അടിമുടി മാറ്റവുമായി അവഞ്ച്യൂറ
അടിമുടി മാറ്റവുമായി അവഞ്ച്യൂറ
Monday, October 24, 2016 4:03 AM IST
വാഹനപ്രേമികളെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയ ഫിയറ്റ് അബാത്തിന്റെ പിറവിക്കു പിന്നാലെ മറ്റൊരു വിസ്മയവുമായി ഫിയറ്റ് വീണ്ടും എത്തുകയാണ്. ആദ്യവരവിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ സാധിക്കാതിരുന്ന ഫിയറ്റിന്റെ സ്വന്തം കോംപാക്ട് എസ്യുവി അവഞ്ച്യൂറയാണ് പുതിയ രൂപത്തിൽ അർബൻ ക്രോസ് ആയി എത്തിയിരിക്കുന്നത്.

ഈ പരിണാമത്തിന് ഒരു പ്രത്യേകതയുണ്ട്. കേട്ടുപഠിച്ച പരിണാമത്തിൽ പുരോഗതിയാണ് സംഭവിക്കുന്നതെങ്കിൽ ഇവിടെ നേരേ തിരിച്ചാണു സംഭവിച്ചത്. അവഞ്ച്യൂറ എന്ന കോംപാക്ട് എസ്യുവി മുഖം മിനുക്കിയെത്തിയപ്പോൾ ഹാച്ച്ബാക്ക് ആയി.

ഇന്റീരിയർ: ഡോർ പാഡ്, ഡാഷ് ബോർഡ്, സീറ്റ് എന്നിവയിൽ ചുവപ്പു നിറത്തിലുള്ള ലെതർ മെറ്റീരിയലിന്റെ ഉപയോഗമാണ് അർബൻ ക്രോസിന്റെ പ്രധാന ആകർഷണം.

ഡാഷ്ബോർഡിൽ ലെതർ ഫിനീഷിംഗുള്ള ഭാഗത്തായതുകൊണ്ടാവാം സെന്റർ കൺസോളിനും ഭംഗിയുണ്ട്. തിളക്കമാർന്ന എസി വെന്റുകളും അഞ്ച് ഇഞ്ച് നാവിഗേഷൻ സ്ക്രീൻ സിസ്റ്റവും കൺസോളിൽ നല്കിയിരിക്കുന്നു. ഇവയ്ക്കു താഴെയാണ് എസി കൺട്രോളിംഗ് യൂണിറ്റിന്റെ സ്‌ഥാനം. ടോപ് എൻഡ് മോഡലിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സൗകര്യവും മറ്റ് മോഡലുകളിൽ മാന്വൽ സിസ്റ്റവുമാണ് വരുന്നത്. ഇവയെല്ലാം കോർത്തിണക്കി അച്ചടക്കത്തോടെയുള്ള രൂപകല്പനയാണ് ഡാഷ്ബോർഡിൽ നല്കിയിരിക്കുന്നത്.

എഡ്ജുകളിൽ സിൽവർ ഫിനീഷിംഗ് നല്കിയിരിക്കുന്ന ത്രീ സ്പോക് സ്റ്റീയറിംഗ് വീലാണ് അർബൻ ക്രോസിൽ വരുന്നത്. കൂടാതെ സ്റ്റീരിയോ, ഫോൺ കൺട്രോളിംഗ് സ്വിച്ചുകളും സ്റ്റീയറിംഗിൽ നല്കിയിരിക്കുന്നു.

ഫിയറ്റിന്റെ മറ്റു മോഡലുകളിലേതിനു സമാനമായി നാല് അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ മീറ്ററുമാണ് മീറ്റർ കൺസോളിൽ നല്കിയിരിക്കുന്നത്. ഡാഷ്ബോർഡിന്റെ സൈഡിലെ എസി വെന്റുകളിൽ ഓറഞ്ച് നിറത്തിൽ റിംഗ് നല്കിയിരിക്കുന്നത് ഡാഷ്ബോർഡിന്റെ അഴകിനു മാറ്റു കൂട്ടുന്നു. ഡാഷ്ബോർഡിലെ ലെതർ തന്നെയാണ് സീറ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്.

എക്സ്റ്റീരിയർ: അർബൻ ക്രോസ് കൂടുതൽ ആകർഷിക്കുക യുവാക്കളെയായിരിക്കും. കാരണം, യുവത്വം തുളുമ്പുന്ന രൂപകല്പനയാണ് എക്സ്റ്റീരിയറിലുള്ളത്. ഇലയിൽനിന്നു വീഴുന്ന മഞ്ഞുതുള്ളിയുടെ രൂപമെന്നു പറയാം. അടുത്ത കാലത്ത് ഫിയറ്റ് പുറത്തിറക്കിയ മിക്ക മോഡലുകളും തമ്മിൽ പ്രകടമായ സാമ്യമുണ്ട്.


പുന്തോ ഇവോയുടേതിനു സമാനമായ ഹെഡ്ലാമ്പും ഫോഗ് ലാമ്പുമാണ് ഇതിനും നല്കിയിരിക്കുന്നത്. എന്നാൽ, ഹെഡ്ലാമ്പിൽ എൽഇഡി ലൈറ്റുകൾ അധികമായി നല്കിയിരിക്കുന്നു എന്നതാണു പുതുമ.
ഹെക്സഗൺ ഷേപ്പിൽ ഡയമണ്ട് കട്ട് ഡിസൈനിംഗിലാണ് ഗ്രില്ലിന്റെ രൂപകല്പന. ഗ്രില്ലിൽ നല്കിയിരിക്കുന്ന മെറ്റാലിക് ഗാർണിഷ് വാഹനത്തിന് സ്പോർട്ടി ലുക്ക് നല്കുന്നുണ്ട്.

ബോഡിയിലൂടെ കടന്നുപോകുന്ന സിൽവർ ഗാർണിഷാണ് വശങ്ങളിലെ പ്രധാന ആകർഷണം. ഇത് ചുറ്റിലും നല്കിയിരിക്കുന്നതിനാൽ റിച്ച് ലുക്കാണ് വാഹനത്തിന്.

റിയർ വിൻഡ് സ്ക്രീനിനോടു ചേർന്നിരിക്കുന്ന ടെയിൽ ലാമ്പും ബ്രേക്ക്ലൈറ്റ് ഘടിപ്പിച്ച സ്പോയിലറും റിയർ ഡോറിന്റെ മധ്യത്തിൽ നല്കിയിരിക്കുന്ന ലോഗോയും റിയർ ബംപറിന്റെ വശങ്ങളിലായി നല്കിയിരിക്കുന്ന റിഫ്ളക്ഷൻ ലൈറ്റും ചേർന്നതാണ് പിൻഭാഗത്തിന്റെ രൂപഘടന.
ബേസ് മോഡൽ മുതലുള്ളവയ്ക്ക് അലോയി വീലുകൾ വരുന്നുണ്ട്. 3989 എംഎം നീളവും 1706 എംഎം വീതിയും 1542 എംഎം ഉയരവുമുള്ള അർബൻ ക്രോസിന് 156 എംഎം ഗ്രൗണ്ട് ക്ലിയറൻസും നല്കിയിട്ടുണ്ട്.

സുരക്ഷ: ഡുവൽ എയർബാഗ്, സീറ്റ് ബെൽറ്റ്, വാണിംഗ് സിഗ്നൽ എന്നീ സംവിധാനങ്ങളൊരുക്കി അവഞ്ച്യൂറ യാത്രക്കാർക്ക് സുരക്ഷ നല്കുന്നു.

എൻജിൻ: 1.3 ലിറ്റർ ഡീസൽ എൻജിനിലും 1.4 ലിറ്റർ പെട്രോൾ എൻജിനിലും പുറത്തിറങ്ങുന്നു. ടോപ് എൻഡ് മോഡലാണ് പെട്രോൾ എൻജിനിൽ വരുന്നത്. ഇത് 1368 സിസി കരുത്തിൽ 210 എൻഎം ടോർക്ക് 142 പിഎസ് പവർ ഉത്പാദിപ്പിക്കുന്നു. ഡീസൽ എൻജിൻ 1248 സിസിയിൽ 209 എൻഎം ടോർക്ക് 93 പിഎസ് കരുത്താണ് പുറന്തള്ളുന്നത്.

മൈലേജ്: ഡീസൽ മോഡലുകൾക്ക് 20 കിലോമീറ്ററും പെട്രോൾ മോഡലിന് 17.1 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

വില: 7.99 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെ (കൊച്ചിയിലെ ഓൺറോഡ് വില).

ടെസ്റ്റ് ഡ്രൈവ്: പിനാക്കിൾ ഫിയറ്റ്, ഫോൺ: 8111995007.

അജിത് ടോം