മ്യൂച്വൽ ഫണ്ട് സന്പത്ത് കൈമാറാൻ നോമിനേഷൻ
മ്യൂച്വൽ ഫണ്ട് സന്പത്ത്  കൈമാറാൻ നോമിനേഷൻ
Saturday, April 21, 2018 2:43 PM IST
സന്പത്ത് അനന്തരാവകാശികൾക്കു കൈമാറാനുള്ള ഏറ്റവും എളുപ്പമായ വഴിയെന്താണ്? പ്രത്യേകിച്ചും അപ്രതീക്ഷിത സംഭവം ( മരണം) ജീവിതത്തിൽ സംഭവിച്ചാൽ. മരണം സംഭവിച്ചയാളുടെ സന്പത്തിൽ വ്യക്തമായ വ്യവസ്ഥകൾ വച്ചില്ലെങ്കിൽ തർക്കങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. അതു സ്നേഹത്തിൽ പോകുന്ന കുടുംബബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്ന ധാരാളം സംഭവങ്ങൾ നമുക്കു ചുറ്റും കാണാവുന്നതാണ്.

ഒന്നുകിൽ വിൽപ്പത്രം എഴുതി വയ്ക്കണം. അതിനു തയാറായില്ലെങ്കിൽപ്പോലും പല ആസ്തികളുടേയും കാര്യത്തിൽ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ആസ്തിയുടെ ഉടമസ്ഥൻ ആഗ്രഹിക്കുന്നയാളുടെ കൈവശം സന്പത്ത് എത്തിക്കുവാൻ സാധിക്കും.
അത്തരത്തിലുള്ള ഒരു ആസ്തിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. നോമിനേഷൻ സൗകര്യങ്ങളിലൂടെയാണ് ഈ ലക്ഷ്യം നേടുവാൻ സാധിക്കുന്നത്. മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമയ്ക്ക് അതു നൽകുവാൻ ഉദ്ദേശിക്കുന്നയാളെ നോമിനിയായി വച്ചാൽ മതി. യൂണിറ്റ് ഉടമ മരണമടഞ്ഞാൽ നോമിനിക്ക് അതു റിഡീം ചെയ്യുകയോ നോമിനിയുടെ പേരിലേക്ക് മാറ്റുകയോ ചെയ്യാം.

നോമിനി ആരാണ്

മരണം സംഭവിച്ചാൽ ഒരാളുടെ ആസ്തി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെയാണ് നോമിനേഷൻ എന്നു വിളിക്കുന്നത്. കുടുംബാംഗമോ, സുഹൃത്തോ മറ്റേതെങ്കിലും വ്യക്തിയോ ആകാം നോമിനി.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ പുതിയതായി തുറക്കുന്ന വ്യക്തിഗത അക്കൗണ്ടുകൾക്കു നോമിനേഷൻ നിർബന്ധമാ ക്കിയിട്ടുണ്ട്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനായി ഫോം പൂരിപ്പിച്ചു നൽകുന്പോൾ അതിൽ നോമിനേഷന്‍റെ വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ട്. അവിടെ നോമിനിയുടെ പേര് എഴുതിച്ചേർക്കുക. ഒറ്റയ്ക്കോ സംയുക്തമായോ ആരംഭിക്കുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നോമിനിയെ വയ്ക്കാം. സംയുക്തമായുള്ള അക്കൗണ്ടിലും നോമിനിയെ വയ്ക്കാമെങ്കിലും ഒരു ഉടമ മരിച്ചാൽ അവകാശങ്ങളും ആനുകൂല്യങ്ങളും രണ്ടാമത്തെ ഉടമയിലാണ് എത്തിച്ചേരുക. എല്ലാ ഉടമകളും മരിച്ചാൽ മാത്രമേ നോമിനിയുടെ പേരിൽ അവകാശങ്ങൾ എത്തിച്ചേരുകയുള്ളു.

ഒന്നിൽ കൂടുതൽ നോമിനികൾ


മ്യൂച്വൽ ഫണ്ട് നിക്ഷേപകന് ഒന്നിൽക്കൂടുതൽ നോമിനികളെ ഒരു ഫോളിയോയിൽ വയ്ക്കാം. പക്ഷേ ഓരോരുത്തർക്കും അവകാശമുള്ള ശതമാനം അതിൽ വ്യക്തമാക്കിയിരിക്കണം. യൂണിറ്റ് ഉടമ മരണമടഞ്ഞാൽ ഈ അനുപാതത്തിൽ നോമിനികൾക്ക് ആനുകൂല്യം ലഭിക്കും. എന്നാൽ ഓരോ നോമിനിയുടേയും പങ്ക് വ്യക്തമാക്കിയി ട്ടില്ലെങ്കിൽ ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരേപോലെ വീതിക്കും.

എന്തുകൊണ്ടു നോമിനേഷൻ

നോമിനേഷൻ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം തടസമില്ലാതെ ആസ്തി പിൻഗാമികളിലേക്കു മാറാമെന്നുള്ളതാണ്. നോമിനിയെ വച്ചിട്ടില്ലെങ്കിൽ നിയപരമായുള്ള പിൻഗാമികൾ നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി വേണം ആസ്തിയുടെ അവകാശം നേടുവാൻ. വിൽപ്പത്രമുണ്ടെങ്കിൽ അത്, നിയപരമായ പിൻഗാമിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നിയമപരമായ മറ്റു പിൻഗാമികളിൽനിന്നുള്ള എൻഒസി തുടങ്ങിയ നിരവധി രേഖകൾ ഹജരാക്കിയാൽ മാത്രമേ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പേരിലേക്ക് മാറ്റിയെടുക്കുവാൻ സാധിക്കുകയുള്ളു.

നോമിനേഷൻ ഉണ്ടെങ്കിൽ ഇത്തരം നൂലാമാലകളൊന്നുമില്ലാതെ നോമിനിയുടേ പേരിലേക്ക് യൂണിറ്റുകൾ മാറ്റിക്കിട്ടും.

നോമിനേഷൻ മാറ്റാമോ

ഒരിക്കൽ നോമിനിയെ വച്ചു എന്നതുകൊണ്ട് അതു സ്ഥിരമായിരിക്കണമെന്നില്ല. യൂണിറ്റ് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും നോമിനിയെ മാറ്റി നിശ്ചയിക്കാം. അല്ലെങ്കിൽ കൂടുതൽപേരെ നോമനിയായി വയ്ക്കാം. അല്ലെങ്കിൽ നോമിനിയിൽനിന്നു ആരെ വേണമെങ്കിലും ഒഴിവാക്കാം.

സന്പത്തു കൈമാറാനുള്ള മികച്ച വഴി

മുത്തച്ഛൻമാർക്കും മുത്തശിമാർക്കും അവരുടെ പേരക്കുട്ടികൾക്കു സന്പത്തു കൈമാറാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു ഏറ്റവും യോജിച്ച രീതിയാണ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപവും നോമിനിയെ വയ്ക്കലും. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം ദീർഘകാലത്തിൽ മികച്ച തോതിൽ സന്പത്തു സൃഷ്ടിക്കുന്പോൾ നോമിനേഷൻ വഴി അതു ഉദ്ദേശിച്ച ആളുടെ പക്കൽ ലഭ്യമാക്കുന്നതിനു സഹായിക്കുന്നു. മറ്റു നിയപരമായ തർക്കങ്ങളോ ഒന്നും ഉണ്ടാവുകയുമില്ല.