മനസ് കീഴടക്കാൻ രൂപമെടുത്തവൻ; ഹോണ്ട സിറ്റി
മനസ് കീഴടക്കാൻ രൂപമെടുത്തവൻ; ഹോണ്ട സിറ്റി
Monday, September 12, 2016 5:06 AM IST
ഓട്ടോമാറ്റിക് കാറുകളെക്കുറിച്ച് കൗതുകത്തോടെ കേട്ടിരുന്നതും ക്ലച്ചും ഗിയറും ഇല്ലാതെ എങ്ങനെയാണ് ഇത് ഓടിക്കുന്നതെന്ന് തലപുകഞ്ഞ് ആലോചിച്ചതുമായ കാലം ഒത്തിരി പിന്നിലല്ല. എന്നാൽ, എല്ലാ ആകാംക്ഷകൾക്കും വിരാമമിട്ട് ഓട്ടോമാറ്റിക് കാറുകൾ നമ്മുടെ നാട്ടിലും സജീവമായപ്പോൾ ആകാംക്ഷയേക്കാളുപരി പുച്ഛമാണ് പലർക്കുമുണ്ടായത്. ഒപ്പം, ഇത് നമ്മുടെ സ്കൂട്ടി ഓടിക്കുന്ന പോലെ തന്നെയാണ് എന്ന കമന്റും. വൈകാതെതന്നെ മാന്വൽ കാറുകൾ ആണുങ്ങൾക്കും ഓട്ടോമാറ്റിക് കാറുകൾ പെണ്ണുങ്ങൾക്കും പ്രായമായവർക്കുമെന്ന് അപ്രഖ്യാപിത വേർതിരിവുമുണ്ടായി. ഈ ചിന്താഗതിക്ക് അല്പം വിട്ടുവീഴ്ച വന്നിട്ടുണ്ടെങ്കിലും വലിയ മാറ്റങ്ങൾ പ്രകടമായിട്ടില്ല. അതുകൊണ്ടുതന്നെയാവാം എല്ലാ കമ്പനികളുടെയും മികച്ച മോഡലുകളുടെയും നിഴൽ പോലെ ഓട്ടോമാറ്റിക് മോഡലുകളും പുറത്തിറങ്ങുന്നത്.

സിറ്റിയെ കുതിപ്പിനു സഹായിക്കുന്നത് സ്പോർട്സ് മോഡ് ഡ്രൈവാണ്. മാന്വൽ സിറ്റിയിൽ ഉള്ളതിലും പവറും പെർഫോർമൻസുമായിരുന്നു ഓട്ടോമാറ്റിക്കിന്റെ സ്പോർട്സ് മോഡ് നല്കുന്നത്. ഓട്ടോമാറ്റിക് മോഡലുകൾ പൊതുവേ ഫെമിനിസ്റ്റ് കാറുകളാണ് എന്ന വാദത്തെ മറിക്കടക്കുംവിധമുള്ള ഡ്രൈവിംഗ് സുഖമാണ് സിറ്റി നല്കുക.

ഹാച്ച്ബാക്ക് മോഡലുകൾ നിരത്തുകളെ കീഴടക്കിത്തുടങ്ങിയതോടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള മത്സരവും കടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഹോണ്ട സിറ്റിയുടെ ഇന്റീരിയറിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ. ബ്ലാക്ക്–സിൽവർ തീം ഡാഷ്ബോർഡും ഹോണ്ടയുടെ മുൻനിര കാറുകളുടേതിനു സമാനമായ സെന്റർ കൺസോളുമെല്ലാമാണ് ഇന്റീരിയറിന്റെ മാറ്റ് കൂട്ടുന്നത്. നാവിഗേഷൻ, ഓഡിയോ, വീഡിയോ എന്നിവയടങ്ങിയ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും തൊട്ടു താഴെ ടച്ച്സ്ക്രീൻ ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റും അതിന്റെ അരികിലായി ഇലക്ട്രിക് സ്റ്റാർട്ട് ബട്ടണും സിറ്റിക്ക് പ്രീമിയം എക്സിക്യൂട്ടീവ് കാറുകളുടെ പരിവേഷം പകരുന്നു.

സ്റ്റീയറിംഗ് വീലിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഓട്ടോമാറ്റിക്കിലെ സ്റ്റീയറിംഗ് വീലിനു താഴെയുള്ള ഗിയർ ഷിഫ്റ്റിംഗിനുള്ള ലിവർ പുതുമയാണ്. ബ്ലൂ തീം ക്ലസ്റ്ററിൽ സ്റ്റൈലിഷ് മീറ്റർ കൺസോളിൽ ഒരു ഡിജിറ്റൽ മീറ്ററും രണ്ട് അനലോഗ് മീറ്ററുമാണ് സിറ്റിയിലുള്ളത്.

ലെതർ ഫിനിഷിംഗിലുള്ള വലിയ സീറ്റുകളും വിശാലമായ ലെഗ് സ്പേസും ബാക്ക് സീറ്റിലെ യാത്രക്കാർക്കായുള്ള ഡ്യുവൽ എസി വെന്റുകളും സിറ്റിയിലെ മറ്റു സവിശേഷതകളാണ്. 510 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസ് എതിരാളികളിൽനിന്നു സിറ്റിയെ ഒരുപടി മുന്നിൽ നിർത്തുന്നു.


ഫേസ്ലിഫ്റ്റ് ചെയ്യുകയെന്ന കീഴ്വഴക്കം തെറ്റിച്ച് എക്സ്റ്റീരിയറിൽ അടിമുടി മാറ്റവുമായാണ് സിറ്റിയുടെ ടൈപ്പ് 4 പുറത്തിറക്കിയിരിക്കുന്നത്. പ്രധാന എതിരാളികളായ മാരുതി സിയാസ്, ഹ്യുണ്ടായി വെർണ എന്നീ മോഡലുകളേക്കാൾ 10എംഎം ഉയരം കൂട്ടിയിട്ടുമുണ്ട്. 4440 എംഎം നീളവും 1695 എംഎം വീതിയും 1495 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലീയറൻസുമാണ് സിറ്റിക്ക് നല്കിയിട്ടുള്ളത്.

ഗ്രില്ലിന്റെ സ്‌ഥാനത്ത് ക്രോം ഫിനീഷിംഗ് നല്കിയിരിക്കുന്ന തിളക്കമേറിയ സ്ട്രിപ്പും അതിനോടു ചേർന്നു നല്കിയിരിക്കുന്ന ബ്ലാക്ക് ലൈനുകളുമാണ് സിറ്റിയുടെ മുഖത്തിന് എതിരില്ലാത്ത സൗന്ദര്യം നല്കുന്നത്. ഹൈ ബീം, ലോ ബീം, ഇൻഡിക്കേറ്റർ എന്നിങ്ങനെ മൂന്ന് ലൈറ്റുകളായാണ് ഹെഡ്ലാമ്പിന്റെ രൂപകല്പന. വളരെ പ്രശംസനീയമായ ഡിസൈനിംഗാണ് വശങ്ങളിൽ നടത്തിയിരിക്കുന്നത്. ആകർഷകമായ ബോഡി ഡിസൈനിംഗിനൊപ്പം ഇൻഡിക്കേറ്ററുകളുള്ള ഓട്ടോ ഫോൾഡിംഗ് റിയർവ്യൂ മിററും 15 ഇഞ്ച് അലോയ് വീലുകളിൽ വളരെ നേർത്ത ടയറുകളുമാണ് വശങ്ങളിൽനിന്നുള്ള ആകർഷണം.

ബിഎംഡബ്ലുവിനോട് സാമ്യമുള്ള ടെയ്ൽ ലാമ്പും രണ്ട് ലൈറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പുകളും റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ഏരിയലും പിൻഭാഗത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

സിറ്റിയുടെ പെട്രോൾ, ഡീസൽ മോഡലുകൾ ഇറങ്ങുന്നുണ്ടെങ്കിലും പെട്രോൾ എൻജിനാണ് ഓട്ടോമാറ്റിക്കിൽ ഉപയോഗിച്ചിരിക്കുന്നത്. സിടിവി ഗിയർബോക്സിൽ 1.5 ലിറ്റർ ഐ വിടെക് എൻജിൻ 145 എൻഎം ടോർക്കിൽ 117.3 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്.

ഡീസൽ എൻജിൻ ആറ് സ്പീഡ് മാന്വൽ ഗിയർ ബോക്സ് 200എൻഎം ടോർക്കിൽ 98.6 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്നു.

ഓട്ടോമാറ്റിക് മോഡലിന് 18 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

11.93 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയാണ് സിറ്റിയുടെ ഓട്ടോമാറ്റിക് മോഡലിന്റെ കോട്ടയത്തെ ഓൺറോഡ് വില.

ടെസ്റ്റ് ഡ്രൈവ്: വിഷൻ ഹോണ്ട, കോട്ടയം. ഫോൺ: 9526051175.

<യ> –അജിത് ടോം