ജിഎസ്ടി : എസ് യു വികള്‍ക്കു ഗണ്യമായ നികുതിലാഭം
ജിഎസ്ടി : എസ് യു വികള്‍ക്കു ഗണ്യമായ നികുതിലാഭം
Wednesday, May 24, 2017 3:28 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ വാഹനങ്ങൾക്കു വിലയിൽ കുറവുണ്ടാകും. ചെറുകാറുകൾക്ക് 1.2 ശതമാനം കുറയുന്പോൾ എസ്യുവികൾക്ക് 12.3 ശതമാനം വരെ വില കുറയും.

വലിയ കാറുകൾക്ക് ആറു ശതമാനം വില കുറയും.മോട്ടോർ വാഹനങ്ങൾ (ടൂവീലർ അടക്കം) 28 ശതമാനം ജിഎസ്ടി ഉള്ള വിഭാഗത്തിലാണു വരുന്നത്. ഇതിനു പുറമേ ഒന്നു മുതൽ 15 ശതമാനം വരെയുള്ള സെസും ഏർപ്പെടുത്തി.

1200 സിസിയിൽ താഴെ നാലു മീറ്ററിൽ കുറവ് നീളമുള്ള പെട്രോൾ കാറുകൾക്ക് ഒരു ശതമാനമാണു സെസ്. 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്ക് മൂന്നു ശതമാനം സെസ് നൽകണം. 1500 സിസിക്കു മുകളിലുള്ള കാറുകളും എസ്യുവികളും 15 ശതമാനം സെസ് നൽകണം. ഇവ ചേരുന്പോൾ ചെറുകാറുകൾക്ക് 29ഉം മറ്റുള്ളവയ്ക്കു 48ഉം ശതമാനമാകും നികുതി. ചെറുകാറുകൾ ഇപ്പോൾ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും കേന്ദ്ര വിൽപ്പനനികുതിയും സംസ്ഥാന വാറ്റും സെസും അടക്കം 30.2 ശതമാനം നികുതി നൽകുന്നുണ്ട്. എസ്യുവികൾക്ക് 55.3 ശതമാനം വരും നികുതി. നികുതിലാഭം ഉപയോക്താക്കൾക്കു നൽകാൻ കന്പനികൾ തയാറാകുമോ എന്നതാണു ചോദ്യം.


||