ഒരു രാജ്യം, ഒരു നികുതി അനന്തര ഫലങ്ങൾ വ്യത്യസ്തം
ഒരു രാജ്യം, ഒരു നികുതി  അനന്തര ഫലങ്ങൾ വ്യത്യസ്തം
Saturday, July 15, 2017 3:08 AM IST
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യമെങ്കിലും ജിഎസ്ടി വരുന്പോൾ വിവിധ വ്യവസായങ്ങൾക്ക് വ്യത്യസ്തമായ നിരക്കുകളായിരിക്കും. ഏതിനം വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് നികുതികൾ വ്യത്യസ്തമായി നിശ്ചിയിച്ചിട്ടുണ്ട്.
മാനുഫാക്ചറിംഗ്, വിതരണം, റീട്ടെയിലിംഗ് അല്ലെങ്കിൽ സേവനം എന്നതെല്ലാം കണക്കാക്കി നിരക്കിലും മാറ്റം വരുന്നു.

ഉത്പാദന മേഖല: ജിഎസ്ടിയുടെ വരവ് ഇന്ത്യൻ മാനുഫാക്ചറിംഗ് മേഖലയിൽ മത്സരക്ഷമത കൊണ്ടുവരികയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് നിരവധി പരോക്ഷ നികുതികളും ഉയരുന്ന ഭരണച്ചെലവുകളും. ജിഎസ്ടിയുടെ വരവ് ഈ ഭാരങ്ങൾ കുറയ്ക്കുകയും കരുത്തുറ്റ വളർച്ചയ്ക്കു കളമൊരുക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

സേവനദാതാക്കൾ: 2014 മാർച്ച് അനുസരിച്ച് രാജ്യത്ത് ഏതാണ്ട് 12,76,861 സേവന നികുതി അസ്സസീ ആണുള്ളത്. ഇവയിൽ ഏറ്റവും മുന്നിലുള്ള 50 സേവനദാതാക്കളാണ് സേവനനികുതിയുടെ 50 ശതമാനവും നൽകുന്നത്. ഐടി, ടെലികമ്യൂണിക്കേഷൻ, ഇൻഷുറൻസ്, ബിസിനസ് സപ്പോർട്ട്, ബാങ്കിംഗ്- ധനകാര്യമേഖല തുടങ്ങിയവരാണ് സേവനനികുതിയുടെ നല്ലൊരു പങ്കും നൽകുന്നത്. ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇവയുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം വരുന്നില്ല. കംപ്ലിയൻസ് ഭാരം കുറയുകയും ചെയ്യുന്നു. നികുതി നിരക്ക് ഉയർത്തിയിട്ടുള്ളതിനാൽ പല സേവനങ്ങൾക്കും ചെലവേറും.

ലോജിസ്റ്റിക്സ്: ഇന്ത്യ പോലുള്ള രാജ്യത്തിന്‍റെ സന്പദ്ഘടനയുടെ നട്ടെല്ലാണ് ലോജിസ്റ്റിക് മേഖല. ജിഎസ്ടിയുടെ വരവ് മികച്ച ലോജിസ്റ്റിക് സംവിധാനം രൂപപ്പെടുവാൻ ഇടയാക്കും. കേന്ദ്ര സർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഇത് ഉൗർജം നൽകും.

ഇ-കൊമേഴ്സ്്: ഇന്ത്യയിൽ അതിവേഗം വളരുന്ന മേഖലയാണ് ഇ-കൊമേഴ്സ്. ജിഎസ്ടി ഈ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തും. ഒരു ശതമാനം സ്രോതസിൽ നികുതിയാണ് ജിഎസ്ടിയിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് എങ്ങനെ ബാധിക്കുമെന്ന് ഭാവിയിൽ അറിയാം. ഇപ്പോഴത്തെ സാഹചര്യത്തിൽ വളർച്ച തുടരാനാണ് സാധ്യത.

ഫാർമ: പൊതുവേ ജിഎസ്ടി ഹെൽത്ത്കെയർ, ഫാർമ വ്യവസായത്തിന് ഗുണമാകുമെന്നാണു കരുതുന്നത്. രാജ്യമൊട്ടാകെ ഒറ്റ വിപണിയാണ് മരുന്ന നിർമാതാക്കൾക്കു ലഭിക്കുക. നികുതിഘടന ലളിതമാകുകയും ചെയ്യും. മെഡിക്കൽ ടൂറിസം പുഷ്ടിപ്പെടുവാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.

ടെലികമ്യൂണിക്കേഷൻ: ജിഎസ്ടി നടപ്പാകുന്നതോടെ ടെലികോം മേഖലയിൽ വില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഇൻവെന്‍ററി മാനേജ്മെന്‍റിലൂടെ ഉത്പാദകർക്ക് ചെലവു കുറയ്ക്കാൻ സാധിക്കും. ഹാൻഡ് സെറ്റ് നിർമാതാക്കൾക്ക് ഇനി സംസ്ഥാനാടിസ്ഥാനത്തിലുള്ള വേർഹൗസ് സെറ്റ് അപ് വേണമെന്നില്ല. ലോജിസ്റ്റിക് ചെലവും കുറയ്ക്കാൻ സാധിക്കും.

ടെക്സ്റ്റൈൽസ് : രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയാണ് തുണി വ്യവസായം. നൈപുണ്യമുള്ളവരും ഇല്ലാത്തവരുമായ കോടിക്കണക്കിനാളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. കയറ്റുമതിയുടെ 10 ശതമാനവും ടെക്സ്റ്റൈൽ മേഖല സംഭാവന ചെയ്യുന്നു. ഇപ്പോഴത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യുന്പോൾ കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല പോസീറ്റീവാണെന്നും വലിയിരുത്തുന്നു. കോട്ടണ്‍ തുണിത്തരങ്ങൾ 5-7 ശതമാനവും മിശ്രിത തുണിത്തരങ്ങൾക്ക് 11-114 ശതമാനവുമാണ് നിലവിലുള്ള നികുതി നിരക്ക്. ഇതിനു പുറമേ വാറ്റ്, ഒക്ടറോയി തുടങ്ങിയവയൊക്കെ ഉണ്ട്.

വിവിധ തരം അഗ്രി മെഷിനറിയുടെ നികുതി നിരക്ക് യഥാക്രമം 8.79 ശതമാനം, 13.79 ശതമാനം എന്നിവയിൽനിന്ന് 5 ശതമാനവും 12 ശതമാനവുമാകും. പരുത്തി വസ്ത്രങ്ങൾക്കും നൂലിനും അഞ്ചു ശതമാനമാണ് നിരക്ക്. നൂലിന് ഇപ്പോൾ നികുതി പൂജ്യമാണ്. ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് 12.5 ശതമാനമായിരുന്നു ഇതുവരെയുള്ള നികുതി നിരക്ക്. മനുഷ്യനിർമിത നൂലിന് 18 ശതമാനമാണ് നിരക്ക്. ഫാബ്രിക്കിന് നികുതി ഇല്ലാതിരുന്നത് 5 ശതമാനമാക്കി. ആയിരം രൂപയ്ക്കു താഴെയുള്ള റെഡിമേഡിന്‍റെ നികുതി ഏഴിൽനിന്ന് അഞ്ചു ശതമാനമാക്കി. ആയിരം രൂപയ്ക്കു മുകളിലുള്ളതിന് 12 ശതമാനമാക്കി.
കോട്ടണ്‍, ഫാബ്രിക് ജോബ് വർക്കിനു നേരത്തെ നിശ്ചയിച്ചിരുന്ന 18 ശതമാനം ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇതിനു നികുതിയില്ലായിരുന്നു.

റിയൽ എസ്റ്റേറ്റ്: ഇന്ത്യൻ സന്പദ്ഘടനയിൽ പ്രധാന റോളുള്ള മേഖലയാണ് റിയൽ എസ്റ്റേറ്റ്. തൊഴിൽ സൃഷ്ടിക്കുന്ന മേഖലയും കൂടിയാണിത്. ജിഎസ്ടി റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ആശ്വാസം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖല ജിഡിപിയിൽ 5-6 ശതമാനം സംഭാവന ചെയ്യുന്നതിനൊപ്പം ഏതാണ്ട് 250-ലധികം അനുബന്ധ വ്യവസായങ്ങൾക്കും താങ്ങാകുന്നുണ്ട്. ഇവയുടെ ഉത്പാദന ച്ചെലവ് ജിഎസ്ടി വഴി കുറയും. അതു റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ഗുണമാകും.

ജിഎസ്ടി റിയൽ എസ് േറ്ററ്റ് മേഖലയിൽ സുതാര്യത കൊണ്ടുവരും. ഇപ്പോൾ ഭൂമിയും കെട്ടിടവും ജിഎസ്ടിക്കു പുറത്താണ്. ഒരു വർഷത്തിനുള്ളിൽ ജിഎസ്ടിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിമന്‍റ്, ഇഷ്ടിക, സ്റ്റീൽ തുടങ്ങിയവയുടെ ജിഎസ്ടി പ്രഖ്യാപിച്ചത് കെട്ടിടനിർമാണ ചെലവു കുറയ്ക്കും. സിമന്‍റ് ജിഎസ്ടി ഇപ്പോഴത്തെ 23-24 ശതമാനത്തിൽനിന്ന് 28 ശതമാനമാക്കിയിട്ടുണ്ട്. പക്ഷേ പല അഡീഷണൽ നികുതികളും ഇല്ലാതായി. സ്റ്റീൽ റോഡിന്‍റെ നികുതി 19.5 ശതമാനത്തിൽനിന്നു 18 ശതമാനമാകും. ഇഷ്ടികയുടെ ജിഎസ്ടി 28 ശതമാനമാണ് ( ഇപ്പോഴത് 25-26 ശതമാനമാണ്). സെറാമിക്സ് ബ്രിക്സിന് 5 ശതമാനമാണ് നിരക്ക്. ലോജിസ്റ്റിക്സ് ചെലവു കുറയുന്നത് അനുകൂലമാകും.

വർക്ക് കോണ്‍ട്രാക്ടിന് 12 ശതമാനം ജിഎസ്ടിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നികുതി ബാധ്യത കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൃഷി: ഇന്ത്യൻ ജിഡിപിയിൽ കൃഷിയുടെ സംഭാവന ഏതാണ്ട് 16 ശതമാനത്തോളമാണ്. കാർഷികോത്പന്നങ്ങളുടെ ട്രാൻസ്പോർട്ടേഷനാണ് ഈ മേഖല നേരിട്ടിരുന്ന ഒരു പ്രശ്നം. മറ്റൊന്ന് നിയന്ത്രിത വിപണികളും. ജിഎസ്ടി രാജ്യമൊട്ടാകെ ഒറ്റ നികുതി കൊണ്ടുവരുന്നത് കാർഷികമേഖലയെ സംബന്ധിച്ചിടത്തോളം പോസീറ്റീവ് ആണ്.


സപ്ലൈ ചെയിൻ സംവിധാനം മെച്ചപ്പെടുത്തുവാൻ ജിഎസ്ടി സഹായിക്കും. അന്തർ സംസ്ഥാന കടത്തുസമയം കുറയും. പല സംസ്ഥാനങ്ങളിലുമുണ്ടായിരുന്ന എൻട്രി ടാക്സ് ഇല്ലാതാകും.

വളത്തിനു വില കൂടും ഇപ്പോഴത്തെ 6 ശതമാനം നികുതി 12 ശതമാനം ജിഎസ്ടിയാകും. ട്രാക്ടറിന്‍റെ കാര്യത്തിലും സ്ഥിതി ഇതാണ്. കംപോണന്‍റസിന് 28 ശതമാനമാണ് ജിഎസ്ടി നിരക്ക്. ട്രാക്ടറുകൾക്കു 30000-40000 രൂപ വില കൂടുമെന്നാണ് കണക്കാക്കുന്നത്.
പാലും പാലുത്പന്നങ്ങളും കൃഷിക്കു പുറത്തായി. പാലിന് പൂജ്യം ജിഎസ്ടിയാണെങ്കിലും ചില പാലുത്പന്നങ്ങൾക്ക് 5 മുതൽ 18 ശതമാനം വരെ ജിഎസ്ടി നൽകണം.

പാട്ടത്തിനുഭൂമി നൽകുന്പോൾ അതിനു ജിഎസ്ടി നൽകണം. നേരത്തെയിത് കാർഷിക വരുമാനമായാണ് കണക്കാക്കിയിരുന്നത്. ഇരുപതു ലക്ഷം രൂപ വരെ ജിഎസ്ടി നൽകേണ്ടതില്ല. മാത്രവുമല്ല ലഭിക്കുന്ന പാട്ടത്തുക കാർഷികവരുമാനമായി കണക്കാക്കുകയുമില്ല.

എഫ്എംസിജി: ഇന്ത്യൻ സന്പദ്ഘടനയിൽ ഏറ്റവും വേഗം വളരുന്ന മേഖലയാണ് എഫ്എംസിജി. വിപണി വലുപ്പം ഇപ്പോൾ ഏതാണ്ട് 1310 കോടി ഡോളറാണ്. ഇപ്പോഴത്തെ നികുതി നിരക്ക് ഏതാണ്ട് 22-24 ശതമാനമാണ്. ജിഎസ്ടിയുടെ വരവോടെ അത് 18-20 ശതമാനമായി കുറയും. ലോജിസ്റ്റിക് ചെലവും കുറയും. ഇപ്പോൾ എഫ്എംസിജികൾ 2-7 ശതമാനം ലോജിസ്റ്റിക് കോസ്റ്റായി നൽകുന്നുണ്ട്. അത് 1.5 ശതമാനമായി കുറുയമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോമൊബൈൽസ്: ജിഎസ്ടി നടപ്പാക്കുന്നത് കാർ ഉത്പാദനത്തിന്‍റെ ചെലവ് കുറയ്ക്കും. കാർ വാങ്ങുന്ന സംസ്ഥാനത്തു നികുതി വരുമാനം ലഭിക്കുന്നതിനാൽ അതു ഓട്ടോമൊബൈൽ വളർച്ചയ്ക്ക് കരുത്തു പകരും. ലോജിസ്റ്റിക് ചെലവും കുറയും.
ജിഎസ്ടി നിരക്കുകൾ ചില വിഭാഗം കാറുകളുടെ വില കുറയ്ക്കുന്പോൾ ചിലവയുടെ വിലയിൽ വർധനയുണ്ടാക്കും. 1200 സിസിയിൽ താഴെയുള്ള ചെറുകാറുകൾക്ക് പെട്രോളിന് 28 ശതമാനം ജിഎസ്ടിയും ഒരു ശതമാനം സെസുമാണ്. ഡീസലിന് 28 ശതമാനം ജിഎസ്ടിയും മൂന്നു ശതമാനം സെസുമാണ്. കൂടാതെ ഫ്രീസർവീസ്, വാറന്‍റി തുടങ്ങിയവയ്ക്കും ജിഎസ്ടി നൽകണം. ചുരുക്കത്തിൽ ചെറുകാറുകൾക്കു വില വർധിക്കും.

1200-1500 സിസിയിലുള്ള കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും മൂന്നു ശതമാനം സെസുമാണ്. 350 സിസിക്കു മുകളിലുള്ള ബൈക്കുകൾക്കും ഇതേ നിരക്കാണ്. ഇപ്പോൾ 39 ശതമാനമാണ് നിരക്ക്. എന്നാൽ ഹൈബ്രിഡ് കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും നൽകണം.

1500 സിസിക്കു മൂകളിലുള്ള കാറുകൾക്ക് 28 ശതമാനം ജിഎസ്ടി റേറ്റും 15 ശതമാനം സെസും നൽകണം.

ലക്ഷ്വറി കാറുകളുടെ നിരക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസുമാണ്. ഇപ്പോൾ 52-55 ശതമാനത്തിലുള്ള നിരക്ക് ഇതോടെ 42-45 ശതമാനമായി താഴും.

ബാങ്കിംഗ്, ഫിനാൻസ്: ഫണ്ട്, ഫീസ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ്-ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ലീസ് ഇടപാടുകൾ, ഹയർ പർച്ചേസ് മേഖലകളിൽ ഇപ്പോഴത്തെ നിരക്കിനേക്കാൾ ജിഎസ്ടിയിൽ നിരക്ക് ഉയരും. 18 ശതമാനമാണ് നിരക്ക്.

ഇപ്പോൾ അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബാങ്ക്, എൻബിഎഫ്സി സ്ഥാപനങ്ങൾക്ക് ഒരു കേന്ദ്രീകൃത രജിസ്ട്രേഷൻ മതി. ജിഎസ്ടിയിൽ അവ പ്രവർത്തിക്കുന്ന ഓരോ സംസ്ഥാനത്തും രജിസ്ട്രേഷൻ വേണം. രജിസ്ട്രേഷനു പുറമേ റിട്ടേണ്‍സ് ഫയലിംഗും അതിൽ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും വർധിക്കുന്നു. അതായത് കേന്ദ്രീകൃത പ്രവർത്തനത്തിൽനിന്നു സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്കു നീങ്ങണം. ഇതു ചെലവു കൂട്ടുന്ന ഏർപ്പാടാണ്.

ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിൽ സേവന ദാതാക്കൾക്ക് നിരവധി പ്രശ്നങ്ങളാണ് ഉയർത്തുന്നത്. ഡിജിറ്റൈസേഷൻ, കേന്ദ്രീകൃത പ്രക്രിയ എന്നിവ മൂലം അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള സേവനം ലഭ്യമാക്കുന്ന സ്ഥലം നിശ്ചയിക്കുക പ്രയാസമാണ്. മാത്രവുമല്ല പ്രഫഷണലുകൾ, മാനുഫാക്ചേഴ്സ്, വ്യാപാരികൾ, ജോലിക്കാർ തുടങ്ങിയവർ കൂടെക്കൂടെ മറ്റ് സ്ഥലങ്ങളിലേക്കു നീങ്ങാറുണ്ട്. ഇതു മൂലം കൂടുതൽ രേഖകൾ സൂക്ഷിക്കുവാൻ സേവനദാതാവ് നിർബന്ധിതമാകും.

അക്കൗണ്ടുമായി ബന്ധിപ്പിച്ചല്ലാത്ത ധനകാര്യ സേവനങ്ങളുടെ കാര്യത്തിൽ ഇതിലും പ്രയാസമാണ് സേവനദാതാക്കൾക്കുണ്ടാകുന്നത്. സേവനം ഒരിടത്താണെങ്കിൽ അതിന്‍റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ മറ്റൊരു സ്ഥലത്തായിരിക്കും. ചുരുക്കത്തിൽ ബാങ്ക്, എൻബിഎഫ്സി തുടങ്ങിയവയുടെ പ്രവർത്തനം, ഇടപാടുകൾ, അക്കൗണ്ടിംഗ്, കംപ്ലിയൻസ് തുടങ്ങിയവയിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ബാങ്കിംഗ് ഇനി അൽപംകൂടി ചെലവേറിയതായിരിക്കും. ബാങ്കിംഗ് , ധനകാര്യമേഖലയിൽ ഇപ്പോൾ 15 ശതമാനമാണ് സേവന നികുതി. ജിഎസ്ടി വരുന്പോൾ നികുതി 18 ശതമാനമായി ഉയരും. മാത്രവുമല്ല ബാങ്കുകളും ഇടപാടുകാരും ജിഎസ്ടി കംപ്ലിയൻസ് പാലിക്കുവാൻ കൂടുതൽ ശ്രമം നടത്തേണ്ടതായി വരികയും ചെയ്യും. ഡിപ്പോസിറ്റിന് പലിശ നൽകൽ, സേവിംഗ്സ് അക്കൗണ്ട് പലിശ നൽകൽ, വായ്പ വിതരണം ചെയ്യൽ തുടങ്ങിയ ഫണ്ടധിഷ്ഠിത പ്രവർത്തനങ്ങൾക്ക് സേവന നികുതി ഉണ്ടായിരുന്നില്ല. ജിഎസ്ടി നിയമത്തിൽ അതു പ്രത്യേകം പറയുന്നില്ലെങ്കിൽ നികുതി നൽകേണ്ടതായി വരും.

ഫിനാൻസ് ലീസ് ഇടപാടുകൾക്ക് ഇപ്പോൾ വാറ്റും സേവന നികുതിയുമുണ്ട്. ജിഎസ്ടിയിൽ ഫിനാൻസ് ലീസിനെ ചരക്കു സപ്ലൈ ആയിട്ടാണ് കണക്കാക്കുന്നത്. ലീസ് പ്രവർത്തനത്തെ സേവനമായി കണക്കാക്കുന്നു. രണ്ടിനും ജിഎസ്ടി ബാധകമാണ്.

ഇതുവരെ ഇടപാടുകാർ എനിവേർ, എനിടൈം ബാങ്കിംഗ് സേവനമാണ് അനുഭവിച്ചുപോന്നത്. ജിഎസ്ടിയിൽ സേവനം വാങ്ങുന്ന സ്ഥലമാണ് പ്രധാനം. വായ്പയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഇടപാടുകാരന്‍റെ വെരിഫിക്കേഷൻ പ്രാദേശിക ഏജൻസി നടത്തുന്നു, വായ്പാ പ്രക്രിയ കേന്ദ്രീകൃതമായി നടത്തുന്നു, വായ്പ പ്രാദേശികമായി നൽകുന്നു, തിരിച്ചടവ് ഇസിഎസ് വഴിയോ ട്രാൻസ്ഫർ വഴിയോ നടത്തുന്നു. ജിഎസ്ടിയിൽ ഓരോ പ്രക്രിയയും സപ്ലൈ പോയിന്‍റ് അടിസ്ഥാനത്തിൽ കണക്കാക്കണം.

ജിഎസ്ടി ബാങ്കിംഗ്- ധനകാര്യമേഖലയിലുണ്ടാക്കുന്ന അനന്തര ഫലങ്ങൾ മനസിലാക്കാനിരിക്കുന്നതേയുള്ളു.