നിത്യസുവർണ പുഷ്പം
നിത്യസുവർണ പുഷ്പം
Saturday, March 31, 2018 2:35 PM IST
ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനംകുറഞ്ഞ പേപ്പർ പോലുള്ള താണ് ഇതിന്‍റെ ഇതളുകൾ. അതുകൊണ്ടാണ് ഇതിന് സ്ട്രോഫ്ളവർ എന്നും പേപ്പർ ഡെയ്സി എന്നും പേരുള്ളത്. പരമാവധി മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന സ്ട്രോഫ്ളവർ ചെടി വാർഷിക പുഷ്പിണിയാണ്. സുവർണ നിറമാർന്ന ഇതിന്‍റെ സമൃദ്ധമായ പൂത്തലപ്പുകളാണ് ഇതിന് ന്ധഗോൾഡൻ എവർലാസ്റ്റിങ്’ എന്ന് പേര് നേടിക്കൊടുത്തത്. ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, തേനീച്ച, ചെറുവണ്ടുകൾ, പുൽച്ചാടി തുടങ്ങി വിവിധ ചെറുപ്രാണികൾക്ക് ഹരമാണ് സ്ട്രോ ഫ്ളവറിന്‍റെ സ്വർണവർണമാർന്ന പൂത്തലപ്പ്.

ന്ധസിറോക്രൈസം ബ്രാക്റ്റിയേറ്റം’ എന്ന് സസ്യനാമം. ഓസ്ട്രേലിയൻ സ്വദേശിയാണ് ഈ പൂച്ചെടി. ബ്രാക്റ്റിയേറ്റം എന്ന സ്പീഷീസ് പേര.് ഇലകൾക്കു തന്നെ രൂപാന്തരം പ്രാപിച്ച് പൂവിതൾ പോലെ ആയ പൂക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. പൂത്തലപ്പിലെ ഇതളുകളാണ് ഈ ബ്രാക്റ്റുകൾ. സാധാരണഗതിയിൽ 20 മുതൽ 80 സെന്‍റീ മീറ്റർ വരെയാണ് ചെടിയുടെ ഉയരം. തണ്ടിന് പച്ചനിറം. മൃദുരോമങ്ങളാൽ ആവൃതമാണിത്. വളരുന്ന തണ്ടിന്‍റെ അഗ്രഭാഗത്താണ് ഏഴു സെന്‍റീ മീറ്റർ വരെ വ്യാസത്തിലാണ് പൂത്തലപ്പുകൾ വിടരുക. സൂര്യകാന്തിയുടെ കുടുംബത്തിൽപ്പെട്ടതാകയാൽ പൂവിനും അതിനോട് ഏറെ സാമ്യമുണ്ട്. മധ്യഭാഗത്ത് പരന്ന ഒരു തട്ടും അതിനു ചുറ്റും നിറയെ ചെറിയ പൂക്കളും. തിളക്കമാർന്ന മഞ്ഞനിറമാണ് ഈ പൂക്കളുടെ സവിശേഷത. പൂവിതളുകൾ (ബ്രാക്റ്റ്)കടലാസുപോലെ നേർത്തതും ഉണങ്ങിയതും തീരെ കുറച്ചു മാത്രം ജലാംശം അടങ്ങിയതുമാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് സ്ട്രോ ഫ്ളവറിന്‍റെ നിറപൂക്കാലം. പൂത്തലപ്പിന് സ്വർണമഞ്ഞനിറത്തിനു പകരം പിങ്ക്, വെങ്കലനിറം, ക്രീം, പർപ്പിൾ, വെള്ള എന്നീ നിറങ്ങളുമുണ്ട്. കനം കുറഞ്ഞ് അഗ്രം കൂർത്ത തവിട്ടുകലർന്ന പച്ചനിറമുള്ള ഇലകളുടെ പ്രതലം സാൻഡ്പേപ്പർ പോലെ പരുപരുത്തതാണ്.

നല്ല വേനൽക്കാലത്താണ് ചെടി നിറയെ പൂ പിടിക്കുക. സൂര്യപ്രകാശത്തിൽ സാമാന്യം ഭേദമായി വളരും. വിത്തു പാകി തൈകൾ മുളപ്പിച്ചാണ് ചെടി വളർത്തുക. 8-10 ഇഞ്ച് ആഴത്തിൽ മണ്ണ് കിളച്ചിളക്കി പരുവപ്പെടുത്തി ജൈവവളം അടിവളമായി ചേർത്ത് മണ്‍ നിരപ്പിൽ വിത്തുവിതറുന്നു. നേരിയ തോതിൽ നനയ്ക്കുക. തൈകൾ മുളച്ച് 2-3 ഇഞ്ച് വളർന്നു കഴിയുന്പോൾ 10-12 ഇഞ്ച് ഇടയകലം ലഭിക്കത്തക്കവിധം നടുക. പോ ട്ടിംഗ് മിശ്രിതം നിറച്ച പ്രോട്രേകളിൽ വിത്തുപാകി മുളപ്പിക്കാം. തൈകൾ വളരുന്നതനുസരിച്ച് കുറേശെ ജൈവവളം ചേർത്തു കൊടുക്കാം.




അമിത ജലസേചനം നടത്തരുത്. ജൈവവളങ്ങൾക്കു പുറമെ രാസവളമിശ്രിതങ്ങൾ ലഭ്യതയനുസരിച്ച് വളരെ നേർപ്പിച്ച് തടത്തിൽ തെളിയൂറ്റി ഒഴിച്ചുകൊടുക്കാം.

വെട്ടുപൂക്കളായും ഡ്രൈഫ്ളവറായും സ്ട്രോ ഫ്ളവർ ഒരു പോലെ ഉപയോഗിക്കുന്നു. ചെടി വളരുന്നതനുസരിച്ച് പാർശ്വശിഖരങ്ങൾ നുള്ളി വിട്ടാൽ കൂടുതൽ വലിപ്പമുള്ള പൂക്കൾ വിടരും. ഡ്രൈ ഫ്ളവർ ആയി ഉപയോഗപ്പെടുത്താനാണെങ്കിൽ പൂക്കൾ വിടരാൻ തുടങ്ങുന്നതിനും മുന്പുതന്നെ അവ ഇറുത്തെടുത്ത് രണ്ടാഴ്ച തലകീഴായി തണ്ടോടെ തണലും ഈർപ്പരഹിതവുമായ അന്തരീക്ഷത്തിൽ കെട്ടിത്തൂക്കിയിടണം. ചെറിയ ചട്ടികളിലും മറ്റും വളർത്തി പോർച്ച്, ബാൽക്കണി, പൂമുഖം തുടങ്ങിയ സ്ഥലങ്ങൾ അലങ്കരിക്കാനും സ്ട്രോഫ്ളവർ ഉത്തമമാണ്.

കോട്ടേജ് ബ്രോണ്‍സ്, കോട്ടേജ് പിങ്ക്, കോട്ടേജ് വൈറ്റ്, കോട്ടേജ് യെല്ലോ തുടങ്ങിയവ പേര് സൂചിപ്പിക്കുന്നതുപോലെ വിവിധ നിറഭേദങ്ങൾ ഉള്ള പൂക്കൾ വിടർത്തുന്ന സ്ട്രോ ഫ്ളവർ ഇനങ്ങളാണ്. പൂക്കളുടെ സവിശേഷമായ സുഗന്ധം നിമിത്തം സ്ട്രോഫ്ളവർ ചെടിയെ ഒൗഷധി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്ന് വേർതിരിക്കുന്ന സുഗന്ധതൈലം ത്വക്ക് സംരക്ഷണത്തിനു പുറമേ സുഗന്ധതൈല ചികിത്സയിലും (അരോമ തെറാപ്പി) വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.

സീമാ സുരേഷ്
ഡപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്, തിരുവനന്തപുരം
ഫോണ്‍-9447015939.