സമിശ്ര കൃഷി സംയോജിതമാക്കി അനിയപ്പൻ
സമിശ്ര കൃഷി സംയോജിതമാക്കി അനിയപ്പൻ
Friday, August 5, 2016 5:09 AM IST
<യ> ടോം ജോർജ്

വിവിധ തരം കൃഷികൾ ഒന്നിച്ചുചെയ്യുന്ന സമിശ്രകൃഷി, പരസ്പരം ബന്ധിപ്പിപ്പിച്ച് സംയോജിതമാക്കി നേട്ടം കൊയ്യുകയാണ് അനിയപ്പൻ എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് .

ചേർത്തല തുറവൂർ ദേവസ്വം തറയിൽ ടി. അനിയപ്പൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു ദശാബ്ദത്തിലേറെയായി. വീടിനു മുമ്പിലും പുറകിലുമുള്ള ഒന്നരഏക്കർ തോടുകളിലാണ് മീൻ വളർത്തൽ. അലങ്കാര മത്സ്യങ്ങളായ കാർപ്പ്, ഗോൾഡ് ഫിഷ് എന്നിവയും ഒപ്പം ഗിഫ്റ്റ് തിലാപ്പിയയും കരിമീനും കൊഞ്ചും വളർത്തുന്നു. അലങ്കാരമത്സ്യങ്ങൾ 400–500 ഗ്രാം തൂക്കമുള്ളവ 300–350 രൂപയ്ക്കും 200–250 ഗ്രാം തൂക്കമുള്ളവ 100–150 രൂപയ്ക്കുമാണ് നൽകുന്നത്. മീൻകുളത്തിന്റെ മുകളിൽ വലകെട്ടി പന്തലൊരുക്കി ഇതിൽ പച്ചക്കറി പടർത്തിക്കയറ്റുന്നു.

മീൻ വളർത്തുന്ന തോടുകൾക്കു നടുവിലെ വരമ്പിന്റെ വശങ്ങളിലാണ് പാവൽ, പീച്ചിൽ എന്നിവ വളർത്തുന്നത്. ഇവ തോടിന്റെ മുകളിലെ നെറ്റിലേക്കു പടർത്തുന്നു. ഇതുകൊണ്ടു രണ്ടു ഗുണങ്ങളുണ്ടെന്നു അനിയപ്പൻ പറയുന്നു. ഒന്ന് മത്സ്യങ്ങൾ പന്തലിനടയിലെ തണലിൽ കൂട്ടത്തോടെയെത്തും. തന്റെ 1500 വളർത്തു താറാവുകൾക്കും തണൽ ഇഷ്‌ടമാണ്.

ഇവയും തോട്ടിലെ പന്തലിനടിയിൽ എത്തുന്നു. ഇവയുടെ കാഷ്‌ടം അപ്പോൾ തന്നെ താഴെയുള്ള മീനുകൾക്ക് ഭക്ഷണമാകുന്നു. തണൽ മീനിന്റെ വളർച്ച വർധിപ്പിക്കും.

നാടൻ, 18–ാം പട്ട തെങ്ങിനങ്ങളും അനിയപ്പൻ കൃഷിചെയ്യുകയും തൈകൾ വിൽക്കുകയും ചെയ്യുന്നു. നട്ട് 18 മാസത്തിനുള്ളിൽ കായ്ക്കുന്നവയാണ് 18–ാം പട്ട. ഇവ 200 രൂപയ്ക്കും നാടൻ തെങ്ങ് 60 രൂപയ്ക്കുമാണ് നൽകുന്നത്.

പാവൽ, പടവലം, പീച്ചിൽ എന്നിവ ഒന്നരാടം 45 കിലോ വീതം ഫാമിൽ നിന്നുതന്നെ വിൽക്കുന്നു. വള്ളിപ്പയർ പ്രത്യേകം കൃഷിചെയ്യുന്നു. അത്യുത്പാദന ശേഷിയുള്ള എൻ 16 ഇനമാണ് കൃഷിചെയ്യുന്നത്. താറാവിൻ കാഷ്‌ടവും ചാണകവും മൂത്രവും ഒക്കെയാണ് വളം. നാടൻ പശു 12 എണ്ണമുണ്ട്. പറയകാട് ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റുകൂടിയായ അനിയപ്പന്റെ വീട്ടിലെ പശുവിൻപാലും ഇങ്ങോട്ടുതന്നെയാണ് എത്തുന്നത്.

ചെമ്മീൻ പീലിംഗ് ഷെഡ്ഡുകളിലെ മലിനജലം നിറഞ്ഞുകിടക്കുന്ന തോടുകളുടെ നടുക്ക് ഇവയിലെ വെള്ളം കയറ്റാതെയാണ് മത്സ്യകൃഷി ചെയ്യുന്നത്. ഇതിനായി മത്സ്യകൃഷി ചെയ്യുന്ന തോട്ടിൽ ഫുട് വാൽവ് ക്രമീകരിച്ചിരിക്കുന്നു.


മത്സ്യത്തോട്ടിൽ ജലനിരപ്പുയരുമ്പോൾ ഫുട്് വാൽവ് തനിയേ തുറന്ന വെള്ളം പുറത്തേക്കൊഴുകും. എന്നാൽ പുറത്തുനിന്ന് വെള്ളം അകത്തേക്കു കയറാതെയും വാൽവ് സംരക്ഷിക്കും. കപ്പകൃഷിയും ഇദ്ദേഹം ചെയ്യുന്നുണ്ട്. തക്കാളി, വെണ്ട, വഴുതുന, വെള്ളരി എന്നിവയെല്ലാം മാറിമാറി കൃഷി ചെയ്യുകയാണ് രീതി. മത്സ്യക്കുളത്തിൽ നിന്നും ജീവൻ പോകാത്ത മത്സ്യമാണ് നൽകുന്നത്. ഇതിനാൽ വില കൂടുതൽ ലഭിക്കുന്നു. കടലിൽ മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന വലഉപയോഗിച്ചാണ് മത്സ്യം പിടിച്ചുനൽകന്നത്. ഒരുപ്രാവശ്യം വലയെറിയുമ്പോൾ 200 കിലോ മത്സ്യം ലഭിക്കും. ഇങ്ങനെ പിടിച്ച മത്സ്യം തോട്ടിലെ തന്നെ നെറ്റ് കൂട്ടിലിടും. ആവശ്യക്കാർ വരുമ്പോൾ ഇതിൽ നിന്നു നൽകും. കിലോയ്ക്ക് 200 രൂപയ്ക്കാണ് ഗിഫ്റ്റ് തിലാപ്പിയ നൽകുന്നത്. ഹോൾ സെയിലുകാർക്ക് 160 രൂപയ്ക്കും നൽകും.

<യ> കൃഷിരീതി

മത്സ്യം വളർത്തുന്ന തോടുകൾ വർഷത്തിലൊരിക്കൽ വൃത്തിയാക്കും. മേയ്മാസത്തിലാണ് ഇതു ചെയ്യുന്നത്. ചെളിമാറ്റി 50 സെന്റിൽ 150 കിലോ കുമ്മായമിടും. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം കറുപ്പു നിറമാകും. ഇത് മോട്ടോർ ഉപയോഗിച്ച പുറത്തു കളയും. പിന്നീട് 50 സെന്റിന് 10 കിലോ വേപ്പിൻ പിണ്ണാക്കിട്ട് രണ്ടാഴ്ചകഴിയുമ്പോൾ വെള്ളം തെളിയും.ഇതിൽ 50 സെന്റിന് 30 കിലോ എന്നതോതിൽ പച്ചച്ചാണകം ഇടും. മത്സ്യവളർച്ചയ്ക്കും ആഹാരത്തിനുമായുള്ള പ്ലവകങ്ങൾ വളരാനാണിത്. പ്ലവകങ്ങൾ വളർന്ന് വെള്ളം പച്ച നിറമാകുമ്പോൾ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.

പച്ചക്കറി കൃഷിക്കും ഉണ്ട് ഒരു അനിയപ്പൻ സ്റ്റെൽ. മണ്ണിളക്കലാണ് ആദ്യ പടി. പിന്നെ 10 സെന്റിന് അരക്കിലോ എന്ന തോതിൽ കുമ്മായമിട്ട്് രണ്ടു ദിവസത്തിനു ശേഷം നന്നായി നനയ്ക്കും. അതിനു ശേഷം പാകി കിളിർപ്പിച്ച ആരോഗ്യമുള്ള തൈകൾ മാത്രം പറിച്ചു നടും.

പാകി കിളിർപ്പിച്ച തൈകൾക്ക് ഒന്നിടവിട്ട് ജലസേചനം നൽകും. വാടിപ്പോകുന്നവയെ പറിച്ചുമാറ്റിയാണ് ആരോഗ്യമുള്ളവയെ മാത്രം തെരഞ്ഞടുക്കുക. കൃഷി ലാഭകരമല്ലെന്നു പറയുന്നത് ശരിയല്ലെന്നാണ് ചാട്ടേർഡ് അക്കൗണ്ടന്റായ അനിയപ്പന്റെ കണക്കുകൂട്ടൽ. പ്രകൃതിക്ഷോഭം വന്നില്ലെങ്കിൽ കൃഷിലാഭമാണ്. ചെയ്യേണ്ട രീതിയിൽ ചെയ്യണമെന്നു മാത്രം. ഭാര്യ ബ്രീസും മക്കളായ അഭയകൃഷ്ണൻ, ശ്രേയ എന്നിവരും അനിയപ്പനൊപ്പം കൃഷിയിൽ വ്യാപൃതരാണ്. ഫോൺ– അനിയപ്പൻ– 94976 25551.