മാരുതി സുസുകി ഇഗ്നിസ് പുറത്തിറങ്ങി
മാരുതി സുസുകി ഇഗ്നിസ് പുറത്തിറങ്ങി
Saturday, January 14, 2017 4:28 AM IST
ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യ പുതിയ ഹാച്ച്ബാക്ക് മോഡലായ ഇഗ്നിസിനെ വിപണിയിൽ അവതരിപ്പിച്ചു. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയൻറുകളിൽ ഇറങ്ങുന്ന ഇഗ്നിസിന് 4.59 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി) മുതലാണ് വില. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകളിൽ പുറത്തിറങ്ങുന്ന ഇഗ്നിസ് 5 സ്പീഡ് മാന്വൽ ഗിയർബോക്സിലും സീറ്റാ, ഡെൽറ്റാ വേരിയൻറുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്സിലും ലഭ്യമാണ്. പെട്രോളിന് 20.89 കിലോമീറ്ററും ഡീസലിന് 26.80 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

എൽഇഡി പ്രോജക്റ്റഡ് ഹെഡ്ലൈറ്റ്, ഡുവൽ ടോൺ എക്സ്റ്റീരിയർ പെയിൻറ് ഷേഡ്, 15 ഇഞ്ച് ബ്ലാക്ക് അലോയി വീലുകൾ, സ്മാർട്ട് പ്ലേ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡുവൽ എയർബാഗ്, ആൻറി ലോക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയവ തുടങ്ങിയവ ഇഗ്നിസിൽ നല്കിയിട്ടുണ്ട്. വേരിയൻറ് അനുസരിച്ച് മാറ്റമുണ്ടാകും.


വിറ്റാര ബ്രസയ്ക്കു സമാനമായ ഡുവൽ ടോൺ കളർ സീറ്റ, ആൽഫ വേരിയൻറുകൾക്കു മാത്രമാണ് നല്കിയിട്ടുള്ളത്. അപ്ടൗൺ റെഡ്–മിഡ്ലൈറ്റ് ബ്ലാക്ക്, ടിൻസെൽ ബ്ലൂ–മിഡ്നൈറ്റ് ബ്ലാക്ക്, ടിൻസെൽ ബ്ലൂ–പേൾ ആർക്ടിക് വൈറ്റ് എന്നി കോംപിനേഷനുകളാണ് ഡുവൽ ടോണിനുള്ളത്.