2018 ഓട്ടോ എക്സ്പോയിൽ ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച എസ്യുവി മോഡലായ എച്ച്5എക്സ് കണ്‍സപ്റ്റിന്റെ ഒൗദ്യോഗിക നാമം ഹാരിയർ എന്നായിരിക്കുമെന്ന് കന്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒപ്പം വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തിറക്കി. വാഹനപ്രേമികളിൽ ആകാംക്ഷ ഉണർത്താനായി വാഹനത്തെ ഇരുളിന്റെ മറവിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂർണരൂപത്തിൽ കാണാൻ കാത്തിരുന്നേ മതിയാകൂ. എന്നാൽ, 2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എച്ച്5എക്സ് കണ്‍സപ്റ്റിന്റെ രൂപത്തിലായിരിക്കില്ല ഹാരിയർ നിരത്തിലെത്തുക. രൂപത്തിലും ഭാവത്തിലും 20 ശതമാനത്തോളം മാറ്റമുണ്ടാകും. എന്തൊക്കെയായിരിക്കും ഹാരിയറിൽ ടാറ്റ നല്കുന്ന പുതുമകൾ?
ബന്പറിൽ ഹെഡ് ലാന്പുകൾ ഉൾപ്പെടുത്തി ഡിആർഎൽ ബോണറ്റിനോടു ചേർത്തായിരിക്കും വാഹനമെത്തുക. ഇതാദ്യമായാണ് ഹെഡ്ലാന്പുകളുടെ സ്ഥാനം മാറി ഒരു വാഹനം ഇന്ത്യൻ നിരത്തിലെത്തുന്നത് എന്ന പ്രത്യേകത ഇതിനുണ്ട്.
ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈനിൽ മെനഞ്ഞിരിക്കുന്ന 4,547 എംഎം നീളമുള്ള ഹാരിയറിന് ടാറ്റയുടെ സ്വന്തം ഒമേഗ പ്ലാറ്റ്ഫോമാണ് നല്‍കിയിരിക്കുന്നത്. ജാഗ്വാർ ലാൻഡ് റോവറിന്റെ ഡി8 ആർക്കിടെക്ചറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഒമേഗ. എൽആർ ഡിസ്കവറി സ്പോർട്ടിന്റെ പ്ലാറ്റ്ഫോമാണ് ഡി8. അല്പം മാറ്റങ്ങൾ വരുത്തിയാലും ഒമേഗ, ഡി8 എന്നീ പ്ലാറ്റ്ഫോമുകൾക്ക് ഒരേ വീൽബേസ് ആണെന്ന് ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടുണ്ട്.
2,740 എംഎം വീൽബേസുള്ള ഹാരിയർ വിപണിയിലെത്തിയാൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോംപാസിനുമായിരിക്കും വെല്ലുവിളി സൃഷ്ടിക്കുക. ഈ രണ്ടു മോഡലുകളെ അപേക്ഷിച്ച് ഹാരിയറിന്റെ വീൽബേസ് യഥാക്രമം 150 എംഎം, 104 എംഎം കൂടുതലാണ്.
മുന്നിൽനിന്നു റിയർലാന്പിലേക്കു നീളുന്ന കാരക്ടർ ലൈനുകൾ, വലിയ വീൽ ആർച്ചുകൾ, ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ.
കണ്‍സപ്റ്റ് വാഹനത്തിലെ ചെരിഞ്ഞ റൂഫ്ലൈൻ ഹാരിയറിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും പിന്നിലെ വിൻഡ്ഷീൽഡിന്റെ വലുപ്പം കൂട്ടുകയും എൽഇഡി ടെയിൽ ലാന്പുകളുടെ സ്ഥാനം അല്പം താഴേക്ക് ഇറക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വാഹനങ്ങളിൽ ഇതുവരെ കാണാത്തവിധത്തിൽ വ്യത്യസ്ത രൂപഭംഗിയിൽ ടാറ്റ അവതരിപ്പിക്കുന്ന ഹാരിയറിന് ഇന്ത്യൻ നിരത്തുകളിൽ മുൻഗാമികളായ തിയാഗോ, ടിഗോർ, നെക്സോണ്‍, ഹെക്സ എന്നിവയുടെ വിജയക്കുതിപ്പ് നടത്താനാകുമോയെന്ന് 2019ലെ ആദ്യ ത്രൈമാസത്തിലറിയാം. ടാറ്റയുടെ സമീപകാലത്തെ പ്രകടനം വിലയിരുത്തിയാൽ വിജയം തുടരാനായേക്കും. കാത്തിരുന്നു കാണാം.
ഫിയറ്റിന്റെ ഡീസൽ എൻജിൻ
ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ 2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോ ഡീസൽ എൻജിനാണ് ഹാരിയറിനു കരുത്തേകുക. ജീപ് കോംപാസിലും ഈ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5 സീറ്റർ, 7 സീറ്റർ മോഡലുകൾ ഇറക്കാൻ ടാറ്റയ്ക്ക് പദ്ധതിയുള്ളതിനാൽ ഈ എൻജിന്റെ കരുത്ത് യഥാക്രമം 140 എച്ച്പി, 170 എച്ച്പി എന്നിങ്ങനെയായി മാറും. നിലവിൽ ഹാരിയർ എന്ന പേരിൽ 5 സീറ്റർ എസ്യുവി മാത്രമാണ് ടാറ്റ അവതരിപ്പിക്കുക. വേറേ പേരിലായിരിക്കും 7 സീറ്റർ വാഹനം അവതരിപ്പിക്കുക. അതിന് ഇനിയും കാത്തിരിക്കേണ്ടിവരും.
ഡുവൽ ടോണ്‍ കളർ
ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എച്ച്5എക്സിന് ഒരു നിറമായിരുന്നുവെങ്കിൽ ടാറ്റാ മോട്ടോഴ്സ് പുറത്തുവിട്ട ചിത്രങ്ങളിലും വീഡിയോയിലും ഹാരിയറിന് ഡുവൽ ടോണ്‍ (ഓറഞ്ച് + കറുപ്പ്) നിറമാണ് നല്‍കിയിരിക്കുന്നത്. എച്ച്5എക്സ് കണ്‍സപ്റ്റിന് 22 ഇഞ്ച് ടയറുകളായിരുന്നു. ഹാരിയറിൽ കുറഞ്ഞത് 19 ഇഞ്ച് ടയറെങ്കിലും പ്രതീക്ഷിക്കാം.
ഓട്ടോസ്പോട്ട്/ ഐബി