രവി കെ. ചന്ദ്രൻ
രവി കെ. ചന്ദ്രൻ
Wednesday, August 17, 2016 4:29 AM IST
<യ> കാമറ സ്ലോട്ട്

മലയാളം, തമിഴ് സിനിമകൾ പിന്നിട്ട് ബോളിവുഡിലും വിജയക്കൊടി പാറിച്ചു പ്രശസ്തി നേടിയ ഛായാഗ്രാഹകനാണു രവി കെ. ചന്ദ്രൻ. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലക്കാരനായ ഇദ്ദേഹം പ്രമുഖ ഛായാഗ്രാഹകൻ കെ. രാമചന്ദ്രബാബുവിന്റെ ഇളയ സഹോദരനാണ്.

ദൃശ്യാനുഭവത്തിനു പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ജ്യേഷ്ഠന്റെ കരവിരുത് ചെറുപ്പംമുതൽ രവിയെ ഏറെ ആകർഷിച്ചിരുന്നു. എ.എം. ജെയ്ൻ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം കാമറയുടെ ലോകംതന്നെയാണു രവിയും തിരഞ്ഞെടുത്തത്. സംഗീത ആൽബങ്ങൾക്കും പരസ്യചിത്രങ്ങൾക്കും കാമറ നിയന്ത്രിച്ചുകൊണ്ട് ഇദ്ദേഹം ഛായാഗ്രഹണരംഗത്തെത്തി. പിന്നീട് രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ രവി 1992–ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കിലുക്കാംപെട്ടിയിലൂടെയാണു സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. തുടർന്നു ഷാജിയുടെ തലസ്‌ഥാനം, സ്‌ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, ദി കിംഗ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കു കാമറ നിയന്ത്രിച്ചു. ഷാജി കൈലാസിനെ മലയാളത്തിലെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക് ഉയർത്തിയ ചിത്രങ്ങളാണ് ഇവയെല്ലാം. മികച്ച ടെക്നീഷ്യൻകൂടിയായ ഷാജി കൈലാസിനൊപ്പമുള്ള പ്രവർത്തനം പുത്തൻ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനു രവിക്ക് കൂടുതൽ ഊർജം നൽകി.

ഷാജി കൈലാസ് ചിത്രങ്ങളുടെ ഇടവേളകളിൽ സുനിൽ സംവിധാനം ചെയ്ത പ്രിയപ്പെട്ട കുക്കു, പ്രശാന്തിന്റെ കള്ളൻ കപ്പലിൽതന്നെ, അനിൽ ബാബു ചിത്രങ്ങളായ പൊന്നാരംതോട്ടത്തെ രാജാവ്, മാന്ത്രികച്ചെപ്പ്, വെൽക്കം ടു കൊടൈക്കനാൽ തുടങ്ങിയ മീഡിയം ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി രവി പ്രവർത്തിച്ചു. ടി.എസ്. സുരേഷ് ബാബുവിനൊപ്പം കസ്റ്റംസ് ഡയറി, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചുക്കാൻ എന്നീ ആക്ഷൻ ചിത്രങ്ങളോടൊപ്പം സിബി മലയിൽ വ്യത്യസ്ത പ്രമേയത്തിൽ ഒരുക്കിയ അക്ഷരം എന്ന ചിത്രത്തിനുവേണ്ടിയും ഇദ്ദേഹം കാമറ പ്രവർത്തിപ്പിച്ചു.

1997–ൽ പ്രിയദർശൻ സംവിധാനം ചെയ്ത വിരാസത് എന്ന ചിത്രത്തിലൂടെ രവി ബോളിവുഡിലേക്കും ചുവടുവച്ചു. പ്രിയദർശന് ബോളിവുഡിലേക്ക് ഒരു തിരിച്ചുവരവു സമ്മാനിച്ച ഈ ചിത്രം തമിഴ് സിനിമയായ തേവർമകന്റെ റീമേക്കായിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് മേനോൻ സംവിധാനം ചെയ്ത തമിഴ് ചിത്രം മിൻസാരക്കനവിലൂടെ തമിഴിലും അതേവർഷംതന്നെ അരങ്ങേറി. തമിഴിലെ ഇദ്ദേഹത്തിന്റെ അരങ്ങേറ്റവും ഗംഭീരമായിരുന്നു.


ഏതാനും അന്യഭാഷാ ചിത്രങ്ങൾക്കുശേഷം രവി വീണ്ടും മലയാള സിനിമയിലേക്കെത്തി. തിലകൻ, മഞ്ജു വാര്യർ എന്നിവരുടെ മാസ്മരിക പ്രകടനംകൊണ്ടു ശ്രദ്ധേയമായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം രവിയുടെ കാമറയായിരുന്നു പകർത്തിയത്. വി.കെ. പ്രകാശ് എന്ന സംവിധായകനെ മലയാളസിനിമയ്ക്കു സമ്മാനിച്ച പുനരധിവാസം എന്ന ചിത്രവും രവിയുടെ ഛായാഗ്രഹണത്തിലാണ് ഒരുങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഈ ചിത്രം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു.

രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടകൊണ്ടേൻ എന്ന തമിഴ് ചിത്രത്തിനുശേഷം വീണ്ടും ബോളിവുഡിൽ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. രാകേഷ് റോഷൻ, സഞ്ജയ് ലീലാൻ ബൻസാലി, കരൺ ജോഹർ തുടങ്ങിയ പ്രശസ്ത സംവിധായകർക്കൊപ്പം ചേർന്ന് ഇരുപതിലേറെ ബോളിവുഡ് ചിത്രങ്ങൾക്ക് ഇദ്ദേഹം കാമറ നിയന്ത്രിച്ചിട്ടുണ്ട്. ബ്ലാക്ക്, ഫനാ, ഗജിനി, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ ഹിറ്റുകൾ ഇക്കൂട്ടത്തിൽപ്പെടും.

ഷങ്കർ സംവിധാനം ചെയ്ത ബോയ്സ്, മണിരത്നം ചിത്രങ്ങളായ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത്, എ.ആർ. മുരുകദോസ് ഒരുക്കിയ ഏഴാം അറിവ് എന്നിവ ബോളിവുഡിലെ ഇടവേളകളിൽ ഛായാഗ്രഹണം നിർവഹിച്ച ശ്രദ്ധേയങ്ങളായ തമിഴ് ചിത്രങ്ങളാണ്. ജീവയെ നായകനാക്കിയ യാൻ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായും ഇദ്ദേഹം സാന്നിധ്യമറിച്ചു. ഭാര്യ ഹേമലതയോടും രണ്ടു മക്കളോടുമൊപ്പം ചെന്നൈയിലാണ് രവിയുടെ താമസം.

തയാറാക്കിയത്: <യ> സാലു ആന്റണി