വിദ്യയുടെ വിശേഷങ്ങൾ
വിദ്യയുടെ വിശേഷങ്ങൾ
Thursday, September 1, 2016 4:44 AM IST
ഹിന്ദി സിനിമ ലോകത്തിലെ മലയാള മുഖശ്രീയാണ് വിദ്യാ ബാലൻ. അഭിനയ പാഠങ്ങളുടെ അക്ഷരക്കൂട്ടുകൾ മലയാളത്തിലാണു കുറിച്ചതെങ്കിലും ബോളിവുഡ് ലോകമാണ് വിദ്യയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ദേശീയ പുരസ്കാരത്തിളക്കവും നടന വൈഭവവുമായി ഇന്ത്യൻ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയ ഈ താരറാണി മലയാള സിനിമയെ മറന്നിരുന്നില്ല എന്നതാണു വാസ്തവം. 2011–ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഉറുമിയിൽ ഒരു ഗാനരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി വിദ്യ വീണ്ടും മലയാള മണ്ണിലേക്കെത്തുന്നു. മലയാളത്തിന്റെ സ്വന്തം കഥാകാരി കമല സുരയ്യയുടെ ജീവിതം പറയുന്ന സിനിമയാണു കമൽ ഒരുക്കുന്നത്. അതിൽ കമലസുരയ്യയുടെ വേഷമാണു വിദ്യ ചെയ്യുന്നത്. ഹിന്ദിയിലും മറ്റു ഭാഷകളിലുമായി നിരവധി കഥാപാത്രങ്ങളാണ് വിദ്യയ്ക്കായി കാത്തിരിക്കുന്നത്. മലയാള സിനിമയിലേക്കും തന്റെ കയ്യൊപ്പു ചാർത്താൻ പറന്നിറങ്ങുന്ന വിദ്യയുടെ വിശേഷങ്ങളിലൂടെ...

ഒരു സിനിമയുടെ തെരഞ്ഞെടുപ്പിൽ പ്രധാനമായും എന്തിനാണു കൂടുതൽ പ്രാധാന്യം നൽകുന്നത്?

സിനിമയിൽ എന്റെ കഥാപാത്രം എന്താണെന്നാണു ഞാനാദ്യം ശ്രദ്ധിക്കുന്നത്. അതിനോടൊപ്പം തന്നെ ആ ചിത്രത്തിന്റെ സംവിധായകനെയും നിർമാതാവിനെയും നോക്കണം. ഒരു കഥാപാത്രം നമ്മൾ ചെയ്യുമ്പോൾ പിന്നീടുള്ള കുറച്ചുകാലം നമ്മൾ ആ വ്യക്‌തിയാണ്. അതിനെ പൂർണതയിലെത്തിക്കുന്നത് സംവിധായകനാണ്. അദ്ദേഹത്തിന്റെ മനസിലുള്ള കഥാപാത്രമായി തീരുന്നിടത്താണ് നമ്മളിലുള്ള ആത്മവിശ്വാസം വർധിക്കുന്നത്. അത് ആ സിനിമയുടെ ഗുണത്തിനു കാരണമാകുന്നതാണ്. സിനിമയെ പറ്റി നല്ല ഗ്രാഹ്യമുള്ള സംവിധായകനാകണം. അതോടൊപ്പം ചിത്രത്തിന്റെ നിർമാതാവും ഒ ത്തുചേർന്നാൽ മാത്രമേ അതു പ്രേക്ഷകരിലേക്കെത്തുകയുള്ളു. അതുകൊണ്ടു തന്നെ ആ രീതിയിൽ മൂന്നു കാര്യങ്ങളും പ്രാധാന്യത്തോടെ നോക്കേണ്ടതാണ്.

ഒരു കഥാപാത്രത്തിനെ പ്രതിഫലിപ്പിക്കുമ്പോൾ അതിനെ വ്യക്‌തിപരമായി ചിന്തിക്കേണ്ടതുണ്ടോ?

ഒരു പ്രേക്ഷകനായിട്ടാണു ഓരോ ചിത്രവും ഞാൻ കാണുന്നത്. അതുകൊണ്ടു തന്നെ അതിനെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാൻ ശ്രമിക്കാറുമുണ്ട്. എന്നാൽ എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാകണമെന്നില്ല. അതു ചിലപ്പോൾ യാഥാർഥ്യത്തിൽ നിന്നും ഏറെ വ്യത്യസ്തമാകാം. അതു ലഭിക്കുന്ന തിരക്കഥയിൽ നിന്നുമാണു നമ്മൾ മനസിലാക്കിയെടുക്കുന്നത്. പ്രേക്ഷകർക്കു വേഗത്തിൽ ഉൾക്കൊള്ളാനാകുന്ന വിഷയങ്ങളുടെ ഭാഗമാകുമ്പോൾ ഞാനെന്ന വ്യക്‌തി അവിടെ പ്രാധാന്യം അർഹിക്കുന്നില്ല. അവർ കഥാപാത്രത്തിനെയാണ് ഉൾക്കൊള്ളുന്നത്.

ഒരു അഭിനേത്രി എന്ന നിലയിലുള്ള വളർച്ചയെ എങ്ങനെ കാണുന്നു? അതെങ്ങനെ സാധ്യമായെന്നു തോന്നുന്നു?

ഒരു കാര്യത്തിലും പൂർണ വളർച്ച എന്നതു അസാധ്യമായ കാര്യമാണ്. ഓരോ നിമിഷവും നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത കുടുംബാന്തരീഷത്തിൽ നിന്നുമാണ് ഞാൻ ഈ ഫീൽഡിലെത്തിയത്. എന്നെപ്പറ്റിയും എന്റെ അഭിനയത്തെപ്പറ്റിയും ജനങ്ങൾ പറയുമ്പോൾ ഞാൻ അതിശയപ്പെടാറുണ്ട്. എങ്ങനെ ഞാൻ ഇവിടെവരെ എത്തി എന്നതോർത്ത്. അതൊരു വലിയ കാര്യമാണ് എന്നല്ല. അവിടെയും മറ്റുള്ളവർ എന്തു പറയും, എന്നെപ്പറ്റി എന്തെഴുതും എന്നു ചിന്തിച്ചു ആകുലപ്പെടേണ്ടതില്ല. എല്ലാവരുടെയും അഭിപ്രായത്തിനനുസരിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ടതല്ല നമ്മുടെ ജീവിതം. അതുകൊണ്ടു തന്നെ മറ്റുള്ളതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. എല്ലവരും പ്രശംസിക്കുന്ന, അല്ലെങ്കിൽ വിമർശിക്കുന്ന ഒരു ദിവസത്തെപ്പറ്റി ഞാൻ ചിന്തിക്കാറില്ല. എല്ലാം നല്ലതായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഇതൊക്കെ സഹജമാണ്. ഒരു കാര്യം ചെയ്യാൻ തയാറെടുക്കുമ്പോൾ അതിന്റെ വിധികർത്താവും നമ്മൾ തന്നെയായിരിക്കണം. സ്വയം ആത്മാർഥത കാണിക്കാനാവുന്നതാണ് ജീവിതത്തിലെ വലിയ കാര്യം. സത്യത്തിനെ അംഗീകരിക്കുക എന്നത് എല്ലായ്പ്പോഴും സുഖകരമാകണം എന്നില്ല. അതു ബുദ്ധിമുട്ടാണെങ്കിൽ തന്നെയും മറ്റൊരാൾ പറഞ്ഞു തരണ്ട കാര്യമല്ല. കഴിവതും ഞാനതിനു ശ്രമിക്കാറുണ്ട്.

ഇപ്പോൾ പുറത്തിറങ്ങിയ റ്റിഇത്രിഎൻ ചിത്രത്തിൽ അമിതാഭ് ബച്ചൻ, നവാസുദിൻ സിദ്ധിഖി എന്നിവരോടൊപ്പം തുല്യപ്രാധാന്യത്തോടെ അഭിനയിച്ചല്ലൊ? എങ്ങനെയായിരുന്നു ആ അനുഭവം?

രണ്ടു പേരിൽ നിന്നു നിറയെ കാര്യങ്ങളെ പഠിക്കാൻ സാധിച്ചു എന്നതാണ് വലിയ കാര്യം. അഭിനയ പ്രക്രിയയിൽ അവരെ ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട് ഞാൻ. അതു വാക്കുകളിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഒന്നിച്ചു വർക്കു ചെയ്യുമ്പോൾ അനുഭവിച്ചറിയുന്നതാണ്. ബച്ചൻ സാബ് എത്ര വർഷമായി സിനിമയിലുള്ള ആളാണ്. എങ്കിലും ഓരോ നിമിഷവും തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അദ്ദേഹം കാണിക്കുന്ന അർപ്പണബോധം ശരിക്കും നമുക്ക് പ്രചോദനം നൽകുന്നതാണ്. നവാസുധിക്കൊപ്പം ഞാൻ കഹാനിയിൽ അഭിനയിച്ചിട്ടുള്ളതാണ്. ഞങ്ങൾ കാണുമ്പോൾ സംസാരിക്കാറുള്ളതാണ്. പക്ഷേ, അതൊരിക്കലും അവരുടെ പ്രതിഭയെ അളക്കുകയോ താരതമ്യപ്പെടുതതുകയോ അല്ല. അഭിനയം ഓരോ വ്യക്‌തിയുടെയും ജീവിതത്തിൽ നിന്നുമാണ് എത്തുന്നത്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ01ൃമ3.ഷുഴ മഹശഴി=ഹലളേ>

എങ്ങനെയാണ് വാണിജ്യ സിനിമകൾക്കൊപ്പം സമാന്തര സിനിമകളെയും കരിയറിൽ ഒപ്പം കൊണ്ടുപോകാനാകുന്നത്?

സത്യത്തിൽ അതു മനപ്പൂർവം ചെയ്യുന്നതല്ല. പ്രേക്ഷകരുടെ ഇഷ്ടം മനസിലാക്കി ചെയ്യാൻ ശ്രമിക്കുന്നു എന്നുമാത്രം. കഹാനി തന്നെയെടുത്താൽ വളരെ പതുക്കെത്തുടങ്ങി വലിയ വിജയം നേടിയ സിനിമയായിരുന്നു അത്. ഒരു സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നിട്ടും അതു നേടിയ വിജയം നമുക്കു മുന്നോട്ട് ആത്മവിശ്വാസം തരുന്നതാണ്. ഡേർട്ടി പിക്ചർ ഇറങ്ങിയപ്പോൾ സെക്സി എന്നു പറഞ്ഞവർപോലും കഹാനിയിലെ ഗർഭിണിയായ സ്ത്രീയെ അംഗീകരിച്ചു. ഞാൻ ചെയ്യുന്ന ചിത്രങ്ങളുടെ കഥയിലോ തിരക്കഥയിലോ എന്റെ ഇടപെടൽ ഒട്ടുമുണ്ടാവുകയില്ല. ഞാൻ ചെയ്യുന്നത് അതിനെ അഭിനയിച്ചു പ്രതിഫലിപ്പിക്കുക മാത്രമാണ്. അതുകൊണ്ടു തന്നെ ഓരോ ചിത്രത്തിന്റെയും വിജയം അതിന്റെ പിന്നണിയിലുള്ള എല്ലാവർക്കും അവകാശപ്പെട്ടതാണ്.

കഥാപാത്ര തെരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകൾക്കോ മറ്റു അഭിപ്രായങ്ങൾക്കോ പ്രാധാന്യം കൊടുക്കാറില്ല എന്നു കേട്ടിട്ടുണ്ട്?

ഓരോ സിനിമയും നമ്മുടെ തീരുമാനമാണ്. അവിടെ ഞാൻ എന്റെ സംതൃപ്തിക്കും സന്തോഷത്തിനുമാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. മറ്റുള്ളവരുടെ തീരുമാനത്തെ എന്നിലേക്ക് അടിച്ചേൽപിക്കേണ്ട കാര്യമില്ലല്ലോ? അങ്ങനെയുണ്ടാകുന്ന സാഹചര്യങ്ങളിൽ വേണ്ട എന്നു പറയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എല്ലാവരെയും സന്തോഷിപ്പിച്ചു നമുക്കു ജീവിക്കാനാവില്ല. ഏതു സാഹചര്യത്തിലും നമ്മുടെ സംതൃപ്തിക്ക് ഒരു പിടി മുന്നിൽ പ്രാധാന്യം നൽകുന്നു. ഞാൻ ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും എന്റെ കരിയറിനെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതു വിജയമായാലും പരാജയമായാലും എന്റെ മാത്രം തീരുമാനമാണ്. കുറച്ചു നാൾ മുമ്പ് ഒരു സംവിധായകനുമായി തിരക്കഥയെപ്പറ്റി ചർച്ച ചെയ്യുകയുണ്ടായി. ആ സമയത്ത് എന്റെ മാനേജരും കൂടെയുണ്ടായിരുന്നു. അവർ ആ കഥയെപ്പറ്റി എന്തോ ചോദിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തു. ഉടൻ ആ സംവിധായകനു ടെൻഷനായി. ഈ ചിത്രം അപ്പോൾ പരിഗണിക്കില്ലേ എന്നെന്നോടു ചോദിച്ചു. ഞാൻ പറഞ്ഞത് എനിക്കു ഒരു സിനിമ ഇഷ്ടപ്പെട്ടാൽ ഞാനതു ചെയ്യും എന്നാണ്. മറ്റുള്ളവർ ആരായാലും എന്തു പറയുന്നു എന്നു ഞാൻ ശ്രദ്ധിക്കാറില്ല. ഇനി എനിക്കു അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആരോക്കെ പറഞ്ഞാലും ഞാൻ ആ ചിത്രം ചെയ്യില്ല. ഓരോ സിനിമയെപ്പറ്റിയുള്ള തീരുമാനവും എന്റേതു മാത്രമാണ്. അവിടെ ഞാനൊന്നു ഒളിക്കാൻ ശ്രമിക്കാറില്ല.

കഹാനിയുടെ രണ്ടാം ഭാഗം തയാറാവുകയാണല്ലോ. പ്രേക്ഷകരിൽ നിന്നും അധിക സമ്മർദ്ദം നേരിടേണ്ടി വരുന്നതായി തോന്നുന്നുണ്ടോ?

അതു സത്യത്തിൽ വളരെ ഗുണകരമായ ഒന്നാണ്. പ്രേക്ഷകർക്കു കഹാനി സിനിമ എന്താണെന്ന് അറിയാം. അവർ അതിനെ സ്വീകരിച്ചതുമാണ്. കഹാനിയുടെ രണ്ടാം ഭാഗം അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രമാണ്. കഹാനി പോലെയല്ല കഹാനി 2. പഴയതിനെക്കാൾ മികച്ചതാക്കാനാണ് ഞങ്ങളുടെ ശ്രമം. അതു വിജയം കാണും എന്നുതന്നെയാണ് പ്രതീക്ഷ.

വിദ്യയുടെ കരിയർ ആരംഭിച്ച സമയത്തു നിന്ന് ഇപ്പോൾ പ്രേക്ഷകർക്കു സിനിമയോടുള്ള സമീപനം വ്യത്യസ്തമാണെന്നു തോന്നുന്നുണ്ടോ?

അതു തീർച്ചയായും സംഭവിക്കുന്നതാണ്. കാരണം കാലഘട്ടത്തിനനുസരിച്ച് പ്രേക്ഷകർക്കു മുന്നിൽ വ്യത്യസ്തങ്ങളായ സിനിമയാണ് എത്തുന്നത്. വാണിജ്യപരമായും കലാപരമായും മാറ്റം സംഭവിക്കുന്ന സിനിമകൾക്കൊപ്പം ആ സമയത്തു എനിക്കു സഞ്ചരിക്കാനായി എന്നതാണ് കാര്യം. പ്രേക്ഷകരുമായുള്ള ഒരു കൊടുക്കൽ വാങ്ങലാണത്. ചെറുതും വലുതുമായ നിരവധി സിനിമകളെ നമ്മൾ പ്രേക്ഷകർക്കു നൽകുന്നു. ചിലതു സ്വീകരിക്കാം, മറ്റു ചിലതു തള്ളിക്കളയാം.

ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള രണ്ടു സിനിമകളാണ് ബീഗം ജാനും കമലാദാസും. എത്രത്തോളമാണ് അതിനുള്ള തയാറെടുപ്പുകൾ?

മലയാളത്തിൽ ചെയ്യുന്ന സിനിമയാണ് കമലാദാസ്. കമൽ സാറാണ് സംവിധാനം ചെയ്യുന്നത്. പക്ഷേ, അതിനുള്ള തയാറെടുപ്പുകൾ ഒന്നും തുടങ്ങിയിട്ടില്ല. ബീഗം ജാനിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അതിൽ 11 സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളാണ്. ഞാനതിൽ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് അഭിനയിക്കുന്നത്. നമുക്ക് വളരെ പുതിയ ലോകമാണത്. പുതിയ മനുഷ്യരും.

ഹോളിവുഡിൽ നിന്നും അവസരം വന്നാൽ?

അതു തീർച്ചയായും സ്വീകരിക്കും. കാരണം എവിടെയാലും നമ്മുടെ ജോലി അഭിനയിക്കുക എന്നതാണ്. അതിനു ഭാഷയും ദേശവും ഒന്നും തടസമാകുന്നില്ല.

–<യ> സ്റ്റാഫ് പ്രതിനിധി