നീര മികച്ച ആരോഗ്യ ഒൗഷധ പാനീയം
നീര മികച്ച ആരോഗ്യ ഒൗഷധ പാനീയം
Tuesday, November 21, 2017 4:50 AM IST
വർധിച്ച അയണിന്‍റെ അളവ്, കാൻസർ പോലുള്ള രോഗങ്ങളെ പ്രതരോധിക്കുവാനുള്ള ആന്‍റി ഓക്സിഡന്‍റ് കഴിവ്, പ്രമേഹത്തെ പ്രതിരോധിക്കൽ, മനുഷ്യശരീരത്തൽ മൂത്രത്തിന്‍റെ അളവു വർധിപ്പിക്കുന്നതിനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശേഷി ... നീരയുടെ ഒൗഷധ പ്രാധാന്യം വർധിക്കുകയാണ്. പ്രത്യേകിച്ചും രോഗ പ്രതിരോധ ശ്രമങ്ങളിൽ.
നീരയുടെ ആരോഗ്യ ഒൗഷധ ഗുണങ്ങളെ സംബന്ധിച്ച് കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ഫാർമസി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തെലുകൾ.

അമൃത ഡീംഡ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫാർമസിയുടെ ഹെഡ് ഡോ.സബിതയുടെ നേതൃത്വത്തിലുള്ള ഗവേഷണ ടീമാണ് നീരയുടെ ഒൗഷധ ഗുണങ്ങളെക്കുറിച്ചും ആരോഗ്യരംഗത്തെ അതിന്‍റെ ഉപയോഗസാധ്യതകളെ കുറിച്ചും പഠനം നടത്തിയത്. ഈ പഠനങ്ങൾ വഴി നാളികേര ഉത്പന്നത്തിന്‍റെ വിവിധ ഒൗഷധ ഗുണമേന്മകൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

നാളികേര ബോർഡിന്‍റെ ടെക്നോളജി മിഷൻ പദ്ധതിയുടെ കീഴിലുള്ള പ്രോജക്ട് അനുസരിച്ചാണ് നീര, നീര ഷുഗർ, നീര ഹണി എന്നീ ഉത്പന്നങ്ങളെ പഠനവിധേയമാക്കിയത്. ഇൻവിട്രോ, ഇൻ വൈവോ പരീക്ഷണങ്ങളിലൂടെ ഈ ഉത്പന്നങ്ങളുടെ ഭൗതിക രാസ ഘടകങ്ങൾ, പോഷക ഘടകങ്ങൾ, മൂലകങ്ങളുടെ ഘടനകൾ, ഇവയുടെ സ്ഥിരത, നീരയുടെ ബ്രൗണിംഗ് ഇൻഡെക്സ്, ആന്‍റി ഓക്സിഡന്‍റുകളുടെ അളവ് നിർണയിക്കൽ, രോഗ ഹേതുക്കളെ പ്രതിരോധിക്കാനുള്ള ആന്‍റി ഓക്സിഡന്‍റുകളുടെ കഴിവ്, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ് (Immuno modulatory effect), കിഡ്നിയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിനും (Diuretic activtiy) ലവണാംശത്തെ പുറം തള്ളുന്നതിനുമുള്ള കഴിവ് (Saluretic effect) ശരീരത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിച്ച് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനുള്ള കഴിവ് (Haematinic activtiy) എന്നിവയിലാണ് അമൃത യൂണിവേഴ്സിറ്റി പഠനങ്ങൾ നടത്തിയത്.
നീരയിലുള്ള വിറ്റാമിൻ സി, ഫീനോൾ, ഫ്ളേവനോയിഡ്, ടാനിൻ തുടങ്ങിയ പ്രധാന ആന്‍റി ഓക്സിഡന്‍റുകൾക്ക് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ പ്രത്യേക കഴിവുണ്ട്. നീരയുടെ പിഎച്ച് മനുഷ്യ ശരീരത്തിന് വളരെ അനുകൂല ഘടകമായി പഠനം സ്ഥിരീകരിച്ചു. ഇതുകൂടാതെ സാധാരണ തേനിലും മനുഷ്യ ശരീരത്തിന് മെച്ചപ്പെട്ടതാണ് നീര ഹണി എന്നും പഠനം തെളിയിക്കുന്നു.

ഫുഡ് ആന്‍റ് ഡ്രഗ് റെഗുലേഷൻ അതോറിറ്റി അംഗീകരിച്ചതനുസരിച്ച് നീരയിൽ അടങ്ങിയിരിക്കുന്ന വലിയ മൂലകങ്ങളായ (മാക്രോ ഇലമെന്‍റ്സ്) സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് സാധാരണ മനുഷ്യ ശരീരത്തിന് ദിനം പ്രതി ഉപയോഗിക്കാവുന്ന പരിധിയിൽ പെടുന്നു. ഈ ഉത്പന്നങ്ങളിൽ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലായി നീരയിലും ശേഷംനീര ഹണിയിലുമാണുള്ളത്. സൂക്ഷ്മ മൂലകങ്ങളായ (അയണ്‍, സിങ്ക്, കോപ്പർ, സൾഫർ, മാംഗനീസ്) എന്നിവയെടുത്തപ്പോൾ നീര ഹണിയിൽ അയേണിന്‍റെ അളവ് ആപേക്ഷികമായി മനുഷ്യ ശരീരത്തിന് ഏറ്റവും അനുകൂലമായതാണ്്.

അതിനാൽ അനീമിയ പോലുള്ള രോഗങ്ങൾക്ക് പ്രതിവിധിയായി ഇവ ഉപയോഗിക്കാവുന്നതാണ്. കൃത്രിമ അയേണ്‍ ടോണിക്കുകൾക്കു പകരം കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വാർദ്ധക്യത്തിലെത്തിയവർക്കും ഏറെ ഉപയോഗപ്രദമാണ്.

നീരയ്ക്ക് ആന്‍റി ഓക്സിഡന്‍റ് കഴിവ് പരമാവധി ഉള്ളതിനാൽ കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും മറ്റേത് കാർബണേറ്റഡ് പാനീയങ്ങൾക്ക് ബദലായും ഉപയോഗിക്കാവുന്ന ഒൗഷധപാനീയമാണെന്നും അമൃത പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഇപ്പോഴത്തെ ജീവിത ശൈലി രോഗങ്ങളിലൊന്നായ പ്രമേഹത്തെ പ്രതിരോധിക്കാൻ സാധാരണ പഞ്ചസാരയ്ക്ക് പകരം നീര ഷുഗറിന് കഴിയുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. പരീക്ഷണ ശാലയിലെ വെള്ളെലികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ ഉത്പന്നങ്ങളുടെ ഹീമാറ്റിനിക്, ഇമ്മ്യൂണ്‍ മോഡുലേറ്ററി, ഡൈയൂററ്റിക് ആക്റ്റിവിറ്റി എന്നിവ തെളിയിച്ചത്. മനുഷ്യ ശരീരത്തിൽ മൂത്രത്തിന്‍റെ അളവ് വർദ്ധിപ്പിച്ച് നീർ കെട്ടൽ ഒഴിവാക്കാൻ നീരയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും ഈ പഠനങ്ങൾ തെളിയിക്കുന്നു.

തെങ്ങിൻ പൂക്കുലയിൽ നിന്നും ചെത്തിയെടുക്കുന്ന മദ്യാംശം ഇല്ലാത്ത പാനീയമായ നീരയുടെ ആരോഗ്യ ഒൗഷധ ഗുണങ്ങൾ ലോകവ്യാപകമായി കഴിഞ്ഞു. ഇപ്രകാരം മൂല്യ വർദ്ധിത ഉത്പന്നങ്ങളായ നീര ശർക്കര, നീര ഷുഗർ, നീര ഹണി, നീര സിറപ്പ് എന്നിവയ്ക്ക് ഡിമാൻഡ് വർദ്ധിച്ചു. സാധാരണ ഉഷ്മാവിൽ രാസപ്രക്രിയ വഴി പുളിക്കുന്ന സ്വഭാവമാണ് നീരയ്ക്കുള്ളത്. അതിനാൽ കർശനമായ ഏകീകൃത സംസ്കരണ രീതിയും ശ്രദ്ധയോടെയുള്ള കൈകാര്യ ചെയ്യലും നീര ഉത്പാദനത്തിൽ ഏറെ അനിവാര്യമാണ്.

നീരയുടെ ഉയർന്ന രോഗ പ്രതിരോധ ശേഷി തിരിച്ചറിഞ്ഞതിനാൽ ഈ ഒൗഷധ പാനീയത്തിന്‍റെ ഉപഭോഗം പരമാവധി കൂട്ടാനുള്ള ശ്രമമാണ് ഇനി നടത്തേണ്ടത്. മഹാത്മാ ഗാന്ധി വിഭാവനം ചെയ്തതു പോലെ ഗ്രാമീണ ജനതയുടെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ കഴിയുന്ന മറു മരുന്നായി നീരയെ വിശേഷിപ്പിക്കാം.

മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്, കൊച്ചി