രോഗങ്ങളും പ്രതിവിധികളും സുഗന്ധവിളകളിൽ
രോഗങ്ങളും പ്രതിവിധികളും സുഗന്ധവിളകളിൽ
Thursday, September 22, 2016 4:36 AM IST
ഭാരതത്തിന്റെ വിദേശനാണ്യസമ്പാദ്യത്തിൽ സുഗന്ധവ്യജ്‌ഞന കയറ്റുമതിക്ക് നിർണായക സ്‌ഥാനമുണ്ട്. അന്യദേശക്കാരെ ഇന്ത്യയിലേക്ക് ആകർഷിച്ചതിലും ഇന്ത്യയുടെ ചരിത്രം മാറ്റിയെടുതിയലും സുഗന്ധവ്യജ്‌ഞനങ്ങളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ ഈ സുഗ ന്ധ സസ്യങ്ങൾ പലവിധരോഗങ്ങ ൾമൂലം നശിക്കുന്ന സ്‌ഥിതിയിലാണിന്ന്.

മഴക്കാലം തുടങ്ങുന്നതോടുകൂടി മറ്റു കാർഷിക വിളകളെപ്പോലെ സുഗന്ധവിളകളിലും പലതരത്തിലുള്ള കുമിൾ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. അധികവർഷവും ഇടവിട്ടുള്ള വെയിലും രോഗാണുക്കളുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. കൂടാതെ നീർവാർച്ചക്കുറവ് അധിക തണൽ എന്നിവയും കൂടിയാകുമ്പോൾ രോഗത്തിന്റെ അതിപ്രസരത്തിന് കാരണമാകുന്നു.

ഇങ്ങനെയുള്ള കാലാവസ്‌ഥയിൽ അധികമായി കണ്ടുവരുന്നത് ഫൈറ്റോഫ്തോറ, പിത്തിയം സ്കളിറോഷ്യം എന്നീ കുമിളുകളാണ്. ഈ കുമിളുകൾ പ്രധാനമായും മണ്ണിൽ കൂടിയും വായുവിൽ കൂടിയും പകരുന്നതാണ്. ഏതാ ണ്ട് എല്ലാ സുഗന്ധ വിളകളും മഴക്കാലത്ത് ഈ കുമിൾ രോഗ സാധ്യതയുള്ളവയാണ്.

മേൽപറഞ്ഞ രോഗാണുക്കളിൽ ഏറ്റവും വിനാശകാരി ഫൈറ്റോഫ് തോറ എന്ന രോഗാണുതന്നെ. ഇവ മൂലമുണ്ടാകുന്ന കടചീയൽ, ഇലകൊഴിച്ചിൽ, കായ്പൊഴിച്ചിൽ എന്നിവ കുരുമുളക്, ഏലം, വാനില, ജാതി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വിളകളിലും വളരെ രൂക്ഷമായ രീതിയിൽ വിളനാശം സൃഷ്ടിക്കുന്നു.

കുരുമുളകിന്റെ ദ്രുതവാട്ടം

മാധ്യമങ്ങളിലൂടെയും അനുഭവത്തിലൂടെയും മിക്ക കർഷകർക്കും സുപരിചിതമാണ് കുരുമുളകിന്റെ ദ്രുതവാട്ടം. കരുമുളകിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകമായ ഈ രോഗം തെക്കുപടിഞ്ഞാറൻ കാലാവസ്‌ഥയിലാണ് കണ്ടുവരുന്നത്. ഫൈറ്റോഫ് തോറ കാപ്സിസി എന്ന രോഗാണുക്കളാണ് ഈരോഗത്തിനു കാരണം. കൊടിയുടെ ഏതുഭാഗത്തും ഈ രോഗണുവിന്റെ ആക്രമണം ഉണ്ടാകുമെങ്കിലും രോഗബാധയേൽക്കുന്ന ഭാഗത്തെയും രോഗത്തിന്റെ തീവ്രതയെയും അനുസരിച്ചായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

രോഗം ബാധിച്ച ചെടികളുടെ ഇലകളിൽ (ഇലകളിലാണ് രോഗാണു ബാധിച്ചതെങ്കിൽ) ഓന്നോ അതിലധികമോ കറുത്ത പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടും. അവ ക്രമേണ വലുതായി ഇലമുഴുവൻ ബാധിച്ച് ഇല പൊഴിച്ചിലിനു കാരണമാകും. മണ്ണിൽ രോഗാണുവുണ്ടെങ്കിൽ, പുതുതായി തളിർത്ത്് മണ്ണിലൂടെ പടരുന്ന ചെന്തലകളിൽ രോഗലക്ഷണങ്ങൾ കറുത്ത പാടുകളായി പ്രത്യക്ഷപ്പെടുന്നു. ഇവ വ്യാപിച്ച് ചെന്തലകൾ അഴുകുന്നു. എന്നാൽ കൊടിയുടെ തായ്തണ്ടിൽ കടഭാഗത്ത് രോഗബാധയുണ്ടായാൽ കൊടി പൂർണമായും വാടുകയും ഇലകളും തിരികളും കൊഴിയുകയും ചെയ്യുന്നു. ശാഖകളും കണ്ണിത്തലകളും മുട്ടുകളിൽ വെച്ച് അടർന്നു പോകുകയും ഏതാണ്ട് ഒരു മാസത്തിനുള്ളിൽ കൊടി പൂർണമായും നശിക്കുകയും ചെയ്യുന്നു.

രോഗബാധ വേരുകൾക്കു മാത്രമാണെങ്കിൽ വർഷകാലം അവസാനിക്കുന്നതോടെ മാത്രമേ ബാഹ്യലക്ഷണങ്ങൾ പ്രത്യക്ഷമാകുകയുള്ളു. മണ്ണിലെ ഈർപ്പം കുറയുന്നതോടെ ഓക്ടോബർ–നവംബർ മാസങ്ങളിൽ ഇലകൾക്ക് മഞ്ഞളിപ്പ്, വാട്ടം, തിരികൊഴിച്ചിൽ, ഇലകരിച്ചിൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അടുത്ത മഴക്കാലത്തോടെ വേരിനെ ബാധിച്ച രോഗം തായ്തണ്ടിലേക്ക് വ്യാപിക്കുകയും ചീയൽ രൂക്ഷമായി കൊടി നശിച്ചു പോകുകയും ചെയ്യുന്നു. സംയോജിത രോഗ നിവാരണ മാർഗത്തിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാൻ അഥവാ പ്രതിരോധിക്കാൻ സാധിക്കും.

1. രോഗബാധയേറ്റുനശിച്ച കൊടികൾ വേരുപടലമുൾപ്പെടെ പൂർണമായി പറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കുന്നത് രോഗാണുവിന്റെ വർധനവും വ്യാപനവും തടയാൻ ഫലപ്രദമാണ്.

2. ഒരു പുനർകൃഷിയ്ക്ക് ആഗ്രഹിക്കുന്നെങ്കിൽ രോഗബാധയില്ലാത്ത തോട്ടത്തിൽ നിന്നു മാത്രം നടീൽ വസ്തുക്കൾ ശേഖരിക്കാൻ സാധിക്കണം. അഥവാ തവാരണയിൽ വേരുപിടിപ്പിച്ചു നടുന്ന രീതിയാണെങ്കിൽ സൂര്യതാപീകരണം വഴി അണുവിമുക്‌തമാക്കപ്പെട്ട നടീൽ മിശ്രിതം ഉപയോഗിച്ച് തൈകൾ വേരുപിടിപ്പിക്കുവാൻ ശ്രദ്ധിക്കണം.

3. ഈർപ്പം അധികമായ മണ്ണിൽ രോഗാണു പ്രസരണം കൂടുതലാകുമെന്നുള്ളതുകൊണ്ട് തോട്ടങ്ങളിൽ നിർവാർച്ചാ സൗകര്യം ഉറപ്പു വരുത്തണം.

4. കൃഷിപ്പണി ചെയ്യുമ്പോൾ വേരുപടലത്തിൽ ക്ഷതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

5. പുതുതായി ഉണ്ടാകുന്ന ചെന്തലകൾ മണ്ണിലൂടെ പടരാൻ അനുവദിക്കാതെ താങ്ങുമരത്തിനോട് ചേർത്ത് കെട്ടുകയോ മുറിച്ചുമാറ്റുകയോ വേണം. നല്ല കായ്ഫലമുള്ള കെടിയാണെങ്കിൽ ചെന്തലകൾ മുറിച്ചു മാറ്റി നടാനായി ഉപയോഗിക്കാം.

6. മഴക്കാലത്തിനു മുമ്പായി താങ്ങുമരങ്ങളുടെ കൊമ്പുകൾ കോതി തണൽ ക്രമീകരിക്കണം.

7. ജൈവ രീതിയാണ് അവലംബിക്കുന്നതെങ്കിൽ ട്രൈക്കോഡെർമ എന്ന മിത്രകുമിൾ ഉണങ്ങിപൊടിഞ്ഞ ചാണകവുമായി ചേർത്ത് (ഒരു കിലോ ട്രൈക്കോഡെർമ 50 കിലോഗ്രാം ചാണകം) രണ്ടാഴ്ച കൂട്ടിയിട്ട ശേഷം 2–2.5 കിലോഗ്രാം വരെയെങ്കിലും ഒരു കൊടിച്ചുവട്ടിൽ ഇട്ടുകൊടുക്കേണ്ടതാണ്. ഈ മിശ്രിതം നല്കുമ്പോൾ ജലാംശം ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മേയ്–ജൂൺ മാസത്തിൽ ആദ്യ മഴയ്ക്കുശേഷം ഈ മിശ്രിതം ഇട്ടുകൊടുക്കുന്നതാണ് ഉത്തമം പിന്നീട് സെപ്റ്റംബർ–ഓക്ടോബർ മാസത്തിൽ ഇതാവർത്തിക്കാം. ഇങ്ങനെ വർഷത്തിൽ രണ്ടുതവണ തുടർച്ചയായി രണ്ടു–മൂന്നു വർഷം ഇട്ടുകൊടുക്കുന്നത് രോഗപ്രതിരോധ ശേഷി ഉണ്ടാക്കുവാൻ സാഹായിക്കും. കൂടാതെ ട്രൈക്കോഡെർമ മിശ്രിതത്തോടൊപ്പം അതേ അളവിൽ ചാണകത്തിൽ പോച്ചോണിയ ക്ലാമിഡോസ്പോറിയ എന്ന കുമിൾ ചേർക്കുകയണെങ്കിൽ അത് നിമാവിരകൊണ്ടുണ്ടാകുന്ന മഞ്ഞളിപ്പുരോഗമായ സാവധാനവാട്ടത്തിനും പ്രതിവിധിയാകും.

8. രാസമാർഗമാണ് അഭികാമ്യമെങ്കിൽ കാലവർഷത്തിനു മുന്നോടിയായി മേയ് മാസത്തിലും പിന്നീട് ഓഗസ്റ്റ് മാസം ആദ്യവാരത്തിലും മഴ നീണ്ടുനിൽക്കുകയാണെങ്കിൽ സെപ്റ്റംബർ മാസത്തിലും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഇലകളിലും തണ്ടുകളിലും നന്നായി തളിക്കുകയും 0.2 ശതമാനം വീര്യത്തിൽ കോപ്പർ ഓക്സിക്ലോറൈഡ് ലായനി കൊടിത്തടത്തിൽ ഏകദേശം അരമീറ്റർ വിസ്തൃതിയിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നത് മണ്ണിലുള്ള രോഗാണുവിനെ നശിപ്പിക്കുന്നതിനും രോഗം പടരാതിരിക്കുന്നതിനും സഹായിക്കും.

ഇതിനെല്ലാം പുറമേ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. കോഴിക്കോട്ടെ സുഗന്ധവിളഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ കകടഞ ഠവല്മാ, കകടഞ ടവമസവേശ എന്നിവ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.

മേൽപറഞ്ഞ കാര്യങ്ങൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ്. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും പെട്ടെന്ന് കൊടികൾ ശുദ്ധിയാക്കി (രോഗലക്ഷണങ്ങൽ പ്രകടിപ്പിച്ച കൊടിത്തണ്ടുകളും ഇലകളും പറിച്ചുമാറ്റി) മെറ്റലാക്സിൻ–മാൽകോസെഡ് (സംചാർ, മാസ്റ്റർ) കലർന്ന ലായനി 0.125 ശതമാനം വീര്യത്തിൽ കൊടിച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും കൊടിയിൽ തളിക്കുകയും ചെയ്യണം. പകരം 0.3 ശതമാനം വീര്യത്തിൽ പൊട്ടാസ്യം ഫോസ്ഫോണേറ്റ് തളിച്ചുകൊടുക്കാം. രോഗത്തെ നിയന്ത്രിക്കുവാൻ ഇവ പര്യാപ്തമാണ്.

ഇഞ്ചിയുടെ മഴക്കാല രോഗങ്ങൾ

മൂടുചീയൽ: ഇഞ്ചിയും മഴക്കാലത്ത് പലവിധ രോഗങ്ങൾക്ക് വിധേയമാണ്. ഇതിൽ ബാക്ടീരിയകൊണ്ടുണ്ടാകുന്ന രോഗങ്ങളും കുമിൾ രോഗങ്ങളും കാണപ്പെടുന്നു. ഏറ്റവും മാരകമായ രോഗം മൃദുചീയൽ അഥവാ മൂടുചീയലാണ്.

പിത്തിയം മിറിയോടൈലം, പിത്തിയം അഫാതിടെർമേറ്റം എന്നീ പിത്തിയം ജനുസിലുള്ള രോഗാണുക്കളാണ് ഈ രോഗത്തിനു നിദാനം. മഴക്കാലത്ത് രോഗാണുവിന്റെ പ്രജനനം മണ്ണിൽ വർധിക്കുന്നു. കൂടുതലും മുളച്ചുവരുന്ന ഇഞ്ചിച്ചെടികൾക്കാണ് ആദ്യം രോഗബാധയുണ്ടാകുന്നത്. ചെടിയുടെ കടഭാഗത്ത് രോഗാണുബാധയേറ്റ് നനഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകൾ തണ്ടിനു മുകൾഭാഗത്തേക്കും കട ഭാഗത്തേക്കും വ്യാപിക്കുന്നു. ക്രമേണ കടഭാഗം ചീഞ്ഞു പോകുകയും ഇലകൾ മഞ്ഞളിക്കുകയും ചെയ്യുന്നു. തണ്ടിന്റെ അടിഭാഗത്തെ ഇലകൾ മഞ്ഞളിക്കാൻ തുടങ്ങുന്നത് ഈ രോഗത്തിന്റെ ബാഹ്യലക്ഷണമാണ്. പ്രാരംഭഘട്ടത്തിൽ ഇലയുടെ അരികുവശം മാത്രം മഞ്ഞളിക്കുന്നതുകാണാം.

മഞ്ഞളിപ്പ് വ്യാപിക്കുന്നതോടുകൂടി ഇലകൾ വാടി തുടങ്ങുന്നു. രോഗം ക്രമേണ വേരിനെയും കാണ്ഡത്തേയും ബാധിക്കുകയും ഇവ ചീഞ്ഞ് മറിഞ്ഞു വീണ് ദുർഗന്ധമുണ്ടാകുന്നു.

വെള്ളം കെട്ടി നിൽക്കുന്നതും നീർവാർച്ച സൗക ര്യം കുറഞ്ഞതുമായ ഇടങ്ങളിൽ രോഗം നിയന്ത്രണാതീതമാകുന്നു.

രോഗപ്രതിരോധം

നല്ല നീർവാർച്ചയുള്ള പ്രദേശങ്ങൾ മാത്രമേ ഇഞ്ചിക്കൃഷിക്കായി തെരഞ്ഞെടുക്കാവു. വിത്തിഞ്ചി രോഗമില്ലാത്ത പ്രദേശങ്ങളിൽ നിന്നു മാത്രം സംഭരിക്കണം. ഇഞ്ചിനടുന്നതിനു മുമ്പ് വാരങ്ങളിലെ മണ്ണ് 40–50 ദിവസം സൂര്യതാപീകരണം ചെയ്യണം.

ഇതിനായി 100- 120 micron polythene sheet ഉപയോഗിക്കാം. സൂര്യതാപീകരണം ചെയ്ത വാരങ്ങളിൽ രോഗപ്രതിരോധ ശക്‌തി വർധിപ്പിക്കാൻ ചാണകത്തിൽ വളർത്തിയ ട്രൈക്കോഡെർമ അഞ്ചു കിലോ ഗ്രാം വീതം ഓരോ വാരത്തിലും മണ്ണിൽ ചേർത്തു കൊടുക്കേണ്ടതാണ്.

വിത്തിഞ്ചി, മാംകോസെസ് (0.3 ശതമാനം) ക്യുനാൽഫോസ് 0.075ശതമാനം മിശ്രിതമാക്കി ആ ലായനിയിൽ 30 മിനിറ്റ് മുക്കിവെക്കുക. തണത്തിട്ട് ഈർപ്പം വറ്റിയതിനുശേഷം സൂക്ഷിക്കുകയും നടുന്നതിനുമുമ്പ് ഒന്നുകൂടി ഇതേലായനി ഉണ്ടാക്കി വിത്തിഞ്ചി മുക്കി നടുകയും ചെയ്താൽ രോഗം വരാതെ ഒരു പരിധിവരെ നിയന്ത്രിക്കാം.

രോഗപ്രതിരോധത്തിനായി ഇഞ്ചി നട്ടതിനുശേഷം 30, 60, 90 ദിവസങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് ലായനി 0.2ശതമാനം വാരങ്ങളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.


എന്നാൽ രോഗം കണ്ടുതുടങ്ങിയിട്ടാണ് ചികിത്സയെങ്കിൽ രോഗം ബാധിച്ച ഇഞ്ചി മണ്ണോടുകൂടി മാറ്റിയശേഷം മെറ്റലാക്സിൽ മാൻകോസെബ് ലായനി 0.125 ശതമാനം വീര്യത്തിൽ രോഗം കണ്ട വാരങ്ങളിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്.

കൂടാതെ കകടഞ ൽ വികസിപ്പിച്ചെടുത്ത കകടഞ ആശീ ജീംലൃ ഏ എന്ന ജഏജഞ ബയോഫോർമുലേഷൻ കാപ്സ്യൂൾ രൂപത്തിൽ ലഭ്യമാണ്. ഇത് ഇഞ്ചിയുടെ വളർച്ച കൂട്ടാനും ഒപ്പം മൂടുചീയൽ രോഗം നിയന്ത്രിക്കാനും സഹായിക്കും.

ഈ കാപ്സ്യൂൾ, ഫോർമുലേഷൻ ലായനി ആക്കി അതിൽ വിത്തിഞ്ചി മുക്കി രോഗവിമുക്‌തമാക്കാനും രോഗം വരാതെ മണ്ണിൽ ഒഴിച്ചു കൊടുക്കുവാനും കഴിയും. കൃത്യമായി ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ മൂടു ചീയലീൽ നി ന്നും ഇഞ്ചിയെ രക്ഷിക്കാം.

മഹാളി അഥവാ ബാക്ടീരിയൽ വാട്ടം

കാലവർഷക്കാലത്ത് ഇഞ്ചി കൃഷിയെ നശിപ്പിക്കുന്ന അതിമാരകമായ രോഗമാണ് കർഷകർ മഹാളി എന്നു വിളിക്കുന്ന ബാ ക്ടീരിയൽ വാട്ടം.

റാൾസ്റ്റോണിയ സോളനേസ്യാറം എന്ന ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണം. ഏകദേശം 500 ഓളം സസ്യങ്ങളെ ബാധിക്കുന്ന ഈ രോഗാണുവിനെ തോട്ടങ്ങളിൽ നിയന്ത്രിക്കുവാൻ അത്ര എളുപ്പമല്ല.

ആന്റീബയോട്ടിക് ഉപയോഗിച്ച് ലാബോറട്ടറിയിൽ പരിപൂർണമായി രോഗാണുവിനെ നിയന്ത്രിക്കാമെങ്കിലും പ്രയോഗികമായി അത്രഫലവത്താകണമെന്നില്ല.

മഴക്കാലത്ത് ഇഞ്ചി മുളച്ച് ഏകദേശം 45 ദിവസത്തോളമാകുമ്പോൾ കരുത്തുള്ള ഇഞ്ചിവിത്തുകളിൽ രോഗാണുക്കൾ ആക്രമിക്കുന്നു.

ഇത് മണ്ണിൽക്കൂടിയും രോഗം ബാധിച്ച വിത്തിൽക്കൂടിയുമാകാം. വേരിൽക്കൂടി ചെടിയിലേക്കെത്തുന്ന രോഗാണുക്കൾ

വാസ്കുലർ കേശങ്ങളിൽ പ്രവേശിച്ച് ചെടിയുടെ ആഗീകരണശക്‌തി കുറയ്ക്കുന്നു. ഈ അവസ്‌ഥയിൽ ഇലകൾ വാടി താഴോട്ടു കൂമ്പി നിൽക്കുന്നതും കാണാം. വെയിൽ വ്യാപിക്കുന്നതിനു മുമ്പ് ആരോഗ്യമുള്ള ചെടികൾക്കിടയിൽ കാണുന്ന ഇലകൾ താഴോട്ടു മങ്ങി വാടി നിൽക്കുന്ന ചെടികൾ ഈ രോഗമ ബാധിച്ചവയാണ്. രോഗം ചെടിമുഴുവൻ വ്യാപിച്ചുകഴിഞ്ഞാൽ മഞ്ഞളിപ്പു പ്രത്യക്ഷപ്പെടുകുയം രോഗം നിയന്ത്രണാതിതമാകുകയും ചെയ്യും. രോഗം ബാധിച്ച തണ്ടുകളുടെയും കാണ്ഡങ്ങളുടെയും ഉൾഭാഗത്ത് കറുപ്പുകലർന്ന വരകളും കാണാവുന്നതാണ്. രോഗബാധയുള്ള തണ്ടും പ്രകന്ദങ്ങലും ഡെരിക്കുമ്പോൾ പാലിനു സമാനമായ ഒരു തരം ദ്രാവകം അതിന്റെ ഉള്ളിൽ നിന്നും ഊറിവരുന്നതുകാണാം. ഇത് രോഗാണു കലർന്ന ദ്രാവകമാണ്. ഈ ദ്രാവകം മണ്ണിൽ കലർന്നാൽ രോഗം വളരെ വേഗം വ്യാപിക്കുകയും കൃഷി പൂർണ്ണമായും നശിക്കുകയും ചെയ്യും.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ രോഗം വളരെ അപകടകാരമായ അവസ്‌ഥയിലെത്തും. രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ വിത്തിഞ്ചി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ പ്രദേശങ്ങളിൽ നിന്നു മാത്രം ശേഖരിക്കുക. മുൻ കാലങ്ങളിൽ ബാക്ടീരിയൽ വാട്ടം വിന്റ്റ് ബാധിച്ച പ്രദേശഹ്ങളിൽ ഇഞ്ചി വീണ്ടും കൃഷി ചെയ്യുന്നത് ഒഴിവാക്കുക. രോഗം ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം മറ്റു കൃഷിയിടങ്ങളിലേക്ക് എത്തിച്ചേരാത്തരീതിയിൽ മുൻ കരുതലുകൾ എടുക്കണം. കൂടാതെ ഒരേസ്‌ഥലത്ത് തുടർച്ചയായി കൃഷിചെയ്യാതിരിക്കുക. വിള ചംക്രമണം ചെയ്യുമ്പോൾ രോഗങ്ങൾക്ക് ആതിഥേയം നല്കുന്ന വിളകൾ കൃഷിക്കായി ഉപയോഗിക്കാതെ നെല്ല്, ചോളം എന്നിവ ഉപയോഗിക്കുക. ഈ മാർഗ്ഗങ്ങൾ രോഗനിയന്ത്രണത്തിന് നല്ലതാണ്.

രോഗലക്ഷണം ആദ്യം കണ്ടുതുടഹ്ങുമ്പോൾ തന്നെ ചെടികൾ മൂടോടുകൂടി പിഴുതു മാറ്റുകയും അത് ശ്രദ്ധയോടുകൂടി തീയിട്ടു നശിപ്പിക്കുകയും വേണം. രോഗബാധിതമായ ചെടിയുടെ ചുവട്ടിലെ മണ്ണ് വാരങ്ങളിൽ വീഴാതെ സൂക്ഷിക്കണം. ഒരു വാരത്തിൽ രോഗം പ്രത്യക്ഷപ്പെട്ടാൽ രോഗബാധയുള്ള ചെടികകൾ പിഴുതുമാറ്റി ആസ്‌ഥാലത്ത് നല്ലവണം ബ്ലീച്ചിംഗ് പൗഡർ അഥവാ ചുണ്ണാമ്പ് ഇട്ടുക്െ*ാടുക്കണം. ഇത് രോഗം പടരാതിരിക്കുവാൻ ഉപകരിക്കും.

എന്നാൽ രോഗപ്രതിരോധനത്തിനായി അതായത് മണ്ണിൽ നിന്നുള്ള രോഗാണുക്കളെ തടയാനായി ഇഞ്ചിവാരങ്ങൾ സൂര്യതാപീകരണത്തിന് വിധേയമാക്കുന്നത് ഫലപ്രദമായി കണ്ടുവരുന്നു. അല്പം ബുദ്ധിമുട്ടുള്ള രീതിയാണെങ്കിലും രോഗം വന്നുള്ള വിളനഷ്ടം കണക്കാക്കുമ്പോൾ ഇത് ഏറ്റും അഭികാമ്യമായ മാർഗ്ഗമാമ്. കൂടാതെ വിത്തിഞ്ചിയും നടുവാൻ ഉദ്ദേശിക്കുന്ന മണ്ണും രോഗാണു പരിശോധനയ്ക്ക് വിധേയമാക്കുന്നതും രോഗത്തെ തടയുന്നതിന് ഉപകരിക്കും. ഇതിനുള്ള സങ്കേതിക സൗകര്യം ഐസിഎആർ ന്റെ കോഴിക്കോട്ടുള്ള സുഗന്ധവിളഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്. മണ്ണു പരിശോധനയിൽ രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടാൽ ആപ്രദേശം ഒഴിവാക്കുകയോ സൂര്യതാപീകരണത്തിന് വിധേയമാക്കുകയോ ചെയ്യാം. അഥവാ ഇഞ്ചി വിത്തിലാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കാണുന്നതെങ്കിൽ ആ വിത്തുകൾ നടീൽവസ്തുവായി ഉപയോഗിക്കാതിരിക്കാം. ഇഞ്ചി നടുന്നതിനു മുമ്പുതന്നെ ഈ മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഇഞ്ചികൃഷിയെ ഈ രോഗബാധകളിൽ നിന്നും രക്ഷിക്കാം.

ഏലത്തിന്റെ മഴക്കാലരോഗങ്ങൾ

കാലവർഷത്തോടുകൂടി ഏലത്തിനുണ്ടാകുന്ന പ്രധാന രോഗങ്ങളാണ് ഫൈറ്റോഫ് തോറ മൂലമുണ്ടാകുന്ന കായ്ചീയലും പിത്തിയം എന്ന രോഗണുമൂലമുണ്ടാകുന്ന കടചീയലും. ഈ രോഗം ജൂലൈ–ആഗസ്റ്റ് മാസങ്ങളിലാണ് കണ്ടു തുടങ്ങുന്നത്. തോട്ടത്തിലെ തണൽ ക്രമീകരിക്കാതിരിക്കുന്നതും, നീർവാർച്ചാ സൗകര്യം ഇല്ലാതിരിക്കുന്നതും ചെടികൾ തിങ്ങിവളരുന്നതുമാണ് ഈ രോഗം വരുന്നതിനുള്ള പ്രധാന കാരണങ്ങൾ. അഴുകൽ രോഗം ബാധിച്ച ചെടികളുടെ തളിരിലകളിലും കായ്കളിലും നനഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇവ വ്യാപിക്കുകയും കായ്കൾ കടും ചാണകപ്പച്ച നിറത്തിൽ അഴുകുകയും ചെയ്യുന്നു. മൂപ്പ് എത്തിയ കായ്കളിൽ രോഗം ബാധിച്ചാൽ അവ കറുത്ത് ഉണങ്ങിപ്പോകുന്നു. ഫൈറ്റോഫ്തോറ മെസൈ എന്ന രോഗാണവാണ് ഇതിനു കാരണം ഇവ മണ്ണിൽ കൂടിയും വായുവിൽകൂടിയും പകരാം.

എന്നാൽ കടചീയൽ ബാധിച്ചാൽ ഇലകൾ മഞ്ഞളിക്കുകയും ഒരു ചെറുചലനത്താൽ തട്ടകൾ മറിഞ്*ുപോകുകയു ചെയ്യും. രോഗം ക്രമേണ വേരുകളേയും മറ്റു പ്രദേശങ്ങളേയും ബാധിക്കുകയും വേരും കാണ്ഡവും ചീഞ്ഞ് തൂർഗന്ധം ഉണ്ടാകുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച അവസ്തയിൽ എല്ല തട്ടകളും മറിഞ്ഞ് വീണ് നശിക്കും മഴക്കാലത്ത് തട്ടമരിച്ചലിന്റെ കാഠിന്യം വർദ്ധിക്കുന്നു. പിത്തിയം വെക്സൻസ് എന്ന രോഗാണു ആണ് കടചീയൽ രോഗത്തിനു കാരണം. ഇവ മണ്ണിൽ കൂടി വളരുന്നതും വെള്ളത്തിന്റെ സാന്നിദ്ധ്യത്തിൽ അതിപ്രസരണം നടത്തുന്നവയുമാണ്. മേൽ പറഞ്ഞ രണ്ടുരോഗങ്ങളും ഇനി പറയുന്ന സംയോജിത രോഗനിയന്ത്രണാർഗ്ഗത്തിലൂടെ പ്രതിരോധിക്കാവുന്നതാണ്.

1. കാലവർഷത്തിനു മുമ്പ് (മേയ്മാസത്തിൽ) ചെടികളുടെ ചുവട് പുതമാറ്റി വൃത്തിയാക്കണം. കൂടാതെ ചെടികളിൽ കാണുന്ന കരിഞ്ഞ ഇലകളും തണ്ടുകളും പറിച്ചുമാറ്റി നശിപ്പിക്കണം.

2. സൂര്യ പ്രകാശം കിട്ടുന്നതിനുവേണ്ടി തണൽ മരങ്ങളുടെ കൊമ്പുകൾ കോതി തണൽ ക്രമീകരിക്കണം.

3. താണ പ്രദേശങ്ങളിൽ നീർവാർച്ച ഉറപ്പുവരുത്തണം.

4. രോഗം ബാധിച്ച ചെടികളുടെ ഇലകളും കായ്കളും തട്ടകളും മുറിച്ചു മാറ്റി നശിപ്പിച്ചുകളയണം.

5. ജൈവ രീതിയെങ്കിൽ ട്രൈക്കോഡെർമ എന്ന മിത്രകുമിൾ ചാണകത്തിൽ കലർത്തി (ഉണങ്ങിപ്പ്െ*ാടിഞ്ഞ ചാണകം) രണ്ടാഴ്ച വളർത്തിയതിനുശേഷം 2.5 കിലോ വീതം ചെടിച്ചുവട്ടിൽ ഇട്ടു കൊടുക്കാം. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുവാനും രോഗ പ്രതിരോധശക്‌തി വർദ്ധിപ്പിക്കാനും രോഗാണുവിന്റെ പ്രസരം തടയാനും ഇതുസഹായിക്കും.

6. രാസകീടനാശിനി ഉപയോഗിക്കുന്നതാണ് താത്പര്യമെങ്കിൽ കാലവർഷാരംഭത്തിൽ (മേയ് അവസാനം ജൂൺ ആദ്യം) ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ചെടികളിൽ തളിക്കുന്നതും 0.2 ശതമാനം വീര്യത്തിൽ കോപ്പർ ഓക്സിക്ലോറൈഡ് ലായനി വരെ ചെടിച്ചുവട്ടിൽ പൂവാലി ഉപയോഗിച്ച് ഒഴിച്ച് കൊടുക്കുന്നതും രോഗപ്രതിരോധത്തിന് സഹായമാണ്.

7. അഴുകൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അലിയറ്റ് അഥവാ പൊട്ടാസിയം ഫോസ് ഫോണേറ്റ് 0.3 ലായനി ചെടിയിൽ 500–750 മില്ലി എന്ന കണക്കിൽ തളിച്ചുകൊടുക്കാം. അല്ലെങ്കിൽ മെറ്റലാക്സിൽ മാൻകോസെസ്സ (0.125) ചെടി കളിൽ തളിച്ചുകൊടുക്കുകയും ചെടിച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ആവാം. മണ്ണിലുള്ള രോഗാണുക്കളെ നശിപ്പിക്കുന്നതിനും രോഗം പടരാതിരിക്കുന്നതിനും ഇത് ഫലപ്രദമാണ്.

ജാതിയുടെ മഴക്കാല രോഗങ്ങൾ

ജാതി കൃഷി വ്യാപകമായതോടുകൂടി പല വിധ കുമിൾ രോഗങ്ങളും ജാതിയെ ബാധിക്കുന്ന തായി കണ്ടുവരുന്നു. ഇതിൽ ഏറ്റവും പ്രധാനമാണ് മഴക്കാലത്തുണ്ടാകുന്ന ഇല കൊഴിച്ചിലും കായ്പൊഴിച്ചിലും. സൂമ്മനിരീക്ഷണങ്ങളിലൂടെ ഈ രോഗങ്ങൾ പൈറ്റോപ്തോറ, സിസിൻഡ്രോ ക്ലാഡിയം എന്നി രോഗാണുക്കൾ മൂലമുണ്ടാകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഈ രോഗങ്ങളുടെ നിയന്ത്രണത്തിനായി അഥവാ പ്രതിരോധത്തിനായി മഴക്കാലാരംഭത്തിൽ ഒരുശതമാനം വീര്യമുള്ള ബോർഡോമിശ്രിതം എല്ലാ ചെടികൾക്കും തളിക്കേണ്ടതാണ്. ജാതി, ഗ്രാംമ്പൂ, കറുവ ഉൾപ്പെടെ എല്ലാ വൃക്ഷസുഗന്ധസസ്യങ്ങളിലും ഇപ്രകാരം ബോർഡോമിശ്രിതം തളിക്കുന്നത് മഴക്കാലത്തുണ്ടാകുന്ന ഒട്ടുമിക്ക കുമിൾ രോഗങ്ങൾക്കും പ്രതിവിധിയാണ്.

ചെടികളിൽ രോഗം കണ്ടിട്ട് ചികിത്സിക്കാത്തതിനേക്കാൾ രോഗം വരാതെ നിയന്ത്രിക്കുന്നതാണ് എപ്പോഴും അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട്ടുള്ള ഐസിഎആർ ന്റെ സുഗന്ധവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.