വയർലെസ് കീബോർഡുകൾ ’പണി‘തരും
വയർലെസ് കീബോർഡുകൾ ’പണി‘തരും
Thursday, August 4, 2016 3:51 AM IST
ഉപയോഗിക്കാൻ എളുപ്പം. എവിടെ വേണമെങ്കിലും ഉപയോഗിക്കാം. വയർലെസ് കീബോർഡ് ഉപയോഗിക്കുന്നവർ പറയുന്ന കാരണങ്ങളിതൊക്കെയാണ്. എന്നാൽ ഇവയുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾ ചിന്തിക്കാറുണ്ടോ? കീബോർഡിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ ആരും ചോർത്തുന്നില്ലെന്ന് ഉറപ്പാണോ? ഉറപ്പിക്കാൻ വരട്ടെ. വിപണിയിൽ നിലവിലുള്ള മൂന്നിലൊന്ന് കീബോർഡുകളും സുരക്ഷിതമല്ലെന്നാണ് സൈബർ സുരക്ഷയെക്കുറിച്ച് പഠനംനടത്തുന്ന ബാസ്റ്റിലിന്റെ റിപ്പോർട്ട്. എന്നാൽ ബ്ലൂടൂത്ത് കീബോർഡുകൾ പൊതുവെ സുരക്ഷിതമാണ്.

ഒട്ടുമിക്ക വയർലെസ് കീബോർഡുകളും ഡാറ്റ അയയ്ക്കാൻ എൻക്രിപ്ഷൻ ഉപയോഗിക്കുന്നില്ലാത്തതാണ് ഇതിന്റെ സുരക്ഷയെ ചോദ്യം ചെയ്യാൻ കാരണം. വിലകുറഞ്ഞ വയർലെസ് കീബോർഡുകളാണ് സുരക്ഷയുടെ കാര്യത്തിൽ പുറകിലുള്ളത്. ഇവയിൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ ഹാക്ക് ചെയ്യാൻ വളരെ എളുപ്പമാണ്.

വയർലെസ് കീബോർഡുകൾ ഹാക്ക് ചെയ്യാനുള്ള ഉപകരണത്തിനും വലിയ വിലയില്ല. ഓൺലൈൻ സ്റ്റോറുകളിൽ രണ്ടായിരമോ മൂവായിരമോ വിലയുള്ള ആന്റിന ഉപയോഗിച്ച് ഇവ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും. വയർലെസ് കീബോർഡ് ഉപയോഗിക്കുന്നയാളുടെ 250 മീറ്റർ പരിധിയിൽ ഹാക്ക് ചെയ്യാനുള്ള ഈ ഉപകരണം പ്രവർത്തിച്ചാൽ ഡാറ്റ ചോർത്താൻ കഴിയും. പൊതുസ്‌ഥലത്ത് വയർലെസ് കീബോർഡ് ഉപയോഗിച്ച് സോഷ്യൽ മീഡിയ യൂസർ നെയിമുകൾ, പാസ്വേർഡുകൾ, നെറ്റ് ബാങ്കിങ് പാസ്വേർഡുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ തുടങ്ങിയവ നൽകുമ്പോൾ സൂക്ഷിക്കുക, അജ്‌ഞാതനായ ഒരാൾ ഒരുപക്ഷെ ഇതെല്ലാം ചോർത്തുന്നുണ്ടാവാം.


പ്രമുഖ കമ്പനികളുടെയടക്കമുള്ള പല വയർലെസ് കീബോർഡുകളും സുരക്ഷാ കാര്യത്തിൽ പിന്നിലാണ്. ബ്ലൂടൂത്ത് കീബോർഡുകളോ, വയറുള്ള കീബോർഡുകളോ ഉപയോഗിക്കുന്നതാണ് സുരക്ഷാ കാര്യത്തിൽ ഉത്തമം. ബ്ലൂടൂത്ത് കീബോർഡുകൾ എൻക്രിപ്റ്റ് ചെയ്ത ഡാറ്റയാണ് അയയ്ക്കുന്നത്. വയറുള്ള കീബോർഡുകൾ സിഗ്നലുകൾ പ്രസരണം ചെയ്യുന്നില്ലാത്തതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഇവ വളരെ മുന്നിലാണ്.

വയർലെസ് കീബോർഡുകൾ ഹാക്ക് ചെയ്യുന്നത് തടയാൻ നിലവിൽ മാർഗങ്ങളൊന്നുമില്ല. ഇത്തരം കീബോർഡുകൾ എത്രമാത്രം സുരക്ഷ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നു നോക്കി മാത്രം വാങ്ങുക.

<യ> –സോനു തോമസ്