തന്ത്രങ്ങളുമായി സത്യ
തന്ത്രങ്ങളുമായി സത്യ
Monday, January 16, 2017 3:45 AM IST
ജയറാമിൽനിന്നും ഏറെ വേറിട്ട ഒരു ചിത്രമൊരുങ്ങുന്നു.– സത്യ. ദീപൻ സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിച്ചേരി, പൊള്ളാച്ചി എന്നിവിടങ്ങളായി പൂർത്തിയാകുന്നു.

ജയറാമിന്റെ ഇതുവരെയുള്ള ഗെറ്റപ്പുകളിൽനിന്നും ഏറെ വ്യത്യാസമുള്ള ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ. ഈ ചിത്രത്തിന്റെ കഥയും അത്തരത്തിലുള്ളതാണ്.

ചീട്ടുകളിയും ചൂതാട്ടവും ഗാംബ്ലിങ്ങുമൊക്കെ അരങ്ങുതകർക്കുന്ന ഒരു മേഖലയിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഇത്തരമൊരു മേഖലതന്നെ മലയാള സിനിമയ്ക്ക് അപരിചിതമാണ്. എന്നാൽ, ഇങ്ങനെയൊരു മേഖല നമ്മുടെ ചില തീരപ്രദേശ, മെട്രോ നഗരങ്ങളിലുമുണ്ട്. ആ രംഗത്തെ ആർക്കുമറിയാത്ത സംഭവങ്ങൾ, കിട മത്സരങ്ങൾ, കുതികാൽവെട്ട്, ചതി ഇതെല്ലാം കാണിക്കുന്ന ചിത്രമാണിത്.
പോണ്ടിച്ചേരിയിൽ ഇത്തരം ക്ലബ്ബുകളുണ്ട്. അവിടെ കളിക്കാൻ കൊച്ചിയിൽനിന്നും എത്തുന്ന സത്യ എന്ന കഥാപാത്രമാണ് ജയറാമിന്റേത്. പോണ്ടിച്ചേരിയിൽനിന്നും സത്യ മടങ്ങുന്നത് ലക്ഷങ്ങളുമായിട്ടാണ്. ഈ രംഗത്തെ തികഞ്ഞ സൂത്രശാലി. തന്ത്രമറിയാവുന്ന കളിക്കാരൻ.

പോണ്ടിച്ചേരിയിൽ സത്യക്ക് ഒരു പ്രണയമുണ്ടാകുന്നു. മിലൻ എന്ന പെൺകുട്ടിയുമായി. തീവ്രമായ പ്രണയം അതീവ ഹൃദ്യമായ ഒരു ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നു.


ഒരു ഘട്ടത്തിൽ കളിക്കളത്തിലുണ്ടായ പരാജയം സത്യയുടെ ജീവിതത്തിലെ ഏറെ സങ്കീർണമായ ചില സ്‌ഥിതിവിശേഷങ്ങളിലേക്കു കാര്യങ്ങൾ നീക്കുന്നു. ഈ പ്രണയബന്ധവും അതിൽ ബലിയാടാകുന്നു. ഇതെല്ലാം കൂട്ടി യോജിപ്പിച്ച ഒരു ത്രില്ലർ മൂവിയാണ് സത്യ.

ആക്ഷൻ, ചേസ് തുടങ്ങിയവയ്ക്കെല്ലാം ഏറെ പ്രാധാന്യം നൽകുന്ന ചിത്രംകൂടിയായിരിക്കും ഇത്. സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ ത്രില്ലറാണ് ഈചിത്രം. പാർവതി നമ്പ്യാരാണ് മിലനെ അവതരിപ്പിക്കുന്നത്. റോമയാണ് മറ്റൊരു നായിക.

സുധീർ കരമന, പാഷാണം ഷാജി, സോഹൻ സീനുലാൽ, മൻരാജ് തുടങ്ങിയവർക്കൊപ്പം ബോളിവുഡിൽനിന്നും തമിഴിൽനിന്നും താരങ്ങൾ എത്തുന്നുണ്ട്.

എ.കെ. സാജന്റേതാണു തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു. ഭരണി കെ. ധരൺ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.
ഷഹ്നാസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ ഫിറോസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.
വാഴൂർ ജോസ്