വൈകിയെത്തിയ വസന്തം
വൈകിയെത്തിയ വസന്തം
Thursday, August 25, 2016 4:55 AM IST
<യ> ബിജോ ജോ തോമസ്

‘സ്പിരിറ്റിൽ അഭിനയിച്ചതിനുശേഷമാണ് എന്റെ അക്കൗണ്ടിൽ നാലുപേരോട് പറയാവുന്ന രീതിയിൽ പണം വന്നത്. അതുവരെ എങ്ങനെ നിന്നു എന്നു ചോദിച്ചാൽ എല്ലാം ശരിയാകും എന്ന എന്റെ പോസിറ്റീവ് ചിന്താഗതിയും ഈശ്വരാധീനവും മാത്രം.’–പറയുന്നത് നന്ദു. സമീപകാലത്ത് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ നന്ദു ശ്രദ്ധേയനാകുകയാണ് എൺപതുകളുടെ അവസാനം മുതൽ നന്ദു മലയാളസിനിമയിലുണ്ട്. കാഷ്്മീരം, ബട്ടർഫ്ളൈസ്, തേന്മാവിൻ കൊമ്പത്ത് തുടങ്ങി കുറെയധികം നല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നിട്ടും നന്ദുവിന് കരിയറിൽ പ്രതിസന്ധികളായിരുന്നു. ഈ പ്രതിസന്ധികളിലും എന്റെ കാലം വരും എന്ന ശുഭാപ്തി വിശ്വാസത്തിൽ കാത്തിരുന്നു. അതിന്റെ ഫലം ഇപ്പോൾ കണ്ടു തുടങ്ങിയിരിക്കുന്നു. വൈകിയെത്തിയ വസന്തം പോലെ നന്ദു തിളങ്ങുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും ഭാവ പകർച്ചകളുമായി... തിരുവനന്തപുരത്തെ ഫ്ളാറ്റിൽവച്ച് നന്ദുവിനെ കണ്ടുമുട്ടിയപ്പോൾ....

കരിയറിലെ രണ്ടാംഘട്ടത്തിലൂടെയാണല്ലോ ഇപ്പോൾ നീങ്ങുന്നത്. മികച്ച കഥാപാത്രങ്ങളും അവസരങ്ങളും ലഭിക്കുന്നു?

മാറ്റം എല്ലാ മനുഷ്യരുടേയും ജീവിതത്തിലുണ്ടാകുന്നതാണ്. പക്ഷേ ഒരു കാര്യം മാത്രം. നമുക്ക് അങ്ങനെയൊരു മാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം പോസിറ്റീവായിരിക്കണം. ഞാൻ സിനിമയിൽ വന്ന് 26 വർഷത്തോളം കഷ്‌ടപ്പെട്ടിട്ടാണ് ജീവിതത്തിൽ മാറ്റങ്ങളുണ്ടായത്. അതുപോലെ പലരുമുണ്ട്. വീട്ടുകാരും സിനിമയിലെ തന്നെ നമ്മൾ ഇഷ്‌ടപ്പെട്ടുന്ന സഹപ്രവർത്തകർ പോലും പറഞ്ഞിട്ടുണ്ട് സിനിമയിൽ ഉയർച്ചയുണ്ടായില്ലെങ്കിൽ വേറെ ജോലി നോക്കണമെന്ന്. എന്റെ ഭാര്യ വരെ പറഞ്ഞിട്ടുണ്ട് ഇത്രയും കഷ്‌ടപ്പെടുന്നതിനു പകരം വേറെ എന്തെങ്കിലും ജോലി ചെയ്തു കൂടേയെന്ന്. പക്ഷേ വേറൊരു ജോലിക്കും ഞാൻ പോവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ദിവസം വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ പോസിറ്റീവ് ചിന്താഗതിയാണ് എനിക്കു ഗുണമായത്. അതു തന്നെയാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. ഒരു പാടു പ്രാവശ്യം തോൽവി സംഭവിച്ചാലും ജയം എന്റേതാകും എന്ന വിശ്വാസം വേണം. നമുക്കും ഒരു ദിവസം ഉണ്ടാകും എന്ന വിശ്വാസത്തിൽ കടിച്ചു തൂങ്ങി നിന്നതുകൊണ്ടാണ് ഇപ്പോൾ എനിക്കൊരു വിജയം ഉണ്ടായത്. അടൂർഗോപാലകൃഷ്ണന്റെ സിനിമയാണ് എനിക്കു വഴിത്തിരിവായത്. രഞ്ജിയേട്ടൻ പോലും എന്നെ വിളിച്ചത് അതു കണ്ടിട്ടാണ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ25ീയ2.ഷുഴ മഹശഴി=ഹലളേ>

എന്റെ മാറ്റം മറ്റുള്ളവർക്കും പ്രചോദനമായി

എനിക്കു കരിയറിൽ നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ ഒരു നടൻ വാരികയിൽ എഴുതിയത് കണ്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. എന്റെ വിജയം കണ്ടപ്പോൾ അദ്ദേഹത്തിനും പ്രതീക്ഷയേറിയെന്നും തനിക്കും ഇതുപോലെയൊരു കാലം വരുമെന്നും അദ്ദേഹം ആശ്വസിച്ചത്രേ. എന്നെപ്പോലെ കരിയറിൽ പ്രതിസന്ധികളുണ്ടായ ഒരു നടനായിരുന്നു അദ്ദേഹം. എന്റെ മാറ്റം കണ്ടപ്പോൾ ജീവിക്കാൻ ആഗ്രഹം തോന്നുന്നുവെന്നാണ് അദ്ദേഹം എഴുതിയത്. നമ്മൾ കണ്ടിട്ടുള്ള എത്രയോ ആൾക്കാർ ഒന്നുമില്ലായ്മയിൽ നിന്ന് ഭാഗ്യം കൊണ്ടും കഴിവുകൊണ്ടും ഉയരങ്ങളിലെത്തി. ഭാഗ്യവും കഴിവും ഒരുപോലെ പ്രധാനമാണ്. ഇതിലേതെങ്കിലും ഒന്നു മാത്രമേയുള്ളൂവെങ്കിൽ നമ്മൾ രക്ഷപ്പെടില്ല. കഴിവുണ്ടെങ്കിലും ചിലർക്ക് അതിനൊപ്പം അഹങ്കാരവും കേറി വരും. അങ്ങനെ വന്നാലും താഴെപ്പോകും. ഇതെല്ലാം കൂടി ഒത്തുചേരുമ്പോഴാണ് എല്ലാവരുടേയും ജീവിതം മെച്ചപ്പെടുന്നതെന്നാണ് എന്റെ അനുഭവം.

കരിയറിലെ ആദ്യഘട്ടമെടുത്താൽ ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുണ്ട്. പക്ഷേ എന്തുകൊണ്ടോ ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല. എന്താണ് സംഭവിച്ചത്?

ചില നല്ല വേഷങ്ങൾ ചെയ്തപ്പോൾ സിനിമ അറിയപ്പെടാതെ പോയി. ഇന്നായിരുന്നുന്നെങ്കിൽ സ്‌ഥിതി മാറുമായിരുന്നു. ഇന്നിപ്പോൾ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തു ശ്രദ്ധിക്കപ്പെടുന്നവർക്ക് പൊങ്ങിവരാനുള്ള സാഹചര്യമുണ്ട്. ഇപ്പോൾ ധാരാളം സംവിധായകരും പുതിയ പടങ്ങളുമുണ്ട്. അന്നു കുറച്ചു സംവിധായകരും നിർമാതാക്കളും അവരെ ചുറ്റിപ്പറ്റിയുള്ള താരങ്ങളും മാത്രം. തേന്മാവിൻ കൊമ്പത്തിൽ ഞാനഭിനയിക്കുന്നത് 75 വയസുകാരനായിട്ടാണ്. അന്നെനിക്ക് 29 വയസ് മാത്രം. പടം സൂപ്പർഹിറ്റായെങ്കിലും എന്റെ കഥാപാത്രത്തിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയില്ല. പബ്ലിസിറ്റി കിട്ടിയിരുന്നെങ്കിൽ അന്നേ ശ്രദ്ധിക്കപ്പെടുകയും കാരക്ടർ റോളുകളിലേക്ക് കയറിപ്പറ്റുകയും ചെയ്യാമായിരുന്നു. അന്ന് അതു സംഭവിച്ചില്ല. നമ്മുടെ സമയം ശരിയായിരുന്നില്ല. ബട്ടർ ഫ്ളൈസ്, കാഷ്മീരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷങ്ങൾ ചെയ്തു. പക്ഷേ അതു മൂലം വേറെ വേഷങ്ങൾ കിട്ടുകയോ തിരക്കുള്ള നടനാകുകയോ ചെയ്തില്ല. ഇന്ന് സ്‌ഥിതി വ്യത്യസ്തമാണ്. സാമാന്യം ഓടുന്ന പടത്തിൽ നല്ല കാരക്ടർ ചെയ്യുന്ന നടന്മാർക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.

സംഭവിച്ചതെല്ലാം നല്ലതിന്....

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലത് എന്നതിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു സിനിമയുടെ ഷൂട്ടിംഗിന് വിളിച്ചിട്ട് അതിന്റെ ഡേറ്റ് നീണ്ടു നീണ്ടു പൊയ്ക്കൊണ്ടിരുന്നു. ഞാൻ പ്രൊഡക്ഷൻ മാനേജരെ അങ്ങോട്ടു വിളിച്ചു തിരക്കും. അഞ്ചുദിവസം കഴിഞ്ഞിട്ട്, പത്തു ദിവസം കഴിഞ്ഞിട്ട് എന്നൊക്കെ പറഞ്ഞ് അതു നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് ഏകദേശം തീരുമാനമാകുന്ന സമയത്താണ് രഞ്ജിയേട്ടൻ സ്പിരിറ്റിനുവേണ്ടി വിളിക്കുന്നത്. 15–ാം തിയതി മുതൽ നീ വരണം എന്നു പറഞ്ഞു. അതോടെ മറ്റേ സിനിമയ്്ക്കായുള്ള കാത്തിരിപ്പു വേണ്ടെന്നു വച്ചു. അതേസമയം ആ സിനിമ രണ്ടു ദിവസം മുൻപ് തുടങ്ങിയിരുന്നെങ്കിൽ സ്പിരിറ്റിൽ ഞാൻ അഭിനയിക്കാനും പോകുന്നില്ല പഴയതുപോലെതന്നെ ഇരിക്കുകയും ചെയ്തേനെ. അതാണ് സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു ഞാൻ വിശ്വസിക്കുന്നത്. രഞ്ജിയേട്ടന്റെ തന്നെ കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ റോളും ഇങ്ങനെ തന്നെ മറ്റൊരു സിനിമ പ്രതിഫല തർക്കത്തെ തുടർന്ന് വേണ്ടെന്ന് വച്ചപ്പോൾ വന്നു ചേർന്നതാണ്.


അടൂർ ഗോപാലകൃഷ്ണൻ ചിത്രവും ആകസ്മികമായി

അടൂർ സാറിന്റെ പടത്തിലും ആകസ്മികമായാണ് അവസരം വന്നുചേർന്നത്. വെള്ളയമ്പലത്തിനടുത്തു സാറിന്റെ കാർ അപകടത്തിലായി അദ്ദേഹം റോഡിൽ ഇറങ്ങി നിൽക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞാൻ സാറിനടുത്ത് ചെന്ന് സിനിമാ നടൻ നന്ദുവാണെന്നും എന്തെങ്കിലും സഹായം വേണോ എന്നും ചോദിച്ചു. ഇല്ല ഒരു പ്രശ്നവുമില്ല എല്ലാം ശരിയായി, അപകടം പറ്റിയ ആളെ ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. ഞാനൊരു മുക്കാൽ മണിക്കൂറോളം സാറിന്റെയടുത്ത് നിന്നു. കൂടുതലൊന്നും സാർ സംസാരിച്ചില്ല. പോകാൻ നേരത്ത് എന്താ പേരെന്ന് ചോദിച്ചു. അത് കുറിച്ചെടുത്തു. ഞാൻ വീട്ടിൽ പോയി. അടുത്ത ദിവസമാണ് അടൂരിന്റെ വിളിവരുന്നത്. ഞാൻ വീട്ടിൽ പോയി കണ്ടു. അങ്ങനെയാണ് നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അതും പ്രധാന വേഷത്തിൽ. നാട്ടുകാർ അധികം ചിത്രം കണ്ടിട്ടില്ലെങ്കിലും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതോടെ സംവിധായകരും സിനിമാക്കാരും അടക്കം വലിയൊരു വിഭാഗം ചിത്രം കണ്ടു. രഞ്ജിയേട്ടൻ, സിദ്ധിഖ്, ടി.വി ചന്ദ്രൻ തുടങ്ങി ഒരുപാടു പേർ വിളിച്ച് അഭിനന്ദിച്ചു. സീരിയസ് വേഷങ്ങൾ നീ അഭിനയിക്കുമെന്നറിയില്ലായിരുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്. ആ ഒറ്റ സിനിമ കൊണ്ടാണ് സിദ്ധിഖ് ബോഡിഗാർഡിൽ ദിലീപിന്റെ അച്ഛൻ വേഷം തന്നത്. ടി.വി.ചന്ദ്രന്റെ മൂന്നു പടങ്ങളിൽ അഭിനയിച്ചു. ഷാജി എൻ.കരുണിന്റെ പടത്തിൽ അഭിനയിച്ചു. ആ സമയത്തു തന്നെയാണ് തിരക്കഥയിലേക്ക് രഞ്ജിയേട്ടൻ വളിച്ചത്. അതും ഭാഗ്യമാണ്. ശരിക്കും മണിയൻപിള്ളരാജു ചെയ്ത വേഷമാണ് ഞാൻ ചെയ്യാനിരുന്നത്. പിന്നീടാണ് എനിക്ക് അതിലെ ടച്ച് അപ് കഥാപാത്രം കിട്ടിയത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ25ീയ3.ഷുഴ മഹശഴി=ഹലളേ>

വളരെചെറുപ്പത്തിലേ സിനിമയായിരുന്നോ ലക്ഷ്യം. ഏന്താണ് കുടുംബപശ്ചാത്തലം?

സിനിമാക്കമ്പം അങ്ങനെയില്ലായിരുന്നു. അഭിനയിക്കാൻ വന്നതിനുശേഷവും ഞാൻ പി.എസ്.എസി ടെസ്റ്റ് എഴുതാൻ പോയിട്ടുണ്ട്. സിനിമയിൽ വളരെ യാദൃശ്ചികമായാണ് വന്നത്. വരണമെന്നുണ്ടെങ്കിൽ ബാലതാരമായി വരാമായിരുന്നു. കാരണം എന്റെ അമ്മാവനാണു കെ.ജി.മേനോൻ. അദ്ദേഹമാണ് തകരയിലെ മാതു മൂപ്പനായി അഭിനയിച്ചത്. അദ്ദഹം കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒത്തിരി ബന്ധങ്ങളുണ്ടായിരുന്നു. പുള്ളിക്കാരൻ വഴി എനിക്ക് എന്നേ സിനിമയിൽ കയറാമായിരുന്നു. എന്റെ വീടിന് തൊട്ടടുത്തായിരുന്നു എം.ജി.രാധാകൃഷ്ണന്റെയും വേണുനാഗവള്ളിയുടേയുമൊക്കെ വീട്. ഞങ്ങൾ ആ പരിസരത്തുള്ള കുറേപേർ രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ സ്‌ഥിരമായി പോകും. അദ്ദേഹത്തൊടൊപ്പം കറക്കവും റിക്കോർഡിംഗും കോറസ് പാട്ടുമൊക്കയായി. പ്രിയദർശനും മോഹൻലാലുമൊക്കെ ആ വീട്ടിലെ സന്ദർശകരായിരുന്നു. രാധാകൃഷ്ണൻ ചേട്ടനാണ് പ്രിയനോടും വേണുനാഗവള്ളിയോടുമൊക്കെ എന്നേക്കുറിച്ച് പറഞ്ഞത്. അങ്ങനെ പ്രിയന്റെ ചെപ്പിലേക്ക് എന്നെ വിളിച്ചെങ്കിലും ഡിഗ്രി അവസാന വർഷമായതിനാൽ വീട്ടിൽ നിന്ന് വിട്ടില്ല. പിന്നീടാണ് വേണുനാഗവള്ളി സർവകലാശാലയിൽ വിളിച്ചതും അതിൽ അഭിനയിച്ചതും. അഭിനയിച്ചു വന്നതിനുശേഷവും സിനിമ കരിയറാക്കണമെന്ന് വിചാരിച്ചില്ല. പിന്നെയും മൂന്നു നാലു സിനിമകൾ കഴിഞ്ഞാണ് സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത്.

സംവിധാനമോഹമുണ്ട്, പക്ഷേ ഇപ്പോഴില്ല

ബ്യൂട്ടിഫുളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം വന്നത്. അസിസ്റ്റന്റ്് ഡയറക്ടറായി വർക്ക് ചെയ്ത കുറേ അനുഭവ പരിചയമുണ്ട്. ഒരു പഴയ റഷ്യൻ സിനിമയുടെ റീമേക്ക്. ദിലീപിനോടു കഥ പറഞ്ഞു. അപ്പോഴേ ഡേറ്റും തന്നു. രഞ്ജിത്ത് നിർമിക്കാമെന്ന് ഏറ്റു. പക്ഷേ പിന്നീട് കഥ എനിക്കു പറഞ്ഞു തന്നയാളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. അങ്ങനെ ആ പ്രോജക്ട് ഉപേക്ഷിച്ചു. ഇനി ഉടനേയൊന്നും സംവിധാനത്തിനില്ല. ഇപ്പോൾ നല്ല വേഷങ്ങൾ കിട്ടുന്നുണ്ട്. രണ്ടു വള്ളത്തിലും കാൽവെച്ച് നിന്ന് ഉള്ളതു കളയാനില്ല.

പുതിയ ചിത്രങ്ങൾ

ഇപ്പോൾ കരിങ്കുന്നം സിക്സസ് റിലീസ് ചെയ്തു. മോഹൻലാലിന്റെ പുലിമുരുകനുണ്ട്. ഒരു ഫോറസ്റ്റ് ഗാർഡായാണ് അഭിനയിച്ചിരിക്കുന്നത്. ചെറിയ വേഷമണെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ജോഷി എന്ന നവാഗത സംവിധായകന്റെ ചിത്രമാണ് മറ്റൊന്ന്. അടൂർസാറിന്റെ പിന്നെയും എന്ന സിനിമയിൽ ചെറിയ വേഷമുണ്ട്. വിജയ് മേനോൻ സംവിധാനം ചെയ്യുന്ന വിളക്കുമരം, കാപ്സ ഡയറി എന്ന ചിത്രം ഇങ്ങനെ കുറേ സിനിമകളുണ്ട്.

കുടുംബവിശേഷങ്ങൾ?

ഭാര്യ കവിത. രണ്ടു കുട്ടികൾ. മൂത്തമകൾ നന്ദിത. അവൾ പ്ലസിടുവിലായി. മോൻ ക്രിഷാൻ എൽ.കെ.ജിയിൽ പഠിക്കുന്നു.