പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍
പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍
Friday, June 1, 2018 3:05 PM IST
പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍ക്ക് പഠിക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന നിരവധി കോഴ്‌സുകള്‍ ഇന്നുണ്ട്. ഇവയില്‍ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്‌സി ഫോറസ്ട്രി കോഴ്‌സുകള്‍ക്ക് നീറ്റ് പരീക്ഷയിലൂടെ പ്രവേശനം നേടാം. കേരളത്തില്‍ തൃശൂര്‍-വെള്ളാനിക്കര, തിരുവനന്തപുരം- വെള്ളായണി, നീലേശ്വരം- പടന്നക്കാട് എന്നിവിടങ്ങളില്‍ കാര്‍ഷിക കോളജുകളുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഗ്രൂപ്പുകളെടുത്ത് പ്ലസ്ടു 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് കോളജില്‍ ബിഎസ്‌സി കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗ് കോഴ്‌സിന് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന് അപേക്ഷിക്കാം. കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ തൃശൂര്‍- മണ്ണുത്തി, വയനാട്- പൂക്കോട് എന്നിവിടങ്ങളില്‍ വെറ്ററിനറി കോളജുകളുണ്ട്. വെറ്ററിനറി സയന്‍സിലുള്ള ബിവിഎസ്‌സി ആന്‍ഡ് എഎച്ച് കോഴ്‌സിന് നീറ്റ് പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്നും അഡ്മിഷന്‍ നേടാം.

വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ പൂക്കോട്, മണ്ണുത്തി, തിരുവനന്തപുരം- ചെറ്റച്ചല്‍ എന്നിവിടങ്ങളില്‍ ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിനും, ചാലക്കുടിയിലുള്ള ബിടെക് ഫുഡ് ടെക്‌നോളജി കോഴ്‌സിനും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നേടാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തവന്നൂരിലുള്ള കേളപ്പജി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബിടെക് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് കോഴ്‌സുണ്ട്. കൊല്ലം ടി.കെ.എം. എന്‍ജിനിയറിംഗ് കോളജില്‍ ബിടെക്ക് ഫുഡ് പ്രോസസിംഗ് എന്‍ജിനിയറിംഗ് കോഴ്‌സുണ്ട്. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്നും ഇവയ്ക്ക് അഡ്മിഷന്‍ നേടാം.

വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവാഴാംകുന്നിലുള്ള പൗള്‍ട്രി സയന്‍സ് കോളജില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്നു വര്‍ഷ ബിഎസ്‌സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കാം. സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍ ലഭിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ രാജ്യത്തെ 15 ശതമാനം കാര്‍ഷിക അനുബന്ധ കോഴ്‌സുകളിലേക്ക് ദേശീയ പ്രവേശന പരീക്ഷയും നടത്തുന്നുണ്ട്. ഇതിലൂടെ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്‌സി ഹോര്‍ട്ടിക്കള്‍ച്ചര്‍, ബിഎസ്‌സി സോയില്‍ സയന്‍സ്, ബിഎസ്‌സി ബയോടെക്‌നോളജി, ബി.ടെക്ക് ഡയറി ടെക്‌നോളജി, ബിടെക്ക് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവയില്‍ പ്രവേശനം നേടാം.


വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ദേശീയതലത്തില്‍ രാജ്യത്തെ വെറ്ററിനറി കോളജുകളിലേക്കുള്ള 15 ശതമാനം സീറ്റുകളിലേക്ക് നീറ്റ് പരീക്ഷയിലൂടെ ബിവിഎസ്‌സി ആന്‍ഡ് എഎച്ച് കോഴ്‌സിലേക്ക് അഡ്മിഷന്‍ നല്‍കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ്-ഹരിയാന, തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ ബിടെക്ക് ഫുഡ് ടെക്‌നോളജി കോഴ്‌സിന് ജോയിന്റ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ മെയിനില്‍ നിന്നും അഡ്മിഷന്‍ നേടാം. യുപിയിലെ ജെ.ബി പന്ത് സര്‍വകലാശാലയില്‍ അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഡയറി ടെക്‌നോളജി, അഗ്രിക്കള്‍ച്ചറല്‍ കോഴ്‌സുകളുണ്ട്. പുതുച്ചേരിയിലെ കാരയ്ക്കലിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ സീറ്റിന് എന്‍ആര്‍ഐ ക്വാട്ടയുണ്ട്.

പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ ബിഎസ്‌സി ആന്‍ഡ് എഎച്ച് കോഴ്‌സിന് ചേരാം. മദ്രാസ്, നാമക്കല്‍, ബാംഗ്ലൂര്‍, ധാര്‍വാര്‍ഡ്, വെങ്കിട്ടേശ്വര (ആന്ധ്ര) വെറ്ററിനറി കോളജുകളിലും എന്‍ആര്‍ഐ ക്വാട്ടയില്‍ വെറ്ററിനറിയ്ക്ക് സീറ്റുകളുണ്ട്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പൊള്ളാച്ചിയിലടക്കം അഞ്ച് കാര്‍ഷിക സ്വാശ്രയ കോളജുകളില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോഴ്‌സുകളുണ്ട്.

വെറ്ററിനറി സര്‍വകലാശാലയില്‍ ദ്വിവത്സര ഡയറി ഡിപ്ലോമ, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പൗള്‍ട്രി പ്രൊഡക്ഷന്‍, ലാബോറട്ടറി സാങ്കേതിക വിദ്യ എന്നിവയില്‍ പ്ലസ്ടു, വിഎച്ച്എസ്‌സി ക്കാര്‍ക്കുള്ള ഡിപ്ലോമകളുണ്ട്. എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡയറി, പൗള്‍ട്രി എന്റര്‍പ്രണര്‍ഷിപ്പ,് ഡിപ്ലോമ പ്രോഗ്രാമുകളും നിലവിലുണ്ട്. കാര്‍ഷിക കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ താത്പര്യം, ഉപരിപഠന തൊഴില്‍ സാധ്യതകള്‍ എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണ്.

ഡോ. ടി.പി. സേതുമാധവന്‍
ഡയറക്ടര്‍, യു.എല്‍. എജ്യുക്കേഷന്‍, യു.എല്‍. സൈബര്‍പാര്‍ക്ക്, കോഴിക്കോട്‌