാവതാളവുമായി രൂപ രേവതി കടന്നുവരുന്നത്. കൈയിലൊരു വയലിനും സ്വര മാധുര്യമേറിയ ശബ്ദവുമായി ചെറിയ കാലത്തിനുള്ളിൽ അവൾ വലിയൊരു ആരാധക ലോകത്തെ പടുത്തുയർത്തി. സംഗീതത്തെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ പുതിയ പ്രതീക്ഷയാണു രൂപ രേവതി. പിയാനൊകൊണ്ട് സ്റ്റീഫൻ ദേവസിയും വയലിനാൽ ബാലഭാസ്കറും വേദിയിൽ തീർത്ത മാന്ത്രിക വിസ്മയത്തിനു കൂട്ടായി ഇനി രൂപ രേവതിയും.ഗായികയായാണ് മലയാളികൾ ഈ പ്രതിഭയെ ആദ്യം പരിചയപ്പെടുന്നത്. പിന്നീടു ചെറിയൊരു ഇടവേളയ്ക്കു ശേഷം വൻ തിരിച്ചുവരവ്. വയലിന്റെ തന്ത്രികളിൽ നിന്നും അവൾ സൃഷ്ടിക്കുന്ന സംഗീതം കാലാന്തരത്തിലേക്കു മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തിന്റെ പ്രേക്ഷകരുടെ മനസറിഞ്ഞ രൂപയുടെ വാക്കുകളിലൂടെ...

എന്റെ ശാരികെ എന്ന പാട്ടിലൂടെ മലയാളികൾക്കു പരിചിതമായ പേരാണ് രൂപ രേവതി. തുടക്കകാലം എങ്ങനെയായിരുന്നു?

ഞാനാദ്യം സിനിമയിൽ പാടുന്ന പാട്ടാണു മാടമ്പി സിനിമയിലെ എന്റെ ശാരികേ... എന്നത്. അതിനു മുമ്പേ റിയാലിറ്റി ഷോയിലൂടെയാണ് എന്നെ മലയാളികൾ പരിചയമാകുന്നത്. അതുവഴിയാണു സിനിമയിലേക്കു പാടാൻ അവസരം ലഭിച്ചത്. എറണാകുളം ചെറായിയാണ് എന്റെ സ്‌ഥലം. അച്ഛനും അമ്മയ്ക്കും സംഗീതത്തിനോടു താല്പര്യമുണ്ടായിരുന്നു. അവര് പാടുമായിരുന്നു. ഞാനൊരു അഞ്ചു വയസുമുതൽ കർണാട്ടിക് സംഗീതവും എട്ടു വയസുമുതൽ വയലിനും പഠിക്കുന്നുണ്ടായിരുന്നു. അതിനു ശേഷമാണു റിയാലിറ്റി ഷോയിലേക്കും എത്തുന്നത്. ഇപ്പോഴും ഞാൻ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്. 2002–ൽ ഗന്ധർവസംഗീതം എന്ന കൈരളി ചാനലിലെ പരിപാടിയുടെ ടൈറ്റിൽ വിന്നറായിരുന്നു ഞാൻ. അതിനു ശേഷം 2007ൽ സൂപ്പർ സ്റ്റാർ ഗ്ലോബൽ അമൃത ടിവിയിലും.

കർണാട്ടിക് സംഗീതത്തിൽ നിന്നു റിയാലിറ്റി ഷോയിലേക്കെത്താൻ ആകർഷിപ്പിച്ചത് എന്തായിരുന്നു?

കർണാട്ടിക് മ്യൂസിക്കിന് നമ്മുടെ കേരളത്തിൽ വേദികൾ സ്വതവേ കുറവാണല്ലൊ. അതേ സമയം ചെന്നൈയിലൊക്കെ അതിന് അവസരങ്ങൾ നിരവധിയാണ്. സത്യത്തിൽ റിയാലിറ്റി ഷോ മുഖേന ഇവിടെ കർണാട്ടിക് സംഗീതത്തിന് അവസരങ്ങൾ തുറന്നുകിട്ടുമെന്നു കരുതിയാണ് ഞാൻ അതിലേക്കെത്തുന്നത്. കാരണം കച്ചേരികൾ നമ്മുടെ നാട്ടിൽ തീരെ കുറവാണ്. അല്ലെങ്കിൽ ക്ഷേത്ര അനുഷ്ഠാനങ്ങളുമായി മാത്രമാണ് അതിനു അവസരങ്ങൾ കിട്ടുന്നത്. അപ്പോൾ റിയാലിറ്റി ഷോകൾ നമുക്ക് അതിനു നിരവധി അവസരങ്ങൽ തുറന്നു നൽകുമെന്നു കരുതി. റിയാലിറ്റി ഷോയിൽ എത്തിയതിനു ശേഷമാണു സിനിമാ സംഗീതത്തെ ഞാൻ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങുന്നതു തന്നെ. അതിനു മുൻപ് കർണാട്ടിക് സംഗീതവും കച്ചേരിയും മാത്രമായിരുന്നു എന്റെ ശ്രദ്ധ. റിയാലിറ്റി ഷോയ്ക്കുവേണ്ടി ഒരു വർഷക്കാലം പാട്ടുകൾ പഠിക്കുകയും പാടുകയും ചെയ്തപ്പോഴാണ് സിനിമാ സംഗീതത്തോടു താല്പര്യം തോന്നിത്തുടങ്ങുന്നത്. അതിനു മുമ്പ് നവരാത്രി സമയങ്ങളിലെ കച്ചേരികൾ ചെയ്തുള്ള പരിചയമാണ് എനിക്കുണ്ടായിരുന്നത്. റിയാലിറ്റി ഷോയിൽ എത്തിയതുകൊണ്ടു തന്നെ സംഗീതത്തിന്റെ വിവിധ ശാഖകളോടു പരിചിതമാകാനും താല്പര്യമുണ്ടാകാനും കാരണമായി. ഫോക്ക്, അറബിക്, പാശ്ചാത്യ സംഗീതം തുടങ്ങിയവയെ കൂടുതൽ അറിയാൻ അതു സഹായിച്ചു.

ണ്ട<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ24ംമ2.ഷുഴ മഹശഴി=ഹലളേ>ണ്ട

വ്യക്‌തിപരമായി ഒരു പാട്ടുകാരി എന്ന നിലയിൽ റിയാലിറ്റി ഷോകൾ എത്രമാത്രം ഗുണകരമായിട്ടുണ്ട്?

ഞാൻ പാട്ടുകളുടെ വരികളെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്‌തിയാണ്. അപ്പോൾ ഓരോ സംഗീത സംവിധായകന്റെ സംഗീതത്തോടുള്ള സമീപനവും ഗാനരചയിതാക്കളുടെ രചനാരീതിയും അടുത്തറിയാൻ അതു സഹായകമായി. കാരണം അതിനു മുന്നേ നമ്മൾ പാട്ടുകൾ പാടുന്നതല്ലാതെ അതിനെ കൂടുതലായി ശ്രദ്ധിക്കുമായിരുന്നില്ല. റിയാലിറ്റി ഷോകൾ അതിനെന്നെ സഹായിച്ചു. ഇപ്പോൾ ഞാൻ ഓരോ പാട്ടു ശ്രദ്ധിക്കുമ്പോഴും അതിന്റെ വരികളിലേക്കു ഇറങ്ങിച്ചെല്ലാൻ ശ്രമിക്കാറുണ്ട്.

വയലിൻ എപ്പോഴും ജീവിതത്തോടൊപ്പമുണ്ടായിരുന്നല്ലൊ?

അത് എന്നും പിൻതുടരുന്നുണ്ടായിരുന്നു. ഞാൻ ബി. എയും എം.എയും മ്യൂസിക്കായിരുന്നു പഠിച്ചിരുന്നത്. ആ സമയങ്ങളിൽ വയലിനിലും കർണാട്ടിക് സംഗീതത്തിലും യൂണിവേഴ്സിറ്റി വിന്നറായിരുന്നു. സ്കൂൾ ഫെസ്റ്റിവൽ സമയം മുതൽ തന്നെ ഇതിനു രണ്ടിനും ഞാൻ പങ്കെടുക്കുമായിരുന്നു. ബി.എ മഹാരാജാസിലും എം.എ ആർ എൽ വി കോളജിലുമാണു ചെയ്തത്. രണ്ടിനും ഒന്നാം റാങ്ക് നേടിയിരുന്നു. വയലിൻ ചെറുപ്പം മുതൽ പഠിച്ചിരുന്നെങ്കിലും പ്രോഗ്രാമുകൾ ചെയ്തു തുടങ്ങിയത് ഇപ്പോഴാണെന്നു മാത്രം. സിനിമകളിൽ റീ റെക്കോർഡിംഗ് വായിച്ചു തുടങ്ങുന്നത് പൃഥ്വിരാജിന്റെ ഉറുമി ചിത്രം മുതലാണ്. അതിനു സംഗീതം ചെയ്തിരുന്നത് ദീപക് ദേവ് ചേട്ടനായിരുന്നു.

സിനിമയിലേക്ക് അവസരം എങ്ങനെയാണ് തുറന്നു കിട്ടിയത്?

മത്സരിച്ച റിയാലിറ്റി ഷോയുടെ ഒരു ജഡ്ജായിരുന്നു എം. ജയചന്ദ്രൻ സാർ. മാടമ്പി സിനിമയുടെ സംവിധായകനായിരുന്ന ബി. ഉണ്ണികൃഷ്ണൻ സാർ പ്രോഗ്രാം കണ്ടിട്ട് എനിക്കു അവസരം തരികയായിരുന്നു. അങ്ങനെയാണ് ജയചന്ദ്രൻ സാറും ഉണ്ണിക്കൃഷ്ണൻ സാറും ചേർന്നു മാടമ്പിയിലേക്ക് എന്നെ പാടാൻ വിളിക്കുന്നത്. എന്റെ ശാരികേ എന്ന പാട്ട്... ആദ്യ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതു വളരെ സന്തോഷമാണ് നൽകിയത്. എല്ലാവരും നല്ല അഭിപ്രായവും പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഗോപി സുന്ദറിന്റെ സംഗീതത്തിൽ കാസനോവയിൽ പാടുന്നത്. പിന്നീടു ഞാൻ വിവാഹം കഴിഞ്ഞു നാലു വർഷത്തോളം മദ്രാസിലായിരുന്നു. ഇൻഡസ്ട്രിയിൽ നിന്നു മാറിനിന്നു. ആ കാലയളവിലും സംഗീത പഠനം തന്നെയായിരുന്നു. വലിയൊരു പ്രതിഭയായ വയലിനിസ്റ്റ് കലൈമാമണി എംബാർ കണ്ണൻ സാറാണ് എന്റെ ഗുരു. വയലിൻ അദ്ദേഹത്തിന്റെ കീഴിലാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. വോക്കൽ പഠിക്കുന്നത് പി. ഉണ്ണികൃഷ്ണൻ സാറിന്റെ കീഴിലുമായിരുന്നു. പഠനത്തിനു വേണ്ടി മനഃപൂർവമായി മാറി നിന്ന സമയമായിരുന്നു അത്. കാരണം പ്രോഗ്രാമുമായി മാത്രം നിന്നാൽ നമ്മുടെ പഠനം പാതിവഴിയിൽ നിന്നുപോകും. സംഗീതം നമുക്കെന്നും ജീവിതത്തിനൊപ്പം വേണ്ടതാണ്. അതിനായിരുന്നു അങ്ങനെയൊരു ഇടവേള സൃഷ്ടിച്ചത്.


ആ സമയങ്ങളിൽ വയലിൻ പ്രോഗ്രാമുകൾ ചെയ്യുമായിരുന്നു. ദീപക് ദേവ് സാറിന്റെ തേജാ ഭായി ആന്റ് ഫാമിലി എന്ന ചിത്രത്തിനു വേണ്ടിയൊക്കെ അവിടിരുന്ന് വർക്ക് ചെയ്തിരുന്നു. ദീപക് സാറിനെ ഉറുമി മുതലുള്ള പരിചയമായിരുന്നു. ഉറുമിയിൽ എന്നെ പാട്ടു പാടാനാണ് വിളിക്കുന്നത്. പക്ഷെ ആ പാട്ട് അവസാനം ചിത്രത്തിൽ നിന്നു മാറി. എങ്കിലും ഞാൻ വയലിൻ വായിക്കുമെന്നു ദീപക് ചേട്ടനറിയാമായിരുന്നു. അങ്ങനെയാണ് ആ ചിത്രത്തിന്റെ റീ റെക്കോർഡിന് എന്നെ വിളിക്കുന്നത്. സിനിമയിൽ പുള്ളുവൻ ടോണിൽ എത്തുന്ന സംഗീത പശ്ചാത്തലവും നിത്യ മേനോനെ കാണിക്കുന്ന ഭാഗവുമാണ് ഞാൻ ചെയ്തിരുന്നത്. വയലിനെ പുള്ളുവൻ ടോണിലേക്കു മാറ്റിയാണ് അതു വായിച്ചിരിക്കുന്നത്.

കൊച്ചിയിലേക്കുള്ള തിരിച്ചു വരവ് കലാജീവിതത്തിലേക്കുള്ള രണ്ടാം വരവായി മാറിയല്ലൊ?

മകളായതിനു ശേഷം 2013–ലാണ് കൊച്ചിയിലേക്കു തിരിച്ചെത്തുന്നത്. അതിനു ശേഷമാണ് വയലിൻ പ്രോഗ്രാമൊക്കെ ചെയ്തു തുടങ്ങുന്നത്. ലൈവ് ഷോസും ഫ്യൂഷനുമൊക്കെ ചെയ്തു തുടങ്ങിയതു തിരിച്ചെത്തിയതിനു ശേഷമാണ്. വയലിൻ പഠിപ്പിച്ചിരുന്ന ഗുരുവിന്റെ അനുഗ്രഹത്തോടെയാണ് ഞാൻ പ്രോഗ്രാം തുടങ്ങുന്നത് തന്നെ.

ണ്ട<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ24ംമ3.ഷുഴ മഹശഴി=ഹലളേ>ണ്ട

ലൈവ് പ്രോഗ്രാം ചെയ്തതിനു ശേഷമാണോ രൂപ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്?

ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഞാൻ ചെയ്ത ചില പ്രോഗ്രാമിന്റെ വീഡിയോ പുറത്തിറക്കിയിരുന്നു. അത് ആൾക്കാർ ശ്രദ്ധിച്ചിരുന്നു. ശ്രീകുമാരൻ തമ്പി സാറിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു സാറിന് ഒരു ആദര സൂചകമായുള്ള വീഡിയോ പുറത്തിറക്കിയിരുന്നു. അതിനു ശേഷമാണ് ഒരു പാട്ടുകാരി വയലിനിസ്റ്റായും എത്തുന്നു എന്നു ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അതിനോടൊപ്പം റീ റെക്കോർഡിംഗ് നിരവധി ചിത്രങ്ങളിൽ ചെയ്തിരുന്നു. പുതിയ ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, ജേക്കബിന്റെ സ്വർഗരാജ്യം, ലീല, കിംഗ് ലയർ അങ്ങനെ നിരവധി ചിത്രങ്ങളിൽ ചെയ്തിരുന്നു. വയലിനിസ്റ്റായതു കൊണ്ട് ലൈവ് പ്രോഗ്രാമിനൊപ്പം റീ റെക്കോർഡിഗും ഒപ്പം കൊണ്ടുപോകുന്നു. എന്റെ ആഗ്രഹവും ഒരു സംഗീതജ്‌ഞയായി ജിവിക്കണം എന്നതു തന്നെയാണ്. അവിടെ പാട്ടാണോ, വയലിനാണോ എന്നു നോക്കില്ല. കച്ചേരി, പാട്ട്, വയലിൻ കച്ചേരി, വയലിൻ ഫ്യൂഷൻ അങ്ങനെ എന്തിനെയും പരീക്ഷിക്കാനും ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു. പാട്ടും വയലിനും ഒരുപോലെ കൊണ്ടുപോകുന്നു. അവിടെ ഒന്നിനോടും ഏറ്റക്കുറച്ചിലില്ല. കാരണം രണ്ടിടത്തും സംഗീതമാണ് പരമാത്മാവ്. ഒന്നു പാടുന്നു, മറ്റൊന്നു കൈകളാൽ ജനിപ്പിക്കുന്നു.

ഇൻഡസ്ട്രിയിൽ നിന്നു ലൈവ് പ്രോഗ്രാമിനുള്ള പിന്തുണ എത്രത്തോളമായിരുന്നു?

ചിത്രച്ചേച്ചിയും പി.ജയചന്ദ്രൻ സാറും നല്ല പിന്തുണ നൽകുന്നുണ്ട്. ഇപ്പോൾ കൂടുതലും ഷോ ചെയ്യുന്നത് അവരോടൊപ്പമാണ്. ഇവിടെ വയലിൻ വായിക്കുന്ന യുവതികൾ നിരവധി പേരുണ്ടെങ്കിലും അതു ലൈവ് പ്രോഗ്രാമായി ചെയ്യുന്നവരെ ഞാൻ കണ്ടിട്ടില്ല. ചെന്നൈയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും നിരവധി പേരുണ്ട്. ഇവിടെ അങ്ങനെ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ ഒരു പ്രാധാന്യം പലപ്പോഴും എനിക്കു കിട്ടിയിട്ടുണ്ട്. കാരണം പ്രോഗ്രാമിൽ രണ്ടിനുമുള്ള അവസരം നമുക്കു കിട്ടുന്നു.

ഇടവേളയ്ക്കു ശേഷം സിനിമയിൽ ഗായികയായി അവസരം ലഭിച്ചില്ലേ?

വയലിനൊപ്പം സിനിമയിൽ പാടാനുള്ള അവസരവും ലഭിച്ചിരുന്നു. ദിപക് ദേവ്ചേട്ടന്റെ തിലോത്തമ എന്ന ചിത്രത്തിൽ പാടി. ഒപ്പം ബിജിബാലേട്ടന്റെ രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിലും പാടിയിരുന്നു. ഇതു രണ്ടും റിലീസായ ചിത്രമാണ്. റിലീസാകാനുള്ളത് ഷാൻ റഹ്മാന്റെ ജെമിനിയും മെജോ ജോസഫ് സംഗീതമൊരുക്കുന്ന ഒരു പുതിയ ചിത്രവുമാണ്.

റിയാലിറ്റി ഷോയിൽ നിന്നും വന്ന പ്രതിഭ എന്ന നിലയിൽ അതിനെതിരേ ഇന്നുയർന്നു കേൾക്കുന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു?

എന്റെ അനുഭവത്തിൽ റിയാലിറ്റി ഷോകൾ നല്ലതാണ്. കാരണം ഞാൻ റിയാലിറ്റി ഷോയിലെത്തിയതു കൊ ണ്ടാണ് ഈ മേഖലയിലേക്ക് ഇത്ര എളുപ്പത്തിലെത്താനായത്. പിന്നെ റിയാലിറ്റി ഷോ മാത്രമല്ല ജീവിതം എന്നുള്ള തിരിച്ചറിവ് മത്സരിക്കുന്നവർക്കുണ്ടായിരിക്കണം. കാരണം അതിനുമപ്പുറം നമ്മൾ പഠിക്കാനുള്ളത് അനവധിയുണ്ട്. ഒരു റിയാലിറ്റി ഷോ കൊണ്ടു മാത്രം നിർത്തിയാൽ സ്വയം വളരാനുള്ള അവസരമാണ് നഷ്ടമാകുന്നത്. അതു കഴിഞ്ഞാലും നമ്മൾ പഠിച്ചുകൊണ്ടേയിരിക്കണം.

ബാൻഡ് പ്രവർത്തനങ്ങളിൽ സജീവമാകാറുണ്ടോ?

എനിക്കു സ്‌ഥിരമായി ഒരു ബാൻഡ് ഇല്ല. എങ്കിലും ബാൻഡ് രീതിയിലുമുള്ള പരിപാടികൾ ഞാൻ ചെയ്യാറുണ്ട്. കാരണം ജുഗൽബന്ധി ഞാൻ ചെയ്യാറുണ്ട്, കർണാട്ടിക് കച്ചേരികൾ ഞാൻ ചെയ്യാറുണ്ട്.

കുടുംബംവിശേഷം?

ഹസ്ബന്റ് കർണാട്ടിക് സംഗീതജ്‌ഞനാണ്. കുൽദ്വീപ് പൈ എന്നാണ് പേര്. ചെന്നൈയിലാണ്. മകളുണ്ട്, മൂന്നരവയസായി.

–ഗൗതമൻ