വൗ-ഫൈ!!
വൗ-ഫൈ!!
Wednesday, March 22, 2017 4:24 AM IST
ഇൻറർനെറ്റ് വേഗതയുടെ കാര്യത്തിൽ എന്തായാലും ഇപ്പോൾ പണ്ടത്തെയത്ര പരാതികളില്ല. അതിവേഗ സർവീസ് പ്രൊവൈഡർമാരുടെ പ്രളയത്തോടെ മുന്പൊന്നും സ്വപ്നം കാണാൻപോലും സാധിച്ചിരുന്നില്ലാത്ത അത്രയ്ക്കുവേഗത്തിലാണ് ഇന്ന് ബ്രൗസിംഗ്. എന്നാൽ ഇന്നുള്ളതിൻറെ നൂറിരട്ടി വേഗത്തിൽ നെറ്റ് കിട്ടിയാലോ അതെ, നൂറിരട്ടിതന്നെ. നെതർലൻഡ്സിലെ ഐന്തോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പുതിയ ഇൻഫ്രാറെഡ് അധിഷ്ഠിത വൈ-ഫൈ സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.

നെറ്റ് വേഗം സംബന്ധിച്ച് ഇന്നുള്ള എല്ലാ സങ്കല്പങ്ങളെയും മാറ്റിമറിക്കുന്ന ഈ വൈ-ഫൈ സംവിധാനത്തെ ശരിക്കും വൗ-ഫൈ എന്നു വിളിക്കേണ്ടിവരും. യഥാർഥത്തിൽ ലൈ-ഫൈ എന്നാണ് ഇതിൻറെ പേര്. ഇതിനെക്കുറിച്ചുള്ള വാർത്തകൾ മുന്പും പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴാണ് ആധികാരികമായ വിവരങ്ങൾ ലഭ്യമാകുന്നത്. വയർലെസ് ഡിവൈസുകളിലേക്ക് വിവിധ തരംഗദൈർഘ്യമുള്ള കിരണങ്ങൾ എത്തിക്കുന്ന സെൻട്രൽ ലൈറ്റ് ആൻറിനയാണ് ഇതിൻറെ അടിസ്ഥാനം. നെറ്റ് വർക്കിനെ കൂടുതൽ സുരക്ഷിതമാക്കുന്ന ഇത് മറ്റുപകരണങ്ങൾ ഉണ്ടാക്കുന്ന തടസങ്ങൾ ഒഴിവാക്കും. പ്രകാശരശ്മികളെ മാത്രം ആശ്രയിച്ചുള്ളതായതിനാൽ മറ്റ് അറ്റകുറ്റപ്പണികളോ ചെലവുകളോ വരുന്നില്ല. പുറത്തുനിന്നുള്ള വൈദ്യുതിയും ആവശ്യമില്ല. കുറഞ്ഞ ചെലവിൽ വളരെ എളുപ്പത്തിൽ സജ്ജീകരിക്കാവുന്നതാണ് ഈ സംവിധാനം. വളരെ സുരക്ഷിതമായ തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് ആണ് ഇതിനുപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻറെ കാഴ്ചയെ ബാധിക്കുന്ന യാതൊരു പ്രശ്നവും ഇതുമൂലം ഉണ്ടാവില്ല.


സാധാരണ ഉപയോക്താക്കളിലേക്കെത്താൻ ഇനിയും അഞ്ചുവർഷംകൂടി കാത്തിരിക്കണമെന്നും ഗവേഷകർ പറയുന്നു.
-ഹരി