"ഓറിയോ’യിൽ തുടങ്ങുന്ന ആരോ ആവാം ആൻഡ്രോയ്ഡ് എട്ടാമൻ
"ഓറിയോ’യിൽ തുടങ്ങുന്ന ആരോ ആവാം ആൻഡ്രോയ്ഡ് എട്ടാമൻ
Thursday, March 16, 2017 12:30 AM IST
സ്ഥിരതയുടെയും ഒത്തിണക്കത്തിന്‍റേയും പ്രതീകം... തീരുമാനങ്ങളെടുക്കാനുള്ള കഴിവിന്‍റെ പ്രതീകം... ചൈനയിലെ ഭാഗ്യ നന്പർ.., അവിടെ സമൃദ്ധിയുടെ ചിഹ്നം... എട്ട് ഒട്ടേറെ പ്രത്യേകതകളുള്ള അക്കമാണ്. എന്തിന്, എട്ടിന്‍റെ പണി എന്ന പ്രയോഗംപോലും നാട്ടിൽ പാട്ടാണ്.

എന്താണിപ്പോൾ ഈ എട്ടിനെക്കുറിച്ച് എന്നല്ലേ. ആൻഡ്രോയ്ഡ് ഉപയോക്താക്കൾ നൂഗട്ട് എന്ന ഏഴാം പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഗൂഗിൾ അതിൻറെ എട്ടാം പതിപ്പ് ഉഷാറാക്കാനുള്ള പണി തുടങ്ങിയിരിക്കുന്നു എന്നു വാർത്ത. ഔദ്യോഗിക പേര് ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും എട്ടാമൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഓറിയോ എന്നാവും പേരെന്ന് പരക്കേ സൂചനകളുണ്ടെങ്കിലും ഒ-യിൽ തുടങ്ങുന്ന ഏതെങ്കിലുമൊന്നാവും പേരെന്നു മാത്രമേ ഇപ്പോൾ പറയാനാവൂ.

ഇക്കൊല്ലം രണ്ടാം പകുതിയിൽ പുറത്തിറങ്ങാനിരിക്കുന്ന ആൻഡ്രോയ്ഡ് എട്ടിന്‍റെ ഏതാനും പുതിയ ഫീച്ചറുകൾ അടുത്തയിടെ ചോർന്നിരുന്നു. ആപ്പിളിനെ വെല്ലാൻ സഹായിക്കുന്നതാവും ആൻഡ്രോയ്ഡ് എട്ട് എന്നാണ് വിലയിരുത്തൽ. പുറത്തുവന്ന സവിശേഷതകളിൽ ചിലതു ചുവടെ.

കോപ്പി ലെസ് ഫീച്ചർ

സ്മാർട്ട്ഫോണ്‍ ഉപയോഗത്തിൽ പലപ്പോഴും തലവേദനയായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് ഏതെങ്കിലും ടെക്സ്റ്റ് ഒരിടത്തുനിന്ന് കോപ്പി ചെയ്ത് മറ്റൊരിടത്ത് പേസ്റ്റ് ചെയ്യുക എന്നത്.

ഉദാഹരണത്തിന് ഒരു ചാറ്റിനിടയ്ക്ക് സുഹൃത്ത് ഏതാണ് ഉച്ചയ്ക്കു ഭക്ഷണംകഴിക്കാൻ നല്ല ഹോട്ടലെന്നു ചോദിക്കുന്നുവെന്നു കരുതുക. നിങ്ങൾ ഒരുപക്ഷേ ഏതെങ്കിലും ആപ്ലിക്കേഷനിൽ നല്ലൊരു ഹോട്ടലിൻറെ പേരും വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടാകാം. ആ ആപ്പിൽ പോയി അവിടെനിന്ന് അതു കോപ്പി ചെയ്ത് തിരികെ ചാറ്റ് ആപ്ലിക്കേഷനിൽ എത്തി പേസ്റ്റ് ചെയ്താലേ അത് സുഹൃത്തിനു കൈമാറാനാകൂ. ഈ കോപ്പി-പേസ്റ്റ് ഒഴിവാക്കാനുള്ള ഓട്ടോ ജെനറേറ്റഡ് സജഷനാണ് ആൻഡ്രോയ്ഡിൻറെ പുതിയ പതിപ്പിൽ ഉണ്ടാവുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിശദാംശങ്ങൾ അറിവായിട്ടില്ല.


ഗൂഗിൾ മാപ്സ് അപ്ഗ്രേഡ്

ഒരു ടെക്സ്റ്റ് മെസേജിൽ അടങ്ങിയിട്ടുള്ള അഡ്രസ് നേരിട്ട് ഗൂഗിൾ മാപ്സിൽ തിരിച്ചറിയാൻ കഴിയുന്ന വിധം സംവിധാനംവരും. ജിമെയിലിലും ഈ അപ്ഗ്രേഡ് പ്രയോജനപ്പെടുത്തും.
സമാനമായ ഫീച്ചർ ഇപ്പോൾത്തന്നെ ഐഒഎസിൽ ഉണ്ട്.

ഫിംഗർ ജെസ്റ്റർ

വിരലനക്കങ്ങൾകൊണ്ട് സ്മാർട്ട്ഫോണുകൾ നിയന്ത്രിക്കാൻ ഫിംഗർ ജെസ്റ്റേഴ്സ് ഫീച്ചറിലൂടെ കഴിയും. ഉദാഹരണത്തിന് സ്ക്രീനിൽ സി എന്ന ഇംഗ്ലീഷ് അക്ഷരം എഴുതുന്നുവെന്നു കരുതുക. റീസൻറ് കോണ്ടാക്ടുകളുടെ ലിസ്റ്റ് ഉടനെ ആൻഡ്രോയ്ഡ് കാണിക്കും. വോയ്സ് കമാൻഡിനേക്കാൾ വേഗത്തിൽ ഫിംഗർ ജെസ്റ്റർ പ്രവർത്തിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ വിവരങ്ങളോട് ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

-വി.ആർ. ഹരിപ്രസാദ്