റോഷൻ ആനന്ദത്തിലാണ്.....
റോഷൻ ആനന്ദത്തിലാണ്.....
Wednesday, April 19, 2017 4:47 AM IST
പ്രതിഭയുള്ള നിരവധി യുവതാരങ്ങൾ മലയാള സിനിമയുടെ സമസ്ത മേഖലകളിലേക്കെത്തുകയാണിപ്പോൾ. അതിൽ നായക നിരയിലേക്കെത്തുന്ന ഭാവി വാഗ്ദാനമാണ് റോഷൻ മാത്യു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വില്ലനായാണ് സിനിമയിൽ ആദ്യാക്ഷരം കുറിക്കുന്നതെങ്കിലും ഇപ്പോൾ പ്രശസ്ത സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്‍റെ പുതിയ ചിത്രം ന്ധവിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലെ നായകനാണ് റോഷൻ. യുവതലമുറയുടെ കഥ പറഞ്ഞെത്തിയ ആനന്ദത്തിലെ ഗൗതമായാണ് മലയാളികൾ റോഷനെ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. അഭിനയ പരിജ്ഞാനത്തിന്‍റെ തഴന്പുമായാണ് റോഷൻ മലയാളത്തിൽ തന്‍റെ മേൽവിലാസമൊരുക്കുന്നത്. വിശ്വാസപൂർവം മൻസൂറിന്‍റെ ലൊക്കേഷനായ തലശ്ശേരിയിലെ ഒരു പഴയ തറവാട്ടിലിരുന്ന് റോഷൻ തന്‍റെ സിനിമാ സ്വപ്നങ്ങൾ പങ്കുവെച്ചപ്പോൾ...

വിശ്വാസപൂർവം മൻസൂറിൽ നായകനായി അഭിനയിക്കുകയാണിപ്പോൾ. കഥാപാത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ എങ്ങനെ?

ആനന്ദത്തിനു ശേഷം നായകനായും ഗ്രൂപ്പായുമൊക്കെ ചെയ്യാൻ കുറച്ചേറെ തിരക്കഥകളെത്തിയിരുന്നു. ഒരു നായകനായി പെർഫോം ചെയ്യാൻ ഏറെ പ്രതീക്ഷയുള്ളതും വളരെ വ്യത്യസ്തവുമായ സിനിമയാണ് വിശ്വാസപൂർവം മൻസൂർ. പി.ടി കുഞ്ഞുമുഹമ്മദ് സാറിനെപോലൊരു സീനിയർ സംവിധായകൻ ഈ ചിത്രത്തിലേക്ക് എന്നെ വിളിക്കുന്പോൾ അത് വെറുതെയാകില്ലല്ലോ. എന്നിൽ അവർക്കൊരു വിശ്വാസമുണ്ടായിരുന്നു. വളരെ വലിയ സബ്ജക്ടും വളരെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളുമാണു ചിത്രം പറയുന്നത്. അതുകൊണ്ടുതന്നെ അവർ പ്രതീക്ഷിക്കുന്നതുപോലെ ചെയ്തെടുക്കാൻ സാധിക്കുമോ എന്നതിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു. മൻസൂറും ആനന്ദത്തിലെ ഗൗതവും തമ്മിൽ യാതൊരു സാമ്യവുമില്ല. ആകെയുള്ള ബന്ധം രണ്ടുപേരും കലാകാര·ാരാണ് എന്നുള്ളതാണ്. ആനന്ദത്തിൽ ഗൗതം ഒരു മ്യുസീഷ്യനാണെങ്കിൽ മൻസൂർ സിനിമ സംവിധായകനാവാൻ ആഗ്രിക്കുന്നു.

ആനന്ദത്തിലെ കൂട്ടത്തിൽ നിന്നും ടൈറ്റിൽ നായകനായാണ് ഇനിയെത്തുന്നത്. എങ്ങനെയാണ് വിശ്വസപൂർവം മനസൂറിനെ കാണുന്നത്?

ആനന്ദം ഒരു ഫീൽ ഗുഡായിരുന്നെങ്കിൽ മൻസൂർ ഒരു റിയലിസ്റ്റിക് സിനിമയാണ്. മൻസൂറിനൊപ്പം എത്തുന്ന സൗമ്യയും മുംതാസുമൊക്കെ സംസാരിക്കുന്നതും ചിന്തിക്കുന്നതുമൊക്കെ ഞങ്ങളുടെ യഥാർത്ഥ പ്രായത്തിലുള്ള കാര്യങ്ങളല്ല. പി.ടി സാറ് എഴുതിയതുകൊണ്ടു തന്നെ അതിൽ ഓരോ കഥാപാത്രത്തിനുമുള്ള സ്വഭാവം നല്ലവണ്ണം വരച്ചിടുന്നു. പി.ടി സാറിന്‍റെ മുന്പുള്ള സിനിമകൾ പോലെ സംഭാഷണങ്ങളിലൊക്കെയുള്ള ഭംഗി ഇതിലുമുണ്ട്. ചിത്രത്തിന്‍റെ കഥാപാത്രവും അതിന്‍റെ സ്റ്റൈലുമാണ് സിനിമയിലേക്ക് എന്നെ കൂടുതലായി ആകർഷിച്ചത്. പി.ടി സാറ് ഒരു ഇടവേളയ്ക്കു ശേഷം ചെയ്യുന്ന സിനിമയാണിത്. വളരെ മുന്പേ എഴുതി വെച്ച് ഷൂട്ടിംഗിനു മുന്പ് തിരുത്തലുകൾ ഏറെ നടത്തിയ തിരക്കഥയാണ് ഇത്. എം. ജെ രാധാകൃഷ്ണൻ സാറിന്‍റെ കാമാറയാണ് മറ്റൊരു പ്രത്യേകത. പട്ടണം റഷീദ്, ദാസേട്ടൻ ചിത്രച്ചേച്ചി തുടങ്ങിയ നമ്മൾ മനസിൽ ആരാധിക്കുന്ന ഒരുപിടി പ്രതിഭകൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ ഞാനും ഭാഗമാവുന്നു എന്നതു വലിയ കാര്യമാണ്. പിന്നെ ഇപ്പോഴുള്ള പതിവു സിനിമകളിൽ നിന്നും കുറച്ചുമാറിയാണ് മൻസൂർ സഞ്ചരിക്കുന്നത്. ഒപ്പം തുടക്കക്കാരൻ എന്ന നിലയിൽ എനിക്കും ഏറെ ഗുണകരമാകുമെന്നു ഞാൻ വിശ്വസിക്കുന്നു. ഒരുപോലെയുള്ള സിനിമകൾ ചെയ്താൽ അതു പ്രേക്ഷകർ സ്വീകരിക്കുമായിരിക്കാം, പക്ഷെ അതിൽ മാത്രമായി ഒതുങ്ങിപ്പോകും. കുറേക്കാലമായി ഞാൻ ചെയ്തിരുന്നത് നാടകങ്ങളാണ്. അതിൽ റിയലിസ്റ്റിക്കുണ്ട്, പീരിഡ് ഡ്രാമയുണ്ട്, ചിലപ്പോൾ തുഗ്ലക് നാടകങ്ങളാകാം. നാടകത്തിൽ ഓരോ കഥാപാത്രത്തിനനുസരിച്ചും നമ്മുടെ ശരീര ഭാഷയും അവതരണവുമെല്ലാം മാറും. അതുപോലെ തന്നെ സിനിമയിലും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേക്കെത്താനാണ് ആഗ്രഹിക്കുന്നത്.

സമപ്രായക്കാരിൻ നിന്നും നിന്നും സീനിയർ സംവിധായകനൊപ്പമെത്തുന്പോഴുള്ള മുന്നൊരുക്കം?

ഞാൻ പി.ടി സാറിനെപ്പറ്റി ആദ്യമറിയുന്നത് പരദേശി സിനിമ കാണുന്പോഴാണ്. അന്നു പിടി സാറിനെപ്പറ്റി അന്വേഷിച്ച സമയത്താണ് മഗ്രിബ്, ഗർഷോം സിനിമകളുടെ സംവിധായകനമാണ് അറിയുന്നത്. എന്‍റെ അപ്പൻ ഏറെ ഇഷ്പ്പെടുന്ന ഒരു സിനിമയാണ് മഗ്രിബ്. പിന്നീടാണ് വീരപുത്രൻ ഞാൻ കാണുന്നത്. പി.ടി സാറിനെ ഞാൻ പരിചയപ്പെടുന്നത് ഈ ചിത്രവുമായി ബന്ധപ്പെട്ടാണ്. സീനിയർ സംവിധായകനെങ്കിലും സമകാലികമായ എല്ലാ വിഷയങ്ങളെ പ്പറ്റിയും ഗഹനമായ അറിവ് പി.ടി സാറിനുണ്ട്. ഈ സിനിമയിലെ സീനിയറായ രണ്ടു കഥാപാത്രങ്ങൾ ആശാ ശരതും സെറീന വഹാബുമാണ്. സന്തോഷ് കീഴാറ്റൂർ, ലിയോണ, പ്രയാഗ, ഞാൻ അവതരിപ്പിക്കുന്ന മൻസൂർ എന്നിവരിലൂടെയാണ് പിന്നീട് കഥ സഞ്ചരിക്കുന്നത്. യുവതലമുറയിലൂടെ ഇന്നത്തെ ലോകത്തിന്‍റെ കഥ പറയുകയാണ് പി.ടി സാറ്. ഞങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിന് പ്രായം ഒരു പ്രശ്നമല്ലാതെയാകുന്നു. തിരക്കഥയിലും പല സംഭാഷണങ്ങളിലുമൊക്കെ വരുന്ന സംശയങ്ങൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചാണു മനസിലാക്കുന്നത്.

പിന്നെ എം.ജെ രാധാകൃഷ്ണൻ സാറിന്‍റെ കാമറ വർക്കുകൾ പല സിനിമകളിലൂടെ കണ്ടു പരിചയമുള്ളതാണ്. സീനിയറായതുകൊണ്ടു തന്നെ എം.ജെ സാർ ഇത്ര സ്പീഡിൽ വളരെ എനർജറ്റിക്കായി വർക്കു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഓരോ ഷോട്ടും ഓരോ ഫ്രേമും സെറ്റു ചെയ്യാൻ നിമിഷം നേരം മതി അദ്ദേഹത്തിന്. കൊല്ലങ്ങളായുള്ള അനുഭവത്തിൽ ഓരോ സീനിനെപ്പറ്റിയും അദ്ദേഹത്തിനും സംവിധായക ടീമിനും വളരെ ക്ലാരിറ്റിയാണ്. ഏത് ഷോട്ട് എങ്ങനെയെടുക്കണമെന്നതിൽ അവർക്കു സംശയമില്ല. അപ്പോൾ നമ്മളും നൂറു ശതമാനം റിസൾട്ട് കൊടുക്കണം. അതുകൊണ്ടു തന്നെ വളരെ മികച്ച അനുഭവമായിരുന്നു ഈ ചിത്രം.

അഭിനയത്തെ പ്രൊഫഷനായി തെരഞ്ഞെടുക്കുന്നതെങ്ങനെയായിരുന്നു?

ചങ്ങനാശേരിയാണ് എന്‍റെ നാട്. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലാണ് ഞാൻ പഠിച്ചതും. എന്‍റെ ചേച്ചി സ്കൂൾ പരിപാടികളിലെ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. പിന്നെ എന്‍റെ അപ്പൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് നാടകങ്ങളിൽ അഭിനയിച്ച കഥകളൊക്കെ പറയുമായിരുന്നു. എന്‍റെ ചേച്ചി അഭിനയിക്കുന്നതുകൊണ്ടാകാം ഇംഗ്ലീഷ് ടീച്ചറാണ് എന്നെയും സ്കൂൾ നാടകത്തിലേക്കു കൊണ്ടു വരുന്നത്. അതു പിന്നെ ഇന്‍റർ സ്കൂൾ നാടകങ്ങളിലേക്കും എത്തി. സ്പോർട്സിനേക്കാൾ എനിക്കിഷ്ടം സ്റ്റേജിൽ പെർഫോം ചെയ്യുന്നതിലായിരുന്നു. ചെന്നൈയിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബി.എസ്സി ഫിസിക്സ് ചെയ്യുന്ന സമയത്ത് അവിടെയും തിയറ്റർ ഗ്രൂപ്പ് തുടങ്ങി നിരവധി നാടകങ്ങൾ ചെയ്തിരുന്നു. പിന്നീട് ചെന്നൈയിലെ പ്രൊഫഷണൽ തിയറ്റർ ഗ്രൂപ്പുകളുമൊത്തായി പ്രവർത്തനം. ആ സമയത്താണ് അഭിനയം ഭ്രാന്തായി മാറുന്നതും മുഴുവൻ സമയവും തിയറ്റർ ഗ്രൂപ്പിനൊപ്പമാകുന്നതു. പരീക്ഷ എഴുതാൻ മാത്രമായി കോളേജിലേക്കുള്ള പോക്ക്. ജീവിതത്തിൽ മുന്നോട്ടുള്ള ഭാവിയെക്കുറിച്ചു നിർണായകമായ തീരുമാനമെടുക്കണ്ട സമയമായിരുന്നു പിന്നീട്. ഇന്നലെ ചെയ്തതിനേക്കാൻ ഇന്നു മികച്ചതാക്കാൻ ശ്രമിക്കുന്നത് നാടകം മാത്രമാണെന്ന തിരച്ചറിവാണ് അഭിനയം തന്നെ ജീവിതമാകാൻ കാരണമായത്. പിന്നീടാണ് മുംബൈയിലെ ഡ്രാമ സ്കൂളിൽ പഠിക്കാൻ തുടങ്ങുന്നത്. അവിടെ വെച്ച് നാടകത്തിനൊപ്പം പരസ്യങ്ങൾ, വെബ് സീരിസ്, ആൽബങ്ങൾ, മ്യൂസിക് വീഡിയകളൊക്കെ ചെയ്യാൻ തുടങ്ങി. കാമറയ്ക്കു മുന്നിലേക്ക് എത്തുന്നതും അവിടെവെച്ചാണ്.


നാടകത്തിൽ നിന്നും മലയാള സിനിമയിലേക്കുള്ള കടന്ന് വരവ്?

നാടകത്തിനോട് എന്നും ഒരു പ്രത്യേക ഇഷ്ടം മനസിലുണ്ട്. എങ്കിലും കാമറയ്ക്കു മുന്നിൽ നിന്നുള്ള അഭിനയം കൂടുതൽ കൗതുകമുള്ളതായി തോന്നിയിരുന്നു. നമ്മൾ പഠിച്ച കാര്യത്തിന്‍റെ മറ്റൊരു തരം എക്സ്പീരിയൻസാണ് സിനിമയിലുള്ളത്. നാട്ടിൽ വന്ന സമയത്താണ് നിർമ്മാതാവ് കിരീടം ഉണ്ണി സാറു മുഖേന കുറച്ചു നിർമ്മാതാക്കളുമായും പ്രൊഡക്ഷൻ കണ്‍ട്രോളർ ഡിക്സൻ പൊടുത്താസുമായും പരിചയമാകുന്നത്. ആ സമയത്ത് പുതിയനിയമം സിനിമയിലേക്ക് അവർ ഒരു പയ്യനെ നോക്കുകയായിരുന്നു. എ.കെ സാജൻ സാറിന്‍റെ അടുക്കലേക്ക് കൊണ്ടുപോവുകയും ഓഡിഷനിലൂടെ പുതിയ നിയമത്തിലേക്ക് തെരഞ്ഞെടുക്കുന്നതും അങ്ങനെയാണ്. ഫ്രൈഡേ ഫിലിംസിന്‍റെ അടി കപ്യാരെ കൂട്ടമണിയിലാണ് പിന്നീട് അഭിനയിച്ചത്. പുതിയ നിയമം കഴിഞ്ഞപ്പോഴും എനിക്കങ്ങനെ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. പിന്നീടാണ് ആനന്ദത്തിന്‍റെ ഓഡീഷനിലൂടെ ഗൗതം എന്ന കഥാപാത്രത്തിലേക്ക് എത്തപ്പെടുന്നത്.

പുതിയ നിയമത്തിൽ മമ്മൂട്ടി -നയൻതാരടീമിനൊപ്പമുള്ള അനുഭവം?

അതൊരു വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. നിരവധി ആൾക്കാർ അഭിനയിക്കാനുള്ള അവസരത്തിനായി നടക്കുന്പോഴാണ് ഞാൻ ബോംബെയിൽ നിന്നു വന്ന ഉടൻ വലിയൊരു ടീമിനൊപ്പമുള്ള സിനിമയിലേക്ക് അവസരം കിട്ടുന്നത്. മമ്മുക്കയുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിച്ചിട്ടാണ് പുതിയ നിയമത്തിൽ ഫസ്റ്റ് ടേക്കിനായി ഞാൻ കാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. അങ്ങനൊരു സമയത്ത് ഞാൻ അവിടെയെത്താനും എന്നെ എ.കെസാജൻ സാറിന് ഇഷ്ടപ്പെടാനുമൊക്കെ കാരണമായതും ആ ഭാഗ്യം തന്നെയാണ്. മമ്മൂക്ക- നയൻതാരയ്ക്കുമൊപ്പം കോന്പിനേഷൻ സീനുകളുണ്ടായിരുന്നു. പുതിയ നിയമം ചെയ്തു കഴിഞ്ഞ് തിയറ്ററിൽ ചെന്നു കണ്ടപ്പോഴാണ് അതൊരു വലിയ ഭാഗ്യമെന്നു ഞാൻ തിരിച്ചറിയുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മമ്മൂക്കയുടെ വില്ലനായി എത്താൻ സാധിച്ചു.

കുടുംബ വിശേഷം?

എന്‍റെ നാട് ചങ്ങനാശേരിയാണെങ്കിലും ഇപ്പോൾ താമസിക്കുന്നത് എറണാകുളത്താണ്. വീട്ടിൽ അമ്മയും അപ്പനുമുണ്ട്. എനിക്കൊരു ചേച്ചിയാണുള്ളത്. ചേച്ചി ആർക്കിടെക്കാണ്. അമ്മ പിഡബ്യുഡിയിൽ ജോലിയായിരുന്നു. ഇപ്പോൾ റിട്ടിയറായി. അപ്പൻ കാനറ ബാങ്കിൽ മാനേജരായിരുന്നു.

നാടകത്തിൽ നിന്നും സിനിമയിലെത്തിയപ്പോൾ ഒരു നടനെന്ന നിലയിൽ എന്തു വ്യത്യസ്തത അനുഭവപ്പെടുന്നു?

സിനിമയും നാടകവും തമ്മിൽ ഒരുപാട് സാമ്യതകളും വ്യത്യാസങ്ങളുമുണ്ട്. സിനിമയിൽ ഫോക്കസും ഇമാജിനേഷനും കൂടുതൽ വേണമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. നാടകം തുടങ്ങിക്കഴിഞ്ഞാൽ നമുക്കു ചുറ്റുപാടുമുള്ളത് ഉടൻ തന്നെ സംഭവിക്കും. ഇതൊരു നാടകമാണെന്നും ചുറ്റും കാണാൻ പ്രേക്ഷകരുണ്ടെന്നും മറന്ന് കഥാപാത്രമാകാൻ നമുക്കു സാധിക്കും. എന്നാൽ സിനിമയിൽ ഒരു സീൻ തന്നെ പല കഷണങ്ങളാണ് എനിക്കു കിട്ടുന്നത്. ചില സീനുകൾ ചെയ്യുന്പോൾ എന്‍റെ മുന്നിൽ ആളു കാണില്ല. അവിടെ കാമറയായിരിക്കും. അവിടെ ആളിനെ സങ്കൽപിക്കുകയും കാമറയെ മറക്കുകയും വേണം. എന്‍റെ കാര്യത്തിൽ മെന്‍റൽ കപ്പാസിറ്റി കുറച്ചു കൂടുതലായി വേണ്ടത് സിനിമയിലാണ്. അതൊരുപക്ഷെ, നാടകം ഞാൻ ആദ്യം ചെയ്തതുകൊണ്ടാകാം. തിരിച്ച് സിനിമ ചെയ്യുന്നയാൾ നാടകത്തിലേക്കെത്തുന്പോൾ അതായിരിക്കാം കൂടുതൽ സ്ട്രെയിനായി തോന്നുന്നത്. സിനിമയിൽ നമ്മളെ സഹായിക്കാൻ ഒരുപാട് സംഗതികളുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗിച്ചാൽ നമ്മുടെ പെർഫോമൻസിനെ മികച്ചതാക്കാൻ സാധിക്കും. നാടകത്തിൽ പ്രേക്ഷകർ എല്ലാവരും കണ്ടിരിക്കുന്നത് ഒറ്റ ഫ്രേമിൽ നിന്നാണ്. അവിടെ ഒരു ക്ലോസപ്പ് എക്സപ്രഷൻ വേണ്ടി വന്നാൽ അതിനായി മുഴുവൻ ആൾക്കാരുടേയും ശ്രദ്ധ എന്‍റെ മുഖത്തേക്കു കേന്ദ്രീകരിക്കാൻ എന്‍റെ ശരീരത്തിനെ ഒരു പ്രത്യേക രീതിയിൽ ചലിപ്പിക്കേണ്ടി വരും. നാടകത്തിൽ ഫോക്കസ് ഡ്രൈവ് ചെയ്യുക എന്നൊരു പ്രയോഗം അതിനായുണ്ട്. സിനിമയിൽ അങ്ങനെയുള്ള പല ചലനങ്ങളും ഒഴിവാക്കണം. നാടകത്തിൽ തുടർച്ചയായി ശരീരം മുഴുവനാണ് അഭിനയിക്കേണ്ടത്. സിനിമയിൽ കാമറയ്ക്കനുസരിച്ച് നമുക്ക് അഭിനയിക്കാനുള്ള അവസരം കിട്ടുന്നു. അതാണ് ഞാൻ പറഞ്ഞത്, പഠിച്ചതിൽ നിന്നും മാറി പുതിയ അനുഭവമാണ് സിനിമ എനിക്ക് തരുന്നത്. അതൊരു കളിയാണ്.

സിനിമയുടെ തിരക്ക് കൂടുകയാണ്. ഇനി നാടകത്തിനേയും ഒപ്പം കൊണ്ടു പോകാനാകുമോ ?

നാടകം എനിക്കു ഭ്രാന്താണ്. അതിനെ വിട്ടൊരു യാത്രയില്ല. കൊച്ചിയിൽ ഒരു മലയാളം നാടകം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സെപ്റ്റംബർ- ഒക്ടോബറോടെ അതു നടത്താനുള്ള പ്ലാനിംഗിലാണ്. എനിക്കു പരിചയമുള്ള കുറച്ചു നാടകക്കാരോടൊപ്പം ചേർന്നാണ് അതൊരുക്കുന്നത്. നാടകത്തിൽ അഭിനയത്തിനൊപ്പം സംവിധാനവും എനിക്കു ഇഷ്ടമുള്ളതാണ്. കൊച്ചിയിൽ നാടകം ചെയ്യുന്പോൾ അതിന്‍റെ സംവിധാനം ഞാനായിരിക്കും ചെയ്യുന്നത്. ആ നാടകത്തിന്‍റെ കഥയാണ് ഞാനെഴുതും, തിരക്കഥ ഒരുക്കുന്നത് മറ്റൊരാളായിരിക്കും.

പുതിയ പ്രോജക്ടുകൾ ?

മൻസൂറിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പക്കാ ഫണ്‍ മൂവിയാണ് അടുത്തതായി ചെയ്യുന്നത്. സജി സുരേന്ദ്രൻ സാറാണ് സംവിധാനം ചെയ്യുന്നത്. അതുകഴിഞ്ഞ് രണ്ടു സിനിമകളുടെ ചർച്ച നടക്കുന്നുണ്ട്. ഒന്നും കണ്‍ഫോം ചെയ്തട്ടില്ല. സജി സുരേന്ദ്രൻ സാറിന്‍റെ ചിത്രത്തിനു കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദത്തിലെ അനാർക്കലിയാണ് അതിൽ നായികയായി എത്തുന്നത്. ലാൽ സാർ, ബാലു വർഗീസ് എന്നിവരും ചിത്രത്തിലുണ്ട്. ദുബായിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർണമായും. ഈ മാസം ആദ്യവാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

ലിജിൻ കെ. ഈപ്പൻ