ചാർജ് ദാഹികളെ കണ്ടെത്തി ചികിത്സിക്കാം
ചാർജ് ദാഹികളെ കണ്ടെത്തി ചികിത്സിക്കാം
Tuesday, July 12, 2016 3:50 AM IST
<യ> ക്ലിക്/ആർ. വിധുലാൽ

ബാറ്ററി എബൗട്ട് ടു ഡൈ... ഞാനിപ്പം ചാകുവേ എന്നാണു പല സ്മാർട്ട്ഫോണുകളും വിലപിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫുള്ള സെറ്റ് വാങ്ങിയാൽ നെറ്റ് ഉപയോഗിച്ച് രണ്ടുദിവസം ഓടിക്കാം. അല്ലെങ്കിൽ ഡേറ്റാ ബാങ്ക് വാങ്ങാം.

അതിനും കഴിഞ്ഞില്ലെങ്കിൽ ചില പൊടിക്കൈകളുണ്ട്. ക്ലീൻമാസ്റ്റർ, കാഷേ ക്ലീനർ പോലുള്ള ബൂസ്റ്റിംഗ് ആപ്പുകളും ആന്റിവൈറസ് ആപ്പുകളും അൺ ഇൻസ്റ്റാൾ ചെയ്യുക. ഞെട്ടരുത്. ആൻഡ്രോയിഡ് സെക്യൂരിറ്റി ചീഫ് അഡ്രിയാൻ ലുഡ്വിഗിന്റെ ഭാഷയിൽ പറഞ്ഞാൽ 99 ശതമാനം ആന്റി വൈറസ്, റാം ബൂസ്റ്റർ ആപ്പുകളും നിരുപദ്രവകരങ്ങളായ കളർഫുൾ ഡിസ്പ്ലെയാണ്. ഭീതിയാണ് ഇവരുടെ സെല്ലിംഗ് പോയിന്റ്. എന്നാൽ, പണം കൊടുത്തുവാങ്ങാവുന്നവ അങ്ങനെയല്ല. അവ പ്രതിമാസം കൃത്യമായി പണിയെടുക്കുന്നുണ്ട്.

ഇപ്പറഞ്ഞതിലും കാര്യമുണ്ട്. ഫോൺ ഹാംഗ് ആവാൻ ഇമ്മാതിരി ആപ്പുകളൊക്കെ പൊടിക്ക് സഹായിക്കുന്നുണ്ടെന്നു സാരം. ക്ലീൻമാസ്റ്ററും ഡിയു ബൂസ്റ്ററും പ്രതിമാസം നല്ലൊരു ശതമാനം ബാറ്ററി ചാർജ് ഊറ്റിക്കുടിക്കുന്നുണ്ട്.

ഇപ്പോൾ വൈറസ് പിടിക്കും... രക്ഷിക്കൂ എന്നു പറഞ്ഞ് പോപ് അപ് വിൻഡോയിൽ സ്ക്രീൻ നിറഞ്ഞ് അമ്മാനമാടുന്ന ആപ്പുകളാണ് പ്ലേ സ്റ്റോറിനു പുറത്തുള്ളത്. ഇതെല്ലാം ഒടിയൻ വിദ്യകളാണ്. ഗൂഗിൾ പ്ലേ സ്റ്റോർ ഒരു ലക്ഷ്മണരേഖയാണ്. അതിനു പുറത്ത് വിശാലമായ ആപ്പുകളുടെ ഡേഞ്ചർ സോണിലേക്ക് നമ്മളെ എത്തിക്കുകയാണ് ഇത്തരം റെഡ് അലർട്ട് പരസ്യങ്ങൾ ചെയ്യുന്നത്. പ്ലേസ്റ്റോറിനു പുറത്തുനിന്ന് എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നുവെങ്കിൽ മാത്രം ആന്റിവൈറസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

സെറ്റിംഗ്സ്– സ്റ്റോറേജ് –ടാപ് കാഷേ ഡേറ്റ വഴി അനാവശ്യ ഡേറ്റകൾ സ്വയം ഡിലീറ്റ് ചെയ്ത് ഡിവൈസിനു സ്പീഡുണ്ടാക്കാം. ലോലിപോപ്പ് മുതലുള്ള ഒഎസ് വേർഷനിൽ ആപ്സ് നാവിഗേഷൻ ബട്ടൺ സ്വൈപ്പ് ചെയ്ത് ആപ്പ് ക്ലോസ് ചെയ്യാനാവും.


അനിമേഷനുകൾ ഓഫ് ചെയ്തും റീസന്റ് ഫയലുകൾ ഡിലീറ്റ് ചെയ്തുമൊക്കെ സ്പീഡ് നിലനിർത്താമെങ്കിലും വാങ്ങുന്ന ദിവസത്തെ പെർഫോർമൻസ് മൊബൈലിനു പിന്നീടു കിട്ടണമെന്നില്ല.
ഓരോ ആപ്പിലെയും കാഷേ സെറ്റിംഗ്സ്–ആപ്പ്–ഡൗൺലോഡഡ് വഴിയും ടാപ് ചെയ്ത് ക്ലിയർ കാഷേ ചെയ്യാം. സെറ്റിംഗ്സിലെ ബാറ്ററിയിൽ ഇവയിൽ ഏതെങ്കിലും കാഷേ ക്ലീനർ ആപ്പിൽ ക്ലിക്ക് ചെയ്താൽ ഇതു ബോധ്യപ്പെടും. ഡെവലപ്പർ ഓപ്ഷനിലെ പ്രോസസ് സ്റ്റേറ്റസ് ബാറിൽ ക്ലിക് ചെയ്തും ചാർജ്ദാഹികളെ കണ്ടുപിടിക്കാം.

ബാറ്ററിയിലെ ചാർജ് മുഴുവനും കൊണ്ടുപോകുന്നതിൽ മിടുക്കരാണ് ഗെയിം ആപ്പുകൾ. മ്യൂസിക് പ്ലെയറുകളും അങ്ങനെതന്നെ. ഇവയൊക്കെ ഫോഴ്സ് സ്റ്റോപ് ചെയ്യാമെങ്കിലും ഗൂഗിൾ സെർച്ച്, ഗൂഗിൾ പ്ലേ സർവീസസ്, ഗൂഗിൾ കോൺടാക്ട് സിൻക്, ഗൂഗിൾ കീ ബോർഡ്, പ്ലേ സ്റ്റോർ എന്നിവ ഫോഴ്സ് സ്റ്റോപ്പ് ചെയ്യരുത്.എട്ടിന്റെ പണികിട്ടും. സെറ്റിംഗ്സിലെ അപ്ലിക്കേഷനിൽ ആപ്ലിക്കേഷൻ മാനേജർവഴി ആപ്പുകൾ ഡിസേബിൾ ചെയ്യാം.ആപ്പ് എററുകൾ ഒരു പരിധിവരെ പരിഹരിക്കാൻ ഇതു സഹായിക്കും.
ആൻഡ്രോയിഡ് ഡിവൈസ് മാനേജറിലും പ്ലേസ്റ്റോർ ഡൗൺലോഡിംഗിലും മതിയായ സുരക്ഷ ഉറപ്പാക്കിയാണ് കമ്പനികൾ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നത്. അതിനാൽ, സുരക്ഷയ്ക്ക് പുതിയൊരു ആപ്പിന്റെ ആവശ്യമില്ലെന്ന് ലുഡ്വിഗ് പറയും. തെളിച്ചം ക്രമീകരിച്ചും അഞ്ചു സെക്കൻഡിലേക്ക് സ്ക്രീൻ ഔട്ട് ക്രമീകരിച്ചുമൊക്കെ ചാർജ് വലിയുന്നത് ഒരു പരിധി വരെ പരിഹരിക്കാം.