ഇതാ, ഒരു കാരിക്കേച്ചർ ചെടി
ഇതാ, ഒരു കാരിക്കേച്ചർ ചെടി
Monday, September 5, 2016 5:19 AM IST
<യ> സീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്, തിരുവനന്തപുരം

ഈ ചെടി നമ്മിൽ പലർക്കും സുപരിചിതമായിരിക്കും; പേര് പരിചിതമായിരിക്കില്ല എന്നു മാത്രം. ഉദ്യാനപാലകർക്ക് പലപ്പോഴും ഇത്തരം ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായി എന്നു വരാം; ഉഷ്ണമേഖലാ കാലവാസ്‌ഥയിൽ ഇണങ്ങി വളരുന്ന ഒട്ടനവധി വിദേശ സസ്യങ്ങൾ നമ്മുടെ വീട്ടുദ്യാനങ്ങളെ അലങ്കരിക്കാറുണ്ട്. എന്നാൽ ചിലതിന്റെ പേര് കൈവള്ളയിലുണ്ടാകാറില്ല. പേരും ചെടിയും ഒത്തുവരുമ്പോഴാവും ഇതു രണ്ടും ഒന്നുതന്നെയാണല്ലോ എന്നറിയുക. ഇത്തരത്തിലൊരു ഉദ്യാനസുന്ദരിയാണ് കാരിക്കേച്ചർ പ്ലാന്റ് എന്നു വിളിപ്പേരുള്ള ഗ്രാപ്റ്റോഫില്ലം പിക്റ്റം എന്ന ചെടി. ജമൈക്കൻ ക്രോട്ടൺ എന്നും പേരുണ്ട്.

തെല്ല് കലാപരമായ വിധത്തിൽ വർണാഭവും വിചിത്രവുമായ രീതിയിൽ ഇലകൾ വളരുന്നതുകൊണ്ടാകാം ഒരു വേള ഇതിന് കാരിക്കേച്ചർ ചെടി എന്ന പേരു കിട്ടിയത്. വർണാഭമായ ഇലകൾ സമൃദ്ധമായി വളരുന്ന ഒരു ഉഷ്ണമേഖലാ കുറ്റിച്ചെടിയാണ് കാരിക്കേച്ചർ. ന്യൂ ഗിനിയിൽ ജന്മമെടുത്തു എന്നു കരുതുന്ന ഈ ഉദ്യാനസസ്യം തെക്കുകിഴക്കൻ ഏഷ്യയാകെ പടർന്നു വ്യാപിക്കാൻ ഏറെ നാൾ വേണ്ടിവന്നില്ല. ആവശ്യത്തിനു നനവും ചൂടുമുള്ള കാലാവസ്‌ഥയാണ് ഇതിനിഷ്ടം. കനം കുറഞ്ഞ ഇലകൾക്ക് മിനുസപ്പട്ടിന്റെ സ്വഭാവമാണ്. കടും പച്ച പ്രതലത്തിൽ നടുഞരമ്പിനോടു ചേർന്ന് മഞ്ഞയും വെള്ളയും നിറങ്ങൾ ഇടകലർന്നിട്ടുണ്ടാവും. തണ്ടിന് സാധാരണ ചുവപ്പു നിറമാണ്. പച്ചിലകളുമായി ഈ നിറത്തിനുള്ള അന്തരം എടുത്തുകാണാം. വേനലിനോടടുത്ത് ഓരോ ശിഖരാഗ്രത്തിലും ചുവപ്പു കലർന്ന പർപ്പിൾ നിറമുള്ള പൂങ്കുലകൾ വിടരും. കായ് അത്ര ശ്രദ്ധേയമല്ല. ഇലകളിലെ വർണഭേദത്തിന് മനുഷ്യന്റെ മുഖഭാവവുമായി സാമ്യമുള്ളതിനാൽ കാരിക്കേച്ചർ ന്ന പേരു കിട്ടിയെന്നും പറയപ്പെടുന്നു.

പാതി വെളിച്ചവും നനവും വളപ്പറ്റും നീർവാർച്ചയുമുള്ള സാഹചര്യങ്ങളാണ് കാരിക്കേച്ചറിന് വളരാൻ ഇഷ്ടം. വരൾച്ച പ്രതിരോധിക്കാൻ കഴിവുണ്ട്, എന്നാൽ വരൾച്ച നീണ്ടാൽ ചെടിയുണങ്ങും. രണ്ടു പ്രധാന ഇനങ്ങളാണ് നല്ല പ്രചാരം നേടിയത്. ഒന്ന് ട്രൈകളർ; ഇതിന്റെ ഇലകൾക്ക് പർപ്പിൾ–പച്ചയോ, ഇളം മഞ്ഞയോ റോസ് നിറമോ ആകാം. ചോക്ലേറ്റ് എന്ന ഇനമാകട്ടെ കടും ചുവപ്പും കാപ്പിപ്പൊടി നിറവും കലർന്ന ഇലകളുള്ളതാണ്. ചിലപ്പോൾ ഇതിന് പിങ്കും ക്രീമും നിറമാകാം. രണ്ടിനമായാലും ചടുലമായ വർണഭംഗിയുള്ള ഇലകളാണ് കാരിക്കേച്ചറിന്റെ മുഖമുദ്ര. ഏത് ഭൂദൃശ്യചാരുതയ്ക്കും നാടകീയമായ വ്യതിരിക്‌തത നൽകു ന്ന ഇലകൾ.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ലെുേ05ഴമ2.ഷുഴ മഹശഴി=ഹലളേ>


അനുകൂലമായ ഉഷ്ണമേഖലാകാലാവസ്‌ഥയിൽ ചെടി ആറടിയോ അതിലധികമോ ഉയരത്തിൽ വളരും. ചെടിച്ചട്ടികളിലൊതുക്കി വളർത്തിയാൽ രണ്ടു മുതൽ നാലടി വരെ മാത്രമേ ഇത് ഉയരുകയുള്ളൂ. ചെടി വളരുന്നതനുസരിച്ച് തലപ്പ് നുള്ളിയാൽ ഇത് പടർന്നു വളരും; നിറയെ ശിഖരങ്ങളും പിടിക്കും. ഇലകളിൽ നന്നായി നിറം തെളിയാൻ ചെടി തെല്ല് വെയിലുള്ള സ്‌ഥലത്ത് നട്ടുവളർത്തുകയാണ് നന്ന്. അടുത്തടുത്തു നടുമ്പോൾ ചെടികൾ തമ്മിൽ രണ്ടടി അകലം നൽകാം. ചെടിത്തടം പുതയിടുന്നത് നല്ലതാണ്. മറ്റു ചില ഉഷ്ണമേഖലാ കുറ്റിച്ചെടികളിൽ നിന്ന് കാരിക്കേച്ചറിനുള്ള പ്രധാന വ്യത്യാസവും നനയ്ക്കലിന്റെ കാര്യത്തിലാണ്. വളരുന്ന മാധ്യമത്തിൽ എല്ലാ ആഴ്ചയും ഒരിഞ്ചോളം നനവുണ്ടായിരിക്കാൻ ശ്രദ്ധിക്കണം.

തണ്ടു മുറിച്ചു നട്ട് കാരിക്കേച്ചർ ചെടി വളർത്താം. പുതിയ വളർച്ചയിൽനിന്ന് തണ്ടു മുറിച്ച് ഇലകൾ നീക്കി പോട്ടിംഗ് മിശ്രിതത്തിൽ നട്ട് തണലത്ത് സൂക്ഷിക്കുക. വേരുപിടിക്കാൻ സഹായകമായ ഹോർമോൺ പൊടി പുരട്ടി നട്ടാൽ വേരുപിടിത്തം വിജയകരമാക്കാം. 4–6 ആഴ്ച കൊണ്ട് തണ്ടിന് വേരുപൊട്ടും. ജൈവവളങ്ങൾ ചേർത്തൊരുക്കിയ ചട്ടിയിലോ തടത്തിലോ തൈകൾ ഇളക്കി നടാം. വളരുന്നതനുസരിച്ച് ശിഖരങ്ങൾ കോതുകയും ഒപ്പം ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർക്കുകയും ചെയ്താൽ കുറ്റിച്ചെടിയായി നിറഞ്ഞു വളരും. ചട്ടിയിലും മറ്റും വളർത്തുവാൻ പോട്ടിംഗ് മിശ്രിതം ഒരുക്കുമ്പോൾ അതിൽ ചരലിന്റെ അംശം കുറച്ചുകൂടുതലാകുന്നത് നല്ലതാണ്.

ചിലന്തിച്ചെള്ളും വെള്ളീച്ചയും ശൽക്കപ്രാണിയുമാണ് കാരിക്കേച്ചറിന്റെ ഇലചന്തം കളയാനെത്തുന്ന ഉപദ്രവകാരികൾ. വെള്ളം ശക്‌തിയായി ചീറ്റിയോ വേപ്പിൽ നിന്ന് തയാറാക്കിയ ജൈവ കീടനാശിനികൾ തളിച്ചോ ഇവയെ അകറ്റാം.

അത്യാവശ്യം ഔഷധമേന്മയും കാരിക്കേച്ചർ ചെടിക്കുണ്ട്. ഇലകൾക്ക് വേദന കുറയ്ക്കാൻ കഴിവുണ്ട്. മുറിവുണക്കാനും അൾസ ർ ചികിത്സക്കും നീറ് അകറ്റാനും തേൾ, ചിലന്തി തുടങ്ങിയ വിഷജീവികൾ കടിച്ചാൽ പുരട്ടാനുമെല്ലാം ഇതിന്റെ ഇലകൾ ചതച്ച് കുഴമ്പാക്കി ഉപയോഗിക്കാറുണ്ട്. ഇലകൾ ചതച്ച് ചൂടുവെള്ളത്തിലിട്ട് കുഴമ്പുപോലാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും. ചെവിവേദന, ത്വക്രോഗങ്ങൾ എന്നിവയുടെ ചികിത്സയിലും മലബന്ധം അകറ്റാനും ഇതുപയോഗിച്ചുവരുന്നു. ഇലകളിൽ സാപ്പോണിൻ എന്ന ഘടകം സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ സോപ്പിന് പകരമായി ചില സ്‌ഥലങ്ങളിൽ ഉപയോഗപ്പെടുത്താറുണ്ട്.