അനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?
അനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?
Friday, January 12, 2018 4:57 PM IST
അമൂല്യമായ സുഗന്ധവിളകളുടെ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവുമധികം മത്സരങ്ങളുണ്ടാക്കിയ വിള ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-ജാതിക്ക. ജാതിക്കയുടെ കുത്തകയ്ക്കുവേണ്ടി നടന്നത് രക്തരൂഷിതമായ നിരവധി യുദ്ധങ്ങൾ. ഉത്പാദന കേന്ദ്രങ്ങൾ കൈയടക്കാനുള്ള തത്രപ്പാടിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. ജാതിക്കൃഷിയുടെ തലസ്ഥാനമെന്നു പേരെടുത്തിരുന്നത് ഇന്തോനേഷ്യയിലെ ന്ധബൻഡ’ ദ്വീപുകളാണ.് ബൻഡ കടലിലെ ഈ ദ്വീപസമൂഹം അഗ്നിപർവതലാവ ഉറഞ്ഞു രൂപം കൊണ്ടതാണ്. പത്തു ചെറിയദ്വീപുകളുടെ ഒരു കൂട്ടം. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പകുതിവരെയും ജാതിക്കയുടെ ജാതിപത്രിയുടെയും ഏക സ്രോതസായിരുന്നു ബൻഡ ദ്വീപുകൾ. ഇതുകൊണ്ടു തന്നെ ചൈന, ഏഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധ ഈ ദ്വീപുകളിലായിരുന്നു.

വിദേശികൾ അക്കാലത്ത് നട്ട്മെഗ് ഐലൻഡ്സ് എന്നാണ് ബൻഡ ദ്വീപുകളെ വിശേഷിപ്പിച്ചിരുന്നത്. ബൻഡ ദ്വീപുകളിലെ സുവർണവിളയായിരുന്നു ജാതിക്ക. ജാതിക്ക ഉത്പാദനത്തിലും വ്യാപാരത്തിലും കുത്തക ഉറപ്പിക്കാൻ ഡച്ച് ഈസ്റ്റ് ഇന്ത്യകന്പനി 1621-ൽ ബൻഡ ദ്വീപുകളലെത്തി. രക്തരൂഷിത യുദ്ധത്തിനാണ് പിന്നീട് ദ്വീപ് സാക്ഷിയായത്. യുദ്ധത്തിനു മുന്പ് 15,000 ആയിരുന്ന ദ്വീപിലെ ജനസംഖ്യ യുദ്ധം കഴിഞ്ഞപ്പോൾ വെറും ആയിരമാ യെന്ന് ചരിത്രകാരനായ ന്ധവില്യം ഹന്ന’ രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം ബൻഡയിൽ നിന്ന് ജാതിത്തൈകൾ ശേഖരിച്ച് ബ്രിട്ടീഷ് കൊളോണിയൽ ഭരണപ്രദേശങ്ങളിൽ വ്യാപകമായി നട്ടുവളർത്താനും തുടങ്ങി. അനുമതിയില്ലാതെ ആരെങ്കിലും ജാതിത്തൈകൾ വളർത്തുന്നത് കണ്ടാൽ അവർക്ക് വധശിക്ഷയാണു നൽകിയിരുന്നത്. ഏതാണ്ട് 17-ാം നൂറ്റാണ്ടുവരെ ഡച്ച് ഈസ്റ്റ്ഇന്ത്യ കന്പനിയുടെ അധീനതയിലായിരുന്നു ബൻഡായിലെ ജാതിക്കൃഷിയും വ്യാപാരവും. എന്നാൽ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കടംകയറി കന്പനി പ്രതിസന്ധിയിലായി. കുത്തക നിലനിർത്താൻ എതിരാളികളോടു നിരന്തരം പടവെട്ടിയതും, ദ്വീപു നിവാസികളുടെ തിരിച്ചടിയും എല്ലാം ചേർന്നപ്പോൾ ഡച്ചുകാർക്ക് പിടിച്ചുനിൽക്കാനായില്ല.

ജാതിക്കായി കള്ളക്കടത്ത്

1770 ൽ പിയറി പോവറെന്ന ഫ്രഞ്ചുകാരൻ ആഫ്രിക്കൻ തീരത്തെ മൗറീഷ്യസ് ദ്വീപിലേക്ക് ജാതിത്തൈകൾ അതീവ രഹസ്യമായി കടത്തി. ഇവിടെനിന്ന് അത് കരീബിയയിലേക്കും എത്തി. ഗ്രനേഡ ദ്വീപുകളിൽ ജാതിത്തൈകൾ തഴച്ചുവളരാൻ തുടങ്ങി. 1778- ൽ ബൻഡ ദ്വീപുകളിലുണ്ടായ അഗ്നിപർവതസ്ഫോടനവും തുടർന്നുണ്ടായ സുനാമിയും പകുതിയിലേറെ ജാതിത്തോട്ടങ്ങളെ കടപുഴക്കി. 1809 ആയപ്പോഴേക്കും ഇംഗ്ലീഷുകാർ ഇന്തോനേഷ്യയിലേക്ക് തിരിച്ചെത്തുകയും ബലം പ്രയോഗിച്ച് ദ്വീപിൽ അധികാരം സ്ഥാപിക്കുകയും ചെയ്തു. 1817 ൽ അവർ ദ്വീപുകൾ ഡച്ചുകാരെ തിരികെ ഏല്പിച്ചു. പക്ഷെ അതിനോടകം നൂറുകണക്കിന് ജാതിത്തൈകൾ ഇന്ത്യ, സിലോണ്‍, സിംഗപ്പൂർ തുടങ്ങി നാടെങ്ങും പ്രചരിക്കുകയും ജാതിത്തോട്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇന്നിപ്പോൾ ഗ്രനേഡ ആണ് ന്ധനട്ട്മെഗ് ഐലൻഡ്’ എന്നറിയപ്പെടുന്നത്. മാത്രമല്ല ഗ്രനേഡയുടെ ദേശീയപതാകയ്ക്കും ജാതിക്കയുടെ പച്ചയും മഞ്ഞയും ചുവപ്പും നിറമാണു താനും.

ഇനപ്പെരുമയിലെ ജാതി

പത്തൊൻപതാംനൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലാണ് കേരളം ജാതിക്കൃഷിയിലേക്ക് ചുവടുവയ്ക്കുന്നത്. തനിവിളയായും തെങ്ങ്, കുമുക്, മാവ്, പ്ലാവ് തുടങ്ങിയവയ്ക്കൊപ്പം ഇടവിളയായുമാണ് ജാതി വളർന്നത്. കാലടി, മൂവാറ്റുപുഴ, തൃശൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ ഏറ്റവും അധികം ജാതിമരങ്ങൾ വളരുന്നത്. തമിഴ്നാട്ടിൽ കല്ലാർ, ബർളിയാർ, ഷെവറോയ് ഹിൽസ്, കൊല്ലി ഹിൽസ് എന്നിവിടങ്ങളിലാണ് ജാതിക്കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. കർണാടകത്തിലാകട്ടെ ദക്ഷിണ കാനറ, ഉത്തര കാനറ, കൂർഗ്, ചിക്മഗളൂർ ജില്ലകളിലും. കേരളത്തിനു പുറമെ ഗോവ, മഹാരാഷ്ട്ര, വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ എന്നിവിടങ്ങളിലും ജാതിക്കൃഷി അരങ്ങുതകർക്കുന്നു.
കർഷകർ കണ്ടെത്തിയ ജാതി ഇനങ്ങൾ അനവധിയാണ്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാ സ്ത്രജ്ഞനായ ഡോ. ബി. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം 2002-ൽ വിശ്വശ്രീ എന്ന ഇനം കണ്ടെത്തി.

ഒരു ഞെട്ടിൽ ഒറ്റ ജാതിക്കായ പിടിക്കുന്നതു കണ്ടു ശീലിച്ച മലയാളികളെ കുലകളായി ജാതിക്കായ പിടിക്കുന്ന വിശ്വശ്രീ വിസ്മയിപ്പിച്ചു. ഉയർന്ന ഉത്പാദനശേഷിയും ജാതിപത്രിയുടെ ഗുണമേ·യും കൂടെയായപ്പോൾ വിശ്വശ്രീ വളരെ വേഗം കർഷകരുടെ മനംകവർന്നു. ശാസ്ത്രജ്ഞർ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ജാതി ഇനവും ഇതുതന്നെ. ഒരു ഹെക്ടറിൽ നിന്ന് 480 കിലോ പത്രിയും 3122 കിലോ ഉണങ്ങിയ ജാതിക്കയും നൽകിയായിരുന്നു വിശ്വശ്രീയുടെ മുന്നേറ്റം. പോരാത്തതിന് ന്ധമിരിസ്റ്റിസിൻ’ എന്ന ഘടകത്തിന്‍റെ ഉയർന്ന തോതും.

ഇതിനു പുറമെ മഹാരാഷ്ട്രയിലെ ഡോ. ബാലാസാഹെബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠം പുറത്തിറക്കിയ കൊങ്കണ്‍ സുഗന്ധ, കൊങ്കണ്‍ സ്വാദ്, കൊങ്കണ്‍ ശ്രീമന്ദി തുടങ്ങിയ മികച്ച ഇനങ്ങൾ വേറെയുമുണ്ട്.

ചൂടും ഈർപ്പവും ഇഷ്ടം

ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ജാതിക്ക് താത് പര്യം. ഒപ്പം ധാരാളം ജൈവാംശവും നീർവാർച്ചയുമുള്ള മണ്ണുമായാൽ സന്തോഷം. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിൽ വരെ ജാതി വളരും. വിത്തുകായ്കൾ പാകിയാണ് ജാതി കൃഷി ചെയ്യുന്നത്. വിളഞ്ഞു പാകമായി പുറംതോട് പൊട്ടിയ കായ്കളാണ് തൈകൾ ഉൽപാദിപ്പിക്കാൻ അനുയോജ്യം. പ്രതിവർഷം 10,000 കായ്കൾ തരുന്ന ഓരോ കായും 10 ഗ്രാം തൂങ്ങുന്ന ഓരോ പത്രിയും ഒരുഗ്രാമെങ്കിലും തൂങ്ങുന്ന വിളവുതരുന്ന മരങ്ങളാണ് മികച്ച മാതൃമരങ്ങൾ.

കായുടെ പുറത്തു കാണുന്ന മാംസളമായ പുറംതോടും ജാതിപത്രിയും മാറ്റി വിത്തെടുത്ത് അന്നുതന്നെ പാകണം. തണലിടത്ത് 15 സെന്‍റീമീറ്റർ ഉയരത്തിലും 100-120 സെന്‍റീമീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വിത്തു തടം ഒരുക്കി വേണം പാകാൻ. തൈകൾ വളർന്ന് രണ്ടില വിരിയുന്നതോടെ പ്രധാന കൃഷിസ്ഥലത്തേക്കു മാറ്റി നടാം. ഇങ്ങനെ ചെയ്യുന്പോൾ തായ്വേര് പൊട്ടാ തെ നോക്കണം. 90 സെന്‍റീമീറ്റർ നീളം, വീതി, താഴ്ചയിൽ കുഴിയെടുത്ത് അഞ്ചുകിലോ അഴുകിയ കാലിവളമോ കന്പോസ്റ്റോ മേൽമണ്ണുമായി കലർത്തി കുഴി നിറക്കാം. മഴ തുടങ്ങുന്നതോടെ മധ്യഭാഗത്ത് വീണ്ടും ഒരു ചെറുകുഴിയെടുത്ത് തൈ നടാം. അടിവളമായി അഞ്ചുകിലോ മണ്ണിര കന്പോസ്റ്റ്, 300 ഗ്രാം എല്ലുപൊടി എന്നിവയും ഓരോ കുഴിയിലും ചേർക്കാം.

വിത്തുപാകിയുള്ള കൃഷിക്കു പുറമെ അപ്രോച്ച് ഗ്രാഫ്റ്റിംഗ്, പാച്ച് ബഡിംഗ് തുടങ്ങിയ പ്രജനന രീതികൾ വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കാറുണ്ട്. ജാതിക്ക് തണൽ നിർബന്ധമാണ്. വാക, മുരിക്ക് തുടങ്ങി വളരെ വേഗം വളരുന്ന തണൽ മരങ്ങൾ നേരത്തെ തന്നെ വച്ചുപിടിപ്പിച്ച് ഇതിന് സൗകര്യമൊരുക്കാം. ആദ്യഘട്ടത്തിൽ വാഴ കൃഷി ചെയ്തും തൈകൾക്ക തണലൊരുക്കാം.


നട്ട് ഒരുവർഷം പ്രായമായ തൈകൾക്ക് 10 കിലോഗ്രാം കാലിവളമോ കന്പോസ്റ്റോ ചേർക്കണം. കൂടാതെ 25 ഗ്രാം യൂറിയ, 55 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ നൽകണം. ഇത് മേയ്-ജൂണ്‍ മാസം നൽകുക. സെപ്റ്റംബർ-ഒക്ടോബർ മാസം 20 ഗ്രാം യൂറിയ, 55 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി ചേർക്കണം. ഇത് ക്രമേണ വർധിപ്പിച്ച് 15 വർഷം പ്രായമാകുന്പോൾ 15 കിലോഗ്രാം കാലിവളവും 1.2 കിലോഗ്രാം യൂറിയയും 1.5 കിലോഗ്രാം സൂപ്പർ ഫോസ് ഫേറ്റും 1.5 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും രണ്ടു ഗഡുക്കളായി നേരത്തെ പറഞ്ഞതു പോലെ നൽകുക.

സസ്യസംരക്ഷണം

ജാതിമരത്തിന് ഉപദ്രവം ചെയ്യുന്ന പ്രധാന ശത്രുകീടം ശൽക്കപ്രാണിയാണ്. കൂടാതെ തണ്ടുതുരപ്പൻ വണ്ടും ഉപദ്രവിക്കാറുണ്ട്. ജാതിമരത്തിന്‍റെ ശിഖരങ്ങളിൽ കരിംപൂപ്പ് പറ്റി കണ്ടാൽ അത് ശൽക്കകീടത്തിന്‍റെ ഉപദ്രവമാണ് എന്നു മനസിലാക്കാം. ക്വിനാൽ ഫോസ് എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് ഇവയെ നിയന്ത്രിക്കാം. ശിഖരങ്ങൾ ഉണക്കുന്ന തണ്ടുതുരപ്പൻ വണ്ടിന്‍റെ ഉപദ്രവം നിയന്ത്രിക്കാൻ സെവിൻ 50 ശതമാനം വെള്ളം ചേർത്ത് കുഴന്പുപരുവത്തിലാക്കി മരത്തിന്‍റെ തടിയിലും ശിഖരങ്ങളിലും പുരട്ടുക.

കുമിൾരോഗങ്ങളായ കരിംപൂപ്പ്, കായ്ചീയൽ എന്നിവയാണ് ജാതിമരത്തെ ബാധിച്ചു കാണുന്നത്. ഒരു ശതമാനം ബോർഡോമിശ്രിതം തയാറാക്കി തളിച്ചാൽ ഇവ നിയന്ത്രിക്കാം.

കൈയിൽ തടഞ്ഞ പൊന്ന്

കോട്ടയത്തെ കർഷകനായ ടോം സി. ആന്‍റണിക്ക് ബഡ്ഡിംഗ് ഒരു ഹരമാണ്. അതും ജാതിമരം ബഡ്ഡ് ചെയ്യാൻ പ്രത്യേക വിരുത്. നാട്ടുജാതിയുടെ ഒട്ടുകന്പുകളുമായി കാട്ടുജാതികൾ ബഡ്ഡു ചെയ്യാൻ ആന്‍റണി നിരന്തരം പോകുമായിരുന്നു. ഇത്തരത്തിൽ ഒരു ഫീൽഡ് ബഡ്ഡിംഗ് വേളയിലാണ് യാദൃച്ഛികമായി ഒരു പ്രത്യേകതരം കാട്ടുജാതി ആന്‍റണിയുടെ ശ്രദ്ധയിൽപ്പെട്ടത്. സാധാരണ ഗതിയിൽ 100-120 ജാതിക്കായ്കളും 800 മുതൽ 1000 വരെ ജാതിപത്രിയും വേണം ഓരോ കിലോ തൂങ്ങാൻ. എന്നാൽ താൻ കണ്ടെത്തിയ കാട്ടുജാതിയിൽ ബഡ്ഡുചെയ്ത സങ്കരസന്തതിക്ക് വെറും 80-100 ജാതിക്കായ്കളും 300-350 വരെ ജാതിപത്രിയും മതി ഓരോ കിലോ തൂങ്ങാൻ. ഒരു ജാതിക്കായ്ക്ക് 8-10 ഗ്രാമും ജാതിപത്രിക്ക് 2.5 മുതൽ 3.5 ഗ്രാമും തൂക്കം. പാളിമുകുളനം (പാച്ച് ബഡ്ഡിംഗ്) എന്ന പ്രജനനകലയിലാണ് ആന്‍റണിയുടെ വൈദഗ്ധ്യം. 2001ൽ സവിശേഷമായ ഈ ജാതിമരം കണ്ടെത്തിയതിന് ആന്‍റണിക്ക് നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്‍റെ പുരസ്കാരവും ലഭിച്ചു. കാട്ടുജാതിയുടെ വന്യമായ കരുത്തിൽ ദൃഢമായി വേരോടി വളർന്ന് നിറവിളവു തരുന്ന ജാതിമരം കർഷകരുടെ പ്രിയമിത്രമാകാൻ അധികനാൾ വേണ്ടിവന്നില്ല എന്നത് ചരിത്രം.
ഫോണ്‍- ടോം സി ആന്‍റണി: 97472 52299.

ലിംക ബുക്കിലേക്കൊരു ജാതിയാത്ര

ഇടുക്കി ജില്ലയിലെ പുരോഗമനകർഷകനായ വർക്കി തൊമ്മന്‍റെ (76) ജാതിവിജയകഥ ഏറെ വ്യത്യസ്തമാണ്. പതിന്നാലു വയസുള്ളപ്പോഴാണ് തൊമ്മന്‍റെ അപ്പൻ ഏഴു മക്കളുമായി കോട്ടയത്തു നിന്ന് ഇടുക്കിയിലേക്ക് കുടിയേറുന്നത്. മണ്ണിനോടും പ്രകൃതിയോടും പടവെട്ടിയുള്ള അപ്പന്‍റെ കൃഷികാര്യങ്ങൾ കണ്ടായിരുന്നു ഏറ്റവും ഇളയ ആളായ തൊമ്മന്‍റെ വളർച്ച. ആദ്യകാലത്ത് വാഴയും മരച്ചീനിയും നെല്ലും വളർത്തിയിരുന്ന തൊമ്മന്‍റെ കുടുംബം പിൽക്കാലത്ത് അടയ്ക്കയും തെങ്ങും കുരുമുളകും വളർത്തി. മലയോരമേഖലയിൽ ആദ്യമായി നാലായിരത്തോളം കരിമുണ്ടക്കുരുമുളകു വളർത്തിയതിന്‍റെ ക്രെഡിറ്റും ഈ കുടുംബത്തിനായിരുന്നു. നാട്ടിൽ നിന്ന് നാലഞ്ചു ജാതിത്തൈ നട്ടായിരുന്നു ജാതിക്കൃഷിയുടെ തുടക്കം.

1994 ൽ ഒരു നാടൻ ജാതിയിനത്തിൽ നിന്ന് പുതിയ ഒരു ജാതിത്തൈ കണ്ടെത്തി. അങ്ങനെ വർക്കി തൊമ്മൻ കണ്ടെത്തിയ മികച്ച ജാതിയായിരുന്നു ന്ധപുന്നന്താനം ജാതി’. 4.5 ഃ 3 സെന്‍റീ മീറ്ററാണ് കായുടെ വലിപ്പം. ഒരു മരത്തിൽ നിന്ന് പ്രതിവർഷം 3000 ജാതിക്കായ ലഭിക്കും. സാധാരണ ജാതിക്കായ്കളേക്കാൾ വലിപ്പമുള്ള ഈ സവിശേഷ ഇനം കണ്ടെത്തിയതിന് വർക്കി തൊമ്മന് 2015 ൽ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്‍റെ പുരസ്കാരം ലഭിച്ചു. ഒപ്പം ലിംക ബുക് ഓഫ് റെക്കോർഡ്സിൽ പ്രവേശനം ലഭിച്ചു. വിലാസം: Punnathanathu house, Muniyara P.O, Idukki 685571.., ഫോണ്‍: 9447447935.

കേരരാജൻ ഒവിആർ

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ചെന്ന് ഒവിആർ സോമുവിനെ കുറിച്ചു തിരക്കിയാൽ പലരും അറിഞ്ഞെന്നു വരില്ല. എന്നാൽ കേരരാജൻ ഒവിആർ എന്നു ചോദിച്ചാൽ നാട്ടാർക്ക് ഏറെ സുപരിചിതൻ. കോയന്പത്തൂർ ജില്ലയിൽ പൊള്ളാച്ചിയിലെ ഓടയകുളം ഗ്രാമത്തിലാണ് 44 വർഷം മുൻപ് ഒവിആർ തന്‍റെ തെങ്ങിൻതോപ്പ് സംവിധാനം ചെയ്തത്. തോട്ടത്തിൽ തെങ്ങുകൾ തമ്മിൽ 29 അടി വീതം അകലം നൽകിയാണു തൈകൾ നട്ടത്. അക്കാലത്ത് ഈ അകലം അത്ര പരിചിതമല്ലാ യിരുന്നു. എന്നാൽ പിന്നീട് ഈ ഇടയകലം സമൃദ്ധമായി ഇടവിളകൾ വളർത്താൻ സാഹായകമാകുമെന്ന് ദീർഘദർശിയായ ഒവിആർ മുൻകൂട്ടി കണ്ടിരുന്നു. 1987 ൽ കല്ലാർ ഫലസസ്യഗവേഷണസ്ഥാപനത്തിൽ നിന്ന് ജാതിത്തൈകൾ കൊണ്ടുവന്ന് നട്ടു. കൂടുതൽ മികച്ച തൈകൾ ഉത്പാദിപ്പിക്കാ ൻ 1994 ൽ വൈക്കത്തു നിന്ന് സദ്ഗുണസന്പന്നമായ മാതൃസസ്യങ്ങൾ ശേഖരിച്ച് ഒട്ടിച്ചു. ഇവ മികച്ച വിള വു നൽകി. മൂന്നാം വർഷം ആയിരം ജാതിക്കയും പന്ത്ര ണ്ടാം വർഷം രണ്ടായിരവും ഇരുപതു വർഷമായപ്പോഴേക്കും നല്ല കനവും മുഴുപ്പും പത്രിവലിപ്പവുമുള്ള പതിനായിരം കായ്കളും ഒവിആർ ന് കിട്ടി.

കാട്ടുജാതി റൂട്ട്സ്റ്റോക്ക് ആക്കി കരുത്തും രോഗ പ്രതിരോധശേഷിയും വിളപ്പൊലിമയുമുള്ള ആയിരക്കണക്കിന് ജാതിത്തൈകൾ ഉത്പാദിപ്പിച്ച് നൽകുകയും ചെയ്യുന്നു. ജാതിക്കായ ഉല്പാദനത്തിൽ ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗ്രനേഡയെ പോലും കടത്തിവെട്ടാൻ പൊള്ളാച്ചിയിലെ ജാതിത്തോട്ടങ്ങൾക്കാകുമെന്നാണ് ഒവിആറിന്‍റെ കണക്കുകൂട്ടൽ. ജാതിക്കായ ഉണക്കാൻ യന്ത്രസഹായം, ജാതിക്കായിൽ നിന്ന് വിവിധ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയിലെല്ലാം ഒവിആർ വിജയിച്ചിരിക്കുന്നു.

വിലാസം: OVR സോമസുന്ദരം, ഓടയക്കുളം പോസ്റ്റ് പൊള്ളാച്ചി- ടി.കെ, കോയന്പത്തൂർ- 642129.ഫോണ്‍- +914253281199., ലേഖകന്‍റെ ഫോണ്‍: സുരേഷ്-944630690.

സുരേഷ് മുതുകുളം
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറോ
തിരുവനന്തപുരം