അർധനഗരങ്ങളിൽ വേരുറപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
അർധനഗരങ്ങളിൽ വേരുറപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
Wednesday, October 19, 2016 4:17 AM IST
പേരുപോലെ തന്നെയാണ് കേരളത്തിലെ അവരുടെ പ്രവർത്തനപാതയും. പൊതുമേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഗ്രാമത്തിനും നഗരത്തിനുമിടയിൽ ശക്‌തമായി വേരുറപ്പിച്ചു വളർച്ച ലക്ഷ്യമിട്ടു നീങ്ങുകയാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ 123 ശാഖകളിൽ 84–ഉം അർധനഗരങ്ങളിലായത്. അതായത് നഗരത്തിനും ഗ്രാമത്തിനുമിടയിലുള്ള സ്‌ഥലങ്ങളിൽ.

ഡിപ്പോസിറ്റിനേക്കാൾ കൂടുതൽ വായ്പ നൽകിയിട്ടുള്ള കേരളത്തിൽ, നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള സെൻട്രൽ ബാങ്ക് വളർച്ചയുടെ പുതിയ പാത വെട്ടിത്തെളിക്കുകയാണ്. വരും വർഷങ്ങളിൽ ബാങ്ക് കേരളത്തിലിട്ടിരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന സീനിയർ റീജണൽ മാനേജർ ഡി എൻ രാജേന്ദ്രകുമാർ വിശദീകരിക്കുന്നു.

? കേരളത്തിലെ ബാങ്കിന്റെ നില വിശദീകരിക്കാമോ.
* കേരളത്തിൽ മോശമല്ലാത്ത സാന്നിധ്യം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കുണ്ട്. ഇപ്പോൾ 123 ശാഖകളാണുള്ളത്. അതിൽ 84 എണ്ണം അർധ നഗരങ്ങളിലാണ്. അതായത് ഗ്രാമത്തിനും നഗരത്തിനും ഇടയിലുള്ള സ്‌ഥലങ്ങളിൽ. മുപ്പത്തി രണ്ടു ശാഖകളാണ് നഗര പ്രദേശങ്ങളിലുള്ളത്. ഏഴെണ്ണമാണ് പൂർണമായും ഗ്രാമീണ മേഖലകളിലുള്ളത്. ബാങ്കിന് 139 എടിഎമ്മുകളും സംസ്‌ഥാനത്തുണ്ട്.
ഇതിനു പുറമേ രണ്ടു നോൺ ബിസിനസ് ശാഖകളുമുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും. ഇടപാടുകാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുവാനുള്ള പ്രോസസിംഗ് സെന്ററുകളാണിവ.

? കൂടുതൽ ശാഖകൾ
* എറണാകുളത്ത് എളമക്കരയിൽ പുതിയ ശാഖ തുറക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അതു തുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പുവർഷം പത്തു ശാഖകൾ കൂടി തുറക്കാൻ ഉദ്ദേശിക്കുന്നു. എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് ഇവ ആരംഭിക്കുക. നല്ല സ്‌ഥലം കിട്ടിയാൽ കൂടുതൽ എടിഎമ്മുകൾ സ്‌ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.

? ബാങ്കുകൾ കൂടുതലുള്ള കേരളത്തിൽ എന്തു സാധ്യതകളാണ് കാണുന്നത്
* കേരളത്തിൽ ഇനിയും വളർച്ചയ്ക്കു സാധ്യതയേറെയുണ്ട്. പ്രത്യേകിച്ചും ഉയർന്നുവരുന്ന അർധനഗരങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലും. വെറുതെ ശാഖ തുറക്കുകയെന്നതിനേക്കാൾ ബിസിനസ് സാധ്യതകൾ പഠിച്ചാണ് ബാങ്ക് പുതിയ ശാഖകൾ തുറക്കുക.
ഒന്നുകൂടി കൂട്ടിച്ചേർക്കട്ടെ സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന സിഡി റേഷ്യോ ഉള്ള ബാങ്കു കൂടിയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സംസ്‌ഥാനത്തെ സിഡി റേഷ്യോ 114.92 ശതമാനമാണ്. സംസ്‌ഥാനത്തെ ശരാശരി സിഡി റേഷ്യോ 66.97 ശതമാനമാണ്. മികച്ച സേവനം നൽകിയാൽ നല്ല ബിസിനസ് സാധ്യത കേരളത്തിലുണ്ട്.



? ഏതൊക്കെ മേഖലകളിലാണ് വായ്പ നൽകിയിട്ടുള്ളത്
* ബാങ്ക് കൂടുതലായി ശ്രദ്ധിക്കുന്നത് റീട്ടെയിൽ ബാങ്കിംഗിലാണ്. കേരളത്തിലെ റീട്ടെയിൽ വായ്പയിൽ കഴിഞ്ഞ വർഷം 12 ശതമാനം വളർച്ചയുണ്ടായി.

ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, വ്യക്‌തിഗത വായ്പ, മോർട്ടഗേജ് വായ്പ തുടങ്ങിയവയിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എംഎസ്എംഇയാണ് മറ്റൊരു മേഖല.
വിദ്യാഭ്യാസ വായ്പയായി ബാങ്ക് ഇതുവരെ 548 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. മുൻഗണനാവിഭാഗത്തിൽ ബാങ്ക് മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. 2015–16–ൽ ഇതിനുള്ള ദേശീയ അവാർഡ് ബാങ്കിനു ലഭിച്ചിട്ടുണ്ട്. കുടുംബശ്രീയിൽ സംരഭങ്ങൾക്ക് ബാങ്ക് മികച്ച പിന്തുണ നൽകുന്നു.
കാർഷികമേഖലയിൽ ഇക്കഴിഞ്ഞ വർഷം 792 കോടി രൂപയാണ് വായ്പയായി നൽകിയത്. ലക്ഷ്യമിട്ടിരുന്നതിനേക്കാൾ 122 ശതമാനം വളർച്ച. നടപ്പുവർഷം 989.5 കോടി രൂപ കാർഷികമേഖലയിൽ വായ്പ നൽകുവാൻ ഉദ്ദേശിക്കുന്നു.

മുൻഗണന മേഖലയിൽ 1239.68 കോടി രൂപയാണ് ഇക്കഴിഞ്ഞവർഷം വായ്പ നൽകിയത്. ലക്ഷ്യമിട്ടിരുന്നതിന്റെ 97 ശതമാനമാണിത്.

മുദ്ര ലോൺ ആണ് ബാങ്ക് ശ്രദ്ധിക്കുന്ന മറ്റൊരു മേഖല. ഇക്കഴിഞ്ഞ വർഷം 2889 വായ്പകളിലായി 36.9 കോടി രൂപ നൽകിയിട്ടുണ്ട്. നടപ്പുവർഷം വായ്പകളുടെ എണ്ണം മൂവായിരത്തിനു മുകളിൽ എത്തിക്കുവാൻ ഉദ്ദേശിക്കുന്നു.

ഇക്കഴിഞ്ഞ വർഷം മുൻഗണനവിഭാഗത്തിലുൾപ്പെടെ ബാങ്ക് നൽകിയ വായ്പ 1462 കോടി രൂപയാണ്. നടപ്പുവർഷം 1713.79 കോടി രൂപ വായ്പ നൽകുവാൻ ലക്ഷ്യമിട്ടിരിക്കുന്നു.
ഗവൺമെന്റ് പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളായ അടൽ പെൻഷൻ യോജന (644 എണ്ണം), പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (68,980 എണ്ണം), പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന (45,342 എണ്ണം) തുടങ്ങിയവയുടെ കാര്യത്തിലും ബാങ്ക് വളരെ സജീവമാണ്.

? ഡിപ്പോസിറ്റിലെ വളർച്ച എങ്ങനെയാണ്
* ഡിപ്പോസിറ്റിൽ 13 ശതമാനം വളർച്ചയാണ് നേടിയിട്ടുള്ളത്. നടപ്പുവർഷം 15 ശതമാനം വളർച്ചയാണു ഡിപ്പോസിറ്റിൽ ലക്ഷ്യമിടുന്നത്. അതു നിലനിർത്തിക്കൊണ്ടുപോകുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കാസാ റേഷ്യോ ( (കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്) 16 ശതമാനമാണ്. അതു ഉയർത്തിക്കൊണ്ടുവരുവാൻ ബാങ്ക് ഉദ്ദേശിക്കുന്നു.
എൻആർഐ ഡിപ്പോസിറ്റിൽ 27 ശതമാനം വളർച്ചയാണ് ഇക്കഴിഞ്ഞ വർഷമുണ്ടായത്. സംസ്‌ഥാനത്തെ മൊത്തം ഡിപ്പോസിറ്റിന്റെ 31 ശതമാനത്തോളം എൻആർഐ ഡിപ്പോസിറ്റാണ്.

? ബാങ്കിന്റെ ഡെപ്പോസിറ്റ് പദ്ധതികൾ എന്തൊക്കെയാണ്
* വളരെ വൈവിധ്യമാർന്നതും വിവിധ വിഭാഗങ്ങൾക്കു ഉപകരിക്കുന്നതുമായ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്‌ഥിരനിക്ഷേപ പദ്ധതികൾ ബാങ്കിനുണ്ട്.
ഉദാഹരണത്തിന് വീട്ടാവശ്യത്തിനുള്ള ഹോം സേവിംഗ്സ് സേഫ് അക്കൗണ്ട്സ്, ശമ്പളവും പെൻഷനും മറ്റും ക്രെഡിറ്റ് ചെയ്യുന്ന സെന്റ്പരം അക്കൗണ്ട്, സാധാരണ സേവിംഗ്സ് അക്കൗണ്ടായ സെന്റ് പ്രീമിയം, കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്ന സെന്റ് ബാലഭവിഷ്യ, സെന്റ് സാലറി സേവിംഗ്സ് സ്കീം, സമൂഹത്തിലെ സാധാരണക്കാരുടെ ബാങ്കിംഗ് ആവശ്യങ്ങൾക്കുള്ള സെന്റ് ബചത് ഖത തുടങ്ങിയ വൈവിധ്യമാർന്ന സേവിംഗ്സ് അക്കൗണ്ടുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

കറന്റ് അക്കൗണ്ട് വിഭാഗത്തിലും ഇത്തരത്തിൽ നിരവധി ആവശ്യങ്ങൾ സാധിക്കുന്ന തരത്തിൽ വൈവിധ്യമാർന്ന അക്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്.


ക്രമമായി സമ്പാദിക്കുവാൻ സഹായിക്കുന്ന വിധത്തിൽ നിരവധി റെക്കറിംഗ് ഡിപ്പോസിറ്റുകൾ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. സെന്റ് ലക്ഷാപതി, സെന്റ് മില്യണയർ തുടങ്ങിയവ ഇത്തരത്തിലുള്ള പദ്ധതികളാണ്. സെന്റ് സ്വശക്‌തി റെക്കറിംഗ് ഡിപ്പോസിറ്റിൽ ഓരോ മാസവും ഇഷ്ടമുള്ളതു നിക്ഷേപകനു നിക്ഷേപിക്കാം.

ഇത്തരത്തിൽതന്നെ സ്‌ഥിര നിക്ഷേപ പദ്ധതികളിലും വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാക്കിയിട്ടുണ്ട്. സെന്റ് ടാക്സ് ഡിപ്പോസിറ്റ് സ്കീം, സെൻട്രൽസ് ഫ്ളെക്സി യീൽഡ് ഡിപ്പോസിറ്റ് സ്കീം തുടങ്ങിയവ ഇതിൽ ചിലതാണ്.

? ഡെപ്പോസിറ്റ് പദ്ധതികൾ പോലെ വായ്പയിലും വൈവിധ്യമാർന്ന സ്കീമുകളുണ്ടോ
* തീർച്ചയായും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള വളരെ ഫ്ളെക്സിബിൾ ആയിട്ടുള്ള വായ്പാ പദ്ധതികളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്.
ബാങ്കിന്റെ കേരളത്തിലെ വായ്പ സ്ട്രാറ്റജിയെ ‘ റാം’ എന്നു വിളിക്കാം. റാം എന്നു പറഞ്ഞാൽ റീട്ടെയിൽ– അഗ്രികൾച്ചർ– എംഎസ്എംഇ ( ആർ എ എം) മേഖലകളെയാണ് ലക്ഷ്യമിടുന്നത്. നടപ്പുവർഷം 15 ശതമാനം വായ്പാ വളർച്ചയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഭവന വായ്പ, വാഹന വായ്പ, വസ്തു ഈടിന്മേലുള്ള വിവിധ വായ്പ, വിദ്യാഭ്യാസ വായ്പ, മുതിർന്ന പൗരന്മാർക്കുള്ള വായ്പ, വ്യക്‌തിഗത വായ്പ, കാർഷിക വായ്പ തുടങ്ങി നിരവധി വായ്പകൾ ബാങ്ക് ലഭ്യമാക്കുന്നു.

ഇവയിൽ തന്നെ നിരവധി വൈവിധ്യമായ വായ്പകൾ ലഭ്യമാണ്. ഉദാഹരണത്തിന്. ഭവന വായ്പ എടുക്കാം. ഇവയിൽത്തന്നെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ അഞ്ചുതരം വായ്പകളുണ്ട്. വീടു നിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും 30 വർഷം വരെയുള്ള വായ്പ നൽകും. വീടും വാഹനവും വാങ്ങുന്നതിനുള്ള സെന്റ് കോംബോ, സെന്റ് ഹോം ഡബിൾ പ്ലസ് തുടങ്ങിയവയൊക്കെ ഇത്തരത്തിൽ വ്യത്യസ്ത വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള വായ്പാ പദ്ധതികളാണ്.
വിദേശത്തു പഠിക്കുവാൻ പോകുവാൻ 50 ലക്ഷം രൂപ വരെ വായ്പ നൽകും. വിദ്യാഭ്യാസ വായ്പ നൽകുന്നതിനായി കോഴിക്കോട് ഐഐഎമ്മുമായി ടൈ അപ്പും ഉണ്ടാക്കിയിട്ടുണ്ട്. ഈ വായ്പ തിരിച്ചടയ്ക്കാൻ പത്തൊമ്പതു വർഷം വരെ സമയമനുവദിക്കാറുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ ഏതു വിഭാഗത്തിൽപ്പെട്ടവർക്കും അവരവരുടെ ആവശ്യത്തിനനുസരിച്ചുള്ള വായ്പ എടുക്കുവാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ വായ്പാ ഉപകരണങ്ങളുടെ ഒരു ശേഖരമാണ് ബാങ്ക് ഒരുക്കിയിട്ടുള്ളത്.

? സ്ത്രീകൾക്കു പ്രത്യേക പദ്ധതികളുണ്ടോ
* സ്ത്രീകൾക്കു മാത്രമല്ല, സമൂഹത്തിലെ ദുർബല വിഭാഗക്കാർ, കർഷകർ തുടങ്ങിയവർക്കെല്ലാം യോജിച്ച വായ്പകൾ ലഭ്യമാണ്. സെന്റ് കല്യാണി സ്ത്രീ സംരംഭകർക്കുള്ള പ്രത്യേക വായ്പയാണ്. സ്ത്രീകൾ, എസ് സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്കു നല്ല പദ്ധതികളുമായി വന്നാൽ പത്തു ലക്ഷം രൂപവരെ ഈടില്ലാതെ നൽകും.
സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കു കേരളത്തിൽ ബാങ്ക് 1532 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ചെറുകിട, മാർജിനൽ കാർഷികമേഖലയിൽ 1562 കോടി രൂപയും എസ് സി,എസ്ടി വിഭാഗത്തിന് 34.78 കോടി രൂപയും വായ്പ നൽകിയിട്ടുണ്ട്. സ്ത്രീകൾക്കുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിൽ സാധാരണയേക്കാൾ അര ശതമാനം കുറവും അനുവദിച്ചിട്ടുണ്ട്.

? ഈ വർഷം ‘റാം’ വിഭാഗത്തിൽ ലക്ഷ്യമിടുന്ന വായ്പ എത്രയാണ്
* തിരിച്ചടവിനു മുകളിൽ 374 കോടി രൂപ.

? ടെക്നോളജിയാണ് ഇന്നു ബാങ്കിംഗിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളിലൊന്ന്. ബാങ്കിന്റെ നില എന്താണ്
* മൊബൈൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള എനിവേർ എനിടൈം ബാങ്കിംഗ് സെൻട്രൽ ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ‘സെന്റ് മൊബൈൽ’ എന്ന പേരിലാണ് മൊബൈൽ ബാങ്കിംഗ് ലഭ്യമാക്കിയിട്ടുള്ളത്. മിസ് കോളിലൂടെ ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ് എന്നിവ ലഭിക്കും. ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യൂട്ടിലിറ്റി പേമെന്റ് നടത്താനുള്ള സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്.

ഇന്റർനെറ്റ് ബാങ്കിംഗ്, ഓൺലൈൻ സേവിംഗ്സ് അക്കൗണ്ട് ഓപ്പണിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കാർഷിക വായ്പ, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ വാഹന വായ്പ, വ്യക്‌തിഗത വായ്പ തുടങ്ങിയവയ്ക്കെല്ലാം ഓൺലൈനിൽ അപേക്ഷ നൽകാം. അപേക്ഷയുടെ നില ഓൺലൈനിൽതന്നെ അപേക്ഷകനു പരിശോധിക്കുകയും ചെയ്യാം. ടെക്നോളജിയുടെ കാര്യത്തിൽ ബാങ്ക് ഒരിക്കലും പിറകോട്ടു പോയിട്ടില്ല എന്നു വ്യക്‌തമായി പറയാം.

നൂറ്റാണ്ടിലേറെ കാലത്തെ ബാങ്കിംഗ് അനുഭവം

ഒരു നൂറ്റാണ്ടിലേറെ ചരിത്രവും ബാങ്കിംഗ് പാരമ്പര്യവുമുള്ള ബാങ്കാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 1911–ൽ സർ സൊറാബ്ജി പൊച്ഖാൻവാല ആരംഭിച്ച സെൻട്രൽ ബാങ്കിന് നിരവധി ‘ഒന്നാം’ സ്‌ഥാനങ്ങളുണ്ട്. രാജ്യത്തെ ആദ്യത്തെ സ്വദേശി വാണിജ്യ ബാങ്കാണ്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ബാങ്ക് ഇന്നത്തെ നാലര ലക്ഷം കോടിയിലധികം ബിസിനസുള്ള ബാങ്കായി വളർന്നിട്ടുള്ളത്.

1921–ൽ ബാങ്ക് ആദ്യമായി ഹോം സേവിംഗ് സേഫ് ഡിപ്പോസിറ്റ് ആരംഭിച്ചത് സമൂഹത്തിലെ എല്ലാ വിഭാഗത്തിലും സമ്പാദ്യശീലം വളർത്താൻ നിമിത്തമായി. ബാങ്കിലെ വനിതാ ഇടപാടുകാർക്കു മെച്ചപ്പെട്ട സേവനം നൽകുന്നതിനായി പ്രത്യേകം വിഭാഗം തന്നെ ആരംഭിച്ചു ബാങ്ക് ചരിത്രം സൃഷ്ടിച്ചു. ആദ്യമായി സേഫ് ഡിപ്പോസിറ്റ് ലോക്കർ ഫസിലിറ്റിയും റുപ്പീ ട്രാവലേഴ്സ് ചെക്കും ആരംഭിച്ചു. ആദ്യമായി ബാങ്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ബാങ്ക് സ്കീം, റെക്കറിംഗ് ഡിപ്പോസിറ്റ് സ്കീം തുടങ്ങിയവ ആരംഭിച്ചതും ബാങ്കാണ്.

ഇത്തരത്തിൽ നിരവധി ഇന്നോവേറ്റീവ് ബാങ്കിംഗ് സേവനങ്ങൾ നൽകിയ ബാങ്ക് ദേശസാത്കരണത്തിനുശേഷവും ഇതേപോലെ മുന്നോട്ടു പോയി. 1976–ൽ മർച്ചന്റ് ബാങ്കിംഗ് സെൽ രൂപീകരിച്ചുകൊണ്ടു പുതിയ ചരിത്രം കുറിച്ചു. 1980–ൽ സെൻട്രൽ കാർഡ് എന്ന പേരിൽ രാജ്യത്തെ ആദ്യത്തെ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു.

ചുരുക്കത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖല വികസിപ്പിക്കുന്നതിൽ സെൻട്രൽ ബാങ്ക് എപ്പോഴും സജീവമായി മുമ്പന്തിയിൽ നിലകൊണ്ടുപോന്നു. ബാങ്കിന് രാജ്യത്തെ 29 സംസ്‌ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമുണ്ട്. രാജ്യത്തൊട്ടാകെ 4728 ശാഖകളും 4 എക്സ്റ്റൻഷൻ കൗണ്ടറുകളും 29 സാറ്റലൈറ്റ് ഓഫീസുകളുമുണ്ട.്

ജോയ് ഫിലിപ്പ്