സ്മാഷുകളുടെ കൂട്ടുകാരി
സ്മാഷുകളുടെ കൂട്ടുകാരി
Tuesday, August 2, 2016 4:16 AM IST
വോളിബോളിൽ ഇന്ത്യൻ വനിതകൾ രണ്ടു ലോക ചാമ്പ്യൻഷിപ്പുകൾ മാത്രമേ കളിച്ചിട്ടുള്ളു. 1952ലെ ലോകകപ്പും 1981ലെ ജൂണിയർ ലോകകപ്പും. 35 വർഷം മുമ്പ് മെക്സിക്കോയിൽ നടന്ന ജൂണിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ചത് ഒരു മലയാളി പെൺകുട്ടിയായിരുന്നു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി കുപ്പായക്കോട് സ്വദേശിനി സാലി ജോസഫ്.

ജംപിംഗ് മികവും പവർഫുൾ അറ്റാക്കും പോരാട്ടശേഷിയും സാലി ജോസഫിനെ രാജ്യത്തെ മികച്ച വോളിബോൾ താരങ്ങളുടെ നിരയിലേക്ക് ഉയർത്തി. 18–ാമത്തെ വയസിൽ ദേശീയ കുപ്പായമണിഞ്ഞു. 1982ലെ ഡൽഹി ഏഷ്യാഡിൽ ഈ അഞ്ചടി ഏഴിഞ്ച് ഉയരക്കാരിയായിരുന്നു ക്യാപ്ടൻ. സാലിയുടെ നേട്ടങ്ങളെ രാഷ്ട്രം അർജുന അവാർഡ് നൽകി ആദരിച്ചു. ഓർക്കുക, വോളിബോളിൽ അർജുന അനുഗ്രഹിച്ച 26 താരങ്ങളിൽ മൂന്നുപേർ മാത്രമാണു വനിതകൾ. സാലിക്ക് ശേഷം മറ്റൊരു വനിതാ വോളിതാരത്തെയും അർജുന തേടിയെത്തിയിട്ടുമില്ല.

കേരളം വിട്ടുപോകാത്ത അപൂർവം കായികപ്രതിഭകളിൽ ഒരാളാണ് സാലി. 1977 മുതലുള്ള 11 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിന്റെ ഇടിമുഴക്കം. അക്കാലത്തെ കേരളത്തിന്റെ നേട്ടം ഇങ്ങനെ: നാല് കിരീടം, മൂന്ന് റണ്ണേഴ്സപ്പ്, ഒരു മൂന്നാം സ്‌ഥാനം.

കളിക്കളം വിട്ടശേഷം കായികമേഖലയിൽ വളരെ അപൂർവമായി മാത്രമെ സാലി ജോസഫിനെ കണ്ടിട്ടുള്ളു. കോഴിക്കോട് ആംഡ് റിസർവ് പോലീസ് ക്യാമ്പ് റോഡിലുള്ള ക്വീൻസ് പാർക്കിലെ പത്താം നമ്പർ വില്ലയായ ‘ഡിവൈൻ മേഴ്സി’യിൽ സാലി ജോസഫിനെ കണ്ടപ്പോൾ അതുതന്നെയാണ് ആദ്യം ചോദിച്ചത്.

ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസമുള്ള കാര്യങ്ങളേ ഞാൻ തെരഞ്ഞടുത്തിട്ടുള്ളു. ഏറ്റെടുക്കുന്നത് എന്തായാലും ആത്മാർഥമായി ചെയ്യും. കളിക്കാരിയെന്ന നിലയിൽ നല്ല പ്രകടനം നടത്താൻ കഴിഞ്ഞെന്നാണു വിശ്വാസം. കായികരംഗത്തെ മറ്റ് മേഖലകളിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കില്ല. അങ്ങനെയൊരു പരീക്ഷണത്തിന് ഒരുക്കവുമല്ല. അതുകൊണ്ടാണു കളി നിർത്തിയശേഷം കായികരംഗത്ത് തുടരാതിരുന്നത്... സാലി ജോസഫിന്റെ വിശേഷങ്ങളിലേക്ക്...

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ02റമ2.ഷുഴ മഹശഴി=ഹലളേ>

<യ> കൃഷിയിടത്തിൽ വോളി കോർട്ടൊരുക്കി അപ്പച്ചൻ

എറണാകുളം ജില്ലയിലെ വാഴക്കുളത്തായിരുന്നു ജനനം. അപ്പച്ചൻ കരിന്തോളിൽ കെ.വി.ജോസഫ്. അമ്മ ത്രേസ്യാക്കുട്ടി. ഞങ്ങൾ എട്ടുമക്കളായിരുന്നു. മൂന്ന് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും. അഞ്ചാമത്തേതായിരുന്നു ഞാൻ. എന്റെ കുട്ടിക്കാലത്ത് കുടുംബം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്ത കുപ്പായക്കോടിനു കുടിയേറി.

അപ്പച്ചനു കൃഷിയായിരുന്നു. വോളിബോൾ വലിയ ആവേശവും. കപ്പയും മറ്റും പറിച്ചുകഴിഞ്ഞാൽ കോർട്ടുണ്ടാക്കി അപ്പച്ചൻ ഞങ്ങളെക്കൂട്ടി കളിക്കാനിറങ്ങും. അയൽപക്കത്തെ കുട്ടികളെയും വിളിച്ചു കോർട്ടിലിറക്കും. അപ്പച്ചന്റെ പരിശീലനമാണ് എനിക്ക് വോളിബോളിൽ അടിത്തറയൊരുക്കിയത്.

എന്റെ കഴിവിൽ വീട്ടുകാർക്കു നല്ല വിശ്വാസമായിരുന്നു. എല്ലായ്പ്പോഴും പിന്തുണയുമായി അവരെല്ലാം കൂടെനിന്നു. പെൺകുട്ടിയല്ലേയെന്നു പറഞ്ഞ് ഒരുകാര്യത്തിലും മാറ്റി നിർത്തിയിട്ടില്ല.

<യ> സ്കൂൾയാത്ര നൽകിയ ഫിറ്റ്നസ്

കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിലും കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു പഠനം. ഹൈസ്കൂളിലേക്ക് അഞ്ച് കിലോമീറ്റർ നടക്കണം. കാടും മലയും കയറിയിറങ്ങി ഓടിയും ചാടിയുമാണു യാത്ര. അതു കായികശേഷിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഭൂപ്രകൃതി തന്ന നാച്വറൽ ഫിറ്റ്നസ് എന്നു വേണമെങ്കിൽ പറയാം.

ഹൈസ്കൂൾ പഠനകാലത്ത് ദേശീയ സ്കൂൾ മീറ്റിൽ ജാവലിൻ ത്രോയിൽ പങ്കെടുത്തു. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ഹൈജംപ് എന്നിവയും ചെയ്യുമായിരുന്നു. അഖിലേന്ത്യാ അന്തർ സർവകലാശാലാ മീറ്റിൽ ജാവലിനിൽ നാലാംസ്‌ഥാനം ലഭിച്ചു.

പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂളിൽ പെൺകുട്ടികളുടെ വോളിബോൾ ടീം രൂപീകരിക്കുന്നത്. സംസ്‌ഥാന മത്സരത്തിൽ പങ്കെടുത്തു. അങ്ങനെ ആ വർഷത്തെ റൂറൽ നാഷണൽസിനുള്ള കേരള ടീമിലേക്ക് സ്കൂളിൽ നിന്ന് എനിക്കും റോസമ്മയ്ക്കും മേരിക്കും സെലക്ഷൻ കിട്ടി. അക്കൊല്ലം കേരളത്തിന് വെള്ളി ലഭിച്ചു. സ്കൂളിലെ കായികാധ്യാപകരായ കെ.എം.മത്തായിയും റോസമ്മയും ഇംഗ്ലീഷ് അധ്യാപകൻ വർക്കി സാറും നൽകിയ പ്രോത്സാഹനം ഒരിക്കലും മറക്കാനാകില്ല.

<യ> പ്രോവിഡൻസ് കോളജും കാലിക്കറ്റ് വാഴ്സിറ്റിയും

വോളിബോളിലെ പ്രോമിസിംഗ് കളിക്കാർക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എസ്എസ്എൽസി കഴിഞ്ഞ വർഷമായിരുന്നു അത്. ക്യാമ്പ് നല്ലൊരു അനുഭവമായിരുന്നു. പ്രശസ്ത വോളിതാരം വടകര അബ്ദുൾറഹ്മാൻ സാറായിരുന്നു പരിശീലകൻ.

സാറിന്റെ നിർദേശപ്രകാരമാണു കോഴിക്കോട് പ്രോവിഡൻസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നത്. കോളജിൽ നല്ല കായികാന്തരീക്ഷമായിരുന്നു. കളിക്കാർക്ക് എല്ലാ പിന്തുണയുമായി പ്രിൻസിപ്പൽ സിസ്റ്റർ എഡ്ബർഗും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലെ സിസ്റ്റർ ലൂസിയും എപ്പോഴും കൂടെയുണ്ടായിരുന്നു. അവിടെ നിന്ന് ബികോമും പൂർത്തിയാക്കി.


അഞ്ചുവർഷവും സർവകലാശാലയെ പ്രതിനിധീകരിച്ചു. ഇക്കാലത്ത് കാലിക്കറ്റ് വാഴ്സിറ്റി രണ്ടുതവണ അഖിലേന്ത്യാ അന്തർ സർവകലാശാലാ കിരീടം നേടി. ഒരു തവണ ക്യാപ്ടനായി. ജയ്സമ്മ മൂത്തേടം, പി.പി.ഉഷ, ഗീത, കെ.കെ.ഉഷ തുടങ്ങിയവർ അക്കാലത്ത് ടീമിലുണ്ടായിരുന്നു.

<യ> റെയിൽവേയെ വിറപ്പിച്ച ദേശീയ ചാമ്പ്യൻഷിപ്പുകൾ

സർവകലാശാലയ്ക്കു വേണ്ടി കളിക്കുന്നതിന് മുമ്പേ സംസ്‌ഥാന സീനിയർ ടീമിൽ ഇടം കിട്ടിയിരുന്നു. 1977ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി കേരളത്തിന് വേണ്ടി കളിക്കുന്നത്. 1987 വരെ ടീമിൽ തുടർന്നു.

1979ലെ ബറോഡ നാഷണൽസിൽ ക്യാപ്ടനായി. ആവേശകരമായ ചാമ്പ്യൻഷിപ്പായിരുന്നു അത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ഫൈനലിൽ എത്തുകയാണ്. എന്റെ മൂന്നാമത്തെ ചാമ്പ്യൻഷിപ്പാണ്. പതിവുപോലെ റെയിൽവേയാണ് എതിരാളികൾ.

കോർട്ടിലിറങ്ങും മുമ്പ് വിജയിച്ച പോലെയാണ് റെയിൽവേ ടീമിന്റെ വരവ്. ഒൻപത് ഇന്റർനാഷണൽ താരങ്ങളാണ് അവരുടെ നിരയിൽ. ശരിക്കും അന്നത്തെ ഇന്ത്യൻ ടീം. നമ്മുടെ ഭാഗത്ത് ഏലിക്കുട്ടി ജോസഫും ഞാനും മാത്രമെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ളു. പുതിയ ബാച്ച് കയറിയ വർഷമാണ്. ഒന്നും ആലോചിച്ചില്ല. ഞങ്ങൾ പൊരുതി. നേരിട്ടുള്ള സെറ്റുകൾക്ക് റെയിൽവേയെ വീഴ്ത്തി. ആ മത്സരം ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല.

അതിനുശേഷം 1981, 1982, 1985 വർഷങ്ങളിലും കേരളം ജേതാക്കളായി. 1980, 1984, 1986 വർഷങ്ങളിൽ രണ്ടാം സ്‌ഥാനം ലഭിച്ചു. 1987ൽ ഭിലായ് നാഷണൽസിലാണ് അവസാനമായി കേരളത്തിന് വേണ്ടി ഇറങ്ങിയത്. മൂന്നാം സ്‌ഥാനമായിരുന്നു. ഒരുതവണ തമിഴ്നാടിനെ ഒഴിവാക്കിയാൽ എല്ലാ വർഷവും റെയിൽവേയായിരുന്നു എതിരാളികൾ.

<യ> ഡൽഹി ഏഷ്യാഡും അർജുന അവാർഡും

1979ൽ ഹോങ്കോംഗിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ഇന്ത്യൻ ടീമിലെത്തിയത്. കേരളത്തിൽ നിന്ന് ഏലിക്കുട്ടി ജോസഫും ടീമിലുണ്ടായിരുന്നു. എനിക്കന്ന്് 18 വയസായിരുന്നു. ബികോം ഒന്നാംവർഷം. ടീം അഞ്ചാമതായിരുന്നു.

1981ൽ ലോക ജൂണിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായി. ആദ്യമായാണ് ഇന്ത്യൻ ജൂണിയർ ടീം ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മെക്സിക്കോയിൽ നടന്ന മത്സരത്തിൽ 15 രാജ്യങ്ങൾ പങ്കെടുത്തു. ഇന്ത്യക്ക് 11–ാം സ്‌ഥാനമായിരുന്നു.

1982ലെ ഡൽഹി ഏഷ്യാഡിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ കഴിഞ്ഞതു വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഏഷ്യാഡ് പുത്തൻ അനുഭവമായിരുന്നു. ഉഗ്രൻ കോർട്ട്, വിദേശരാജ്യങ്ങളോടു കിടപിടിക്കുന്ന സൗകര്യങ്ങൾ... പട്യാലയിലെ പരിശീലന ക്യാമ്പും മറക്കാനാകാത്ത അനുഭവമാണ്.

കേരളത്തിൽ നിന്ന് ജയ്സമ്മ ജെ.മൂത്തേടം, ബീനാ വർഗീസ്, റോസമ്മ കുര്യൻ തുടങ്ങിയവരും അന്നു ടീമിലുണ്ടായിരുന്നു. 1982ൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ദേശീയ ടീമിലും അംഗമായി. 1985ൽ ബാങ്കോക്കിൽ നടന്ന പ്രിൻസസ് കപ്പിൽ അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞു.

1984ലാണ് അർജുന അവാർഡു ലഭിച്ചത്. ആ വിവരം അവസാനം അറിയുന്നയാൾ ഞാനായിരിക്കും. അപ്പോൾ, കാഞ്ഞങ്ങാട്ട് സംസ്‌ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുകയായിരുന്നു. ഒരു സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിശീലനം. രാവിലെ സ്കൂളിൽ എത്തിയ കുട്ടികളാണു പത്രത്തിൽ ഫോട്ടോയും വാർത്തയുമുള്ളകാര്യം പറയുന്നത്.

<യ> ജോലിയും കുടുംബവും

റെയിൽവേയിൽ നിന്ന് ഉൾപ്പെടെ ധാരാളം ഓഫറുകൾ ലഭിച്ചിരുന്നു. കേരളത്തെ അപേക്ഷിച്ച് മികച്ച സൗകര്യങ്ങളാണ് കളിക്കാർക്ക് റെയിൽവേ നൽകിയിരുന്നത്. നാട്ടിൽത്തന്നെ തുടരാനായിരുന്നു എനിക്കു താത്പര്യം. അതുകൊണ്ടു ജീവിതത്തിൽ ലാഭമാണോ നഷ്‌ടമാണോ ഉണ്ടായതെന്ന് ഇതുവരെ കണക്കുകൂട്ടി നോക്കിയിട്ടില്ല. കളിക്കളത്തിലുള്ള കാലത്തോളം നന്നായി കളിക്കണം. അതു മാത്രമായിരുന്നു ആഗ്രഹം.

മധുര കോട്സ് ആണ് ആദ്യം ജോലി തന്നത്. 1982 മുതൽ 85 വരെ അവർക്കു വേണ്ടി നിരവധി അഖിലേന്ത്യാ ടൂർണമെന്റുകളിൽ പങ്കെടുത്തു. അക്കാലത്തും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടിയാണു കളിച്ചത്. പിന്നീട്, നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ ടീമിനെ ഏറ്റെടുത്തപ്പോൾ സിൻഡിക്കറ്റ് ബാങ്കിൽ ചേർന്നു.

കളിക്കളത്തിൽ നിന്നു വിരമിച്ചശേഷം അർജുന അവാർഡ് നിർണയസമിതിയിലും കായികരംഗത്തു മികവുപുലർത്തുന്ന യൂണിവേഴ്സ്റ്റിക്കു നൽകുന്ന മൗലാന അബ്ദുൾകലാം ആസാദ് ട്രോഫി സെലക്ഷൻ കമ്മിറ്റിയിലും അംഗമായിരുന്നു.

1991ലായിരുന്നു വിവാഹം. ഭർത്താവ് ജോർജ് അക്കരപ്പറ്റി. ജോൺസൺ (എംഡിഎസ് വിദ്യാർഥി), മറിയ (എംബിബിഎസ് വിദ്യാർഥി), തെരേസ് എന്നിവരാണ് മക്കൾ. സിൻഡിക്കറ്റ് ബാങ്കിൽ നിന്ന് വോളന്ററി റിട്ടയർമെന്റെടുത്ത് ഭർത്താവിനൊപ്പം ബിസിനസുമായി കഴിയുകയാണിപ്പോൾ.

<യ> സിജി ഉലഹന്നാൻ
ചിത്രങ്ങൾ: രമേഷ് കോട്ടൂളി