വഴിനാട്– വനനാട് – വയൽനാട്– വയനാട്
വഴിനാട്– വനനാട് – വയൽനാട്– വയനാട്
Saturday, September 3, 2016 4:34 AM IST
ജീവിതത്തിന്റെ വിരസതകൾ കഴുകിക്കളഞ്ഞു മനസും ശരീരവും ശുദ്ധമാക്കുന്നവയാണു യാത്രകൾ. പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, ജലാശയത്തിലെ കുളി, വഴിയോരത്തുനിന്നുള്ള ഭക്ഷണം... കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്നുള്ള ഉല്ലാസനിമിഷങ്ങൾ... ഓരോ യാത്രയും മനസിനെ കൂടുതൽ ആഹ്ളാദഭരിതവും ജീവിതം ഉല്ലാസപൂർണവുമാക്കും. മനുഷ്യൻ കാടിനെയും കാട് മനുഷ്യനെയും അറിഞ്ഞ 3000 വർഷത്തെ ചരിത്രം പറയുന്ന കേരളത്തിലെ വയനാട്ടിലേക്കുള്ള യാത്രാവിശേഷങ്ങളറിയാം...

<യ> വയനാടൻ ഭംഗി നുകർന്ന്

വയനാടൻ മലകളുടെ ഭ്രമിപ്പിക്കുന്ന ചിത്രഭംഗികണ്ടുകൊണ്ടാണ് താമരശേരി മുതൽ അടിവാരം വരെയുള്ള യാത്ര. അടിവാരത്തു നിന്നു ഒൻപത് ഹെയർപ്പിൻ വളവുകളിലൂടെ ലക്കിടിയിലേക്ക് കയറിയെത്തുന്ന ചുരംപാത. കിതപ്പകറ്റാതെയുള്ള ഈ കാടുയാത്രയിൽ ഇടയ്ക്കിടെ തുറന്നുകിട്ടുന്ന താഴ്വരകളുടെ പുറംകാഴ്ചകൾ. ഒരുവിധത്തിൽ കയറ്റം പിന്നിട്ടെത്തുമ്പോഴാണ് ഒറ്റസ്നാപ്പിൽ വയനാടൻ മലകളുടെ മുഴുവൻ ഭംഗിയും പകർന്നുതരുന്ന പവ്ലിയൻ എന്ന വഴിയോരകാഴ്ചാകേന്ദ്രം. താഴോട്ട് നോക്കിയാൽ കയറി വന്ന പാത കാട്ടിലേക്ക് തെളിഞ്ഞും മറഞ്ഞും മലകളെ ചുറ്റിപ്പിണയുന്ന കറുത്ത നാടയാകുന്നു. വയനാടൻ കാഴ്ചകളുടെ തുടക്കമായി.

<യ> കരിന്തണ്ടന്റെ കഥയറിഞ്ഞ്...

ചങ്ങലമരമാണ് ആദ്യം. കരിന്തണ്ടന്റെ ആത്മാവിനെയാണ് വഴിയരികിലെ ഒരു മരത്തിൽ ബന്ധനസ്‌ഥനാക്കി വച്ചിരിക്കുന്നത്. ചുരംപാത വെട്ടിയ ബ്രിട്ടീഷ് എൻജിനിയറുടെ വഴികാട്ടി ആയിരുന്നു ആദിവാസിയായ കരിന്തണ്ടൻ. പാത നിർമാണത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും ലഭിക്കാതിരിക്കുവാനായി പാവം കരിന്തണ്ടനെ കൊലക്കത്തിക്കിരയാക്കി സായിപ്പ്. കരിന്തണ്ടൻ ജീവൻ വെടിഞ്ഞെങ്കിലും ആത്മാവ് വെറുതെ ഇരുന്നില്ല. ചുരത്തിൽ അപകടങ്ങൾ പതിവായി. മരണങ്ങളും മറ്റു പോംവഴികളില്ലാതെ കരിന്തണ്ടന്റെ ആത്മാവിനെ മരത്തിൽ ചങ്ങലക്കിട്ട് പൂട്ടിയെന്നാണ് വിശ്വാസം.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ03ഴമ2.ഷുഴ മഹശഴി=ഹലളേ>

<യ> പൂക്കോട്ട് തടാകം; മലമുകളിലെ അദ്ഭുതം

ഒരു കിലോമീറ്റർ കൂടി മുന്നോട്ടുപോകുമ്പോൾ പാതയുടെ ഇടതുഭാഗത്തായി മലമുകളിലെ അദ്ഭുതമായ പൂക്കോട്ട് തടാകത്തിലേക്കുള്ള ചൂണ്ടുപലക കാണാം. ദേശീയപാതയിൽ നിന്നു 500 മീറ്റർ മാറിയാണ് പ്രകൃത്യാ രൂപപ്പെട്ട പൂക്കോട്ട് തടാകം. തടാകക്കരയിൽ സന്ദർശകരുടെ സാമാന്യം നല്ല തിരക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പതിവ് കച്ചവടക്കാരൊക്കെയുണ്ട്. ഐസ്ക്രീമും മുളക് ബജിയും പോപ്പ്കോണും എല്ലാം. കാഴ്ചകളെല്ലാം ആഘോഷമാക്കുകയാണ് സന്ദർശകർ. വയനാടിന്റെ തനത് ഉത്പന്നങ്ങളായ മുളയരിയും തേൻനെല്ലിക്കയും തേയിലയും കാട്ടുതേനും വിൽപനയ്ക്കുണ്ട്.

ചുറ്റുമുള്ള കുന്നുകളിൽ നിന്നു ഒഴുകിയെത്തുന്ന മഴവെള്ളം തങ്ങിനിന്ന് രൂപപ്പെട്ടതാണ് പൂക്കോട്ടുതടാകം. ഒഴുകിപ്പോകുവാൻ പഴുതുകളില്ലാത്തതിനാൽ നല്ലൊരു ശുദ്ധജല തടാകമായി നിലനിൽക്കുന്നു. തടാകത്തിനു ചുറ്റിലും കാനനപാതയുണ്ട്. വനത്തിലെ ഏകാന്തത ആസ്വദിച്ച് പാതയിലൂടെ സ്വസ്‌ഥമായി നടന്നുനീങ്ങാം.

മലയണ്ണാൻമാരെയും കുരങ്ങൻമാരെയും കാണാം. തടാക നീലിമയിലൂടെ ബോട്ട് സവാരിയും ചെയ്യാം. പക്ഷേ തിരക്ക് എല്ലാവിധ ആസ്വാദനങ്ങളുടെയും മാറ്റ് കുറയ്ക്കുന്നു. പൂക്കോട്ട് തടാകത്തിൽ നിന്നു പുറത്തു കടന്നു ഞങ്ങളൊരു ലോഡ്ജ് തപ്പിനടന്നു. ഹോംസ്റ്റേകളും റിസോർട്ടുകളും വയനാട്ടിൽ എവിടെയുമുണ്ട്. മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായി സമതലപ്രദേശങ്ങൾ കുറഞ്ഞ, തോട്ടങ്ങളും കുന്നുകളും ജലപാതങ്ങളും നിറഞ്ഞ മലയോരങ്ങളാണ് വയനാട്ടിൽ. ഒന്നിൽ കൂടുതൽ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ ജില്ലയ്ക്ക് അതിരിട്ട് നിൽക്കുന്നു. ചരിത്ര, പൈതൃക സ്മാരകങ്ങൾ വയനാടിന്റെ സമ്പന്നമായിരുന്ന ഭൂതകാല ചരിത്രം വെളിപ്പെടുത്തുന്നു. വൈത്തിരിയിൽ വഴിയരികിലുള്ള ഒരു ലോഡ്ജിലാണ് മുറി കിട്ടിയത്. പെട്ടെന്നു തന്നെ തയാറായി മാനന്തവാടിയിലേക്ക് തിരിച്ചു.

<യ> കാഴ്ചവിരുന്നൊരുക്കി മാനന്തവാടി

തിരുനെല്ലി ക്ഷേത്രമായിരുന്നു ലക്ഷ്യം. വയനാട് ജില്ലയുടെ വടക്കുപടിഞ്ഞാറ് മാറിയാണ് മാനന്തവാടി. ഇവിടെ നിന്നും കൂർഗിലേക്ക് പുറപ്പെടുന്ന പാത തോൽപ്പെട്ടി വന്യജീവി സംരക്ഷണകേന്ദ്രം വഴി കടന്നുപോകുന്നു. വൈകുന്നേരത്തെ പോക്കുവെയിൽ എടുത്തണിഞ്ഞ് മാനന്തവാടി നഗരം വിടർന്നു. ബ്രിട്ടീഷ് പടയെ വിറപ്പിച്ച കേരള സിംഹം പഴശിരാജയുടെ ബലികുടീരം നഗരഹൃദയത്തിൽ തന്നെയാണ് സ്‌ഥിതി ചെയ്യുന്നത്. പഴശിരാജ മ്യൂസിയവും പഴശി പാർക്കും മാനന്തവാടിയിലുണ്ട്. ബലികുടീരത്തിന് മുന്നിലെത്തിയപ്പോൾ വയനാട്ടിൽ നടന്ന ഗറില്ല യുദ്ധങ്ങളുടെ ഒരു കാലഘട്ടം മുഴുവൻ കൺമുൻപിലൂടെ നിശബ്ദം കടന്നുപോകുന്നതായി തോന്നി. പോരാളികളായി എടച്ചന കുങ്കനും തലയ്ക്കൽ ചന്തുവും.

21 കിലോമീറ്റർ കൂടി സഞ്ചരിക്കണം തിരുനെല്ലിയിലേക്ക്. പകൽ അസ്തമിച്ചു തുടങ്ങി, പാതക്കിരുവശവുമുള്ള വനമേഖലകളിൽ ഇരുട്ട് നിറഞ്ഞു. ക്ഷേത്രനടയിൽ എത്തിച്ചേർന്നപ്പോൾ നേരം നന്നേ ഇരുട്ടി. ദീപപ്രഭയിൽ ഒളിപടർത്തി തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ദീപാരാധനയ്ക്കുള്ള സമയമാണ്. ദീപാരാധന തൊഴുത് ക്ഷേത്രം വലം വയ്ക്കുന്ന തീർഥാടകർ. ചുറ്റിലും ഇരുട്ട് മൂടിയ മാനം മുട്ടിയ ബ്രഹ്മഗിരി മലനിരകൾ. കുളിരിന് ശക്‌തിയേറി. ക്ഷേത്രാങ്കണത്തിലെ കരിങ്കൽപ്പാളികളിൽ നിന്നു കാൽപാദങ്ങളിലേക്ക് തണുപ്പിന്റെ സൂചികൾ തുളഞ്ഞുകയറി. കാതുകളിൽ പതിയുന്ന കാടിന്റെ സംഗീതം, ആനന്ദതരളിതമായി ഏകാന്തമാവുകയാണ് മനസ്.

ക്ഷേത്രനടയിൽ താഴോട്ട് മാറി കബനിയിലേക്കൊഴുകുന്ന പാപനാശിനി പുഴ. പാപനാശിനിയിൽ മുങ്ങി നിവർന്നാൽ സർവവിധ പാപങ്ങൾക്കും മുക്‌തിയാകുമെന്ന് വിശ്വാസം. അധികം വൈകാതെ തിരുനെല്ലിയിൽ നിന്നു മടക്കയാത്ര ആരംഭിച്ചു. സംരക്ഷിത വനങ്ങളാണ് കുറേ ദൂരം. വനപാതയിലൂടെ മുന്നോട്ട് നീങ്ങവേ തിടുക്കത്തിൽ പാഞ്ഞുവരുന്ന ഒരു ജീപ്പ്, അരികിലെത്തിയപ്പോൾ സഡൻ ബ്രേക്കിട്ടു നിറുത്തി. രണ്ടാമത്തെ വളവിൽ ഒരു ഒറ്റയാൻ നിൽപ്പുണ്ട് – ശ്രദ്ധിച്ചു പോകണം. അതുവരെ ഇരുട്ടിലെവിടയോ മറഞ്ഞിരുന്ന വല്ലൊത്തൊരു ആകംക്ഷ കൂടു തകർത്ത് പുറത്തുചാടി ഞങ്ങൾക്കിടിയിലേക്ക് കയറി ഇരുന്നു. രണ്ടാമത്തെ വളവിലെത്തിയപ്പോൾ ലൈറ്റിട്ടു നിറുത്തിയിരിക്കുന്ന വേറെയും വാഹനങ്ങൾ കണ്ടു. ഇരുവശങ്ങളിലും വാഹനങ്ങൾ നിരന്നപ്പോൾ പാവം ഒറ്റയാൻ അതിനിടയിൽ തന്നെ കാട്ടിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ03ഴമ3.ഷുഴ മഹശഴി=ഹലളേ>

<യ> കാനനഭംഗി നുകരാൻ ജംഗിൾസഫാരി


മുത്തങ്ങ കാട്ടിലൂടെയുള്ള ജംഗിൾസഫാരിയിൽ പങ്കെടുക്കുവാൻ രാവിലെ ഏഴുമണിക്കു മുൻപേ വനം വകുപ്പിന്റെ ഓഫീസിലെത്തി ടിക്കറ്റെടുക്കണം. ആദ്യ സഫാരിയായതിനാൽ ധാരാളം വന്യജീവികളെ നേരിൽ കാണാം എന്നുള്ളതായിരുന്ന പ്രധാനപ്രചോദനം. നന്നേ വെളുപ്പിനെ ഉറക്കമുണർന്ന് യാത്ര പുറപ്പെട്ടു. നിശ മടിച്ചുമടിച്ച് അരങ്ങൊഴിയുവാൻ തുടങ്ങി. പാതയോരത്തെ വീടുകളിൽ മങ്ങിക്കത്തുന്ന വിളക്കുകൾ. മലകളിലെവിടെയോ നിന്ന് ഒരു കിളിനാദം. മൂടൽ മഞ്ഞിൽ പുകഞ്ഞ് വാഴത്തോട്ടങ്ങളും നെൽവയലുകളും. വയനാട്ടിലെ പ്രഭാത കാഴ്ചകളിലൂടെ മുത്തങ്ങയിൽ എത്തിയപ്പോഴേക്കും ശരീരം തണുത്തുകോച്ചി. ഓരോ ചൂടുചായമൊത്തി നീളം വയ്ക്കുന്ന വരിയിൽ സ്‌ഥാനം പിടിച്ചു. ടിക്കറ്റ് കൗണ്ടറിൽ പ്രതീക്ഷകൾ തന്ന് വന്യജീവികളുടെ ചിത്രങ്ങൾ നിരത്തിവച്ചിട്ടുണ്ട്. സമയം രാവിലെ ഏഴുമണി. സന്ദർശകരുമായി ജീപ്പുകൾ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചു. ശുശ്രൂഷയിൽ കഴിയുന്ന രണ്ടു കുഞ്ഞാനകളെ ക്യാമ്പിനകത്ത് കണ്ടു. അടുത്തേക്ക് പോകുവാൻ അനുവാദമില്ല. മലവെള്ളപ്പാച്ചിലിൽ അമ്മമാരെ നഷ്‌ടപ്പെട്ടവരാണ് അവർ.

വന്യജീവികളുടെ ദർശനം പ്രതീക്ഷിച്ച് മൺവഴികളിലൂടെ ജീപ്പുകൾ നീങ്ങിക്കൊണ്ടിരുന്നു. മാൻകൂട്ടങ്ങൾ വന്നും പോയും ഇരുന്നു. വലിയ മൃഗങ്ങളെ ഒന്നിനെയും കാണ്മാനില്ല. കഴുകന്മാർ പറന്നണഞ്ഞ ഒരു പേരാൽമരം കണ്ടു. കടുവ എന്ന് പറഞ്ഞ് ഡ്രൈവർ ജീപ്പ് നിറുത്തിയത് പെട്ടെന്നായിരുന്നു. മണ്ണിൽ പതിഞ്ഞ കടുവയുടെ കാൽപ്പാദം മാത്രം കണ്ടു. പരിസരത്തൊന്നും കടുവയുടെ പൊടിപോലുമില്ല. ആനച്ചാലും ആനപ്പിണ്ടവും കണ്ടെങ്കിലും ആനയെ കണ്ടില്ല. മൺവഴി ഒടുവിൽ ദേശീയപാതയിലേക്കെത്തി. ചിലപ്പോൾ വന്യജീവികളെ ഈ വഴികളിലും കാണാം. വഴിയരികിൽ കുറെ പോത്തിൻകുട്ടികളെ കണ്ടു.

<യ> ചരിത്രമുറങ്ങുന്ന ജൈനക്ഷേത്രം

മുത്തങ്ങയിൽ നിന്നുള്ള മടക്കം ബത്തേരി വഴിയാക്കി. സുൽത്താൻ ബത്തേരിയിലാണ് ജൈനക്ഷേത്രം. ജൈനാധിനിവേശകാലത്ത് നിർമിച്ചതാണിത്. കൽപ്പറ്റയിൽ നിന്നു 20 കിലോമീറ്റർ ദൂരെ പുഞ്ചവയലിലും പുത്തങ്കാടിയിലും ജൈനക്ഷേത്രങ്ങളുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലാണ് ബത്തേരിയിലെ ജൈനക്ഷേത്രം നിർമിച്ചത്. കച്ചവട കേന്ദ്രമായും ടിപ്പുസുൽത്താന്റെ ആയുധ ശാലയായും ക്ഷേത്രം ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. മേൽക്കൂരയടക്കം പൂർണമായും കരിങ്കൽ നിർമിതം. മധ്യഭാഗത്ത് പതിനാലുതലങ്ങൾ ചെത്തിയ നാല് കരിങ്കൽ തൂണുകളാൽ മുഖമണ്ഡപം അലങ്കരിക്കുന്നു. മുഖമണ്ഡപം കടന്നാൽ മഹാമണ്ഡലം. ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ പക്ഷേ വിഗ്രഹം കാണപ്പെടുന്നില്ല. ക്ഷേത്രത്തിന്റെ ചരിത്രപശ്ചാത്തലം സന്ദർശകർക്ക് വിവരിച്ച് കൊടുക്കുവാൻ ആർക്കിയോളജിക്കൽ വകുപ്പ് ഗൈഡിനെയും തരപ്പെടുത്തിയിട്ടുണ്ട്.

<യ> ബാണാസുരസാഗർ കാഴ്ചകളിലേക്ക്

ബത്തേരിയിൽ നിന്നു ബാണാസുര മുടിതേടിയിറങ്ങി. തേയില എസ്റ്റേറ്റുകളുടെ പച്ചപ്പിൽ നിന്നു ബാണാസുരസാഗർ ജലാശയകാഴ്ചകളിലേക്കെത്തി. ശിരസറ്റു വീണ ഉഗ്ര കോപിയായ ബാണാസുരൻ പ്രതികാരവാജ്‌ഞയോടെ വാണരുളുന്ന ഒറ്റക്കൽ കോട്ടയാണ് ബാണാസുരമല. മൂളിപ്പറക്കുന്ന ഈച്ചകളാണ് കോട്ടയുടെ കാവൽക്കാർ.

ബാണാസുരമലയുടെ അടിത്തട്ടിലാണ് ബാണാസുരസാഗർ അണക്കെട്ട്. വൈദ്യുതി വകുപ്പിന്റെ ഓഫീസിൽ നിന്നു പാസെടുത്ത് ഞങ്ങൾ അണക്കെട്ടിന്റെ മുകളിലൂടെ നടന്നു. ജലാശയത്തിലേക്ക് നിഴൽ വീഴ്ത്തി നിൽക്കുന്ന ഗിരിശൃംഗങ്ങളാണ് ഒരുഭാഗം മുഴുവൻ. സന്ദർശകർക്കായി അണക്കെട്ടിന് മുകളിൽ നല്ലൊരു പൂന്തോട്ടവും വിവിധ വിനോദോപാധികളുമുണ്ട്. മീൻകുഞ്ഞുങ്ങളെ ഉപയോഗിച്ച് കാൽപാദങ്ങളിലെ മൃതകോശങ്ങളെ നീക്കുന്ന വാട്ടർ തെറാപ്പി അവയിലൊന്നാണ്. ചങ്ങാടങ്ങളിൽ കയറി മലയടിവാരത്തിലൂടെ ചുറ്റിക്കറങ്ങുവാനും അണക്കെട്ടിൽ അവസരമുണ്ട്.

അണക്കെട്ടിൽ നിന്നു വഴിപിരിഞ്ഞ് രണ്ട് കിലോമീറ്റർ മുന്നോട്ടുപോയാൽ മീൻമുടി വെള്ളച്ചാട്ടത്തിനരികിലേക്കെത്താം. വലിയൊരു മലയിടുക്കിലൂടെ മൂന്നു തട്ടുകളിലായി പതഞ്ഞുവീണ് ഒഴുകി ഇറങ്ങുന്നതാണ് വെള്ളച്ചാട്ടം. പാറകളിൽ കൂടി ശ്രദ്ധയോടെ മുകളിലേക്ക് കയറിപ്പോകാം. വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്‌ഥാനം തേടി ഞങ്ങൾ ഒറ്റയടിപ്പാതയിലൂടെ യാത്ര തുടങ്ങി. ഇരുഭാഗത്തും ഉയരത്തിലുള്ള മലകളിൽ തഴച്ചു വളർന്ന കാട്ടുമരങ്ങൾ. വെള്ളം ഒഴുകി പായൽ പിടിച്ച പാറകൾ. വെള്ളച്ചാട്ടത്തിന്റെ രണ്ടാം ഘട്ടം വരെയെത്തി. തിരിച്ചിറങ്ങുവാനുള്ള ബുദ്ധിമുട്ടുകൾ കൂടി ഓർത്തപ്പോൾ യാത്ര മതിയാക്കുവാൻ തന്നെ തീരുമാനിച്ചു. കയറിപ്പോയതിനെക്കാൾ പ്രയാസമായിരുന്നു തിരിച്ചിറങ്ങി വരുവാൻ.

ബാണാസുരമല ഇറങ്ങി ഒരിക്കൽകൂടി അണക്കെട്ടിനെ വലയം വച്ച് കൽപ്പറ്റയിലേക്കെത്തി. ചുരം കയറി വരുമ്പോൾ ആദ്യമെത്തുന്ന പട്ടണമാണ് കൽപ്പറ്റ. വയനാട് ജില്ലയുടെ ആസ്‌ഥാനം. സുഗന്ധ വ്യഞ്ജനങ്ങളുടെ വാണിജ്യകേന്ദ്രം. കൽപ്പറ്റയിൽ നിന്നു ഭക്ഷണം കഴിച്ച് ഊട്ടി പാതയിലൂടെ യാത്ര തുടങ്ങി. തേയിലത്തോട്ടങ്ങളും പുൽമേടുകളും കടന്ന് വലിയൊരു മലയുടെ അടിവാരത്തിലെത്തി. വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആയിരുന്നു അത്. ചമ്പ്രപീക്ക് ട്രക്കിംഗിന് ഏറെ അനുയോജ്യമാണ് ഇവിടത്തെ മലനിരകൾ. ഇടതിങ്ങിയ വനങ്ങൾക്കു പകരം സമൃദ്ധമായ പുൽമേടുകൾ. ഒഴുകിയെത്തുന്ന ഇളംകാറ്റ് മലകയറ്റക്കാർക്ക് സദാ ഉന്മേഷം പകർന്നുകൊണ്ടിരിക്കും. ചമ്പ്രപീക്കിലേക്കുള്ള വഴികളിലാണ് പ്രേമചിഹ്നത്തിലുള്ള തടാകം. 3.5 കിലോമീറ്റർ സഞ്ചരിച്ച് മലമുകളിൽ എത്തിച്ചേരുവാൻ ഒരുദിവസത്തെ ട്രിക്കിംഗ് ധാരാളം.

<യ> സൂചിപ്പാറ വെള്ളച്ചാട്ടം

സമയക്കുറവുമൂലം ഞങ്ങൾ ചമ്പ്രപീക്കിനെ മാറ്റിവച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചു. ചെങ്കുത്തായ മലഞ്ചെരിവുകൾ എപ്രകാരം സുരക്ഷിതമായി കാഴ്ചകൾക്കായി ഒരുക്കിയെടുക്കാം എന്നതിന് ഉദാഹരണമാണ് സൂചിപ്പാറയിലെ ഇക്കോ ടൂറിസം. വെള്ളച്ചാട്ടം വരെയുള്ള ഒരു കിലോമീറ്റർ പാത മോഹനമായ മലഞ്ചെരിവുകളുടെ വിവിധഭാവങ്ങൾ തുറന്നുതരുന്നതാണ്. പാതയുടെ അവസാന ഭാഗത്തിൽ വനാന്തരത്തിലെ ഒരു ഗുഹയിലേക്കിറങ്ങുന്ന പ്രതീതിയാണ് ജനിപ്പിക്കുക. നിമിഷനേരം കൊണ്ട് ജലധൂളികൾ പതിഞ്ഞ് ശരീരമാകെ നനഞ്ഞു കുതിർന്നു. ഗംഭീരവും വന്യവുമായ വെള്ളച്ചാട്ടം ആഞ്ഞുപതിച്ച് ചെറിയൊരു തടാകം തന്നെ രൂപപ്പെട്ടിരിക്കുന്നു. തടാകത്തിൽ കാൽതൊട്ടപ്പോൾ നിർമലമായ തെളിനീരിന് നല്ല തണുപ്പ്. തടാകത്തിലെ കുളിർമയിലേക്ക് ചാടിയിറങ്ങി. രണ്ട് ദിവസത്തെ വയനാടൻ യാത്രകളുടെ ക്ഷീണം നിശേഷം തുടച്ചുമാറ്റിയ ഉന്മേഷകരമായ പരിസമാപ്തി കൂടിയായിരുന്നു അത്.

<യ> –സാബു മഞ്ഞളി