ശുദ്ധമായ പച്ചക്കറികളുമായി ഫാമിംഗ് കളേഴ്സ്
ശുദ്ധമായ പച്ചക്കറികളുമായി ഫാമിംഗ് കളേഴ്സ്
Monday, May 21, 2018 3:25 PM IST
"നാട്ടിലായിരുന്നെങ്കിൽ പറന്പിൽ കുറച്ചു പച്ചക്കറിയെങ്കിലും നടമായിരുന്നു. അധികമൊന്നും വേണ്ട നമ്മുടെ ആവശ്യത്തിനു മാത്രം. ജോലിക്കും പഠനത്തിനുമായി നാട്ടിൻപുറത്തു നിന്നും ഇങ്ങ് നഗരത്തിൽ താമസമാക്കുന്ന പ ലരും പറയുന്ന അഭിപ്രായമാണിത്. കണ്ണൂർ ജില്ലയിലെ ഇരുട്ടിക്കടുത്ത് ഉളിക്കൽ എന്ന സ്ഥലത്തു നിന്നും എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി എത്തിയ ജിം ജോർജിനും കൂട്ടുകാർക്കുമുണ്ടായിരുന്നു ഈ അഭിപ്രായം. അന്വേഷിച്ചപ്പോൾ നഗരത്തിൽ ജീവിക്കുന്ന പലർക്കുമുണ്ട് ഇത് അഭിപ്രായം.

എങ്കിൽപിന്നെ ഇതിനൊരു പരിഹാരം കാണണമല്ലോ എന്ന ചിന്തയിലായി ജിം ജോർജും സഹോദരൻ ജെറിൻ ജോർജും ഇവരുടെ ബന്ധു ആകാശ് ജോർജും സഹപാഠി സുധീഷ് നാരായണനും. അങ്ങനെ അതിനായുള്ള പരിശ്രമങ്ങൾക്കൊടുവിൽ അവർ ഒരു പരിഹാരം കണ്ടെത്തി. ഓർഗാനിക് കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും കാർഷികോത്പന്നങ്ങൾ ശേഖരിച്ച് വീടുകളിൽ എത്തിച്ചു നൽകുക. അതിനായി ഫാമിംഗ്കളേഴ്സ് ഡോട്ട് കോം(farmingcolors.com) എന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോം രണ്ടര വർഷം മുന്പ് ഇവർ ആരംഭിച്ചു.

സംരംഭം എന്ന സ്വപ്നം

"എഞ്ചിനീയറിംഗ് പഠിച്ചിരുന്ന കാലം മുതലെ സരംഭം എന്ന ചിന്തയുണ്ടായിരുന്നു. സോഫ്റ്റ് വേർ മേഖലയിലൊക്കെ ചെറുതായി പരിശ്രമങ്ങൾ നടത്തിയെങ്കിലും അതൊക്കെ പരാചയപ്പെട്ടു. അങ്ങനെയാണ് ഇത്തരമൊരു സംരംഭത്തിലേക്ക് എത്തിച്ചേർന്നത്. സ്റ്റാർട്ടപ് വില്ലേജിലായിരുന്നു ഇൻകുബേറ്റ് ചെയ്തിരുന്നത്. ഇപ്പോൾ ആലുവയിലാണ് കന്പനി പ്രവർത്തിക്കുന്നത് ജിം ജോർജ് പറയുന്നു.

പാലക്കാട്, പെരുന്പാവൂർ, കോടനാട്, വയനാട് എന്നിവിടങ്ങളിൽ നിന്നുമാണ് ഇവർ നാടൻ പച്ചക്കറികൾ ഏടുക്കുന്നത്. സത്യമംഗലത്തു നിന്നുമാണ് ഇംഗ്ലീഷ് പച്ചക്കറികൾ ശേഖരിക്കുന്നത്. നൂറു ശതമാനം ഓർഗാനികാണെന്ന് ഉറപ്പുള്ളവരുടെ കയ്യിൽ നിന്നുമാത്രമേ പച്ചക്കറികൾ എടുക്കാറുള്ളു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പച്ചക്കറിത്തോട്ടത്തിൽ നിന്നും വെണ്ട, പയർ, പാവൽ എന്നിവ ശേഖരിക്കുന്നുണ്ട്.

ശുദ്ധമായ പച്ചക്കറികൾ വീട്ടു പടിക്കൽ


ആലുവ ആസ്ഥാനമാക്കിയാണ് കന്പനിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കൃഷിയിടത്തിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ സൂക്ഷിക്കുന്നതും പാക്ക്ചെയ്യുന്നതും വിതരണത്തിനായി കൊണ്ടു പോകുന്നത് ഇവിടെ നിന്നുമാണ്. ഇരുപതോളം പേർ ജോലിക്കാരായുണ്ട്.
ഓണ്‍ലൈൻ വഴിയാണ് പച്ചക്കറികൾക്കുവേണ്ടിയുള്ള ബുക്കിംഗ് നടത്തണ്ടത്. ഫാമിംഗ്കളേഴ്സ് ഡോട്ട് കോം എന്ന സൈറ്റിൽ കയറി ഓരോ മാസത്തേക്കും സബസ്ക്രൈബ് ചെയ്യാം. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഒരു ലിങ്ക് മൊബൈലിലേക്ക് അയച്ചു നൽകും അത് വഴി ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.അതുവഴിയാണ് പച്ചക്കറികൾ മുൻകൂട്ടി ഓർഡർ ചെയ്യേണ്ടത്. ചെറിയൊരു തുക സബ്സ്ക്രിപ്ഷൻ ചാർജായി നൽകേണ്ടതുണ്ട്.

ആഴ്ച്ചയിൽ രണ്ടു ദിവസം ബുധനാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് പച്ചക്കറികൾ വിതരണം ചെയ്യുന്നത്. ഓരോ ബോക്സുകളായാണ് പച്ചക്കറികൾ എത്തിക്കുന്നത്. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും അടങ്ങുന്നതാണ് ഈ ബോക്സ്. എട്ടു കിലോഗ്രമിന്‍റെ മുതൽ 30 കിലോഗ്രാമിന്‍റെവരെ ബോക്സുകളുണ്ട്.

കർഷകർക്കും സഹായം

കാർഷികോത്പന്നങ്ങൾക്ക് വിലയില്ല എന്നുള്ള കർകരുടെ പരാതികൾക്കു കൂടിയുള്ള ഒരു പരിഹാരമാണ് ഫാമിംഗ്കളേഴ്സ്. ഒരു നിശ്ചിത വലിയ്ക്കാണ് കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിക്കുന്നത്.പൂർണമായും ഓർഗാനികായിട്ടാണോ കൃഷി ചെയ്യുന്നതെന്നുള്ളത് കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രമേ ഇവർ പച്ചക്കറികൾ ശേഖരിക്കാറുള്ളു.

ആലുവ, കാക്കനാട്, കളമശേരി, ഇടപ്പള്ളി,കലൂർ, ഫോർട്ട്കൊച്ചി,തൃപ്പൂണിത്തുറ,മരട്,വൈറ്റില തുടങ്ങിയ എറണാകുളത്തെ ഒരുവിധം സ്ഥലങ്ങളിലെല്ലാം ഇവർ വിതരണം ചെയ്യുന്നുണ്ട്.

ഫാമിംഗ് കളേഴ്സിന്‍റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർ അവർക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും ഓർഡർ ചെയ്യുന്നതിനനുസരിച്ചാണ് കർഷകരോട് കൃഷി ചെയ്യാൻ ആവശ്യപ്പെടുന്നത്. എല്ലാ ആഴ്ച്ചയും ലഭ്യമായിട്ടുള്ള പച്ചക്കറികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ നൽകും അതനുസരിച്ച് ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം.