ഒരു ചിരിയിൽ എന്തിരിക്കുന്നു
ഒരു ചിരിയിൽ എന്തിരിക്കുന്നു
Saturday, September 3, 2016 4:33 AM IST
<യ> ബിജോ ജോ തോമസ്

ഒരു ചിരിയിൽ എന്തിരിക്കുന്നു എന്നു ചോദിച്ചാൽ ശ്രീകുമാറിനെ സംബന്ധിച്ച് ചിരിയാണ് എല്ലാം. ഈ ചിരിയാണ് ടെലിവിഷനിൽ അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. സിനിമയിലേക്കുള്ള അവസരം ലഭിച്ചതും ചിരി കാരണം. ഒടുവിൽ ചിരിച്ചു മടുത്ത ശ്രീകുമാറിന് കിടിലൻ വില്ലൻ വേഷവും ലഭിച്ചു. ജിത്തു ജോസഫിന്റെ മെമ്മറീസിൽ ഈ ചിരിക്കാരന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടു. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാർ അഭിനയത്തിനൊപ്പം ഒരു വർഷമായി ജെന്റ് റെഡിമെയ്ഡ് ഷോറൂമും നടത്തുന്നു. മണ്ണന്തലയിലുള്ള ഷോറൂമിൽ വച്ചാണ് ശ്രീകുമാറിനെ കണ്ടുമുട്ടിയത്.

ടെലിവിഷനിലൂടെയാണോ കലാരംഗത്ത് എത്തിയത്. അതിനു മുമ്പുള്ള എക്സ്പിരീയൻസ്?

സ്കൂൾ തലം മുതൽ കലാരംഗത്ത് ഉണ്ടായിരുന്നു. ചെറുപ്പം മുതൽ തെരുവുനാടകങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സ്കൂളിൽ എല്ലാ മൽസരങ്ങൾക്കും പങ്കെടുക്കുമായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലാണ് പഠിച്ചത്. അവിടത്തെ തന്നെ പൂർവ വിദ്യാർഥിയായ പ്രശാന്ത് നാരായണനാണ് സ്കൂളിൽ വച്ച് എന്നെ നാടകത്തിലേക്കു സെലക്ടു ചെയ്തത്. അദ്ദേഹത്തിന്റെ നാടകങ്ങളിലൂടെയാണ് നാടകത്തെ സീരിയസായി കാണാൻ തുടങ്ങിയത്. കോളജ് സമയത്ത് വെസ്റ്റേൺ മ്യൂസിക്കിന്റെ ഒരു ഗ്രൂപ്പുണ്ടായിരുന്നു. ഞങ്ങൾ ഹോട്ടലുകളിൽ പ്രോഗ്രാം ചെയ്യാൻ പോകുമായിരുന്നു. മുടിയൊക്കെ വളർത്തി നടക്കുന്ന സമയമായിരുന്നു അത്.

മറിമായത്തിലേക്ക് എത്തിയത്?

അമൃതയിലെ ബെസ്റ്റ് ആക്ടർ കോമ്പറ്റീഷനിൽ പങ്കെടുത്തിരുന്നു. പ്രോഗ്രാം സ്റ്റാർട്ട് ചെയ്ത് രണ്ടാമത്തെ റൗണ്ടിൽ ഞാൻ ഔട്ടായി. ഭയങ്കര വിഷമമായിരുന്നു. അപ്പോഴാണ് ഏഷ്യാനെറ്റിൽ ബെസ്റ്റ് ആക്ടർ കോമ്പറ്റീഷൻ തുടങ്ങിയത്. അതിൽ ഫൈനലിലെത്തി ഫസ്റ്റ് റണ്ണർ അപ് ആയി. അതുകഴിഞ്ഞാൽ സിനിമയിലേക്ക് അവസരം കിട്ടുമെന്നൊക്കെയാണ് പറഞ്ഞിരുന്നത്. പക്ഷേ അതൊന്നും ഉണ്ടായില്ല. ഡാം 999 എന്ന ചിത്രത്തിലാണ് ആദ്യമായി അവസരം കിട്ടുന്നത്. അതിനു ശേഷം പ്രകാശ് ബാരേ നിർമിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്തു. നരേൻ നായകനായ വീരപുത്രൻ എന്ന ചിത്രത്തിലും വേഷമിട്ടു. അങ്ങനെയിരിക്കേയാണ് ഉണ്ണികൃഷ്ണൻസാർ മറിമായത്തിലേക്കു വിളിക്കുന്നത്. ഒരു എപ്പിസോഡിൽ ഞാൻ യാദൃച്ഛികമായി ചിരിച്ചപ്പോൾ സാർ പറഞ്ഞു അത് കണ്ടിന്യൂ ചെയ്യാൻ. അങ്ങനെ അടുത്ത എപ്പിസോഡിലും അതു തുടർന്നു. അപ്പോഴും എനിക്കു സംശയമായിരുന്നു എങ്ങനെ ഇതു തുടരുമെന്ന്. പക്ഷേ അത് നല്ല രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുവഴി എനിക്ക് സിനിമകൾ കിട്ടിത്തുടങ്ങി. സത്യൻ അന്തിക്കാടിന്റെയും ജോഷിയുടെയുമൊക്കെ സിനിമകളിൽ അവസരം ലഭിച്ചു. പക്ഷേ അവിടെയും ചിരിയായിരുന്നു എനിക്ക് പ്രധാനമായി ചെയ്യാനുണ്ടായിരുന്നത്.


എ ബി സി ഡി വഴിത്തിരിവായി

എ ബി സി ഡിയിലെ കാരക്ടറാണ് എനിക്കു സിനിമയിൽ വഴിത്തിരിവായത്. അതു ചെയ്യാൻ വിളിച്ചപ്പോൾ സംവിധായകൻ മാർട്ടിൻ പറഞ്ഞത് എനിക്കു നിന്റെ ചിരി വേണം. പക്ഷേ. മറിമായത്തിലെ ചിരി വേണ്ട എന്നാണ്. അത് എനിക്കും ഉൽസാഹം നൽകി. എന്തായാലും അതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷവും കുറേ സിനിമകൾ ചെയ്തു. അതിലും ചിരിയിൽ നിന്നു പൂർണമായി മാറാൻ പറ്റിയില്ല. അങ്ങനെയിരിക്കെയാണ് ജിത്തുജോസഫ് മെമ്മറീസിലേക്ക് വിളിച്ചത്. അതു വലിയ അഭിപ്രായമാണ് എനിക്കു നേടിത്തന്നത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ03ഴമ2.ഷുഴ മഹശഴി=ഹലളേ>

പിന്നീട് കുറച്ച് സെലക്ടീവായി എന്നു തോന്നുന്നു?

കുറേ സിനിമകൾ വേണ്ടെന്നു വച്ചിട്ടുണ്ട്. അത് ചില അനുഭവങ്ങളിൽ നിന്നാണ്. പലപ്പോഴും ലൊക്കേഷനിൽ ചെല്ലുമ്പോൾ കഥാപാത്രം മാറും. പലപ്പോഴും ശരിയായ ദിശയിലല്ല സിനിമ നീങ്ങുന്നതെന്നു നമ്മൾ അറിയുന്നത് അഭിനയിക്കാൻ തുടങ്ങിയതിനുശേഷമായിരിക്കും അതുകൊണ്ടു തന്നെ ഇനി സൂക്ഷിച്ചേയുള്ളൂ. ചാനലിൽ എന്നോടൊപ്പം ജോലി ചെയ്ത കുറേ സുഹൃത്തുക്കളുണ്ട്. അവരോടൊപ്പം പല കഥകളും പ്രോജക്ടുകളും വർക്ക് ഔട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ആടുപുലിയാട്ടമാണ് ഒടുവിൽ ഇറങ്ങിയ ചിത്രം.

മറിമായത്തിനുശേഷം?

മറിമായത്തിന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ ഫ്ളവേഴ്സിൽ ചെയ്യുന്ന ഉപ്പും മുളകും ആണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. നല്ല അഭിപ്രായമാണ് പരിപാടി നേടിയിരിക്കുന്നത്. മറിമായത്തിലൂടെ എനിക്ക് അഡ്രസ് ഉണ്ടാക്കി തന്നയാളാണ് ഉണ്ണികൃഷ്ണൻ. അദ്ദേഹം ഉപ്പും മുളകിലേക്കു വിളിച്ചപ്പോൾ സന്തോഷത്തോടെ അതു സ്വീകരിച്ചു.

സിനിമയ്ക്കൊപ്പം ബിസിനനസും

ജെന്റ്സിന്റെ റെഡിമെയ്ഡ് ഷോപ്പ് ഒരു വർഷം മുമ്പാണ് തുടങ്ങിയത്. സിനിമയ്ക്കൊപ്പം എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്തുണ്ട്. അവനാണ് എല്ലാത്തിനും സഹായിക്കുന്നത്. ഉദ്ദേശിക്കുന്നതുപോലെ എളുപ്പമല്ല ഈ ബിസിനസ്.

ഇപ്പോൾ സിനിമ മാത്രം

വീട്ടിൽ അച്ഛനും അമ്മയും. സഹോദരി യൂണിവേഴ്സിറ്റി കോളജിൽ പ്രാഫസറാണ്. വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. ഈ പ്രഫഷനെയാണ് ഞാനിപ്പോൾ സ്നേഹിക്കുന്നത്. അതിലൂടെ യാത്ര ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വേറൊന്നും ചിന്തിച്ചിട്ടില്ല.