മഴവിൽവർണം വിരിച്ച വഴിയിൽ
മഴവിൽവർണം വിരിച്ച വഴിയിൽ
Tuesday, March 13, 2018 4:44 PM IST
മഴ പെയ്തു തോർന്ന മാനത്തെ മഴവില്ല് നമുക്ക് തരുന്ന ഒരു സന്തോഷമില്ലേ? അതുതന്നെയാണ് എനിക്ക് ചിത്രരചന നൽകുന്നതും. മഴവില്ല് വർണങ്ങളണിഞ്ഞ കാൻവാസുകളിലേക്കു നോക്കി മിനി പറഞ്ഞു. പക്ഷേ മിനിയുടെ മഴവില്ലിനു നിറമില്ല. ഈ ചിത്രങ്ങളിൽ മഴവില്ലിനു പുറത്താണു വർണം വിരിയുന്നത്. ഐടി മേഖലയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ തെൻറ പാഷനു വേണ്ടി സമയം കണ്ടെത്തുകയാണ് മിനി ഏനോക്ക്.

പഠനത്തിനിടയിലെ പടംവര

മിനിയുടെ കുഞ്ഞുകൈകളിലേക്ക് ചായം വച്ചുകൊടുത്തത് അമ്മ ഡോ. പുഷ്പ ഏനോക്കും അച്ഛൻ ബി. ഏനോക്കുമാണ്. എന്നെ പഠിക്കാൻ ഇരുത്തിയിട്ടാണ് മിമ്മി അടുക്കളയിലേക്കു പോയത്. ജോലിയെല്ലാം തീർത്ത് മമ്മി തിരികെ വന്നപ്പോൾ സ്റ്റഡി ടേബിളിൽ ഞാൻ ഇല്ല. വീടു മുഴുവൻ തെരഞ്ഞശേഷം മമ്മിക്ക് എന്നെ കിട്ടുന്നത് മുറിയിലെ മേശയ്ക്കടിയിൽ നിന്നാണ്. കൈയിലും ഉടുപ്പിലും ഒക്കെ പെയിൻറ് പിടിപ്പിച്ചായിരുന്നു എെൻറ ഇരിപ്പ്. പ്രതീക്ഷിച്ചത് ഒരു അടിയായിരുന്നെങ്കിലും അതുണ്ടായില്ല. വെറുതെയൊന്നു ചിരിച്ചിട്ടു മമ്മി പോയി. മമ്മിയുടെ ഉള്ളിലും ഒരു ചിത്രകാരിയുള്ളതുകൊണ്ടാകാം അന്ന് എന്നെ ഒന്നും പറയാത്തത്.

കൗതുകമായി ഗുരുനാഥൻ

കഴിഞ്ഞ ഒരു വർഷം മുന്പുവരെ മിനിക്ക് ചിത്രരചന ഒരു ഹോബി മാത്രമായിരുന്നു. ഹോബി എന്നതിനപ്പുറം തെൻറയുള്ളിൽ ഒരു ചിത്രകാരിയുണ്ടെന്നും അവൾ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാണെന്നും അവൾക്കു മനസിലാക്കി കൊടുത്തത് ഗുരുക്ക·ാരാണ്. സ്കൂളിൽ പഠിക്കുന്പോൾ ആർട്്സ് അധ്യാപകനായ ശങ്കരൻകുട്ടി വരയ്ക്കുന്നതു മിനി കൗതുകത്തോടെ നോക്കിയിരിക്കുമായിരുന്നു.

ഉണർവായി ജർമനിയിലെ കാഴ്ചകൾ

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പ്രഫഷണൽ പഠനവും ജോലിയും ഒക്കെ ആയതോടെ മിനിക്കു ചിത്രരചന സ്ട്രെസ് റിലീവർ മാത്രമായി മാറി. അതിൽ നിന്ന് ഒരു മാറ്റം ലഭിക്കുന്നത് വിവാഹശേഷം കുടുംബവുമൊത്തുള്ള ജർമനി യാത്രയിലാണ്. ഭർത്താവ് സുധീപിെൻറ ജോലി സംബന്ധമായി ആറുമാസത്തോളം ജർമനിയിലായിരുന്നു. അവിടുത്തെ കാഴ്ചകൾ മിനിക്ക് ഉൗർജം പകർന്നു. ജർമനിയുടെ സൗന്ദര്യം ഒപ്പിയെടുത്തുകൊണ്ടാണ് അവർ ചിത്രരചനയിലേക്കു മടങ്ങിവന്നത്.


ബംഗളൂരുവിലുള്ള ഒരു ഐടി കന്പനിയുടെ പ്രോജക്ട് മാനേജരാണ് മിനി. ജോലിയിലെ സമ്മർദങ്ങളിൽ നിന്നു രക്ഷനേടാൻ ചിത്രരചന അവരെ ഏറെ സഹായിക്കുന്നുണ്ട്.

വഴിത്തിരിവായത് റെയ്ൻബോ റൈഡ്

മിനിയുടെ ഉള്ളിലെ വരകൾ കാഴ്ചക്കാരിൽ ഒരു ചലനമുണ്ടാക്കണമെങ്കിൽ അത് മിനിയുടേതു മാത്രമായിരിക്കണം കുടുംബസുഹൃത്തും ഗുരുതുല്യനുമായ കാരയ്ക്കാമപം വിജയകുമാറിെൻറ ഈ വാക്കുകളാണു മിനിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ചുറ്റുമുള്ളവയെ നിരീക്ഷിച്ചു ചിത്രങ്ങൾ വരച്ചിരുന്ന മിനി തെൻറയുള്ളിലെ ചിന്തകളെ ചിത്രങ്ങളാക്കാൻ തുടങ്ങി. അങ്ങനെയാണ് നിറം മങ്ങിയ മഴവില്ലും അതിനു ചുറ്റുമുള്ള വർണാഭമായ ലോകവും ജനിക്കുന്നത്. എെൻറ ചിത്രങ്ങളിലെ മഴവില്ലിനു ചാരനിറമാണ്. ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ വിജയകുമാർ സാർ പറഞ്ഞു ഇത് ഒരു സീരീസ് ആക്കണമെന്ന്. അങ്ങനെയാണ് ഞാൻ റെയ്ൻബോ റൈഡ് എന്ന സീരീസ് ഒരുക്കിയത്. 12 ചിത്രങ്ങൾ ഉള്ള റെയ്ൻബോ റൈഡിെൻറ ആദ്യ പ്രദർശനം ഡിസംബറിൽ തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്നു. സ്വന്തം നാട്ടിൽ ഒരു ചിത്രപ്രദർശനം നടത്താൻ സാധിക്കുന്നതും അതു കാണാൻ നമുക്ക് പ്രിയപ്പെട്ടവർ എത്തുന്നതും വല്ലാത്തൊരു ഫീൽ ആണ്. സന്തോഷം മാത്രമല്ല, ദു:ഖവും ജീവിതത്തിെൻറ ഒരു വശമാണ്. ഒരു ചിത്രത്തെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താൻ കാഴ്ചക്കാർക്കു സാധിക്കുന്നിടത്താണു ചിത്രകാരെൻറ വിജയമെന്നു മിനി പറഞ്ഞു.

അഞ്ജലി