കൊച്ചുവയലാറിന്റെ കാവ്യഭൂമിക
കൊച്ചുവയലാറിന്റെ കാവ്യഭൂമിക
Wednesday, September 21, 2016 4:15 AM IST
ചലച്ചിത്ര സംഗീതശാഖയിൽ രചനാ വൈഭവം കൊണ്ടു മലയാളികളുടെ മനസിനെ ഹരം കൊള്ളിച്ച പ്രതിഭയായിരുന്നു വയലാർ രാമവർമ. ആ രചനാസർഗാത്മകതയുടെ കൈപിടിച്ച് അദ്ദേഹത്തിന്റെ മകനും പിന്നാലെയെത്തി, വയലാർ ശരത് ചന്ദ്രവർമ. കവിത നഷ്ടമായിക്കൊണ്ടിരുന്ന മലയാള സിനിമയുടെ സംഗീത വീഥിയിലേക്ക് മലയാളിത്തമുള്ള ഒരു പിടി പാട്ടുകളുമായി അദ്ദേഹം കടന്നുവന്നു. പൈതൃകമായി ലഭിച്ച അക്ഷര സമ്പത്തിനെ തന്റെ തൂലികയിലൂടെ മലയാളികളുടെ ആസ്വാദന തലത്തിലേക്ക് അദ്ദേഹം എത്തിച്ചു. എന്നോ നഷ്ടമായിരുന്ന മലയാള ഭാഷയുടെ പരിശുദ്ധിയെ നൈസർഗികമായി തന്റെ പാട്ടിലൂടെ ശ്രോതാക്കളിലെത്തിച്ചു. ഇനിയുമൊരായിരം പാട്ടുകൾ കുറിക്കുവാൻ മലയാള സിനിമ അദ്ദേഹത്തിനായി കാത്തിരിക്കുന്നു. ആ കൊച്ചു വയലാറിന്റെ വാക്കുകളിലൂടെ...

അച്ഛന്റെ ഓർമകളിൽ നിന്നു എഴുത്തുകാരനായി, ഒരു കവിയായി മാറിയതിനെ എങ്ങനെ കാണുന്നു?

അച്ഛന്റെ ഓർമകളിൽ നിന്നും ഞാനെത്തിയാൽ ഒരിക്കലും ഞാനൊരു എഴുത്തുകാരനാവില്ല. നീ ഒരിക്കലും ഒരു എഴുത്തുകാരനാകരുത്, ഇനി അഥവാ ആയാലും ഒരു സിനിമ പാട്ടെഴുത്തുകാരനാകരുത് എന്നായിരുന്നു അച്ഛന്റെ ഉപദേശം. അതുകൊണ്ടു തന്നെ അങ്ങനൊരു വഴിയിലേക്ക് അച്ഛൻ കൊണ്ടുപോയിട്ടില്ലായിരുന്നു. പക്ഷേ, ഒരു നിമിത്തം പോലെ അത് എന്നിലേക്കെത്തുകയായിരുന്നു. അച്ഛന്റെ എഴുത്തിന്റെ മിച്ചമാണ് എന്നിലേക്കെത്തുന്നത്. ഞാനെഴുതുന്നുണ്ടെങ്കിലും ഇന്നും ഞങ്ങളുടെ കുടുംബത്തിന്റെ പ്രധാന വരുമാനം അച്ഛന്റെ എഴുത്തിന് ഓരോ പ്രസാധകർ തരുന്ന പ്രതിഫലമാണ്. അച്ഛൻ ആഗ്രഹിക്കാത്തമേഖലയിലേക്കു എങ്ങനെയൊ ഞാനെത്തുകയും പിന്നീട് അച്ഛൻ ആഗ്രഹിച്ച, അച്ഛന്റെ ആത്മാവ് അനുഗ്രഹിച്ച ഇടത്തേക്കു ഞാനെത്തുകയുമായിരുന്നു. കാരണം എന്നെ ഡോക്ടർ ആക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ ദൈവത്തിന്റെ തിരക്കഥ വേറെയായിരുന്നു. ഞാനും എഴുത്തിലേക്കെത്തി. അച്ഛനെ പോലെ ഒരിക്കലും എഴുതാനാവില്ല. കാരണം അങ്ങനെയൊരു കാലഘട്ടം സിനിമയുടെയും കഴിഞ്ഞു പോയിരിക്കുന്നു. പിന്നെ എഴുത്തിലേക്കെത്തിയതുകൊണ്ട് പണ്ടു ഞാൻ ജോലി ചെയ്തിരുന്നതിന്റെ പതിന്മടങ്ങ് വരുമാനം ഇതു നേടിത്തരുന്നതാണ് ഒരു ഗുണം. അവിടെയും എന്റെ ഭാര്യ നൽകുന്ന പിന്തുണയാണ് എഴുത്തിന്റെ ശക്‌തി. കാരണം അച്ഛന് അമ്മ കൊടുത്ത എഴുത്തിന്റെ അന്തരീക്ഷം ഇവിടെ എനിക്ക് എന്റെ ഭാര്യയും നൽകുന്നു. കുടുംബത്തിന്റെ ഭദ്രതയാണ് എഴുത്തിന്റെ ഏറ്റവും വലിയ ഭാഗ്യം.

അച്ഛന്റെ എഴുത്തിന്റെ പ്രഭാവം മകന്റെ എഴുത്തിൽ പ്രകടമാകാറുണ്ടോ?

അച്ഛന്റെ എഴുത്തുമായി എനിക്കു യാതൊരു ബന്ധവും ഇല്ലെന്നതാണു സത്യം. കാരണം എന്റെ പതിനഞ്ചാമത്തെ വയസിലാണ് അച്ഛൻ മരിക്കുന്നത്. ഇന്നത്തെ പോലെ അച്ഛനും മക്കളും തമ്മിലുള്ള സൗഹൃദ കാലഘട്ടമല്ല അന്ന്. അവിടെ ബഹുമാനവും ഒരു പേടിയുമാണ്. അച്ഛന്റെ മരണശേഷമാണ് വയലാർ രാമവർമ ആരാണെന്നു ഞാൻ മനസിലാക്കുന്നത്. മലയാളികൾ പറഞ്ഞിട്ടാണ് ആരാണ് വയലാർ രാമവർമ എന്നുതന്നെ നമ്മളും അറിയുന്നത്. നാൽപത്തൊന്നു കൊല്ലമായി അച്ഛൻ മരിച്ചിട്ട്. അന്നു മുതൽ ഇന്നു വരെ അദ്ദേഹത്തിന്റെ മകനായി ഞാനെവിടെച്ചെന്നാലും ആ സ്വീകാര്യത കിട്ടുന്നു എന്നതാണ് വലിയ കാര്യം. എവിടെയും അച്ഛന്റെ പേരു പറഞ്ഞാണ് നമ്മൾ അറിയപ്പെടുന്നത്.

ണ്ട<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ21ിമ2.ഷുഴ മഹശഴി=ഹലളേ>ണ്ട

സിനിമയിലേക്കുള്ള കട ന്നുവരവിൽ വയലാറിന്റെ മകൻ എന്ന പേര് എത്രത്തോളം സഹായകമായി?

സിനിമയിലെഴുതാൻ ആദ്യമായി എനിക്കു അവസരം കിട്ടുമ്പോൾ അമ്മ എന്റെ ഭാര്യയോട് പറഞ്ഞത് എന്നെ അതിനു വിടണ്ട എന്നാണ്. അതുകൊണ്ട് ഭാര്യയും അന്നെതിർത്തു. അതുകൊണ്ടുതന്നെ ഞാൻ സിനിമയെ ആലോചിക്കാനേ പോയില്ല. എന്നാൽ പിന്നീട് ഞാനെങ്ങനെ സിനിമയിലെത്തിയെന്നു ചോദിച്ചാൽ അത് എങ്ങനെയോ സംഭവിച്ചു എന്നാണ് ഉത്തരം. മുകളിലുള്ളവന്റെ തിരക്കഥയിൽ ഇങ്ങനെയായിരുന്നു. 1992–ലാണ് ഞാൻ ആദ്യമായി സിനിമയിലെഴുതുന്നത്. അതിലേക്കു അച്ഛൻ തന്നെ കൊണ്ടെത്തിച്ചെന്നാണ് എന്റെ വിശ്വാസം.

ഗാനരചയിതാവായി ശ്രദ്ധ നേടുന്നത് രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തിലൂടെയാണ്. അതിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഒരു ദിവസം രാത്രിയിൽ രഞ്ജിത്ത് ഫോൺ വിളിച്ചിട്ട് പറഞ്ഞു നാളെ രാവിലെ കോഴിക്കോട്ട് എത്തണം, പുതിയ സിനിമയ്ക്കു പാട്ടെഴുതണമെന്ന്. രഞ്ജിത്തുമായി എനിക്കു മുന്നേയുള്ള പരിചയമാണെങ്കിലും സത്യത്തിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. രവീന്ദ്രൻ മാഷാണ് കൂടെയുള്ളത്. എങ്കിലും ഞാൻ ചെന്നു. അങ്ങനെയാണു ഞാൻ ഒരു സിനിമാ ഗാനരചയിതാവാകുന്നത്. സിനിമ എന്നെ അങ്ങോട്ടു വിളിക്കുകയായിരുന്നു. ഒരു പക്ഷെ അതിനു പിന്നിലും വയലാറിന്റെ അനുഗ്രഹമാകാം.

സിനിമയിൽ പാട്ടെഴുത്ത് തുടങ്ങിക്കഴിഞ്ഞപ്പോൾ ഒപ്പമുള്ളവരുടെ പിന്തുണഎത്രത്തോളമായിരുന്നു?

സിനിമയിൽ സത്യൻ അന്തിക്കാട്, ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്, കമൽ സാറ്, അക്കു അക്ബർ തുടങ്ങി സംവിധായകർ പാട്ടിനെ, അതിലെ വരികളെ സ്നേഹിക്കുന്നവരാണ്. വരികളുടെ പ്രാധാന്യത്തെ മനസിലാക്കുന്നവരാണ്. വരികളുടെ സൗന്ദര്യത്തെ ദൃശ്യവത്കരിക്കുന്ന ഇങ്ങനെയുള്ള സംവിധായകർക്കൊപ്പം ജോലി ചെയ്തതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. കാരണം സംവിധായകനാണ് ആ സിനിമയുടെ ഗാനങ്ങൾ എഴുതുന്നതിൽ നമുക്ക് ഏറ്റവും പിന്തുണ നൽകുന്നത്.

അതിന് ഒരു ഉദാഹരണം തരാം. രഞ്ജിത്തുമായി രണ്ടാമതൊരു സിനിമയ്ക്കു ഞങ്ങൾ ഒന്നിച്ചിരുന്നു. അതുപക്ഷെ നടന്നില്ല. അതിൽ എട്ടു പാട്ടാണ് നിശ്ചയിച്ചത്. കോഴിക്കോട്ടുവെച്ചാണ് അതിന്റെ വർക്ക് നടക്കുന്നത്. പുതിയൊരു സംഗീത സംവിധായകനായിരുന്നു. രഞ്ജിത്തു വരുന്നതിനു മുമ്പ് പാട്ടഴുതി സംഗീത സംവിധായകനെ ഏൽപിച്ചു. പാട്ടൊക്കെ ചെയ്തപ്പോഴേക്കും രഞ്ജിത്ത് എത്തി. സംഗീത സംവിധായകനോട് രഞ്ജിത് ചോദിച്ചു എങ്ങനെയുണ്ടു പാട്ട് എന്ന്. പാട്ടു കുഴപ്പമില്ല, പക്ഷേ, ഒന്നും മനസിലാകുന്നില്ല എന്നയാൾ മറുപടി പറഞ്ഞു. നിന്റെ പാട്ടിന് വരികൾ ഓക്കെ ആണല്ലൊ, ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാമെന്നു രഞ്ജി ത്തു പറഞ്ഞു. അങ്ങനെ പറയാനുള്ള നട്ടെല്ല്, ധൈര്യം രഞ്ജിത്തിനുണ്ട്. ഒരു സംവിധായകന്റെ ആ ധൈര്യമാണ് എഴുത്തുകാരന്റെ ശക്‌തി. ഇന്ന് അങ്ങനെയുള്ള സംവിധായകർ കുറവാണ് എന്നതാണ് വാസ്തവം. രഞ്ജിത് മാത്രമല്ല. ഞാൻ നേരത്തെ പറഞ്ഞ അത്രയും സംവിധായകർ.. അങ്ങനെയുള്ള തീരെക്കുറച്ചു മാത്രം പേരാണ്. പുതിയ സംവിധായകരിലും അങ്ങനെയുള്ളവർ എത്തുന്നുണ്ട്. ഉടൻ പുറത്തിറങ്ങുന്ന ചിത്രം അപ്പൂപ്പൻതാടിയുടെ സംവിധായകൻ മനു ശങ്കറും കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ശിവയുമൊക്കെ അത്തരം ചില സംവിധായകരാണ്. പുതിയ ചില സംഗീത സംവിധായകരും ആ പിന്തുണ നൽകുന്നവരാണ്.


ണ്ട<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ21ിമ3.ഷുഴ മഹശഴി=ഹലളേ>ണ്ട

സിനിമയിലെത്തുന്നതിനു മുമ്പേ എഴുതുമായിരുന്നോ?

ഭക്‌തിഗാനങ്ങൾക്കു വേണ്ടി നിരവധി എഴുതുമായിരുന്നു. പിന്നെ കവിതകളും എഴുതാറുണ്ട്. പക്ഷെ അതൊന്നും വെളിയിൽ കാണിച്ചിട്ടില്ല. കാരണം പുതിയ കാലത്തിന്റെ കവിതയുടെ ശാസ്ത്രമില്ല അതിനൊന്നും.

സംഗീതത്തിനു വരികളെഴുതാനാണോ ആദ്യമേ വരികളെഴുതാനാണോ കൂടുതൽ ഇഷ്ടം?

എനിക്കു രണ്ടും ഒരുപോലെയാണ്. എങ്കിലും എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത് ആദ്യം എഴുതുന്നതാണ്. അപ്പോൾ പലപ്പോഴും അവിടെ ആവർത്തന വിരസത പ്രതിഫലിക്കാം. കാരണം എഴുത്തിൽ ഏഴു താളമെ ഉള്ളു. എന്നാൽ സംഗീത സംവിധായകന് അത് വിശാലമാണ്. അവിടെയും ഇന്നത്തെ സിനിമ ഗാനം എന്നത് കേൾക്കുകയല്ല, പകരം കാണുകയാണ് ചെയ്യുന്നത്. കാരണം പാട്ട് ഇന്ന് ദൃശ്യവിരുന്നിനോട് കൂടുതലടുത്തിരിക്കുന്നത്. അപ്പോൾ കാണുന്ന ലോകവുമായിട്ടാണ് പാട്ട് ഏറെ ബന്ധപ്പെടുന്നത്. ചിലപ്പോൾ അവിടെ പാട്ടിലെ കവിതയെ നഷ്ടപ്പെടാം. അതും സാഹചര്യവുമായി ബന്ധപ്പെടും.

പഴയ കാലത്തെ ഗാനങ്ങളിൽ കവിതകളായിരുന്നു അന്നത്തെ ഭംഗി. അത് ഇന്നു നഷ്ടമാകുന്നതെന്താണ്?

പഴയ കാലത്തെ സിനിമകളുടെ പേരൊന്നു ശ്രദ്ധിച്ചാൽ അതിൽ ജീവിതമുണ്ട്. അമ്മയെ കാണാൻ, നദി എന്നൊക്കെയാണ്. ഇന്നത്തെ സിനിമ പേരുകൾ തന്നെ ആർക്കും മനസിലാകാത്തതാണ്. ഇതേ കാര്യം പണ്ടു ഗിരീഷ് പുത്തഞ്ചേരിയും പറഞ്ഞതാണ്. ഒരു കഥ കേട്ടാൽ മനസിലേക്കു കവിത വരണമല്ലോ. ഇതൊന്നും പരാതിയല്ല. ഒരു പരിഭവം മാത്രം. സിനിമയിൽ നല്ല പാട്ടുകൾ വേണമോ എന്നതു തന്നെ ഇപ്പോൾ ചോദ്യ ചിഹ്നമാണ് പലർക്കും. എഴുത്തുകാരുടെ കുഴപ്പമല്ലത്. ഇന്നും മലയാളത്തിൽ കഴിവുറ്റ നിരവധി ചെറുപ്പക്കാരായ ഗാനരചയിതാക്കൾ എത്തുന്നുണ്ട്. സോഷ്യൽ മീഡിയ തന്നെ നോക്കിയാൽ എത്ര നല്ല സൃഷ്ടികളെ നമുക്ക് കാണാനാകും.

പുതിയ കാലത്തെ സംഗീതത്തെ എങ്ങനെ കാണുന്നു?

പുതിയ സംഗീത സംവിധായകരിൽ പലർക്കും ഭാഷയുടെ അജ്‌ഞതയാണു പ്രശ്നം. വാക്കുകളുടെ അർഥം പലർക്കും മനസിലാക്കാനാവുന്നില്ല. വാക്കുകളുടെ ഭംഗി കൂടി ചേരുമ്പോഴാണല്ലൊ ഒരു പാട്ട് ഹൃദ്യമാകുന്നത്. എങ്കിലും ചില സംഗീത സംവിധായകരുടെ പാട്ടുകൾ ഇന്നും മലയാളത്തനിമ ഉള്ളതാണ്.

മികച്ച സിനിമകൾ പുറത്തിറങ്ങുന്ന മലയാളത്തിൽ ഇന്നും മികച്ച പാട്ടുകൾ ലഭിക്കുന്നില്ല എന്ന പരാതിയെപ്പറ്റി?

അതു ശരിയാണ്. എല്ലാം മോശമെന്നല്ല അതിനുമർഥം. നല്ല പാട്ടുകൾ ഉണ്ടാകുന്നുണ്ട്. സംഗീത സംവിധായകനു തോന്നുന്നതുപോലെ പാട്ട് മാറിയതാണ് കാരണം. വാക്കിനെ അംഗീകരിക്കുവാനുള്ള അറിവ് അവർക്കുണ്ടാകണം.

എഴുത്ത് നടക്കുന്നത് എപ്പോഴാണ്?

ഞാൻ സാധാരണ എഴുതുന്നതു പുലർകാലത്താണ്. പിന്നെ ഇതു സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ഉറക്കത്തിലെ ഒരു ഞെട്ടലിൽ നിന്നുമാകാം ചിലപ്പോൾ ഒരു പാട്ടു ജനിക്കുന്നത്. യാന്ത്രികമായി ചെയ്യാനുള്ളതല്ല ഇത്. ഓരോ പാട്ടും ആദ്യത്തെ പാട്ടുപോലെയാണ് എഴുതുന്നത്. അതിനു നിശ്ചിതമായൊരു സമയം കാണില്ല.

മലയാളത്തിലെ പുതിയ പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ?

പുതിയ എഴുത്തുകാർക്ക് ജീവിതവുമായുള്ള ആഴം എത്രത്തോളമുണ്ട് എന്നതു പ്രാധാന്യമാണ്. കാരണം അനുഭവങ്ങൾ രചനയിൽ ആവശ്യമായൊരു ഘടകമാണ്. ജീവിതത്തെ ഇപ്പോഴും പ്രണയത്തോടെ കാണുന്ന വ്യക്‌തിയാണ് ഞാൻ. അയാളും ഞാനും സിനിമയിലെ അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം എനിക്കു നഷ്ടമായ ആയിരത്തഞ്ഞൂറോളം വരുന്ന കാമുകിമാരുടെ വേദനയിൽ നിന്നുമാണു രചിച്ചത്. ദൂരെ നിന്നും നമുക്കു നഷ്ടമായിരിക്കുന്ന ജീവിത അനുഭവങ്ങളാകണം നമ്മുടെ കവിത. പുതിയ ആൾക്കാരിൽ റഫീക്ക് അഹമ്മദിനെ ഞാൻ ശ്രദ്ധിക്കുന്ന എഴുത്തുകാരനാണ്. സന്തോഷ് വർമ, ഹരിനാരായണൻ തുടങ്ങിയവരൊക്കെ പുതിയ എഴുത്തുകാരിൽ ഞാൻ ശ്രദ്ധിക്കാറുള്ളതാണ്.

എഴുത്തിന്റെ മറ്റു തലങ്ങളിലേക്ക് ചെല്ലാറുണ്ടോ?

സിനിമയുടെ തിരക്കഥ എഴുതണമെന്ന ആഗ്രഹമുണ്ട്. പക്ഷെ അത്രത്തോളം അറിവെനിക്കില്ല. കഥ എഴുതാനിഷ്ടമാണ്. ഇതൊക്കെ ആഗ്രഹങ്ങളാണ്. നവമാധ്യമങ്ങളിൽ ഞാൻ വളരെ സജീവമായി നിൽക്കുന്നയാളാണ്. അപ്പോൾ അവിടെ കാണുന്ന ചില നാലു വരിക്കവിതകൾ, അതിനു ഈണമില്ല, താളമില്ല. വരികൾ മാത്രം. അതിലെ ആശയങ്ങൾ മാത്രം. ഒരുപാട് ആൾക്കാർ അതിനോടു പ്രതികരിക്കുന്നു. ഒരുപാടു സൗഹൃദങ്ങൾ ഉണ്ടാകുന്നു. അത് വലിയൊരു സന്തോഷമാണ്. എന്നാൽ അതിൽ വരുന്ന എല്ലാം ശരിയാണ് എന്നല്ല. അതു തിരിച്ചറിയാനുള്ള വിവേകം കാണിക്കണം എന്നു മാത്രം.

അച്ഛനെപ്പോലെ വ്യക്‌തമായ ഒരു രാഷ്ട്രീയ മനോഭാവം കാത്തു സൂക്ഷിക്കുന്നുണ്ടോ?

ഉള്ളിൽ ഒരു രാഷ്ട്രീയമുണ്ട്. എങ്കിലും അന്ധമായ ഒരു രാഷ്ട്രീയ മനോഭാവമില്ല. കാരണം വയലാർ രാമവർമ മരിക്കുമ്പോൾ 406 രൂപയായിരുന്നു ബാങ്ക് ബാലൻസ്. 40 വയസുള്ള അമ്മ, 15 വയസുള്ള ഞാൻ, പതിമൂന്നും പതിനൊന്നും ഒൻപതും വയസുള്ള മൂന്നു സഹോദരിമാരും മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ നിന്നും ഇപ്പോൾ ഞാനിങ്ങനെ ആയതിനു പിന്നിൽ മലയാളികളാണ്. അവിടെ രാഷ്ട്രീയമില്ല. ജാതിയില്ല ഒന്നുമില്ല. ഇന്നും മലയാളികൾ ആ സ്നേഹം എനിക്കു നൽകുന്നുണ്ട്.

അടുത്ത കാലത്തു സംഭവിച്ച സിനിമയുടെ മാറ്റത്തെ എങ്ങനെ കാണുന്നു?

സിനിമയുടെ മാറ്റം വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കഥയിലും കഥയുടെ ആഖ്യാനത്തിലും കഥ പറച്ചിലിലുമൊക്കെ വലിയ മാറ്റം സംഭവിക്കുമ്പോഴും സി നിമാസംഗീതം മാത്രം വളരാതെ ഒരേ പോലെ നിൽക്കുന്നു. അപ്പോഴും സംഗീതം എന്നതിനു ചില അതിരുകളുണ്ട് എന്നതും ഓർക്കണം. അതിനുള്ളിൽ നിന്നുകൊണ്ട് സംഗീതത്തിനെ മികവുറ്റതാക്കാനുള്ള അറിവ് സംഗീത സംവിധായകനു വേണം. പാരിജാതം തിരുമിഴി തുറന്നു എന്ന കവി എഴുതുമ്പോൾ പാരിജാതം വിടരുന്നത് രാത്രിയിലാണ്, ആ സമയമാണെന്നുള്ള ബോധം സംഗീതജ്‌ഞനുണ്ടാകണം.

പുരസ്കാര നേട്ടത്തിനെ എങ്ങനെ കാണാനാണ് ആഗ്രഹം?

അതു വലിയൊരു ഉത്തരവാദിത്തമാണ്. ഒരു പെണ്ണു നമ്മളെ പ്രേമിക്കുവാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ നമ്മൾ ഒരുങ്ങാൻ തുടങ്ങും. അതു പോലെ ഒരു ഉത്തരവാദിത്തമാണ് പുരസ്കാര നേട്ടങ്ങളും. നമ്മുടെ ഗാനങ്ങൾ കൂടുതൽ മികവുറ്റതാക്കണം. ഓരോ വ്യക്‌തിയുടെയും ആഗ്രഹമാണ് അംഗീകരിക്കപ്പെടുക എന്നത്. പക്ഷെ ആ നേട്ടത്തിനു ശേഷം അഹങ്കാരമായിപ്പോകാനും പാടില്ല. പല നേട്ടങ്ങൾക്കും പുറകെ നമ്മൾ പോയാൽ മാത്രമേ അതു നമുക്കു കിട്ടു എന്നൊരവസ്‌ഥ ഇന്നുണ്ട്.

–ലിജിൻ കെ. ഈപ്പൻ