പ്രയാഗ ഒഴുകുകയാണ്....
പ്രയാഗ ഒഴുകുകയാണ്....
Tuesday, July 26, 2016 4:02 AM IST
<യ> ലിജിൻ കെ. ഈപ്പൻ

മലയാളികൾക്കെന്നും അവരുടെ മനസിൽ നായികാ സങ്കൽപങ്ങളുണ്ട്. അന്യഭാ ഷാ നടിമാരെ സ്വീകരിക്കുമ്പോഴും സ്വന്തം ഭാഷയിലെ നായികമാരോട് അവർക്കെ ന്നും പ്രിയം കൂടുതലാണ്. മലയാളി പ്രേക്ഷകന്റെ പുത്തൻ നായികാ സങ്കൽപമാണ് പ്രയാഗാ മാർട്ടിൻ. ആദ്യ ചിത്രം തമിഴിലായിരുന്നെങ്കിലും തിയറ്ററിലെത്തിയ ഒറ്റ മലയാള ചിത്രം കൊണ്ടു തന്നെ മലയാളക്കരയുടെ ഇഷ്ടത്തെ മുഴുവൻ ഈ പ്രതിഭ നേടിയെടുത്തിരിക്കുന്നു. പ്രയാഗയുടെ പുതിയ ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുന്നു. മറ്റൊരു പുതുമുഖ നായികമാർക്കും കിട്ടാത്ത പ്രേക്ഷക പിന്തുണ നേടിയ പ്രയാഗ മാർട്ടിൽ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു...

സിനിയിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?

പഠിക്കുന്ന സമയത്തു തന്നെ ഞാൻ മോഡലിംഗിലും ശ്രദ്ധിച്ചിരുന്നു. പ്ലസ് വൺ പഠിക്കുന്ന സമയത്താണ് ഒരു വനിതാ മാഗസിന്റെ കവറായി എന്റെ ഫോട്ടോ എത്തുന്നത്. അതു കണ്ടിട്ട് അന്നു സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. പക്ഷെ പ്ലസ് ടു പഠനത്തിനു പ്രാധാന്യം നൽകിയതു കൊണ്ട് അന്നത് ഉപേക്ഷിച്ചിരുന്നു. അതിനു ശേഷമാണ് ടി ടി ദേവസി ജൂവലറിക്കു വേണ്ടി ഞാൻ പരസ്യം ചെയ്യുന്നത്. അതു കണ്ടിട്ടാണ് മിഷ്കിൻ സാർ പിസാസിലേക്കെന്നെ അഭിനയിക്കാൻ ക്ഷണിക്കുന്നത്.

ആദ്യ ചിത്രം തന്നെ മിഷ്കിനോടൊപ്പം. അതെങ്ങനെയുണ്ടായിരുന്നു?

പുതുമുഖ താരങ്ങളെ വെച്ചു ഹിറ്റുകൾ സൃഷ്ടിക്കുന്ന സംവിധായകനാണ് മിഷ്കിൻ സാറ്. പിസാസിലെ കഥാപാത്രത്തിനായി പുതുമയുള്ളൊരു മുഖം അന്വേഷിക്കുന്ന സമയത്താണ് മോഡലിംഗ് കോർഡിനേറ്റർ എന്റെ ഫോട്ടോസ് അദ്ദേഹത്തെ കാണിക്കുന്നത്. അങ്ങനെയാണ് ആ ചിത്രത്തിലേക്കു ഞാനെത്തുന്നത്. അത് എന്റെ വലിയൊരു ഭാഗ്യമായിമാറി. മികച്ചൊരു തുടക്കമായിരുന്നു അത്. വർക്ക് ടൈമിൽ മിഷ്കിൻ സാർ വളരെ സ്ട്രിക്റ്റാണ്. അല്ലാത്ത സമയത്ത് നമ്മളോട് കളിയും ചിരിയും കരച്ചിലുമൊക്കെയായി നല്ല കമ്പനിയും. അദ്ദേഹം മാത്രമല്ല, അണിയറ പ്രവർത്തകരുമെല്ലാം സ്വന്തം മാതാപിതാക്കളെപ്പോലെ നമ്മുടെ മികവിനു വേണ്ടി മികച്ച പിന്തുണയായിരുന്നു.

ആദ്യ ചിത്രം പിസാസിന്റെ അനുഭവം എങ്ങനെയായിരുന്നു?

മിഷ്കിൻ സാറിന്റെ എല്ലാ ചിത്രങ്ങളുംപോലെ തന്നെ വളരെ വ്യത്യസ്തമായൊരു ചിത്രമായിരുന്നു പിസാസ്. അന്നുവരെ കാണാത്ത തരം ട്രീറ്റ്മെന്റും പുതുമയുള്ള കഥയും പതിവു പാറ്റേണിൽ നിന്നും മാറിയ നവീനമായൊരു ചിത്രമായിരുന്നു അത്. ഞാൻ സിനിമയിൽ യഥാർത്ഥ രൂപത്തിൽ വരുന്നത് തീരെ കുറച്ചു സീനിൽ മാത്രമാണ്. ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് മിഷ്കിൻ സാറ് പറയുമായിരുന്നു പൊട്ടു തൊട്ടും കണ്ണെഴുതിയും മാത്രമുള്ളതല്ല അഭിനയമെന്ന്. അത് ഓരോ രീതിയിലും പുതുമയുള്ളതാകണം. നമ്മുടെ യഥാർത്ഥ രൂപത്തെ തിരിച്ചറിയാനാവാത്ത വിധം കഥാപാത്രമായി മാറുന്നിടത്താണ് യഥാർത്ഥ അഭിനയമെന്ന്. തുടക്കം തന്നെ വെല്ലുവിളിയുള്ളൊരു കഥാപാത്രമാകാൻ എനിക്കു ഭാഗ്യമുണ്ടായി. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ജീവിതത്തിലാദ്യമായി റോപ്പിലൊക്കെ ഞാൻ കയറുന്നത്. മിഷ്കിൻ സാർ കഥ പറഞ്ഞ സമയത്തൊക്കെ ഞാൻ കരുതി അതു ഡ്യൂപ്പായിരിക്കും ചെയ്യുന്നതെന്ന്. ഞാനങ്ങോട്ട് ചോദിച്ചപ്പോഴാണ് അതോക്കെ ഞാൻതന്നെയാണ് ചെയ്യേണ്ടതെന്നു പറയുന്നത്. പിസാസിലെ അഭിനയം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.

ആദ്യ ചിത്രത്തിന്റെ വിജയ പ്രതീക്ഷകൾ എത്രത്തോളമായിരുന്നു?

മിഷ്കിൻ സാറിന്റെ ചിത്രങ്ങൾ പൊതുവെ കുറച്ച് ഡാർക്ക് ടോണായിട്ടുള്ളതാണല്ലൊ. കൂടാതെ പുതിയ രീതിയിലുള്ള ചിത്രവും. സിനിമയും കഥാപാത്രവും നിരൂപണത്തിനും ചർച്ചയ്ക്കും കാരണമാകുമെന്നൊക്കെ വിചാരിച്ചിരുന്നു. എന്നാൽ കൊമേഴ്സ്യലി അത്രത്തോളം വലിയൊരു വിജയമാകുമെന്നു ഞാൻ കരുതിയിരുന്നില്ല. ആ സമയത്തു തിയറ്ററിലെത്തിയ ബിഗ് ബജറ്റ് ചിത്രങ്ങളേക്കാൾ മികച്ച കളക്ഷനാണ് ചിത്രം നേടിയത്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ26യെ2.ഷുഴ മഹശഴി=ഹലളേ>

പിസാസിനു ശേഷം മലയാള സിനിമയിലേക്കാണോ അവസരം ലഭിച്ചത്?

പിസാസ് കഴിഞ്ഞപ്പോൾ ഞാനൊരു തമിഴ് ചിത്രം കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ ആ ചിത്രം ഷൂട്ടു തുടങ്ങാൻ താമസിച്ചു പോയി. അപ്പോഴാണ് മലയാളത്തിൽ പാവയിലേക്കെന്നെ വിളിക്കുന്നത്. അതിനു ശേഷമാണ് ഒരു മുറൈ വന്ത് പാർത്തായിലഭിനയിക്കുന്നത്. പക്ഷെ ആദ്യം റിലീസായത് രണ്ടാമത്തെ ചിത്രമായി എന്നുമാത്രം. പാവ ഉടൻ റിലീസാവുകയാണ്. പിന്നീടു ചെയ്ത ചിത്രമായിരുന്നു ഒരേ മുഖം. അതിൽ ധ്യാൻ, അജു വർഗീസ്, അർജുൻ, ഗായത്രി സുരേഷ്, പിന്നെ ഞാനുമാണ് എത്തുന്നത്. എൺപതുകളിലെ ഒരു കോളേജ് ജീവിതത്തിലൂടെയാണ് ചിത്രം പോകുന്നത്.

മലയാളത്തിലേക്കെത്തിയപ്പോൾ എന്തു തോന്നി?

ആദ്യം ചിത്രം തമിഴിൽ ചെയ്തെങ്കിലും മലയാളത്തിൽ അഭിനയിക്കുമ്പോഴായിരുന്നു കൂടുതൽ ടെൻഷൻ. ഇവിടെ നമുക്ക് ഉത്തരവാദിത്തം കൂടുതലാണ്. കാരണം നമ്മുടെ പ്രേക്ഷകർ അത്രത്തോളം മികച്ചതാണ്. തമിഴിൽ ഞാൻ അതിഥിയായ് ചെന്നെത്തിയതാണ്. പക്ഷെ ഇവിടങ്ങനെയല്ല. നമ്മുടെ നാട്ടിലെ കുട്ടിയാണെന്ന സങ്കൽപം പ്രേക്ഷകർക്കുണ്ട്. എങ്കിലും ഒരു മുറൈ വന്ത് പാർത്തായ കണ്ടിട്ട് എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്.

സീനിയർ താരങ്ങളുമായുള്ള അഭിനയ പരിചയം

ആദ്യ ചിത്രത്തിൽ തന്നെ വളരെ അനുഭവ സമ്പത്തുള്ള രാധാരവിസാറിനൊപ്പം അഭിനയിക്കാൻ സാധിച്ചതു തന്നെ വലിയൊരു ഭാഗ്യമാണ്. അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിച്ചതിനു ശേഷമാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. മലയാളത്തിൽ പാവയിൽ എത്തിയപ്പോൾ അനൂപ് മേനോൻ ചേട്ടനും മുരളി ഗോപിച്ചേട്ടനും മികച്ച സപ്പോർട്ടാണ് നൽകിയത്. നമ്മുടെ അഭിനയ തലത്തെ ഉയർത്താൻ അവരുടെ ഉപദേശങ്ങളൊക്കെ വളരെ ഉപകാരപ്രദമായിരുന്നു.

ഓരോ ചിത്രത്തിലും അപ്പിയറൻസിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കാറുണ്ടല്ലൊ?

അതു മനപ്പൂർവമായി സംഭവിക്കുന്നതാണെങ്കിലും ഓരോ ചിത്രത്തിനനുസരിച്ച് ചെയ്യുന്നതാണ്. പിസാസിലെ ഭവാനിയല്ല ഒരു മുറൈ വന്ത് പാർത്തായയിലെ പാർവതി. മുടി നീട്ടി വളർത്തി സ്ലിം ആയൊരു പെൺകുട്ടിയാണതിൽ. അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് പാവയിലെ മേരി. അവൾ അറുപതുകളിലെ ഒരു ക്രിസ്ത്യാനി പെൺകുട്ടിയാണ്. അതിനു കുറച്ചുകൂടി തടിയൊക്കെ വേണമായിരുന്നു. ഓരോ സിനിമയ്ക്കുമനുസരിച്ച് ഞാൻ ഡയറ്റിംഗിൽ നിയന്ത്രണം വരുത്താറുണ്ട്. പുതിയ ചിത്രമായ ഒരേ മുഖത്തിൽ എൺപതുകളിലെ ഒരു ഹിന്ദു പെൺകുട്ടിയായിട്ടാണ് എത്തുന്നത്. അപ്പോൾ അതിനനുസരിച്ച് മാറ്റം സംഭവിക്കുന്നതാണ്.

കുടുംബ വിശേഷം?

അച്ഛനും അമ്മയോടുമൊത്ത് എറണാകുളത്താണ് താമസിക്കുന്നത്, ഒറ്റമകളാണ്. ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ഞാൻ. ഇപ്പോൾ സെന്റ് തെരേസാസ് കോളേജിൽ കമ്യൂണിക്കേഷൻ ഇംഗ്ലീഷിൽ ഡിഗ്രി അവസാന വർഷം പഠിക്കുന്നു.

പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?

എന്റെ രണ്ടു ചിത്രങ്ങളാണ് ഉടൻ റിലീസാകാനുള്ളത്. പാവയും ഒരേ മുഖവും. അതിനായി കാത്തിരിക്കുകയാണ്. പുതിയ തിരക്കഥകൾ കേൾക്കുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

വ്യത്യസ്തമായൊരു പേരാണ് പ്രയാഗ എന്നത്. എന്താണ് അതിനു പിന്നിൽ?

അമ്മയാണ് പ്രയാഗ എന്ന പേര് എനിക്കിട്ടത്. പ്രയാഗ എന്നാൽ ഒഴുകുന്ന സ്നേഹനദി എന്നൊരർത്ഥമാണുള്ളത്. ഉത്തർ പ്രദേശിലെ ത്രിവേണി സംഗമം പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. ആ വാക്കിൽ നിന്നുമാണ് എന്റെ പേര് കണ്ടെത്തിയത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ26യെ3.ഷുഴ മഹശഴി=ഹലളേ>