എല്ലാം ഒന്ന് കലങ്ങിത്തെളിയട്ടെ: ലാൽ
എല്ലാം ഒന്ന് കലങ്ങിത്തെളിയട്ടെ: ലാൽ
Monday, August 8, 2016 4:25 AM IST
പുതുപാത തെളിച്ചു മുന്നേറുന്നവരാണ് ചരിത്രത്തെ സൃഷ്ടിക്കുന്നത്. മലയാളികളുടെ സിനിമാ ആസ്വാദനത്തിൽ പുതുപാത വെട്ടിത്തുറന്നവരായിരുന്നു സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. റാംജി റാവ് സ്പീക്കിംഗിൽ ആരംഭിച്ച് കിംഗ് ലയറിൽ എത്തി നിൽക്കുന്ന അവരുടെ വിജയപാതയിൽ മലയാള സിനിമയുടെ വളർച്ചയുടെ ചരിത്രവും ഉറങ്ങിക്കിടക്കുന്നു. സിദ്ധിഖ് സംവിധായകനായി പടവുകൾ ചവുട്ടിക്കയറിയപ്പോൾ ലാൽ സിനിമയുടെ സർവമുഖങ്ങളിലും തന്റെ കൈയ്യൊപ്പു ചാർത്തിനിന്നു. സംവിധായകൻ, അഭിനേതാവ്, നിർമാതാവ്, വിതരണം തുടങ്ങി സിനിമയെ ജീവശ്വാസമാക്കി മാറ്റിയപ്പോൾ ലാൽ എന്നത് ഒരു ബ്രാൻഡ് നെയിം പോലെ മാറിക്കഴിഞ്ഞിരുന്നു. കൂടെ ലാൽ ക്രിയേഷൻസ് എന്ന സിനിമാ നിർമാണ കമ്പനിയും. അഭിനേതാവായും സംവിധായകനായും പുരസ്കാര നിറവോടെ ഉയരങ്ങൾ താണ്ടി ലാൽ വളർന്നപ്പോൾ മലയാളി പ്രേക്ഷകനെ അമ്പരപ്പെടുത്തി ലാൽ ക്രിയേഷൻസ് എന്ന നിർമാണ കമ്പനിക്കു പെട്ടെന്നൊരു വിരാമം കൽപിച്ചു. എന്തുപറ്റി ലാൽ ക്രിയേഷൻസിന്? മകൻ ജീൻ പോളും സിനിമയിൽ സജീവമായി നിൽക്കുമ്പോൾ എന്തിനു വേണ്ടിയാണ് ലാൽ ക്രിയേഷൻസ് നിർത്തിവെച്ചത്? തിയറ്ററുകളിൽ വിജയ കാഹളം മുഴക്കി പുതിയ ചിത്രം കിംഗ് ലയർ ദൃശ്യവിസ്മയം തീർത്ത വേളയിൽ ലാലിന്റെ വാക്കുകളിലൂടെ നമുക്കറിഞ്ഞു തുടങ്ങാം... അനുഭവങ്ങളും സാക്ഷ്യ മൊഴികളും...

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ നിന്നും കിംഗ് ലയർ തിയറ്ററുകളിൽ വിസ്മയം തീർത്തിരിക്കുന്നു. എങ്ങനെയായിരുന്നു വീണ്ടും ആ കൂട്ടുകെട്ടിലേക്കെത്തിയത്?

ഞാനും സിദ്ധിഖും ഒന്നിച്ചു സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ പുതിയൊരു ചിത്രം ഞങ്ങൾ ഒന്നിച്ചു ചെയ്യുമ്പോൾ അതിനേക്കാളും വലിയ തമാശയും വലിയ ഹിറ്റുമായിരിക്കും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സത്യത്തിൽ അതൊരു ഭീഷണിയായിരുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ആദ്യം ഞാൻ തൽപരനായിരുന്നില്ല. ചിലപ്പോൾ മികച്ച ഇനിഷ്യലും ആദ്യ ദിവസങ്ങളിൽ നല്ല കളക്ഷനും ലഭിക്കുമായിരിക്കും. പ്രൊഡ്യൂസർ എന്ന നിലയിൽ ഹാപ്പി ആകാൻ അതുമതിയാകും. പക്ഷെ, ഞങ്ങളുടെ സിനിമയിൽ പ്രേക്ഷകർക്ക് ഒരു വിശ്വാസമുണ്ട്. അതു തകരാനും പാടില്ല. കിംഗ് ലയറിന്റെ നിർമാതാക്കൾ എന്നെ സമീപിച്ചപ്പോൾ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു സിദ്ധിഖ് അതിനു തയാറാകില്ലെന്ന്. അതുകൊണ്ട് ഞാൻ പറഞ്ഞു നിങ്ങൾ സിദ്ധിഖിനോട് സംസാരിക്ക്. സിദ്ധിഖിനു സമ്മതമാണെങ്കിൽ നമുക്കു ചെയ്യാമെന്ന്. അവർ സിദ്ധിഖിനെ കണ്ടു. സിദ്ധിഖ് സമ്മതിച്ചു. അതോടെ നമ്മുടെ ടെൻഷൻ ആരംഭിച്ചു. ഏകദേശം എട്ടു മാസത്തോളം ഈ ചിത്രത്തിനായി എനിക്കു മാറ്റിവയ്ക്കേണ്ടി വന്നു. കഥയും കാര്യങ്ങളെല്ലാം പെട്ടെന്നു തന്നെ തയാറായി. തിരക്കഥയും സീൻ ഓർഡറും ആദ്യത്തെ 20 ദിവസംകൊണ്ട് പൂർത്തിയാക്കി. വിപിൻ ചന്ദ്രനാണ് സംഭാഷണമെഴുതുന്നത്. ആദ്യമായാണ് മറ്റൊരാൾ നമുക്കു വേണ്ടി എഴുതുന്നത്. തിരക്കഥ പൂർത്തിയാക്കിയതിനു ശേഷവും സിദ്ധിഖ് ചിത്രത്തിന്റെ കാര്യങ്ങളൊക്കെ തിരക്കുമായിരുന്നു. പക്ഷെ, നമുക്കു ജോലി ഒരുപാട് കിടക്കുകയാണ്. ലൊക്കേഷൻ കാണാൻ പോകണം. യാത്ര വലിയൊരു സംഗതിയായിരുന്നു. ബാങ്കോക്ക്, ദുബായി ഇവിടെല്ലാം ലൊക്കേഷൻ തിരക്കി നടന്നു. കേരളത്തിലാണ് ഷൂട്ടിംഗ് എങ്കിൽ എവിടെയൊക്കെയാണെന്ന കൃത്യമായ ധാരണ നമുക്കുണ്ട്. പക്ഷെ വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ നമുക്ക് അറിയില്ല. പലരും പറഞ്ഞു നമ്മൾ തേടി ചെല്ലുമ്പോൾ അതു നമ്മുടെ മനസിലുള്ളതാകില്ല. അതുകൊണ്ടു തന്നെ ചിത്രത്തിലെ ക്ലൈമാക്സൊക്കെ നമ്മൾ ഇവിടെത്തന്നെ സെറ്റ് ഒരുക്കിയാണ് ചെയ്തത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ08ളമ2.ഷുഴ മഹശഴി=ഹലളേ>

ചിത്രത്തിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ എത്രത്തോളം ഫലപ്രദമായി?

നമ്മളൊരു സിനിമ ചെയ്യുമ്പോൾ അത് ആദ്യം നമുക്കിഷ്ടമാകണം. പിന്നീടു പ്രേക്ഷകനും. പക്ഷേ, ഈ ചിത്രത്തിന്റെ കാര്യത്തിലങ്ങനെയല്ല.

നമ്മുടെ ഇഷ്ടത്തിനേക്കാൾ ഒരു ഭയം എന്നിലുണ്ടായിരുന്നു. അതിന്റേതായ മാനസിക പിരിമുറുക്കം വലുതായിരുന്നു ഈ ചിത്രത്തിന്. അതുകൊണ്ടുതന്നെ രചനയിലെ മനോഹാരിതയെ ചിത്രത്തിൽ ഒരുക്കാൻ കഴിഞ്ഞോ എന്നു സംശയമുണ്ട്. കഥ നടക്കുന്നത് ദുബായിലാണ്. എന്നാൽ ചെലവ് വർധനവ് ചിത്രത്തെ ബാധിക്കാനും പാടില്ല. കാരണം ക്ലൈമാക്സ് സീനാണത്. മൂന്നു മത്സരങ്ങളുടെ ടാസ്ക് എന്നതു വലിയൊരു കടമ്പയായിരുന്നു. അതിനായി ബാംഗളൂരിൽ നിന്നും ആൾക്കാരെ കൊണ്ടു വന്നു. കാരണം ക്ലൈമാക്സ് സീൻ ആണത്. വീക്ക് ആയിപോകാൻ പാടില്ല. അതു ചിത്രത്തിനെ മൊത്തമായി ബാധിക്കും.

സംവിധാനത്തിനൊപ്പം ഇതി ൽ അഭിനയിക്കുന്നുമുണ്ടായിരുന്നല്ലോ?

ചെയ്തിരുന്ന പതിവു വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു സ്റ്റൈലിഷ് വേഷമാണ് ഈ ചിത്രത്തിൽ എനിക്കുള്ളത്. സംവിധായകനായും അഭിനേതാവായും നിർമാതാവായും തുടങ്ങി സിനിമയുടെ വിവിധ മേഖലയിൽ പ്രയത്നിച്ചിട്ടുള്ളൊരു വ്യക്‌തിയാണ് ഞാൻ. എന്നാൽ ഇത്രത്തോളം മെന്റൽ സ്ട്രെയിൻ എടുത്തൊരു ചിത്രം വേറെയില്ല. ഇതൊരു മഹത്തായ ചിത്രമെന്നൊ ഗംഭീര പടമെന്നോ പറയില്ല. എങ്കിലും ഇത്രയും ടെൻഷനിലും ഈ ചിത്രത്തെ തിയറ്ററിലെത്തിക്കാൻ എനിക്കു കഴിഞ്ഞു. സിനിമ കണ്ടവർ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ സന്തോഷമുണ്ട്. ഞാനും സിദ്ധിഖും ചെയ്ത പഴയ ചിത്രങ്ങൾ പോലെ മികച്ച ചിത്രം എന്നവകാശപ്പെടുന്നില്ലെങ്കിലും ശുഭപര്യവസാനമായി ചിത്രത്തെ ഒരുക്കാൻ കഴിഞ്ഞു.

കഥാപാത്രങ്ങളുടെ അപ്പിയറൻസ് ചിത്രത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. അതിലേക്കും ശ്രദ്ധ തിരിയാൻ കാരണം?

ഫാഷൻ ഷോ പശ്ചാത്തലത്തിലാണല്ലൊ ചിത്രത്തിന്റെ കഥ നടക്കുന്നത്. ആ ഫീൽഡിനെപ്പറ്റി എനിക്കു വലിയ ധാരണയില്ല. അപ്പോൾ അതു ഞാൻ പഠിക്കണം. അതിനുള്ള കോസ്റ്റ്യൂംസ്, മേക്കപ്പ്, മത്സരങ്ങളെങ്ങനെയന്നറിയണം. അതിനുള്ള തയാറെടുപ്പുകൾ വലുതായിരുന്നു. കാരണം ഞാൻ ഫാഷൻഷോയിൽ ഒന്നും താല്പര്യമുള്ള ആളല്ലായിരുന്നു. എന്നെ ഒരു പരിധിവരെ അതിനു സഹായിച്ചത് എന്റെ മകൻ ജീൻ ആണ്. കാരണം അതിനോരോന്നിനും വേണ്ടി അവനും വളരെ സ്ട്രെയിൻ എടുത്തിരുന്നു. അതുകൊണ്ടു തന്നെ കോസ്റ്റ്യൂംസിന്റെയും മേക്കപ്പിന്റെയും കാര്യത്തിൽ അഭിമാനിക്കാനുള്ള വകയുണ്ട്. നായകനിലും നായികയിലും മാത്രം ഒതുങ്ങാതെ എല്ലാവരും സ്റ്റൈലിഷായാണ് ചിത്ര ത്തിലെത്തുന്നത്. അത്രത്തോളം പെർഫെക്ഷനിൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ജീനും അവന്റെ ഫ്രണ്ട്സും അതിനായി ഒപ്പമുണ്ടായിരുന്നു.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ08ളമ3.ഷുഴ മഹശഴി=ഹലളേ>

വർഷങ്ങൾക്കുശേഷം സിദ്ധിഖ് ലാൽ കൂട്ടുകെട്ട് സാധ്യമായപ്പോൾ അതിൽ വെല്ലുവിളിയുണ്ടായിരുന്നോ?

ഞങ്ങൾ തമ്മിലുളള കൂട്ടുകെട്ട് എന്നുമുണ്ടായിരുന്നു. എങ്കിലും തമ്മിലുള്ള കൂടിക്കാഴ്ച കുറവായിരുന്നു. ഞങ്ങൾ രണ്ടുപേരും ഇടപെടുന്ന ആൾക്കാരുപോലും വ്യത്യസ്തരാണ്. എന്റെയും സിദ്ധിഖിന്റെയും കോമൺ ഫ്രണ്ട്സ് തന്നെ ചുരുക്കമാണ്. വ്യത്യസ്തങ്ങളായ ധ്രുവത്തിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം. പണ്ടത്തെപോലെ തന്നെ ഞങ്ങളിപ്പോഴും കാണുമ്പോൾ തമാശ പറഞ്ഞ് ചിരിക്കാറുണ്ട്. പക്ഷെ കൂടുതലും പഴയ തമാശയുടെ ഓർമകളായിരിക്കും ഇപ്പോൾ ചിരികളായി എത്തുന്നത്. ഇത്രയൊക്കെ തമാശ പറഞ്ഞു ചിരിച്ചിട്ട് എഴുത്തിലേക്കു കടക്കുന്ന സമയത്ത് എന്തോ ഒരു ചേർച്ചക്കുറവുപോലെ. അതിനു കാരണമെന്നത് പണ്ട് ഞങ്ങൾ കൂട്ടുകാർ മാത്രമായിരുന്നു. ഇപ്പോൾ പരസ്പരം ബഹുമാനം വളർന്നു. അന്നു കൂട്ടുകാരെ പോലെ തുറന്നു സംസാരിക്കുമായിരുന്നെങ്കിൽ ഇന്നു ആ സ്വാതന്ത്ര്യം മറ്റൊരു തലത്തിലേക്കു മറി എന്നതാണ്. ഒരാളൊരു വിഡ്ഡിത്തം പറഞ്ഞാൽ അതുവേണ്ട, അത് കൊള്ളില്ല എന്നു പറയാൻ കുറച്ചേറെ സമയമെടുത്തു ആദ്യമൊക്കെ. എന്നാൽ കുറച്ചു ദിവസംകൊണ്ട് അതൊക്കെ മാറി. ട്രാക്കിലെത്തിക്കഴിഞ്ഞപ്പോൾ പിന്നെ സുഗമമായി കാര്യങ്ങൾ. ചിലപ്പോൾ പ്രായത്തിന്റെ മാറ്റമാകാം ഞങ്ങളിൽ. ചർച്ചയുടെ ആദ്യ ദിവസങ്ങളിലൊക്കെ പഴയ കഥകൾ മാത്രം പറഞ്ഞിരിക്കുകയായിരുന്നു. വേഗത്തിൽ ഞങ്ങൾ ട്രാക്കിലേക്കെത്തിയപ്പോഴാണ് സിനിമയുടെ രചന സംഭവിച്ചതു തന്നെ.

നിരവധി ഹിറ്റു ചിത്രങ്ങളുടെ സൃഷ്ടി കർത്താവായ ലാൽ ക്രിയേഷൻസ് ഇന്നെവിടെ? എന്തായിരുന്നു ഒരു പിൻവാ ങ്ങലിനു കാരണമായത്?

സിനിമാ നിർമാണത്തിൽ വളരെ വിജയകരമായി മുന്നോട്ടു പോയിരുന്ന ഒരു വ്യക്‌തിയാണ് ഞാൻ. അത്രത്തോളം പ്രൊഫഷണിലിസം ഞങ്ങൾ അതിൽ കാത്തു സൂക്ഷിച്ചിരുന്നു. എന്നാൽ ഇനിയൊരു തെളിച്ചം വേണം എന്നെനിക്കു തോന്നി. കാരണം തിയറ്ററുകാർക്ക് നമ്മുടെ ചിത്രങ്ങളിൽ അത്രത്തോളം പ്രതീക്ഷ നൽകിയിരുന്നു. അങ്ങനെ മുന്നോട്ടു സുഗമായി നീങ്ങിയിരുന്നു. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട കാര്യമാണത്. എന്നാൽ ഒരു കാലഘട്ടമായപ്പോൾ വെളിയിൽ നിന്നും പല കൈകടത്തലുകൾ സിനിമ നിർമാണത്തിലേക്കെത്താൻ തുടങ്ങി. പിക്ചറിലേക്കെത്താതെ പുറത്തു നിന്നു കുറച്ചു പേർ പൈസ മുടക്കുന്നു. ഒരാൾ പ്രൊഡ്യൂസറായി മുന്നിലെത്തുന്നു. അവരുടെ ലക്ഷ്യം ചിത്രങ്ങളുടെ തിയറ്റർ വിജയമല്ലായിരുന്നു. മറ്റൊരാൾ ഇൻവെസ്റ്റു ചെയ്യുന്ന മൂന്നു കോടിയോ അഞ്ചുകോടിയോ രൂപയിൽ നിന്നും നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. ഒരു പ്രോജക്ട് പ്ലാൻ ചെയ്യുമ്പോൾ ആ ബഡ്ജറ്റിൽ നിന്നും എത്രമാത്രം കുറച്ച് സിനിമയെടുക്കാമോ എന്നാണ് അവരുടെ നോട്ടം. കാരണം ബാക്കിയാകുന്ന തുക എത്രയാണോ അത് അവരുടെ ലാഭമാണ്. ആ ലാഭത്തിലേക്കു മാത്രം കണ്ണെത്തിയപ്പോൾ സിനിമയുടെ ഗുണം നഷ്ടപ്പെട്ടു. ഫേക്ക് നിർമാതാക്കൾ എത്തിയതോടെ സിനിമയുടെ പ്രവർത്തകർക്കു തമ്മിൽ ഒരു കടപ്പാടോ ബഹുമാനമോ ഇല്ലാതായി. സിനിമ എങ്ങനെ നിർത്തിയാലും ലാഭമെന്നൊരു കണക്കു കൂട്ടൽ സംവിധായകനും ക്രൂവിനും ഉണ്ടായി. കൈയ്യിൽ നിന്നും കാശ് മുടക്കുന്ന ഒരു നിർമാതാവ് അവന്റെ ചിത്രത്തിനെയാണ് നോക്കുന്നത്. അവിടെ മാത്രമാണ് ഈ ചിത്രം തിയറ്റിൽ വിജയിക്കണമെന്നുള്ള വാശി സിനിമക്കാർക്കുണ്ടാകുന്നത്. പിന്നീടാണ് സാറ്റലൈറ്റ് വരുമാനമൊക്കെ സിനിമയിലേക്കെത്തുന്നത്. അപ്പോൾ ഒരു നടത്തിപ്പുകാരൻ എന്ന ലെവലിലേക്ക് ഇത്തരം നിർമാതാക്കൾ മാറാൻ തുടങ്ങി. പുതിയൊരു നിർമാതാവ് ഈ ഫീൽഡിലേക്ക് എത്തുമ്പോൾ അവരും കേൾക്കുന്നത് ഇതാണ്. സാറ്റ്ലൈറ്റ് റൈറ്റ്, വീഡിയോ റൈറ്റ് വാങ്ങി സിനിമയെടുക്കാമെന്നുള്ള കോ പ്രോഡ്യൂസർ ലെവലിലേക്ക് അവരും മാറുന്നു. എന്നാൽ ഇപ്പോൾ പല മാറ്റങ്ങളും സിനിമയിൽ സംഭവിക്കുന്നുണ്ട്. എന്നാലും ഭീമമായ നഷ്ടമാണ് ഈ ഇൻഡസ്ട്രിയിൽ നടക്കുന്നത്. ചിത്രങ്ങളുടെ എണ്ണം കൂടുന്നു. നഷ്ടം എന്നു പറഞ്ഞാലും അത്രയും പൈസ ഇൻഡസ്ട്രിയിലേക്കുള്ള ആൾക്കാരിലേക്കു തന്നെയാണ് എത്തുന്നത്. അങ്ങനെയും കരുതാം.

അപ്പോഴാണ് ഇതൊക്കെയൊന്നു കലങ്ങിത്തെളിയട്ടെയെന്നു കരുതിയത്. കാരണം പ്രൊഡ്യൂസർ എന്ന വ്യക്‌തിക്ക് ബഹുമാനം കൊടുക്കുന്ന, മര്യാദ കൊടുക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ മാറിപ്പോയി. ഒരു പ്രൊഡ്യൂസർ എന്നാൽ കലാകാരനായിരിക്കണം. അവരുടെ കൈയ്യിൽ കാശും ഉണ്ടായിരിക്കണം. ഇപ്പോഴും അങ്ങനെയുള്ള ചിലരുണ്ട്. അവർക്കു മാത്രമായിരിക്കും സിനിമയോട് ആത്മാർത്ഥയും ഉണ്ടാകുന്നത്. ഞങ്ങളുടെ തുടക്ക കാലത്ത് അത്തരം ഭാഗ്യമുണ്ടായി എന്നതാണ്. ഫാസിൽ സാറിന് ഞങ്ങളിലും കഥയിലുമുണ്ടായിരുന്ന വിശ്വാസമായിരുന്നു അത്. പുതുമുഖങ്ങളെ നായകരാക്കി ചിത്രമെടുക്കാൻ അദ്ദേഹമാണ് ധൈര്യം നൽകിയതും.

അഭിനയം, സംവിധാനം തുടങ്ങിയ പുതിയ പദ്ധതികൾ ഏതൊക്കെയാണ്?

കിഗ് ലയറിന്റെ കഥ കേൾക്കാൻ തുടങ്ങിയ അന്നു മുതൽ മറ്റൊരു ചിത്രത്തിന്റെ കഥയും ഞാൻ കേട്ടിട്ടില്ല. ഒരു സിനിമയും കമ്മിറ്റു ചെയ്തിട്ടില്ല. പുലിമുരുകനിലെ വേഷം കിംഗ് ലയറിനു മുമ്പ് ചെയ്തതാണ്. അനു റാം സംവിധാനം ചെയ്യുന്ന സിനിമ ദം പൂർത്തിയായി. ഇനി ഓഗസ്റ്റിൽ ജീനിന്റെ ചിത്രമുണ്ട്. ഹണി ബീയുടെ സെക്കൻഡ് പതിപ്പ്. പിന്നെയുള്ളത് യക്ഷഗാനത്തെ ആസ്പദമാക്കിയുള്ളൊരു ചിത്രമാണ്. ജയസൂര്യയെ നായകനാക്കി ഞാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊരു പ്രോജക്ട്. ജനുവരിയോടെ അത് ആരംഭിക്കണമെന്നു വിചാരിക്കുന്നു. അതിന്റെ എഴുത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ.

<യ> –ലിജിൻ കെ. ഈപ്പൻ