പോലീസിൽ പരാതി കൊടുക്കാം, സ്റ്റേഷനിൽ പോകാതെ
പോലീസിൽ പരാതി കൊടുക്കാം, സ്റ്റേഷനിൽ പോകാതെ
Thursday, July 21, 2016 4:18 AM IST
പോലീസ് സ്റ്റേഷനിൽ പോകാൻ ഇന്നും സാധാരണ ആളുകൾക്ക് മടിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്. പോലീസ് എത്രയൊക്കെ മാറിയെന്ന് പറഞ്ഞാലും ആളുകൾ പഴയതൊക്കെ മറക്കുമോ? ഇതിനൊരു പരിഹാരവുമായെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. പരാതി നൽകാനും മറ്റുമായി ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ഇതിനായി പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരാതി നൽകാൻ മാത്രമല്ല, കൈക്കൂലി സംബന്ധമായ പരാതികൾ, കാണാതായ സംഭവം, ആളുകളുടെ വേരിഫിക്കേഷൻ, ട്രാഫിക്ക് ജാം സംബന്ധമായ പരാതി, പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആപ്പിലൂടെ പോലീസിന് കൈമാറാം.

സ്ത്രീകൾക്കാണ് ഈ ആപ്പുകൊണ്ട് ഏറെ പ്രയോജനം. സൈബർ കുറ്റകൃത്യങ്ങൾ, മാനഭംഗക്കേസുകൾ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് സ്റ്റേഷനിൽ പോകാതെ പരാതി നൽകാൻ സാധിക്കും. പരാതി സ്വീകരിക്കുക മാത്രമല്ല, പരാതി സ്വീകരിച്ചതായുള്ള രസീതും ആപ്ലിക്കേഷൻ വഴിലഭിക്കും. ഉത്തരാഖണ്ഡിൽ ആയിരക്കണക്കിന് ആളുകളാണ് ആപ്പ് വഴി പോലീസ് സ്റ്റേഷൻ സേവനം ഉപയോഗിക്കുന്നത്. ഉത്താരഖണ്ഡിൽ ഹിറ്റായ സ്‌ഥിതിക്ക് ആപ്പ് മറ്റു സംസ്‌ഥാനങ്ങളും നടപ്പിലാക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ആളുകൾ ന്യൂജൻ ആകുമ്പോൾ എന്തിനാണ് പോലീസ് വാട്സ്ആപിൽ മാത്രം ഒതുങ്ങുന്നത്? പുതിയ ആപുകൾ ഉണ്ടാക്കി പോലീസിന് കുറ്റവാളികൾക്ക് ‘ആപ്പ്’ വയ്ക്കാമല്ലോ.


–എസ്ടി