വിവാദങ്ങൾക്കപ്പുറം നയൻതാര
വിവാദങ്ങൾക്കപ്പുറം നയൻതാര
Monday, July 11, 2016 4:28 AM IST
സ്റ്റാഫ് പ്രതിനിധി

ഒരു വ്യാഴവട്ടക്കാലത്തിലധികമായി മലയാളികളുടെ ചലച്ചിത്രാസ്വാദനത്തിലെ ആരാധനാ പാത്രമാണു നയൻതാര. അഭിനയത്തിന്റെ ആദ്യാക്ഷരങ്ങൾ മലയാള മണ്ണിൽ കുറിച്ച ഈ താരപ്രതിഭ ഇന്നു ദക്ഷിണേന്ത്യൻ സിനിമ മേഖലയിലെ താരറാണിപ്പട്ടം തന്റെ ശിരസിലേന്തി നിൽക്കുന്നു. ഉയർന്നു വന്ന വിവാദങ്ങളേയും ചോദ്യാശരങ്ങളേയും തന്റെ പ്രതിഭ കൊണ്ടു ജയിച്ചു കയറിയ നയൻതാര കോടിക്കണക്കിനു വരുന്ന പ്രേക്ഷകരുടെ മനസിലാണ് ചിര പ്രതിഷ്ഠ നേടിയിരിക്കുന്നത്. അവരുടെ പ്രതീക്ഷയാണു നായക സങ്കൽപത്തെ പൊളിച്ചെഴുതി നയൻതാര എന്ന പേരു തന്നെ ഓരോ ചിത്രത്തിന്റെയും വിജയ ഘടകമായി മാറുന്നതും.

ഒരു അഭിനേത്രിയുടെ കൈക്കരുത്ത് എന്നത് ആകാര ഭംഗിയും മുഖശ്രീയുമാണ്. ഇതിനോടൊപ്പം നാട്യ പ്രതിഭയും ചേരുമ്പോൾ അവരുടെ പ്രവർത്തന മേഖല ശക്‌തമാകുന്നു. നയൻതാര നേടിയ തുടർച്ചയായുള്ള ഹിറ്റ്ലിസ്റ്റുകളും താരറാണിപ്പട്ടവും ഇതുതന്നെയാണ് വെളിവാക്കുന്നതും. നായകനൊപ്പം ഗാനരംഗത്ത് ആടിപ്പാടാനും നിഴലായി മാത്രം ഒതുങ്ങിപ്പോകാനുമുള്ളതല്ല നായിക കഥാപാത്രങ്ങൾ എന്നു നയൻതാര തന്റെ ചിത്രങ്ങളിലൂടെ ഓർമ്മപ്പെടുത്തുന്നുണ്ട്. കഥാപാത്രസൃഷ്ടിയ്ക്കനുയോജ്യമായ സമർപ്പണവും ഉൾക്കാഴ്ചയുമാണ് ഓരോ സിനിമയ്ക്കപ്പുറം നയൻതാരയുടെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കുന്നതിന്റെ കാരണവും.

2003 ൽ സത്യൻ അന്തിക്കാടു സംവിധാനം ചെയ്ത മനസിനക്കരെയിലൂടെയാണ് നയൻതാര തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ മമ്മൂട്ടി– മോഹൻലാൽമാരുടെ നായികയായുള്ള ചിത്രങ്ങൾ. മലയാളത്തിൽ താരപ്രതിഭ തെളിഞ്ഞു നിന്ന സമയത്തു തന്നെ തമിഴിലേക്കുള്ള രംഗപ്രവേശനവും. 2005ൽ തമിഴ് സൂപ്പർ സ്റ്റാർ ശരത്കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ കോളിവുഡിലേക്കു സൂപ്പർഹിറ്റുമായാണ് നയൻതാര എത്തുന്നത്. പിന്നാലെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി ചന്ദ്രമുഖി. ഇതോടെ നയൻതാരയുടെ സമയം തെളിയുകയായിരുന്നു. ജ്യോതികയും അസിനും സ്നേഹയും തിളങ്ങിനിന്നപ്പോൾ തന്നെ മുൻനിര നായികമാർക്കൊപ്പം കോളിവുഡിൽ തന്റെ സ്‌ഥാനം നയൻതാര ഊട്ടി ഉറപ്പിച്ചു. അഭിനയത്തിനൊപ്പം ഗ്ലാമറിന്റെ തിളക്കം കൂടി കൈവരിച്ചതോടെ പ്രേക്ഷകപ്രീതി നയൻതാരയിലേക്കു വന്നെത്തുകയായിരുന്നു. നയൻസ് എന്ന ഓമനപ്പേരിലേക്കവർ മാറിയതും ആ പ്രേക്ഷക പ്രീതിയിൽ നിന്നുമാണ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ11്വമ2.ഷുഴ മഹശഴി=ഹലളേ>

തമിഴിനോടൊപ്പം തെലുങ്കു സിനിമാമേഖയിലേക്കുള്ള അവസരങ്ങളും അക്കാലത്തു നയൻസിനു ലഭിച്ചു. ആക്ഷൻ സൂപ്പർ സ്റ്റാർ വെങ്കിടേഷിന്റെ നായികയായി ലക്ഷ്മിയിലൂടെ സൂപ്പർ ഹിറ്റുമായാണ് തെലുങ്കിലേക്കു പ്രവേശിക്കുന്നത്. പിന്നാലെ നാഗാർജുനയുടെ നായികയായി ബോസ് എന്ന ചിത്രവും. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പർഹിറ്റുകൾ ഇക്കാലയളവിൽ തന്നെ നയൻസ് നേടിയിരുന്നു. സൂര്യയോടൊപ്പം ഗജനി, അജിത്തിനൊപ്പം ബില്ല, ചിമ്പുവിനൊപ്പം വല്ലവൻ, ധനുഷിലൊപ്പം യാരടി നി മോഹിനി ഇങ്ങനെ നീളുന്നു ആ ഹിറ്റുകൾ. ഇക്കാലയളവിലും മലയാള സിനിമയോടും തന്റെ അടുപ്പം സൂക്ഷിക്കുന്നതിൽ നയൻസ് മറന്നിരുന്നില്ല. മമ്മൂട്ടിയോടൊപ്പം രാപ്പകലിലും ദിലീപിലൊപ്പം ബോഡിഗാർഡിലും മലയാള സാന്നിധ്യം അറിയിച്ചിരുന്നു. സിനിമാ സംഘടനയായ അമ്മയ്ക്കുവേണ്ടി നിർമിച്ച് മലയാള ചലച്ചിത്ര താരങ്ങലെല്ലാം ഒത്തു ചേർന്ന ട്വന്റി 20 യിലും ഒരു പാട്ടു സീനിലൂടെ നയൻതാര എത്തി. പതിവു നായിക സങ്കൽപ്പത്തിനൊപ്പം ഹ്യൂമർ –ആക്ഷൻ വേഷങ്ങളിലും നയൻതാര തിളങ്ങി. ശ്യാമപ്രസാദിന്റെ മലയാള ചിത്രം ഇലക്ട്രയും തെലുങ്കു ചിത്രം ശ്രീ രാമരാജ്യവും നയൻ താരയുടെ അഭിനയ ജീവിതത്തിലെ രണ്ടു നാഴികക്കല്ലുകളാണ്.

2013 ൽ ആര്യയുടെ നായികയായി എത്തിയ രാജാ റാണിയിലൂടെ താരറാണിപ്പട്ടത്തിലേക്കുള്ള ചവിട്ടു പടികൾ നയൻസ് പിന്നിടാൻ തുടങ്ങിയിരുന്നു. ആരംഭം, ഇതു കതിർവേലൻ കാതൽ, അനാമിക, തനി ഒരുവൻ, മായാ, നാനും റൗഡി താൻ എന്നിങ്ങനെഇപ്പോൾ തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന ഇതു നമ്മ ആളിൽ വരെ എത്തി നിൽക്കുന്നു ഹിറ്റുകൾ. ഇക്കാലയളവിൽ മലയാളത്തിലും തന്റെ പട്ടം ഉറപ്പിക്കുന്നതിലും നയൻസ് വിജയിച്ചിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം സിദ്ധിക്ക് ചിത്രം ഭാസ്കർ ദ റാസ്കലിലൂടെയും എ. കെ സാജന്റെ പുതിയ നിയമത്തിലൂടെയും ശക്‌തമായ കഥാപാത്രങ്ങളെയാണു മലയാളി പ്രേക്ഷകർക്കു നൽകിയത്. പുരുഷാധിപത്യകേന്ദ്രീകൃതമായ കോളിവുഡിൽ ഹൊറർ ചിത്രം മായയിലൂടെ ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാനാകുമെന്നു നയൻസ് തെളിയിച്ചു. തുടർച്ചയായുള്ള ഹിറ്റുകൾ താരറാണിപ്പട്ടത്തോടൊപ്പം ലേഡി സൂപ്പർസ്റ്റാർ പട്ടവും നയൻസിനു നേടിക്കൊടുത്തു. ഇന്നു ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായി നയൻതാര മാറിക്കഴിഞ്ഞു.

വിവാദങ്ങളുടെ പ്രിയ തോഴിയായിരുന്നു എന്നും നയൻതാര. പക്ഷെ അതൊന്നും അഭിനയ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ മാറ്റിനിർത്താൻ നയൻതാരയ്ക്കു കഴിഞ്ഞതാണു അവരുടെ വിജയം. ഗ്ലാമർ വേഷത്തിന്റെ അതിർ വരമ്പുകളുടെ പേരിലായിരുന്നു നയൻസിന് ആദ്യം പഴികേൾക്കേണ്ടി വന്നത്. അജിത്ത് നായകനായി എത്തിയ ബില്ലയിൽ ബിക്കിനി വേഷത്തിലെത്തിയത് ഗ്ലാമർ പരിവേഷമായി മാത്രം നയൽതാരയെ അക്കാലത്തു തമിഴ്– തെലുങ്കു സിനിമ ലോകം മാറ്റി നിർത്താൻ കാരണമായി. എന്നാൽ പിന്നീടു കഥാപാത്ര തെരഞ്ഞെടുപ്പിലെ മികവാണ് ഒരു നടി എന്ന നിലയിൽ നിന്നും അഭിനയ പ്രതിഭയായി നയൻസിനെ വളർത്തിത്. അതിരു കടന്ന ശരീര പ്രദർശനമില്ലാതെ അഭിനയ മികവുകൊണ്ടു മാത്രമാണു തന്റെ താരറാണിപ്പട്ടം ഇന്നു നയൻതാര നേടിയെടുത്തിരിക്കുന്നത്. വിമർശകരുടെ നാവടക്കുന്നതിൽ നയൻസ് വിജയിച്ചിരുന്നു. എന്നാൽ വ്യക്‌തി ജിവിതത്തിലെ സംഭവങ്ങൾ പലപ്പോഴും വിവാദങ്ങളെ സൃഷ്ടിച്ചിരുന്നു എന്നതാണു വാസ്തവം. നടൻ ചിമ്പുവുമായും നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയവും അകൽച്ചയുമെല്ലാം മാധ്യങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒടുവിൽ സംവിധായകൻ വിഘ്നേഷുമായുള്ള പ്രണയത്തകർച്ചപോലും വലിയ വാർത്തയായി. തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തന്റെ സിനിമകളിലൂടെ നയൻസ് മറുപടി കൊടുത്തു. നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ മായ ബോക്സോഫീസിൽ നിന്നും 50 കോടിയിലധികമാണു കളക്ഷൻ നേടിയത്. മികച്ച ഇനിഷ്യലിനൊപ്പം ഗ്രോസ്സ് കളക്ഷൻ നേടുന്നതിലും നയൻസ് ചിത്രങ്ങൾ മുൻപന്തിയിലാണ്. ഇടക്കാലത്തു നേരിട്ട തുടർച്ചയായ പരാജയങ്ങൾ നിർഭാഗ്യ നായിക പേരു നൽകി മാറ്റി നിർത്തിയെങ്കിൽ ഇന്നു നയൻതാര നായികയാകാൻ സൂപ്പർതാര ചിത്രങ്ങടക്കം കാ ത്തിരിക്കുകയാണ്. അത്ര യ്ക്കു ശക്‌തമായൊരു തിരിച്ചു വരവായിരുന്നു നയൻസിന്റേത്. കലൈമാമണി പുരസ്കാരവും താരറാണിയ്ക്കുള്ള വികടൻ പുരസ്കാരവുമടക്കം മുപ്പതോളം പ്രമുഖമായ അവാർഡുകളും ഇതിനോടകം തന്നെ നയൻതാരയെ തേടി വന്നത് ആ പ്രതിഭയുടെ അംഗീകാരം തന്നെയാണ്. സിനിമ മേഖലയിൽ അഭിനയത്തിൽ മാത്രമല്ലാതെ നിർമാണത്തിലേക്കും കൂടി കടക്കാനൊരുങ്ങുകയാണു നയൻതാര.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ11്വമ3.ഷുഴ മഹശഴി=ഹലളേ>

നിരവധി നായികമാരുടെ കടന്നു വരവും മുപ്പതിന്റെ പടിവാതിൽ കടന്ന പ്രായവുമൊന്നും നയൻതാരയ്ക്കു വെല്ലുവിളികളല്ല. താൻ നേടിയ സ്റ്റാർഡത്തെ അത്രക്കു സുരക്ഷിതമായാണു മുന്നോട്ടു കൊണ്ടു പോകുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം നിരവധി പ്രോജക്ടുകളാണ് നയൻസിന്റേതായി ഇനി പുറത്തു വരാനിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണു വിക്രമിനൊപ്പമുള്ള ഇരുമുഖൻ. നയൻസ് ആദ്യമായാണു വിക്രമിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വളരെ ശക്‌തമായൊരു കഥാപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ 150–ാം ചിത്രത്തലേക്കു നയൻതാരയെയാണു നായികയായി പരിഗണിച്ചിരിക്കുന്നത്. ചിത്രത്തിൽ നയൻസിന്റെ പ്രതിഫലം മൂന്നു കോടിയാണെന്നതു വാർത്തയായിരുന്നു. ജീവ നായകനായി എത്തുന്ന തിരുനാൾ, കാർത്തി നായകനാകുന്ന കാഷ്മോറ, തെലുങ്കു ചിത്രം ബാബു ബൻഗാരം തുടങ്ങിവ ഉടൻ റിലീസാകാനുള്ള ചിത്രങ്ങളാണ്. ഇവയോടൊപ്പം തന്നെ സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങളും നയൻതാരയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലുണ്ട്. സൂപ്പർഹിറ്റ് ഹിന്ദി ചിത്രം ക്യൂനിന്റെ തമിഴ് പതിപ്പൊരുക്കാൻ രേവതി സംവിധാനവും സുഹാസിനി സംഭാഷണങ്ങളുമൊരുക്കുമ്പോൾ നായികയായി നയൻസിനെയാണ് പരിഗണിച്ചിരിക്കുന്നത്. കൂടാതെ പ്രമുഖ സംവിധായകൻ രാമസ്വാമി ഒരുക്കുന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രമായി നയൻതാരയെ സമീപിച്ചിരിക്കുകയാണ്. വെല്ലുവിളികളും വൈവിധ്യ പൂർണവുമായ നിരവധി കഥാപാത്രങ്ങൾ ഇനിയും നയൻതാരയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്.

കോളിവുഡിൽ സ്‌ഥാനം ഉറപ്പിക്കുമ്പോഴും മലയാള സിനിമയ്ക്കും തന്റെ അഭിനയ ജീവിതത്തിൽ പ്രത്യേക സ്‌ഥാനം നൽകിയിരുന്നു നയൻതാര. സിനിമയുടെ എണ്ണത്തിനേക്കാൾ മലയാളത്തിൽ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ശക്‌തമാക്കാൻ നയൻതാര ശ്രദ്ധിച്ചിരുന്നു. ബോഡിഗാർഡിലെ അമ്മുവും ഭാസ്കർ ദി റാസ്കലിലെ ഹിമയും പുതിയ നിയമത്തിലെ വാസുകി അയ്യരുമെല്ലാം അത്തരത്തിലുള്ള പാത്ര സൃഷ്ടികളാണ്. ജിത്തു ജോസഫിന്റെ മമ്മൂട്ടി പ്രോജക്ടിലും നയൻസിനെ നായികയായി പരിഗണിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത. ഈ വർഷം പുറത്തിറങ്ങിയ പുതിയ നിയമത്തിലെ വാസുകി അയ്യർ എന്ന നയൻതാരയുടെ കഥാപാത്രം ഇതുവരയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും ശക്‌തവും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. കഥകളി അഭിനേതാവായും പ്രതികാരത്തീയിലെരിയുന്ന കണ്ണകിയായും മികവുറ്റ അഭിനയ തലമാണു നയൻതാര പ്രേക്ഷകർക്കു നൽകിയത്. ഇനിയും ഇതുപോലെ ഈടുറ്റ നിരവധി വേഷങ്ങൾ നയൻതാരയിൽനിന്നും നമുക്ക് പ്രതീക്ഷിക്കാവുന്നതുമാണ്.

അഭിനയ ജീവിതത്തിന്റെ അനുഭവ പാഠങ്ങളിൽ നിന്നും ഇനിയുമൊട്ടേറെ കഥാ പാത്രങ്ങൾക്കു ജീവൻ നല്കാൻ നയൻതാരയ്ക്കു കഴിയും. അവ ഓരോന്നും മികച്ചതും പുരസ്കാര നിറവ് നേടിയെടുക്കാൻ പ്രാപ്തമാകട്ടെയെന്നും പ്രതീക്ഷിക്കാം.