ഫോർഡ് ഇക്കോബൂസ്റ്റിന് വീണ്ടും അന്താരാഷ്ട്ര അവാർഡ്
ഫോർഡ് ഇക്കോബൂസ്റ്റിന് വീണ്ടും അന്താരാഷ്ട്ര അവാർഡ്
Thursday, July 14, 2016 4:10 AM IST
മികച്ച ചെറിയ എഞ്ചിനുള്ള ഇന്റർനാഷണൽ എഞ്ചിൻ ഓഫ് ദി ഇയർ പുരസ്കാരം ഫോർഡിന്റെ 1.0 ലിറ്റർ ഇക്കോ ബൂസ്റ്റിന് തുടർച്ചയായി അഞ്ചാം വർഷവും ലഭിച്ചു. ഡ്രൈവബിലിറ്റി, പ്രകടനം, സാമ്പത്തികലാഭം, സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ സമന്വയമാണ് ഇക്കോബൂസ്റ്റെന്ന് വിധികർത്താക്കൾ വിലയിരുത്തി.

ഇന്ത്യയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ എസ്യുവി ഇക്കോസ്പോർട്ടിലാണ് ഫോർഡിന്റെ ഇക്കോബൂസ്റ്റ് എഞ്ചിനുള്ളത്. ഇക്കോസ്പോർട്ട് ട്രെൻഡ്പ്ലസ്, ടൈറ്റാനിയം പ്ലസ് വേരിയന്റുകളിൽ ഈ എഞ്ചിൻ ലഭ്യമാണ്.

ചെറുതെങ്കിലും കരുത്തുറ്റ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ നൽകുന്നത് ലിറ്ററിന് 18.9 കിലോമീറ്ററാണ്. പരിമിതമായ അളവിൽ മാത്രം കാർബൺഡയോക്സൈഡ് പുറന്തള്ളുന്ന ഈ എഞ്ചിൻ ഏറ്റവും പരിസ്‌ഥിതി സൗഹൃദപരമായ എഞ്ചിനുകളിലൊന്നാണ്.


മുപ്പത്തിയൊന്നു രാജ്യങ്ങളിൽ നിന്നുള്ള 65 ഓട്ടോമോട്ടീവ് ജേർണലിസ്റ്റുകൾ അടങ്ങിയ പാനലാണ് 3 സിലിണ്ടർ ഇക്കോബൂസ്റ്റ് എഞ്ചിനെ 1.0 ലിറ്ററിന് താഴെയുള്ള വിഭാഗത്തിൽ ഏറ്റവും മികച്ച എഞ്ചിനായി തിരഞ്ഞെടുത്തത്.

ഏഷ്യ പസഫിക്കിൽ, നിരവധി അവാർഡുകൾക്ക് അർഹമായ ഈ എഞ്ചിൻ ഫിയസ്റ്റ, ഇക്കോസ്പോർട്ട്, ഫോക്കസ് എന്നിവയിൽ ലഭ്യമാണ്. ആഗോളതലത്തിൽ കരുത്തും ഇന്ധനക്ഷമതയും ഒത്തുചേരുന്ന ഇക്കോബൂസ്റ്റ് എഞ്ചിനുകളിൽ 1.5 ലിറ്റർ, 1.6 ലിറ്റർ, 2.0 ലിറ്റർ, 2.3 ലിറ്റർ 4 സിലിണ്ടർ എഞ്ചിനുകൾ, 2.7 ലിറ്റർ, 3.5 ലിറ്റർ വി6 എഞ്ചിനുകൾ എന്നിവ ഉൾപ്പെടുന്നു.