ജീവിതം സുരക്ഷിതമാക്കാൻ ഇൻഷുറൻസും കൂടെ വേണം
ജീവിതം സുരക്ഷിതമാക്കാൻ  ഇൻഷുറൻസും കൂടെ വേണം
Saturday, August 11, 2018 2:35 PM IST
ഓ! ഇപ്പോൾ വലിയ അസുഖങ്ങളൊന്നുമില്ല. അസുഖം വരുവാണേൽ അപ്പോൾ നോക്കാം. വെറുതെ അത്രയും പണം നഷ്ടപ്പെടുത്തണോ എന്നിങ്ങനെയാണ് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സംസാരിച്ചാൽ പലരുടെയും അഭിപ്രായം.

പക്ഷേ, ഒരു വിഷമഘട്ടത്തിൽ എത്തിച്ചേരുന്പോൾ മാത്രമേ പലരും ഇൻഷുറൻസ് പോളിസിയുടെ വില മനസിലാക്കൂ. ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാതെയും മുന്നോട്ടു പോകാം. എന്നാൽ മരണം എന്ന സത്യം നിലനിൽക്കുന്നിതിനാൽ, അത് അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും കടന്നുവരാം. ഇവിടെയാണ് ഇൻഷുറൻസിന്‍റെ പ്രസക്തി.

പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ തുടങ്ങി ആശ്രിതരുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് ഉണ്ടായിരിക്കണം. വരുമാനമുള്ള ആളെ ആശ്രയിച്ചാവും ആ കുടുംബം മുന്നോട്ടു പോകുന്നത്. ഒരു ദിവസം അപ്രതീക്ഷിതമായി ആ വരുമാനം നിലച്ചാൽ.... ആ കുടുംബത്തിന്‍റെ ഭാവി എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളു. ഇങ്ങനെയുള്ള അപ്രതീക്ഷിത സംഭവങ്ങളിൽ ആശ്രിതരുടെ സാന്പത്തിക ഭാവി ഉറപ്പാക്കുന്ന ഉറ്റ ചങ്ങാതിയാണ് ഇൻഷുറൻസ്.
അതുകൊണ്ടുതന്നെ ജീവിതത്തിൽ നിശ്ചയമായും എടുത്തിരിക്കേണ്ടതാണ് ഇൻഷുറൻസ്.
പ്രിയപ്പെട്ടവരുടെ ഭാവി ഭദ്രമാക്കുന്നതിനുവേണ്ടി മുടക്കുന്ന ചെലവായി ഇതിനെ കാണണം. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഈ മുടക്കിന് ഒന്നും തിരിച്ചു കിട്ടുകയില്ലെല്ലോ എന്ന ചിന്ത കളയണം. പകരം യാതൊരു ആശങ്കകളുമില്ലാതെ ഇത്രയും നാൾ കഴിഞ്ഞുവെല്ലോയെന്നു സമാധാനിക്കുക!
വരുമാനമുണ്ടാക്കിത്തുടങ്ങുന്ന പ്രായത്തിൽതന്നെ ലൈഫ് ഇൻഷുറൻസ് എടുക്കുക. ഏറ്റവും ചെറുപ്പത്തിലെ ഇൻഷുറൻസ് എടുത്താൽ പ്രീമിയം കുറഞ്ഞിരിക്കും. പ്രായം കൂടുന്തോറും പ്രീമിയം കൂടും.

ജീവിതത്തിന് സുരക്ഷ നൽകാൻ രണ്ടു വിധത്തിൽ വ്യക്തികൾക്ക് ഇൻഷുറൻസ് പോളിസികൾ എടുക്കാം.
ഒന്ന്) ശുദ്ധമായ ഇൻഷുറൻസ് എന്നു കണക്കാക്കുന്ന ടേം ഇൻഷുറൻസ്.
രണ്ട്). സന്പാദ്യവും ലൈഫ് കവറേജും ഉൾപ്പെടുന്ന എൻഡോവ്മെന്‍റ് ഇൻഷുറൻസ് പോളിസികൾ.

ലൈഫ് ഇൻഷുറൻസ് പദ്ധതികൾ

1. ടേം ഇൻഷുറൻസ്
വ്യക്തികൾക്ക് സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന ഏറ്റവും സമഗ്രമായ ഇൻഷുറൻസ് പദ്ധതിയാണ് ടേം ഇൻഷുറൻസ് പ്ലാൻ. പോളിസി ഉടമയുടെ അഭാവത്തിൽ വീട്ടുചെലവുകൾ മുതൽ വാടക വരെയുള്ള എല്ലാ ചെലവുകളും നിറവേറ്റുവാൻ സഹായിക്കുന്നതാണ് ടേം ഇൻഷുറൻസ്.

ഇതൊരു നിക്ഷേപമല്ല. ഇതിൽനിന്നു ലാഭവും കിട്ടുകയില്ല. ഇതൊരു ചെലവുമാണ്. മനസമാധാനം നൽകുന്ന ചെലവ്.
അതുകൊണ്ടുതന്നെ ഭാവി ആവശ്യങ്ങൾ എല്ലാം കണക്കിലെടുത്ത്, യോജിച്ച ടേം ഇൻഷുറൻസ് പോളിസി വേണം തെരഞ്ഞെടുക്കാൻ. തങ്ങളുടെ ജീവിത നിലവാരം പുലർത്തിക്കൊണ്ടുപോകുവാൻ സഹായിക്കുന്ന വിധത്തിലുള്ള ടേം ഇൻഷുറൻസ് കവറേജ് എടുക്കുവാൻ ശ്രദ്ധിക്കുക.

പേരു പോലെ തന്നെ ഇത് ഒരു നിശ്ചിത കാലയളവിലേക്കു കവറേജ് നൽകുന്ന ഇൻഷുറൻസ് പോളിസിയാണ് ടേം ഇൻഷുറൻസ്. ഈ കാലയളവിനുള്ളിൽ പോളിസി ഉടമ മരിച്ചാൽ ആശ്രിതർക്ക് സം അഷ്വേഡ് തുക ലഭിക്കുന്നു.

പോളിസി കലാവധിയെ പോളിസി ഉടമ അതിജീവിച്ചാൽ മച്യൂരിറ്റി ബെനിഫിറ്റായി ഒന്നും ലഭിക്കുകയില്ല.

ഇൻഷുറൻസ് എടുക്കുന്നതിന്‍റെ ലക്ഷ്യം പോളിസി ഉടമയുടെ ജീവിതത്തിനു സുരക്ഷാ കവറും അയാളുടെ കുടുംബത്തിനു സാന്പത്തിക സുരക്ഷിതത്വവും നൽകുയെന്നതാണ്.
പത്ത്, 20, 30 എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള പോളിസി ഇടപാടുകാരന്‍റെ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. പ്രീമിയം കണക്കാക്കുന്നത് ആളുടെ പ്രായം, തുക, ആരോഗ്യകരമായ റിസ്കുകൾ, കാലാവധി എന്നിവയെ അടിസ്ഥാനമാക്കിയാണ്.

നേട്ടങ്ങൾ

* വളരെ കുറഞ്ഞ തുകയ്ക്ക് ഉയർന്ന സുരക്ഷാ കവർ ഒരുക്കാൻ സാധിക്കുന്നു. ചെറുപ്പക്കാരനായ, പുക വലിക്കാത്ത ഒരാൾക്ക് ഒരു കോടി രൂപയുടെ കവറേജ് എടുക്കുവാൻ മാസം അഞ്ഞൂറോ അറുന്നൂറോ രൂപ മതിയാകും.
*റിട്ടയർമെന്‍റ് വരെ പോളിസി പ്രീമിയം അടച്ചാൽ മതി.
* ആവശ്യത്തിനനുസരിച്ച് സം അഷ്വേഡ് തുക തെരഞ്ഞെടുക്കുവാൻ പോളിസി ഉടമയ്ക്കു സാധിക്കുന്നു.
* അധിക പ്രീമിയം നൽകി റൈഡറുകൾ ( ക്രിട്ടിക്കൽ ഇൽനെസ്, ഡിസെബിളിറ്റി കവർ തുടങ്ങിയവ) എടുക്കുവാൻ സാധിക്കുന്നു
* നികുതി നേട്ടം. ആദായ നികുതി നിയമത്തിൽ 80 സി പ്രകാരം 1,50,000 ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പ്രീമിയം അടവിന് നികുതിയിളവ് ലഭിക്കും. ഇതിന്‍റെ ബെനിഫിറ്റിനും നികുതിയില്ല.
* ഓണ്‍ലൈനിൽ കടലാസ് രഹിതമായി ടേം പോളിസി എടുക്കാം. ഇതിനു പേപ്പർ പോളിസിയേക്കാൾ പ്രീമിയം കുറവായിരിക്കും.
* പോളിസി ഉടമയുടെ ധനകാര്യ ബാധ്യതകൾക്കും കവറേജ് എടുക്കാം.
*ജീവിത ചക്രത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ലൈഫ് കവറേജ് വർധിപ്പിക്കുവാൻ ചില കന്പനികൾ പോളിസി ഉടമകളെ അനുവദിക്കാറുണ്ട്. ഉദാഹരണത്തിന് വിവാഹം കഴിക്കുന്പോൾ സം അഷ്വേഡ് തുകയിൽ 50 ശതമാനവും മാതാപിതാക്കളാകുന്പോൾ വീണ്ടും 25 ശതമാനവും വർധന അനുവദിക്കുന്ന കന്പനികളുണ്ട്. ചില കന്പനികൾ ഓരോ വർഷവും 5 ശതമാനം വർധന സം അഷ്വേഡ് തുകയിൽ അനുവദിക്കാറുണ്ട്.
* സം അഷ്വേഡ് തുകുയം പ്രതിമാസ വരുമാനവും നൽകുന്ന ടേം പ്ലാനുകളും ലഭ്യമാണ്.

കോട്ടങ്ങൾ

l മച്യൂരിറ്റി ബെനഫിറ്റ് ലഭിക്കില്ല പോളിസിയുടെ കാലവധി തീർന്നതിനുശേഷവും ഉപഭോക്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ മച്യൂരി ബെനഫിറ്റ് ലഭിക്കില്ല
2. എൻഡോവ്മെന്‍റ് പോളിസി
വരുമാനത്തിൽ മിച്ചം വയ്ക്കുവാൻ സാധിക്കാത്തവരുണ്ട്. വരവിനേക്കാൾ കൂടുതൽ ചെലവാക്കുന്നവർ. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടിരിക്കുകയെന്നതായിരിക്കും ഇക്കൂട്ടരുടെ ഹോബി. സന്പാദ്യമുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല.
ഇത്തരക്കാരെ സന്പാദിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് എൻഡോവ്മെന്‍റ് പോളിസി. ഇതൊരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. അതായത് ജീവതത്തിനു കവറേജ് നൽകുന്നതിനൊപ്പം പോളിസിയുടെ കാലാവധിയിൽ പോളിസി ഉടമയെ ക്രമമായി സന്പാദിക്കുവാനും നിർബന്ധിതമാക്കുന്നു.

പോളിസി കാലാവധിയാകുന്പോൾ സഞ്ചിത തുക പോളിസി ഉടമയ്ക്കു ലഭിക്കുന്നു. ഈ തക വീട്, കുട്ടികളുടെ വിദ്യാഭ്യാസം, പെൻഷൻ തുടങ്ങിയ ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാം. പോളിസി കാലയളവിൽ ഉടമ മരിച്ചാൽ സം അഷ്വേഡ് തുക പൂർണമായും ആശ്രിതർക്കു ലഭിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഒറ്റ പ്ലാനിൽ ഇൻഷുറൻസും സന്പാദ്യവും ലഭിക്കുന്ന ഇൻഷുറൻസ് ഉപകരണമാണിത്.

സാധാരണ ഗതിയിൽ റിട്ടയർമെന്‍റ് പ്രായത്തോടെ അവസാനിക്കുന്ന വിധത്തിലാണ് പോളിസി ആളുകൾ എടുക്കാറ്. അപ്പോൾ കിട്ടുന്ന സഞ്ചിത തുക റിട്ടയർമെന്‍റ് ആവശ്യത്തിനു
ലാഭത്തോടു കൂടിയുള്ളതും അല്ലാത്തതുമായ രണ്ടുതരം എൻഡോവ്മെന്‍റ് പോളിസികളാണുള്ളത്. ലാഭത്തോടു കൂടിയ പോളിസിയിൽ ഓരോ വർഷവും പ്രഖ്യാപിക്കുന്ന ബോണസ് ലഭിക്കും. പോളിസി കാലാവധി പൂർത്തിയാക്കുന്പോഴാണ് ഈ ബോണസ് ലഭിക്കുക.
ലാഭമില്ലാതെയുള്ള പോളിസിയിൽ സം അഷ്വേഡ് തുകയാണ് ലഭിക്കുക.

ജോയിന്‍റ് ലൈഫ് എൻഡോവ്മെന്‍റ് പോളിസി. ഡബിൾ എൻഡോവ്മെന്‍റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ എൻഡോവ്മെന്‍റ് പോളിസിയുടെ വിവിധ പതിപ്പുകളാണ്.
ജോയിന്‍റ് ലൈഫ് എൻഡോവ്മെന്‍റ് പോളിസിയിൽ ഭാര്യയേയും ഭർത്താവിനേയും ഒരുമിച്ചു കവർ ചെയ്യുന്നു.

ഡബിൾ എൻഡോവ്മെന്‍റ് പോളിസിയിൽ , പോളിസി ഉടമ കാലാവധിക്കുള്ളിൽ മരിച്ചാൽ ഇരട്ടി സം അഷ്വേഡ് തുക ലഭിക്കുന്നു.

മണി ബാക്ക് പോളിസിയിൽ , സം അഷ്വേഡ് തുകയുടെ ഒരു ഭാഗം പോളിസി കാലാവധിയിൽ നിശ്ചിത ഇടവേളകളിൽ പോളിസി ഉടമയ്ക്കു ലഭിക്കുന്നു. പോളിസിയുടെ കാലാവധി തീരുന്നതിനുമു മുന്പ് പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് മുഴുവൻ തുകയും ലഭിക്കും. പോളിസി ഉടമ മരിച്ചില്ലെങ്കിൽ അവശേഷിക്കുന്ന തുക കലാവധി പൂർത്തിയാകുന്പോൾ ലഭിക്കുന്നു.


നേട്ടങ്ങൾ

* പ്രത്യേക ലക്ഷ്യത്തിനായി സന്പാദിക്കുവാൻ സാധിക്കുന്നു. ദീർഘകാല ധനകാര്യ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയും. ലഭിക്കുന്ന വരുമാനം ഏതാണ്ടു മുൻകൂട്ടി കണക്കാക്കാൻ സാധിക്കുന്നു.
* പോളിസി കാൻസൽ ചെയ്താലും കാഷ് വാല്യു തിരികെ ലഭിക്കുന്നു.

കോട്ടങ്ങൾ

* ഉയർന്ന പ്രീമിയം
* ടേം ഇൻഷുറൻസായി മാറ്റുവാൻ സാധിക്കുകയില്ല
* മെഡിക്കൽ ടെസ്റ്റ് ആവശ്യമായി വരും.
*. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ

പാരന്പര്യ എൻഡോവ്മെന്‍റ് പോളിസിയുടെ ഒരു വകഭേദമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്.പോളിസി ഉടമയ്ക്ക് ലൈഫ് കവർ നൽകുന്നതിനൊപ്പം നിക്ഷേപാവസരവും ഒരുക്കുന്നു.

ബോണ്ട്, ഓഹരികൾ, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയിലാണ് നിക്ഷേപം നടത്തുന്നത്. വിപണിയുടെ പ്രകടനവുമായി ബന്ധപ്പെട്ടാണ് യുലിപ്പിന്‍റെ പ്രകടനം. ദീർഘകാലത്തിൽ മോശമല്ലാത്ത പ്രകടനമാണ് യുലിപ് കാഴ്ച വയ്ക്കുന്നത്.
ഈ നിക്ഷേപത്തിന്‍റെ റിസ്ക് പോളിസി ഉടമ തന്നെ വഹിക്കണം. എവിടെ നിക്ഷേപിക്കണമെന്ന തീരുമാനവും പോളിസി ഉടമയ്ക്കു തന്നെയാവും. റിട്ടയർമെന്‍റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ആരോഗ്യം തുടങ്ങിയ വിവിധ ദീർഘകാല ലക്ഷ്യങ്ങൾക്കായി യുലിപ് വഴി നിക്ഷേപം നടത്താം.

നേട്ടങ്ങൾ

* റിട്ടേണ്‍ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
* അയഞ്ഞ ഘടനയുള്ള നിക്ഷേപ ഉപകരണമാണ്.പ്രീമിയം, കവറേജ് എന്നിവ പോളിസി ഉടമയുടെ ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.
* നിക്ഷേപം എവിടെ നടത്തണമെന്നു പോളിസി ഉടമയ്ക്കു തീരുമാനിക്കാം. ഓഹരി, ബോണ്ട്, ബാലൻസ്ഡ് തുടങ്ങിയ നിരവധി ഫണ്ടുകൾ നിക്ഷേപത്തിനു ലഭ്യമാണ്.
* സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപം സ്വിച്ച് ഓവർ ചെയ്യാം.
* ദീർഘകാലത്തിൽ നിക്ഷേപം നടത്താനുദ്ദേശിക്കുന്നവർക്കു യോജിച്ചതാണിത്. പ്രത്യേക ധനകാര്യ ലക്ഷ്യങ്ങൾക്കായി നിക്ഷേപം നടത്താം.
* ലൈഫ് സ്റ്റേജ് പ്ലാനിംഗിന് യോജിച്ചതാണ്.
* 80 സിയിൽ നികുതി കിഴിവു ലഭിക്കും. പോളിസി ഉടമയുടെ മരണത്തിനുശേഷം ആശ്രിതർക്കു ലഭിക്കുന്ന തുകയ്ക്കും നികുതിയില്ല. ലോക്ക് ഇൻ പീരിയഡിനുശേഷം പിൻവലിക്കുന്ന തുകയ്ക്കും നികുതിയില്ല.

കോട്ടങ്ങൾ

* റിട്ടേണിനു ഗാരന്‍റിയില്ല. വിപണിയുമായി ബന്ധപ്പെട്ടാണ് യുലിപ്പിന്‍റെ പ്രകടനം.
* ഹൃസ്വകാലത്തിൽ റിട്ടേണ്‍ മോശമാണ്. അഡ്മിനിസ്ട്രേഷൻ, ഫണ്ട് മാനേജ്മെന്‍റ് തുടങ്ങിയ നിരവധി ചാർജുകൾ നൽകണം.
* ആദ്യവർഷം നിക്ഷേപത്തിന്‍റെ 5 ശതമാനത്തോളം ചാർജായി നൽകണം.
* പോളിസി ഉടമ നിതാന്ത ജാഗ്രതയോടെ നിക്ഷേപം നിരീക്ഷിക്കണം. ആവശ്യ സമയത്തു നിക്ഷേപം സ്വിച്ച് ചെയ്യണം.

4. ഹോൾ ലൈഫ് പോളിസി

നിശ്ചിത കാലത്തേക്ക് എടുക്കുന്ന പോളിസികൾ പോലയല്ല ഹോൾ ലൈഫ് ഇൻഷുറൻസ് പോളിസികൾ. അത് പോളിസി ഉടമയ്ക്ക് ആജീവനാന്ത കാലം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. സ്ഥിര ഇൻഷുറൻസ് എന്നും ഇതറിയപ്പെടുന്നു.

ഹോൾ ലൈഫ് പോളിസിക്ക് കാഷ് വാല്യു സവിശേഷതയുമുണ്ട്. അതായത് ഇൻഷുറൻസിനൊപ്പം നിക്ഷേപ ഉപകരണവുമായി അതു പ്രവർത്തിക്കുന്നു.
പോളിസി ഉടമ മരിച്ചതിനുശേഷം സം അഷ്വേഡ്തുക നോമിനിക്കു നൽകുന്നു. ഈ പോളിസിക്ക് മച്യൂരിറ്റി കാലാവധയില്ല. പോളിസി ഉടമയുടെ മരണം വരെ ഇതിന്‍റെ കവറേജ് നിലനിൽക്കുന്നു. ചുരുക്കത്തിൽ ലൈഫ് ഇൻഷുറൻസിന്‍റെ ലക്ഷ്യം പൂർണമായും നിറവേറ്റുന്ന പോളിസിയാണിത്. ജീവിതാവസാനം വരെ പോളിസി ഉടമയ്ക്കും കവറേജും, അയാളുടെ ആശ്രിതർക്ക് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

നിശ്ചിത കാലയളവിനുശേഷം പ്രീമിയത്തിൽനിന്നു പണം വായ്പ എടുക്കാം. പിൻവലിച്ച തുക മടക്കി അടയ്ക്കണം. അല്ലെങ്കിൽ പോളിസി ഉടമ മരിച്ചു കഴിയുന്പോൾ നൽകുന്ന സം അഷ്വേഡ് തുകയിൽനിന്ന് അതു കുറവു ചെയ്യും.

ജീവിതകാലം മുഴുവൻ പരിരക്ഷ ലഭിക്കുമെങ്കിലും ഹോൾലൈഫ് പോളിസിക്ക് ജനപ്രിയമാകാൻ കഴിഞ്ഞിട്ടില്ല. ഉപഭക്താക്കളുടെ പ്രതീക്ഷയും മാറുന്ന ആവശ്യങ്ങളും നിറവേറ്റാൻ ഇതിനാകുന്നില്ല എന്നതാണു കാരണം.

മൂന്നു തരത്തിലുള്ള ഹോൾലൈഫ് പോളിസികളുണ്ട്. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന പോളിസിയാണൊന്ന്. ജീവിതകാലത്തേക്കുള്ള മൊത്തം പ്രീമിയം ഒരുമിച്ച് അടയ്ക്കുകയയാണിവിടെ.

തുടർ പ്രീമിയം പോളിസിയാണ് മറ്റൊന്ന്. ജീവിതംകാലം മുഴുവൻ ക്രമമായി പ്രീമിയം അടച്ചുകൊണ്ടിരിക്കണം ഇതിൽ.

മോഡിഫൈഡ് ഹോൾ ലൈഫ് ഇൻഷുറൻസ് ആണ് മൂന്നാമത്തേത്. ഇവിടെ തുടക്കത്തിൽ പ്രീമിയം കുറവായിരിക്കും. വരുമാനം വർധിക്കുന്നതിനനുസരിച്ച് പ്രീമിയം തുക വർധിക്കുന്നു.

നേട്ടങ്ങൾ

* പ്രീമിയം നൽകിക്കൊണ്ടിരുന്നാൽ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ.
* പ്രീമിയത്തിൽ മാറ്റമില്ല.
* കവറേജിലും മാറ്റമില്ല.
* ഉയർന്ന ബോണസ് ലഭിക്കുന്നു.
* സന്പാദിക്കുവാൻ പ്രേരിപ്പിക്കുന്നു
* പിൻഗാമിക്കു സന്പത്തു കൈമാറാൻ സഹായിക്കുന്നു

കോട്ടങ്ങൾ

* ടേം ഇൻഷുറൻസുമായി താരതമ്യം ചെയ്യുന്പോൾ പ്രീമിയം വളരെ ഉയർന്നതാണ്. എന്നാൽ എൻഡോവ്മെന്‍റ് പോളിസികളേക്കാൾ കുറവാണ്.
* ഫ്ളെക്സിബിലിറ്റി ഇല്ല. പ്രീമിയം, കവറേജ് എന്നിവയിൽ മാറ്റം വരുത്തുവാൻ സാധിക്കുകയില്ല.
* ജീവിത കാലം മുഴുവൻ പ്രീമിയം അടയ്ക്കണം. പോളിസി ഉടമയ്ക്ക് പ്രായമാകുന്പോൾ പ്രീമിയം തുക അടയ്ക്കാൻ പ്രയാസമുണ്ടായേക്കാം.

5. പെൻഷൻ പ്ലാൻ

റിട്ടയർമെന്‍റ് പ്രായമാകുന്പോൾ പണം ലഭ്യമാക്കുന്ന പോളിസിയാണ് പെൻഷൻ പ്ലാൻ അഥവാ ആന്വയിറ്റി പ്ലാൻ. റിട്ടയർമെന്‍റ് പ്രായമാകുന്പോൾ പ്രതിമാസ ഗഡുവായി പണം തിരികെ പോളിസി ഉടമയ്ക്കു ലഭിക്കുന്നു. പോളിസിയുടെ കാലയളവിൽ പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് സം അഷ്വേഡ് തുക ലഭിക്കുന്നു. ഈ തുക ഒരുമിച്ചോ പ്രതിമാസ ഗഡുവായോ നോമിനിക്കു വാങ്ങാം.
പെൻഷൻ പ്ലാനിൽ ഒരു തുക ഒരുമിച്ചോ ക്രമമായ ഗഡുവായോ നിക്ഷേപം നടത്തുന്നു. റിട്ടയർമെന്‍റ് സമയമാകുന്പോൾ പോളിസി ഉടമയ്ക്ക് ക്രമമായി പ്രതിമാസമോ വാർഷികമായോ പണം തിരികെ ലഭിക്കുന്നു. പോളിസി ഉടമ ജീവിച്ചിരിക്കുന്ന കാലം വരെയോ നേരത്തെ നിശ്ചയിച്ചിട്ടുള്ള കാലം വരെയോ ആണ് തുക ലഭിക്കുക.

ദീർഘകാലം ജീവിച്ചിരിക്കുന്നതിലെ ധനകാര്യ റിസ്ക് ഒഴിവാക്കാനും സുഖമായി ജീവിക്കുവാനുള്ള വരുമാനം നേടുവാനും പെൻഷൻ പദ്ധതികൾ സഹായിക്കുന്നു. ചുരുക്കത്തിൽ ഓരോരുത്തരുടേയും നിക്ഷേപ പ്ലാനിൽ നിശ്ചയമായും വേണ്ട ധനകാര്യ ഉപകരണമാണ്

പെൻഷൻ പ്ലാൻ.

ഇൻഷുറൻസ് കന്പനിയിൽനിന്നു ലഭിക്കുന്ന ദീർഘകാല കരാറാണ് പെൻഷൻ പ്ലാൻ. വരുമാനം ഉള്ള കാലത്ത് നിക്ഷേപത്തിലൂടെ വലിയൊരു സമാഹരിക്കുവാൻ സഹായിക്കുന്നു. റിട്ടയർമെന്‍റ് കാലത്ത് ആ തുക ഗഡുക്കളായി പോളിസി ഉടമയ്ക്കു നൽകുന്നു.

രണ്ടുതരം ആന്വയിറ്റികളാണുള്ളത്. ഇമ്മീഡിയറ്റ് ആന്വയിറ്റിയും ഡെഫേഡ് ആന്വയിറ്റിയും. ഇമ്മീഡിയറ്റ് ആന്വയിറ്റിയിൽ വലിയൊരു തുക നിക്ഷേപം നടത്തുന്നു. പിറ്റേ മാസം മുതൽ ക്രമമായി നിശ്ചിത തുക ലഭിച്ചുകൊണ്ടിരിക്കുന്നു.

ഡെഫേഡ് ആന്വയിറ്റിയിൽ റിട്ടയർമെന്‍റ് വരെ ചെറിയ തുക നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. റിട്ടയർമെന്‍റ് കാലം മുതൽ നശ്ചിത തുക ഗഡുവായി ലഭിച്ചുകൊണ്ടിരിക്കുന്നു.

നേട്ടങ്ങൾ

* ജോലി ഇല്ലാതായാലും വരുമാനം ലഭിക്കുന്നു
* നിക്ഷേപത്തിന് പരിധിയില്ല

കോട്ടങ്ങൾ

* കാലാവധി പൂർത്തിയാകുന്നതിനു മുന്പ് പിൻവലിക്കാൻ സാധിക്കില്ല
* കൂട്ടു പലിശ ഇല്ല