നായികാ വസന്തം
നായികാ വസന്തം
Friday, October 21, 2016 4:52 AM IST
മലയാള സിനിമയുടെ വിശാലമായ കളിമുറ്റത്ത് പയറ്റിത്തെളിഞ്ഞവരാണ് നമ്മുടെ മനസിന്റെ നായികാ സങ്കൽപങ്ങൾ. ഇന്നലെകളിൽ ആ ഇഷ്ടം നേടിയ ഒരുപിടി അനുഗ്രഹീത കലാകാരികൾ നമുക്കുണ്ടായിരുന്നു. ഭാഷയ്ക്കതീതമായി നമ്മുടെ ആരാധനാ പാത്രങ്ങളായി അവർമാറി. അവർ പകർന്നു നൽകിയ നാട്യമികവിന്റെ പിന്നണിയിൽ ഇതാ മലയാളത്തിൽ മറ്റൊരു വസന്തം പകർന്ന് ഒരുപിടി കലാകാരികൾ വന്നെത്തിയിരിക്കുന്നു. പുതിയ കാലത്തിന്റെ, മാറുന്ന സിനിമാ സങ്കൽപത്തിന്റെ, വിശാലമായ പ്രേക്ഷക മനസിന്റെ അനുപൂരകങ്ങളായി ഒരു കൂട്ടം നായികമാരാണ് ഈ വർഷം നമ്മുടെ മലയാള സിനിമയിൽ കയ്യൊപ്പു ചാർത്താനെത്തിയത്. ഇന്നലകളിൽ വന്നവർ ഇന്നു തങ്ങളുടെ പാടവം തെളിയിച്ചിരിക്കുന്നു.

മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളായി നമുക്കു ലോകത്തിനു കാട്ടിക്കൊടുക്കാനാവുന്ന പുത്തൻ നായികമാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മലയാളത്തിന്റെ പുത്തൻ പ്രതീക്ഷയാണ് ഇവർ ഓരോരുത്തരും...

അപർണ ബാലമുരളി

ഇടുക്കിയുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥ പറഞ്ഞെത്തിയ മഹേഷിന്റെ പ്രതികാരം മലയാള സിനിമയ്ക്കു സമ്മാനിച്ച നായികയാണ് അപർണ ബാലമുരളി. യാത്ര തുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായാണ് അപർണ ബിഗ് സ്ക്രീനിലേക്കെത്തുന്നത്. പിന്നീടു വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു സെക്കന്റ് ക്ലാസ് യാത്രയിൽ അഭിനയിച്ചെങ്കിലും അപർണയിലെ അഭിനേതാവിനെ തിരിച്ചറിയുന്നത് ദിലീഷ് പോത്തൻ ഒരുക്കിയ മഹേഷിന്റെ പ്രതികാരത്തിൽ കൂടിയാണ്. ഫഹദ് ഫാസിലിന്റെ നായികയായി തനി നാട്ടിൻ പുറത്തുകാരിയായി എത്തിയ അപർണ പ്രേക്ഷകരുടെ മനസിൽ ഇന്നും ‘ജിംസി’ എന്ന കഥാപാത്രമായാണ് നിലകൊള്ളുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഒരു മുത്തൾി ഗദയിൽ രണ്ടു കാലത്തിലെ വേഷങ്ങളിലൂടെ വീണ്ടും അപർണ പ്രേക്ഷകനു മുന്നിലെത്തി. അഭിനയത്തോടൊപ്പം ഗായികയായും ഇതിനോടകം അപർണ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബിജിബാലിന്റെ സംഗീതത്തിൽ മഹേഷിന്റെ പ്രതികാരത്തിലെ ‘മൗനങ്ങൾ’ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തും അപർണ സജീവമാകുന്നത്. പിന്നീട് പാവ, മോഹൻലാൽ ചിത്രം ഒപ്പം, ഒരു മുത്തൾി ഗദ എന്നീ ചിത്രങ്ങളിലും അപർണ ഗായികയായി എത്തി. അനൂപ് മേനോൻ ചിത്രം സർവോപരി പാലാക്കാരനിൽ അഭിനയിക്കുകയാണ് അപർണ ഇപ്പോൾ.



രജീഷ വിജയൻ

ടെലിവിഷൻ അവതാരകയായി എത്തി പ്രേക്ഷക പ്രീതി നേടിയതിനു ശേഷമാണ് ബിഗ് സ്ക്രീനിലൂടെ നായികയായി രജീഷ വിജയൻ എത്തുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തിയ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ എലി എന്നു വിളിക്കുന്ന എലിസബത്തായാണ് രജീഷ എത്തിയത്. സ്വാഭാവികമായുള്ള നാട്യമികവു കൊണ്ടുതന്നെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പിന്തുണ നേടിയ രജീഷ ദിലീപിന്റെ നായികയായാണ് ഇനി പ്രേക്ഷകനു മുന്നിലെത്തുന്നത്. ഡോ. ലവിനു ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിലാണ് ദിലീപിനു നായികയായി എത്തുന്നത്. സൂര്യ മ്യൂസിക് ടീവിയിലെ സൂസി കോഡ്, മഴവിൽ മനേരമയിലെ ഉഗ്രം ഉജ്‌ജ്വലം റിയാലിറ്റി ഷോ എന്നീ പ്രോഗ്രാമുകളിലൂടെയാണ് രജീഷ കാമറയ്ക്കു മുന്നിലെത്തുന്നത്. മിനി സ്ക്രീനിലെ വിജയത്തിളക്കം ബിഗ് സ്ക്രീനിലും ആവർത്തിക്കാൻ രജീഷയ്ക്കു കഴിഞ്ഞു. കൊച്ചിയിൽ ജോർജേട്ടൻസ് പൂരത്തിന്റെ ഷൂട്ടിലാണ് രജീഷ ഇപ്പോൾ.

പ്രയാഗ മാർട്ടിൻ

പുത്തൻ നായികമാരിൽ പ്രേക്ഷക പ്രതീക്ഷ ഏറെയുള്ള നായികയാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമ പിസാസിലൂടെ ഇൻഡസ്ട്രിയിലെത്തിയ പ്രയാഗയ്ക്ക് ചെറിയ കാലയളവിൽ തന്നെ മലയാളത്തിൽ വലിയൊരു ആരാധക വൃന്ദത്തിനെ നേടാനായി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായയിൽ പാർവ്വതി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചാണ് മലയാളത്തിൽ സജീവമാകുന്നത്. തൊട്ടു പിന്നാലെ എത്തിയ പാവയിൽ പാട്ടു സീനിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രയാഗയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഒരേ മുഖമാണ് ഉടൻ തിയറ്ററുകളിലെത്തുന്ന പ്രയാഗയുടെ മറ്റൊരു ചിത്രം. ആകാരഭംഗികൊണ്ടും അഭിനയ ശൈലികൊണ്ടും ശ്രദ്ധേയയാകുന്ന പ്രയാഗയുടെ രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ തയ്യാറാകുന്നത്. സംവിധായകൻ സിദ്ധിഖ് രചനയും സംവിധാനവും നിർമാണവും ഒരുക്കുന്ന ജയസൂര്യ ചിത്രം ഫുക്രിയിലെ നായികയാണ് പ്രയാഗ ഇപ്പോൾ. കൂടാതെ നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനിലും പ്രയാഗയാണ് നായിക.

അനു സിതാര

മലയാള നായിക നിരയിലേക്കു വളരുന്ന പുതിയ താരമാണ് അനു സിതാര. 2013ൽ പോട്ടാസ് ബോംബിലാണ് അനു സിതാര നായികയായി എത്തുന്നത്. എന്നാൽ ഈ വർഷം പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗിലെ ഷാഹിന എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് അനുവിനെ പരിചിതമാക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രം ഒരു ഇന്ത്യൻ പ്രണയ കഥ, തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അനാർക്കലി എന്നീ ചിത്രങ്ങളിലൂടെ ഇതിനിടയിൽ അനു മലയാളികൾക്കു മുന്നിലെത്തിയിരുന്നു. തമിഴിലും ഇതിനോടകം തന്റെ മേൽവിലാസം ഒരുക്കാൻ അനുവിനു കഴിഞ്ഞിരുന്നു. നായികയായും ഉപനായികയായും ഒരു പറ്റം ചിത്രങ്ങളാണ് അനുവിന്റേതായി എത്തുന്നത്. ശ്വേത മോഹൻ കേന്ദ്രകഥാപാത്രമാകുന്ന നവൽ എന്ന ജ്യുവൽ, വി.എം. വിനു സംവിധാനം ചെയ്യുന്ന റഹ്മാൻ ചിത്രം മറുപടി, കാമ്പസ് ഡയറി എന്നീ ചിത്രങ്ങളാണ് ഉടൻ തിയറ്ററിലെത്തുന്ന അനുവിന്റെ ചിത്രങ്ങൽ. അനൂപ് മേനോൻ ചിത്രം സർവോപരി പാലാക്കാരൻ, സിദ്ധിഖ്– ജയസൂര്യ ചിത്രം ഫുക്രി എന്നീ ചിത്രങ്ങളിൽ ഇപ്പോൾ അഭിനയിച്ചു വരികയാണ് അനു സിതാര.

പാർവ്വതി നമ്പ്യാർ

ഹിറ്റ് സംവിധായകൻ ലാൽ ജോസ് മലയാളികൾക്കു സമ്മാനിച്ച നായിക നിരയിലാണ് പാർവതി നമ്പ്യാരുടെ സ്‌ഥാനം. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിൽ റീമ കല്ലിങ്കലിനൊപ്പം നായികയായണ് പാർവതിയും സിനിമയിലേക്കെത്തുന്നത്. എന്നാൽ മലയാളികൾ പാർവതിയെ അറിഞ്ഞു തുടങ്ങുന്നത് രഞ്ജിത് ചിത്രം ലീലയിലൂടെയാണ്. ഉണ്ണി. ആറിന്റെ കഥയിലും തിരക്കഥയിലും സംവിധായകൻ രഞ്ജിത് ഒരുക്കിയ ചലച്ചിത്ര ഭാഷ്യമായിരുന്നു ലീല. ടൈറ്റിൽ കഥാപാത്രമായ ലീലയായി ചിത്രത്തിൽ പാർവതിയാണ് എത്തിയത്. സംഭാഷണങ്ങൽ ഒന്നുമില്ലാതിരുന്നിട്ടും ലീല എന്ന കഥാപാത്രമായി പ്രേക്ഷകരോട് സംവദിക്കാൻ പാർവ്വതിയിക്കു കഴിഞ്ഞു. ജയറാമിനെ നായകനമാക്കി എ.കെ. സാജന്റെ തിരക്കഥയിൽ ദീപൻ സംവിധാനം ചെയ്യുന്ന സത്യ എന്ന ചിത്രമാണ് പാർവ്വതിയുടേതായി പ്രേക്ഷകനു ഇനി മുന്നിലെത്തുന്നത്. ലീലയ്ക്കു മുമ്പ് രാജമ്മ * യാഹൂ എന്ന ചിത്രത്തിലും പാർവ്വതി പ്രത്യക്ഷപ്പെട്ടിരുന്നു.


പേളി മാണി

ചലച്ചിത്ര താരമായും ടെലിവിഷൻ അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് പേളി മാണി. 2013 ൽ ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ ഒരുക്കിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് പേളി സിനിമാ ലോകത്തെത്തുന്നത്. നിരവധി ടിവി ഷോകളിലൂടെ മലയാളികൾക്കു പരിചിതയായ പേളി നായികയായി എത്തിയ ചിത്രമായിരുന്നു ദി ലാസ്റ്റ് സപ്പർ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളാൽ ഒരുപിടി സിനിമകളിലൂടെ പേളി മാണി പ്രേക്ഷകനു മുന്നിലെത്തിയിരുന്നു. ഈ വർഷത്തെ മികച്ച വിജയം നേടിയ ജയസൂര്യ – രഞ്ജിത് ശങ്കർ ചിത്രം പ്രേതത്തിലും സുഹാനിസ എന്ന കഥാപാത്രമായി നിർണായക വേഷത്തിൽ പേളി എത്തി. കൂടാതെ നവാഗതനായ സഹീർ അലി സംവിധാനം ചെയ്യുന്ന കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് പേളി എത്തുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി എത്തുന്ന ടീം 5 എന്ന ചിത്രത്തിലും പേളി പ്രധാന വേഷത്തിലെത്തുന്നു. ഇതിനിടയിൽ ഒരു തെലുങ്ക് ചിത്രത്തിലും പേളി അഭിനയിച്ചിരുന്നു.

ശ്രുതി മേനോൻ

മലയാളികൾക്കു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ പരിചിതമായ പ്രതിഭയാണ് ശ്രുതി മേനോൻ. ഈ വർഷം പ്രേക്ഷക– നിരൂപക പ്രശംസ നേടിയ കിസ്മത് എന്ന ചിത്രത്തിലെ അനിത എന്ന കേന്ദ്രകഥാപാത്രമായി എത്തി ശ്രുതി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 2008ലെത്തിയ ലാൽ ജോസ്– ദിലീപ് ചിത്രം മുല്ലയിലൂടെയാണ് ശ്രുതി പ്രേക്ഷകർക്കു പരിചിതമാകുന്നത്. 2004 ൽ പുറത്തിറങ്ങിയ സഞ്ചാരം എന്ന സിനമയിലൂടെയാണ് തന്റെ അഭിനയ ജീവിതം ശ്രുതി ആരംഭിക്കുന്നത്. മുല്ലയ്ക്കു ശേഷം നിരവധി സിനിമകളുടെ ഭാഗമായി ശ്രുതി എത്തി. കഥ തുടരുന്നു, ടി.ഡി.ദാസൻ സ്റ്റാൻഡേർഡ് 6 ബി, തൽസമയം ഒരു പെൺകുട്ടി, അപ്പ് * ഡൗൺ മുകളിലൊരാളുണ്ട്, ജോൺ പോൾ വാതിൽ തുറക്കുന്നു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്ന സമയത്തും നിരവധി ടിവി ഷോകളുടെ അവതാരകയായി ശ്രുതി പ്രേക്ഷകനു മുന്നിലെത്തിയിരുന്നു. അഭിനയത്തോയൊപ്പം പ്രഗത്ഭയായ മോഡൽ കൂടിയാണ് ശ്രുതി.

ഉത്തരാ ഉണ്ണി

മലയാള സിനിമയിൽ രണ്ടാം തലമുറക്കാരിയായാണ് ഉത്തരഉണ്ണി എത്തുന്നത്. മലയാളികളുടെ പ്രിയ അഭിനേത്രി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. അഭിനയം, നൃത്തം, പാട്ട്, ഷോർട്ട് ഫിലിം സംവിധാനം തുടങ്ങി നിരവധി മേഖലകളിൽ ഇതിനോടകം തന്നെ പയറ്റിത്തെളിഞ്ഞിരിക്കുകയാണ് ഈ പ്രതിഭ. ലെനിൽ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് മലയാള സിനിമയിലേക്കു ഉത്തര പ്രവേശിക്കുന്നത്. 2012ൽ വവ്വാൽ പസങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ അഭിനയരംഗത്തേക്ക് ഉത്തര എത്തുന്നത്. ഇതിനിടയിൽ ഷോർട്ട് ഫിലിം സംവിധാനത്തിലും ഉത്തര ശ്രദ്ധ തിരിച്ചിരുന്നു. മുംബൈയിലുള്ള തന്റെ ഡാൻസ് സ്കൂൾ പ്രവർത്തനം, ഡാൻസ് ഫെസ്റ്റിവൽ, ആൽബം സോംഗ്സ് എന്നിങ്ങനെ നിരവധി മേഖലയിൽ സജീവമാണ് ഉത്തര.

ദൃശ്യ രഘുനാഥ്

ഈ വർഷത്തെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ഹാപ്പി വെഡ്ഡിംഗിലെ പ്രധാന നായികയാണ് ദൃശ്യ രഘുനാഥ്. ആദ്യ ചിത്രത്തിലും സ്വന്തം പേരിലുള്ള കഥാപാത്രമായാണ് ദൃശ്യ എത്തിയത്. നൃത്തത്തിലുള്ള പ്രാഗത്ഭ്യം തന്നെയാണ് അഭിനയ ജീവിതത്തിലും ദൃശ്യയ്ക്കു മുതൽകൂട്ടാകുന്നത്. ക്ലാസിക്കൽ നൃത്തത്തിൽ മികവു നേടിയ ദൃശ്യ തൃശൂർ ഐഇഎസ് പബ്ലിക് സ്കൂളിൽ പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ്.

ചാന്ദ്നി ശ്രീധരൻ

അന്യ ഭാഷകളിലൂടെ ശ്രദ്ധ നേടി മലയാളത്തിലെത്തി മലയാള പ്രേക്ഷകരുടെ പിന്തുണ വാങ്ങിയ നടിയാണ് ചാന്ദ്നി ശ്രീധരൻ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ കെ എൽ 10 പത്ത് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ചാന്ദിനിയെ ആദ്യമായി കാണുന്നത്. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ഡാർവിന്റെ പരിണാമത്തിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തി. രണ്ടു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷക പിന്തുണ നേടിയ ചാന്ദ്നി അയ്ന്തു അയ്ന്തു അയ്ന്തു എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചക്കിലിഗിന്താ എന്ന തെലുങ്ക് ചിത്രത്തിലും നായികയായിതിനു ശേഷമാണ് മലയാളത്തിലേക്കു വന്നത്. ചാന്ദ്നി ഇപ്പോൾ ശ്രീകണ്ഠ എന്ന കന്നട ചിത്രത്തിലഭിനയിക്കുകയാണ്.

അനു ഇമ്മാനുവൽ

നിർമാതാവിന്റെ മകളായെത്തി അഭിനേത്രിയായി മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് അനു ഇമ്മാനുവൻ. നിർമാതാവ് തങ്കച്ചൻ ഇമ്മാനുവലിന്റെ മകളായ അനു ഇന്ന് സൗത്തിന്ത്യയിലെ അറിയപ്പെടുന്ന നായികാ താരമാണ്. തങ്കച്ചൻ ഇമ്മാനുവൽ നിർമിച്ച കമൽ സംവിധാനം ചെയ്തു ജയറാം– സംവൃത സുനിൽ ഒന്നിച്ച സ്വപ്നസഞ്ചാരിയിൽ ബാലതാരമായാണ് അനുവിന്റെ രംഗപ്രവേശം. എന്നാൽ ഈ വർഷത്തെ വലിയ ഹിറ്റുകളിലൊന്നായ നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ നായികയായി മലയാളി പ്രേക്ഷകനു മുന്നിൽ അനു വീണ്ടുമെത്തി. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ താരം ഇന്നു തെലുങ്കു സിനിമയിലെ തിരക്കേറിയ നായികയാണ്.

–സ്റ്റാഫ് പ്രതിനിധി