വലിയ സ്വപ്നങ്ങൾക്കു നിറമേകാൻ എസ്ഐപി
വലിയ സ്വപ്നങ്ങൾക്കു നിറമേകാൻ എസ്ഐപി
Tuesday, July 12, 2016 3:55 AM IST
കാലാനുസാരിയായ ചിട്ടയോടുകൂടിയ ചെറിയ നിക്ഷേപങ്ങളാണ് ഭാവിയിൽ വലിയ സമ്പത്തായിമാറി നമ്മുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും സാക്ഷാത്കരിക്കുന്നത്. എങ്ങനെ, എവിടെ, എത്ര നിക്ഷേപിക്കണം എന്ന ധാരണയില്ലാത്തതും പദ്ധതികളോടുള്ള ഭയവുമാണ് സാധാരണക്കാരെ നിക്ഷേപങ്ങളിൽനിന്ന് പിന്നോട്ടുവലിക്കുന്നത്. നേരിട്ട് ഓഹരികളിൽ നിക്ഷേപം നടത്തുന്നത് വലിയ ബുദ്ധിമുട്ടായാണ് പലരും കാണുന്നത്. എന്നാൽ ഓഹരിനിക്ഷേപത്തിൽനിന്ന് ലഭിക്കാവുന്ന ഉയർന്ന ലാഭം നിക്ഷേപകർക്ക് അന്യമാകുകയും ചെയ്യും. ബുദ്ധിമുട്ടുകളും പേടിയുമില്ലാതെ ഓഹരിനിക്ഷേപത്തിന്റെ എല്ലാ ഗുണങ്ങളും കൈവരിക്കാവുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപമാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (ക്രമ നിക്ഷേപ പദ്ധതി അഥവാ എസ്ഐപി).

<യ> എന്താണ് എസ്ഐപി?

പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ എസ്ഐപി ചില വ്യവസ്‌ഥകളിന്മേലാണ് പ്രവർത്തിക്കുന്നത്. എസ്ഐപി സംവിധാനത്തിലൂടെ നിക്ഷേപകർ അവർ തെരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ടിലേക്ക് ഒരു നിശ്ചിത തുക തവണകളായി ഒരു നിശ്ചിത കാലയളവിലേക്ക് മുടക്കുന്നു. തവണകൾ പ്രതിമാസമോ ത്രൈമാസമോ ആവാം. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു തീയതിലാണ് നിക്ഷേപകർ തുക അടയ്ക്കേണ്ടിവരിക. ഒരുദാഹരണം നോക്കാം.

ഒറ്റ തവണയായി 50,000 രൂപ നിക്ഷേപിക്കുന്നതിനു പകരം എസ്ഐപി വഴി പ്രതിമാസം 1,000 രൂപവീതം തുടർച്ചയായി അഞ്ചുവർഷത്തേക്ക് നിക്ഷേപിക്കാം. ഈ തവണയടവ് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ പക്കൽ ഏല്പിച്ചോ, അല്ലെങ്കിൽ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ട് മുഖേന ഒരു ഇസിഎസ് ഉത്തരവ് നൽകിയോ ആവാം. ഇങ്ങനെ മുൻകൂട്ടി നിശ്ചയിച്ച തുക നിക്ഷേപകൻ തെരഞ്ഞെടുത്തിട്ടുള്ള മ്യൂച്വൽ ഫണ്ട് പദ്ധതിയിലേക്ക് മുൻ നിശ്ചയിച്ച തീയതിയിൽ നിക്ഷേപിക്കപ്പെടുന്നു.

എസ്ഐപി നിക്ഷേപമാർഗം തെരഞ്ഞെടുക്കുന്നതുവഴി നിക്ഷേപകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം, അവർ ഓഹരി വിപണികളുടെ എല്ലാ കയറ്റ ഇറക്കങ്ങളിലും നിക്ഷേപം നടത്തുന്നുവെന്നതാണ്.
കുറച്ചുകൂടി വ്യക്‌തമാക്കാം. ഒരു നിക്ഷേപകൻ ഒറ്റത്തവണയായി 50,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. എന്നാൽ അവിടെനിന്ന് വിപണികൾ താഴ്ന്നാൽ അയാൾക്ക് താഴ്ന്ന വിപണി നിലവാരങ്ങളിൽ നിക്ഷേപം നടത്താനുള്ള അവസരം നഷ്‌ടപ്പെടും. മാത്രമല്ല, വിപണികൾ കൂടുതൽ താഴുന്ന മുറയ്ക്ക് നിക്ഷേപങ്ങളിൽ നഷ്‌ടവും നേരിടുന്നു. അതേസമയം എസ്ഐപി മാർഗം തെരഞ്ഞെടുക്കുന്നവർക്കുള്ള ഗുണം നോക്കാം. നിക്ഷേപകന്റെ കൈയിലുള്ള പണം മുഴുവൻ ഒറ്റയടിക്ക് നിക്ഷേപിക്കപ്പെടുന്നില്ല. 1,000 രൂപ പ്രതിമാസ എസ്.ഐ.പി നിക്ഷേപിക്കുന്നയാൾ ആദ്യമാസത്തിൽ നിക്ഷേപം നടത്തുന്നത് ഉയർന്ന വിപണിനിലവാരങ്ങളിൽ ആവാം. എന്നാൽ അടുത്തമാസം വിപണി താഴുകയാണെങ്കിൽ അയാൾ നടത്തുന്ന നിക്ഷേപത്തിന് വിപണിയുടെ താഴ്ന്ന നിലവാരങ്ങളുടെ ഗുണാനുഭവം കിട്ടുന്നു. ഇങ്ങനെ വിപണിയിലെ കയറ്റിറക്കങ്ങളിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുവാൻ നിക്ഷേപകനു കഴിയുന്നു.

<യ> ആർക്കൊക്കെ നിക്ഷേപിക്കാം?

എസ്ഐപി നിക്ഷേപമാർഗം കൂടുതൽ ശാശ്വതമാകുന്നത് ഏതുതരം നിക്ഷേപ സമൂഹങ്ങൾക്കാണെന്നു പരിശോധിക്കാം. വലിയൊരു സംഖ്യ ഒറ്റത്തവണയായി മുടക്കാൻ കഴിയാത്ത നിക്ഷേപക സമൂഹത്തിന് മ്യൂച്വൽ ഫണ്ടുകളുടെ നേട്ട സാധ്യതകൾ പരമാവധി കൈവരിക്കാനുള്ള പ്രധാനമാർഗമാണ് എസ്ഐപി. വിപണി നിലവാരങ്ങൾ സൂക്ഷ്മമായി അവലോകനംചെയ്ത് ഏറ്റവും ഉചിതമായ സമയത്തുമാത്രം നിക്ഷേപം നടത്താൻ പ്രാപ്തിയോ സമയമോ ഇല്ലാത്തവർക്കും എസ്ഐപി ഏറെ പ്രയോജനപ്പെടും. ഓഹരി വിപണികൾ എക്കാലത്തെയും ഉയരങ്ങളിൽ വ്യാപാരം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, മ്യൂച്വൽ ഫണ്ടുകളിലേക്ക് പ്രവേശിക്കാനായി നിക്ഷേപകർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ഉത്തമമായ മാർഗമാണ് എസ്ഐപി എന്നുപറയാം.


മ്യൂച്വൽ ഫണ്ടുകളെ എസ്ഐപി വഴി സമീപിക്കുന്നതിലൂടെ നിക്ഷേപകർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇങ്ങനെ വിശദീകരിക്കാം:

1. വിപണികളെ പിന്തുടരുന്നത് അപ്രസക്‌തമാക്കുന്നു

ഓഹരി നിക്ഷേപത്തിൽ എവിടെ നിക്ഷേപിക്കണം എന്നതുപോലെത്തന്നെ പ്രധാനമായ ചോദ്യമാണ് എപ്പോൾ നിക്ഷേപിക്കണം എന്നതും. മ്യൂച്വൽ ഫണ്ട് നിക്ഷേപമാർഗം തെരഞ്ഞെടുക്കുകവഴി എവിടെ നിക്ഷേപിക്കണം എന്ന ചോദ്യത്തിന് ഉത്തരമാവുന്നു. എപ്പോൾ നിക്ഷേപിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് എസ്ഐപി.

ഓഹരി വിപണികൾ ഉയർന്ന നിലവാരങ്ങളിൽ വ്യാപാരം ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒറ്റത്തവണയായി വലിയ സംഖ്യ മ്യൂച്വൽ ഫണ്ടുകളിൽ മുടക്കുന്നത് വിവേകപൂർണമായ തീരുമാനമാണെന്നു കരുതാനാവില്ല. എസ്ഐപികൾ മുഖേന പ്രതിമാസ തവണകളായി നിക്ഷേപം നടത്തുകവഴി, വിപണികളുടെ എല്ലാ നിലവാരങ്ങളിലും നിക്ഷേപിക്കാനാവുന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ ഭാവി അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് അത്യധികം ശോഭനമായി കാണുമ്പോൾ ചിട്ടയോടുകൂടി ഓഹരി വിപണികളെ സമീപിച്ചാൽ നിക്ഷേപകർക്ക് ഉയർന്ന ലാഭസാധ്യത നേടാം.

2. നിക്ഷേപകരുടെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നില്ല

ഒറ്റത്തവണ വലിയ സംഖ്യ നിക്ഷേപിക്കുന്നത് ഒഴിവാകുന്നതിനാൽ സാമ്പത്തിക സ്‌ഥിതിക്ക് കാര്യമായ കോട്ടംതട്ടാതെയുള്ള ഒരു നിക്ഷേപാവസരം എസ്ഐപി മുഖേന ലഭിക്കുന്നു

3. ശരാശരി നിക്ഷേപ വിലയെ കുറയ്ക്കും

എസ്ഐപികൾ മുഖേന നിക്ഷേപകർ ഒരു നിശ്ചിത സംഖ്യ ചിട്ടയോടുകൂടി നിക്ഷേപിക്കുന്നുവെന്ന് നാം കണ്ടു. ഓഹരിവിപണികൾ ഉയർന്നുനിൽക്കുമ്പോൾ മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ അറ്റ ആസ്തിമൂല്യവും (എൻഎവി) ഉയർന്നു നിൽക്കും. ഈ സാഹചര്യത്തിൽ എസ്ഐപികൾ വഴിയുള്ള നിക്ഷേപകർക്ക് കുറഞ്ഞ എണ്ണം മ്യൂച്വൽഫണ്ട് യൂണിറ്റുകൾ ലഭിക്കുന്നു. മറ്റൊരു സമയത്ത് ഓഹരി വിപണികൾ താഴ്ന്നു നിൽക്കുമ്പോൾ എൻഎവിയും താഴുമെന്നതിനാൽ എസ്ഐപികൾ വഴി നിക്ഷേപകർക്ക് കൂടുതൽ എണ്ണം മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങാൻ കഴിയും. ഇങ്ങനെ ഉയർന്ന വിപണിനിലവാരത്തിൽ കുറവ് എണ്ണം യൂണിറ്റുകൾ വാങ്ങിയും, താഴ്ന്ന വിപണി നിലവാരങ്ങളിൽ കുറവും വാങ്ങിയും നിക്ഷേപകരുടെ ശരാശരി നിക്ഷേപവില കുറയ്ക്കാൻ കഴിയുന്നു.
സാധാരണഗതിയിൽ വിപണികൾ താഴുമ്പോൾ നിക്ഷേപകർ ഭയംകൊണ്ട് വിട്ടുനിൽക്കുകയാണ് പതിവ്. എന്നാൽ വിപണികൾ എത്രതന്നെ ഉയർന്നാലും കൂടിയ വിലയ്ക്ക് നിക്ഷേപം നടത്താൻ നിക്ഷേപകർ ഒരു മടിയും കാണിക്കാറില്ല. എസ്ഐപികൾ വഴി നിക്ഷേപം നടത്തുമ്പോൾ വിപണികളുടെ ഉയർച്ചതാഴ്ചകൾക്ക് മുഖംകൊടുക്കേണ്ടിവരില്ല.

4. ദീർഘകാല ലക്ഷ്യങ്ങൾ നേടാം

നിക്ഷേപകർക്ക് സാധാരണയായി ദീർഘകാല ലക്ഷ്യങ്ങളാണ് ഉണ്ടാകാറ്. വീട്, വാഹനം, മക്കളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം മുതലായ പൂർത്തീകരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഇവയ്ക്കെല്ലാം ഒറ്റ അവസരത്തിൽ വലിയ തുക വേണ്ടിവരുന്നു. ഈ തുക ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കാൻ ആർക്കും കഴിയില്ല. ചിട്ടയായ നിക്ഷേപങ്ങളാണ് ഇതിനാവശ്യം. കാലക്രമേണ മതിയായ സംഖ്യയിലേക്ക് എത്തിച്ചേരുകയുമാവാം. ഇതുതന്നെയാണ് എസ്ഐപി എന്ന നിക്ഷേപ വാഹനം നിക്ഷേപകർക്കുമുന്നിൽ വച്ചുനീട്ടുന്നത്. ചിട്ടയായ ചെറിയ നിക്ഷേപങ്ങൾ വലിയ സമ്പത്താകുമ്പോൾ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം.

<യ> ടി.ബി. രാമകൃഷ്ണൻ (രാംകി)
മാനേജിംഗ് ഡയറക്ടർ
ഷെയർ വെൽത്ത് സെക്യൂരിറ്റീസ്
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ൃലലെമൃരവ*വെമൃലംലമഹവേശിറശമ.രീാ