ഹൃദയത്തെ സ്പർശിക്കുന്ന ജയചന്ദ്രസംഗീതം
ഹൃദയത്തെ സ്പർശിക്കുന്ന ജയചന്ദ്രസംഗീതം
Saturday, October 1, 2016 5:13 AM IST
ജയചന്ദ്രന്റെ ഈണങ്ങൾക്കു മുന്നിൽ കാതോർക്കാത്ത മലയാളികളുണ്ടാവില്ല. വിരഹവും പ്രണയവും സന്തോഷവും സങ്കടവുമെല്ലാം അതേ അളവിൽ തന്റെ പാട്ടുകളിലൂടെ ശ്രോതാക്കൾക്ക് പകർന്നു നൽകുകയാണ് ഈ സംഗീതജ്‌ഞൻ. ഇന്നു മലയാളികളുടെ മനസിനെ ഇത്രമാത്രം ഹൃദയ സ്പർശിയായി അടുത്തറിഞ്ഞ സംഗീത സംവിധായകൻ മറ്റാരെങ്കിലുമുണ്ടോ എന്നതു തന്നെ സംശയമാണ്. എന്നു നിന്റെ മൊയ്തീനിലെ ‘കാത്തിരുന്നു കാത്തിരുന്നു’ എന്ന ഗാനം വിശുദ്ധ പ്രണയത്തിന്റെ ഭാവം അപ്പാടെ ഉൾക്കൊണ്ട് ഇന്നും പ്രേക്ഷകരെ നോവിക്കുന്നു. സിനിമാ ജീവിതത്തിലെ രണ്ടു പതിറ്റാണ്ടിന്റെ അനുഭവ സാക്ഷ്യത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഇതിനോടകം തന്നെ മലയാളികൾക്കു ജയചന്ദ്രൻ തന്നു കഴിഞ്ഞു.

പഠനം കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട ജോലി ചെയ്തപ്പോൾ ഒരു സിനിമയെങ്കിലും ചെയ്യാൻ കഴിയുമോയെന്നു ചിന്തിച്ച എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ലഭിച്ച ഈ അംഗീകാരങ്ങൾ ഒരു വലിയ ഗുരുത്വമായി കാണുന്നു. ഇരുപതു വർഷങ്ങൾ... നൂറ്റിഅമ്പതിൽ പരം സിനിമകൾ ചെയ്യാൻ കഴിഞ്ഞു. എന്റെ അമ്മ, അച്ഛൻ, ഗുരുക്കന്മാർ, പിന്നെ ദൈവം... അത്തരമൊരു ശക്‌തിയുടെ പിൻബലത്തിലാണ് ഇന്നത്തെ ഞാൻ നിൽക്കുന്നത്. വാക്കുകൾ ജയചന്ദ്രന്റേതാണ്. സംഗീത ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോഴുള്ള അനുഭവങ്ങളിൽ നിന്നും ആർജിച്ചെടുക്കുന്നതാണ് ഈ കലാകാരന്റെ വിജയങ്ങൾ. ദേവരാജൻ മാഷിന്റെയും എം.ബി. ശ്രീനിവാസൻ മാഷിന്റയും ശിഷ്യനായിരുന്ന ജയചന്ദ്രൻ 1995 ൽ ചിന്ത എന്ന സിനിമയിലൂടെ യാണ് സംഗീത സംവിധായകതനായി എത്തുന്നത്.


പിന്നീട് തന്റെ കൈയൊപ്പു ചാർത്തി നിരവധി ചലച്ചിത്ര ഗാനങ്ങൾ. ആറു തവണ മികച്ച ഗായകനുള്ള സം സ്‌ഥാന സർക്കാർ പുരസ്കാരവും ദേശീയ പുരസ്കാര നേട്ടവും ഇതിനോടകം ജയചന്ദ്രൻ സ്വന്തമാക്കി കഴിഞ്ഞു. പിന്നണി ഗായകനായും സംസ്‌ഥാന പുരസ്കാരം ലഭിച്ചു എന്നതു പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. സെല്ലുലോയിഡ്, പ്രണയം, നിവേദ്യം, ശിക്കാർ, പെരുമഴക്കാലം, മാടമ്പി എന്നിങ്ങനെ നീളുന്നു ഈ കലാകാരന്റെ സംഗീതം നിറഞ്ഞ ചിത്രങ്ങൾ.

പിന്നണി ഗാന രംഗത്തു നിരവധി പ്രതിഭകൾക്ക് അവസരം നൽകാനും അവരെ വളർത്തിയെടുക്കാനും ജയചന്ദ്രനു കഴിഞ്ഞു. ഒരു സിനിമയുടെ വിജയ ഘടകമായി തന്റെ ഗാനങ്ങളെ മാറ്റുന്നതിൽ ഇദ്ദേഹം നേടിയ മികവു പ്രശംസനീയമാണ്. കഥയുടെ പരമ പ്രധാനമായ വേളകളെ തന്റെ സംഗീതത്തിലൂടെ വൈകാരികമായി പ്രേക്ഷകരോട് പറയാൻ ജയചന്ദ്രൻ ശ്രമിച്ചു. അതു പലപ്പോഴും അവരുടെ മനസിൽ ആഴ്ന്നിറങ്ങുന്നതിന്റെ തെളിവായിരുന്നു ഇന്നും മലയാളികൾ അദ്ദേഹത്തിന്റെ പാട്ടുകൾ മൂളുന്നതിനു പിന്നിൽ. വെറുമൊരു സിനിമാ ഗാനം എന്നതിനുമപ്പുറം സംഗീതത്തിനു ജീവൻ നൽകാൻ ജയചന്ദ്രനുകഴിഞ്ഞു.

ഹൃദയത്തിൽ പതിയുന്ന ഒട്ടേറെ ഗാനങ്ങളുമായി ജയചന്ദ്രൻ ഇനിയും മലയാളികളുടേ മുന്നിലേക്കെത്തുകകയാണ്. ജയചന്ദ്ര സംഗീതം എന്നതാണ് അതിന്റെ ഓരോന്നിന്റയും മേൽവിലാസവും.