നന്മയുടെ നല്ല കൃഷിപാഠങ്ങൾ
നന്മയുടെ നല്ല കൃഷിപാഠങ്ങൾ
Tuesday, January 9, 2018 5:10 PM IST
കർണാടകയുടെ ഉൾപ്രദേശങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാൽ കാണുന്നത് കൃഷിയുടെ നന്മകൾ. പരസ്പരം സഹായിക്കുന്ന, ബഹുമാനിക്കുന്ന കർഷകസമൂഹം. പരസ്പരം സംബോധന ചെയ്യുന്നത് ന്ധസർ’ എന്ന വാക്കിലൂടെ. കർഷകരെല്ലാം ചെയ്യുന്നത് സമ്മിശ്ര കൃഷി. കോഴിയും നാടൻപശുവുമില്ലാത്ത കർഷക കുടുംബങ്ങൾ ചുരുക്കം. രാസവളപ്രയോഗമുണ്ടെങ്കിലും അത് മണ്ണിന്‍റെ ഘടന നശിപ്പിക്കുന്ന രീതിയിലേക്കു പോകുന്നില്ല. ജൈവവളത്തോടൊപ്പം രാസവളം ഇടകലർത്തി നൽകുന്ന രീതി മണ്ണിനു ദോഷമുണ്ടാക്കുന്നില്ല. തോട്ടങ്ങളിൽ ഉപയോഗിക്കുന്നത് ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന ജൈവവളമാണ്. ചാണകവും കരിയിലയും ലയറുകളാക്കി ഒന്നോ രണ്ടോ മാസം സൂക്ഷിച്ചശേഷം ഇതിനെ മണ്ണിരകൾ പൊടിപോലാക്കുന്നതാണ് വളപ്പരുവം. ഇങ്ങനെ മണ്ണിര ലയിപ്പിച്ച ചാണകവും കരിയിലയും നല്ലവിളവു നൽകാൻ പോന്നവയാണ്. കർണാടകയിലെ നാടൻപശുക്കളുടെ ചാണകമാണ് ഇത്തരത്തിൽ വളം നിർമിക്കാൻ ഉപയോഗിക്കുന്നത്. നാടൻ പശുക്കളുടെ ചാണകത്തിന്‍റെ ഗുണഫലങ്ങൾ മുതലെടുത്തുകൊണ്ടാണ് വളനിർമാണം.

സെക്ടറുകളാക്കിയുള്ള കൃഷി

കൃഷിയിടങ്ങളും താമസസ്ഥലങ്ങളും വെവ്വേറെ സ്ഥലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ചു താമസിക്കുന്നു. താമസസ്ഥലത്തു നിന്ന് അൽപം മാറിയുള്ള കൃഷിയിടങ്ങൾ പുലർച്ചേ തന്നെ സജീവമാകുന്നു. മൂന്നും നാലും ഏക്കറുകളാണ് ഒരു ശരാശരി കർഷകന് സ്വന്തമായുള്ളത്. ഇതിനെ പല സെക്ടറുകളായി തിരിച്ച് പരസ്പരം സഹായകമാകുന്ന വിളകൾ മാറിമാറി കൃഷിചെയ്യുന്നു. ഇത്തരത്തിൽ കൃഷിരീതിയിലൂടെയുള്ള കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവ കേരളത്തിലെ കർഷകർക്ക് അനുവർ ത്തിക്കാവുന്നതാണ്. തുവര, കാബേജ്, സാലഡ് വെള്ളരി, ചോളം, തിന, റാഗി, ഉഴുന്ന്, മുതിര, മൾബറി, സൂര്യകാന്തി, ബന്തിപ്പൂവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഫലവർഗങ്ങൾ, മാവ് തുടങ്ങി കർണാടയുടെ ഗ്രാമപ്രദേശങ്ങളിൽ വിളയാത്തതൊന്നുമില്ല. കർഷക കുടുംബാംഗങ്ങൾ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങു ന്നു. രാവിലെ ആറ്- ആറര മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് കൃഷിയിടത്തിലെ ജോലികൾ കൂടുതലും നടക്കുന്നത്.

പരന്പരാഗത കൃഷി രീതികൾ

പരന്പരാഗത കൃഷി രീതികൾ അനുവർത്തിക്കുന്ന തോട്ടങ്ങളാണ് കർണാടകയിലധികവും. ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന കന്പോസ്റ്റാണ് പ്രധാന അടിവളം. ഉഴവിന് യന്ത്രസഹായമുണ്ട്. വിളകൾ ചന്തകളിലെത്തിക്കുന്നതിന് കാളവണ്ടികളും ഉപയോഗിക്കുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷി. മഴയുടെ ദൗർലഭ്യം കൃഷിയിടങ്ങളെ മോശമായി തന്നെ ബാധിക്കുന്നു. ചെമ്മണ്ണും തരിമണലും ചേർന്നുള്ള മണൽ എല്ലാ കൃഷികൾക്കും യോജിച്ചതാണ്. നല്ല തണുപ്പും ചൂടും ഇടകലർന്നുള്ള കാലാവസ്ഥയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും.


||

വിളവെടുപ്പ്

റാഗി, തിന, മുതിര, ഉഴുന്ന് എന്നിവയുടെ വിളവെടുപ്പും രസകരമാണ്. വിളവെടുപ്പായാൽ റോഡുകൾ വിളവെടുത്ത ചെടികൾകൊണ്ട് നിറയുകയായി. ഇതിനുമുകളിലൂടെ വാഹനങ്ങൾ കയറിപ്പോകുന്നതിനായി ഒരു ദിവസം റോഡിൽ നിരത്തുന്നു. നിരത്തുന്നതിനു മുന്പ് റോഡുകൾ അടിച്ചു വൃത്തിയാക്കുന്നു. ഇതിൽ നിരത്തിയ ചെടികൾക്കു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങിയ ശേഷം വൈകുന്നേരത്തോടെ കർഷകർ റോഡുകളിൽ സജീവമാകും. ബാക്കിയുള്ള കറ്റകൾ മെതിച്ച് വിളകൾ വേർതിരിച്ച് പേറ്റി ചാക്കുകളിലാക്കുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നു.

സർക്കാർ ഒപ്പമുണ്ട്

കർണാടക സർക്കാർ കർഷകർക്കൊപ്പമാണ്. വാഗ്ദാനങ്ങൾക്കപ്പുറം പ്രവൃത്തികൾക്കാണിവിടെ പ്രാമുഖ്യം. കൃഷിയിടങ്ങളിലേക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു. കൃഷിയിടങ്ങളിലെ പോസ്റ്റുകളിൽ നിന്ന് നേരിട്ട്, മീറ്ററോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെയാണ് വൈദ്യുതി കണക്ഷൻ നൽകുന്നത്. ആധുനിക ജലസേചന സംവിധാനമായ ഡ്രിപ്പ് ഇറിഗേഷന് ഏക്കറിന് 25,000 രൂപയാണ് സബ്സിഡി. കർഷകർ ഉത്പാദിപ്പിക്കുന്നവ വിറ്റഴിക്കാനും സർക്കാർ സംവിധാനം ശക്തമാണ്. ഓരോഗ്രാമത്തിലും രണ്ടോ മൂന്നോ റൂറൽ മാർക്കറ്റിംഗ് സെന്‍ററുകൾ സർക്കാർ സ്ഥാപിച്ചിരിക്കുന്നു. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ എത്തിച്ച് വിൽക്കാം. തുക അപ്പോൾതന്നെ കർഷകനു ലഭിക്കും. പുതിയ ആശയങ്ങൾ ഏതെങ്കിലും കർഷകൻ പ്രയോഗിക്കുകയാണെങ്കിൽ അത് പഠിച്ച് അതിനുള്ള പ്രോത്സാഹനങ്ങളും സഹായവും സർക്കാർ എത്തിച്ചു കൊടുക്കുന്നു. സർക്കാർ ഇടപെടലുകളിൽ തൃപ്തരുമാണ് ഇവിടത്തെ എല്ലാ കർഷകരും.

ചിരിത്ത പ്രധാന വില്ലൻ

ചിരിത്ത എന്നാൽ കന്നടഭാഷയിൽ പുള്ളിപ്പുലി എന്നർഥം. എല്ലാവീടുകളിലും കോഴികളും ആടുമാടുകളുമുള്ളതിനാൽ ചിരത്തയാണ് ഇവിടത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മുഖ്യശത്രു. മനുഷ്യനെ അധികം ആക്രമിക്കുകയില്ലെങ്കിലും മൃഗങ്ങളെയും പക്ഷികളെയും അകത്താക്കുന്നതിൽ വിരുതരാണിവർ. എന്നാൽ ഇവിടത്തെ വനംവകുപ്പിനെ അറിയിച്ചാൽ ഇവയെ അവർ പിടികൂടിക്കൊള്ളും. കൃഷിയിടങ്ങളിലെ വന്യമൃഗശല്യം തടയാൻ വനംവകുപ്പ് ബദ്ധശ്രദ്ധരാണെന്നത് കർഷകർക്ക് ആത്മവിശ്വാസം നൽകുന്നു. പക്ഷികളും മൃഗങ്ങളും മനുഷ്യരും ചേർന്നൊരുക്കുന്ന സ്വർഗമാണ് കർണാടകയിലെ കൃഷിയിടങ്ങൾ.

ടോം ജോർജ്
ഫോണ്‍: 93495 99023