അയലത്തെ നല്ല കൃഷി പാഠങ്ങൾ
അയലത്തെ നല്ല കൃഷി പാഠങ്ങൾ
Tuesday, September 12, 2017 4:22 AM IST
ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക്കാനും തി· ആവർത്തിക്കാതിരിക്കാനും ശ്രമിക്കുന്പോഴാണ് നല്ല വ്യക്തിത്വം രൂപം കൊള്ളുന്നത്. വ്യക്തിത്വത്തിലെ ഈ പാഠം കൃഷിയിലും പ്രധാനപ്പെട്ടതാണ്. നമ്മുടെ കർഷകർ ഭൂരിഭാഗവും മറ്റു കർഷകരിൽ നിന്നും കൃഷിയുടെ നല്ലപാഠങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. അയൽസംസ്ഥാനങ്ങളിലെ കൃഷിയിലെ അമിതവിഷപ്രയോഗം നമ്മൾ വ്യാപക ചർച്ചയാക്കുന്നു. വിഷത്തിൽ നിന്നും മുക്തിനേടാൻ കേരളത്തിൽ കൃഷി വളർത്തുന്നു. ഇതൊക്കെ കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു നയിക്കുമെന്നതിൽ സംശയമില്ല. അയൽസംസ്ഥാനങ്ങളിലെ കൃഷിയിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് അതിൽ നിന്നും മുക്തിനേടാൻ ശ്രമിക്കുന്പോൾ തന്നെ അവർ കാട്ടിത്തരുന്ന കൃഷിയിലെ നല്ലമാതൃകകൾ കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. വെള്ളവും കൃഷിച്ചെലവും പരമാവധികുറിച്ച് മികച്ചവിളവു നേടുന്ന അവരുടെ ചില രീതികളും പൊടിക്കൈകളും നമുക്കും അനുകരിക്കാവുന്നവയാണ്. ഇത്തരത്തിൽ അയൽസംസ്ഥാനങ്ങളിലെ കൃഷിയിലെ നല്ലമാതൃകകൾ പരിചയപ്പെടുത്തുന്നു.

പ്രധാനവിളയ്ക്ക് മൾട്ടിപർപ്പസ് കാലംനോക്കി കൃഷി

ഒരു വിളയ്ക്ക് വിവിധോപയോഗം, അയൽസംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് കാലംനോക്കിയുള്ള കൃഷിരീതികൾ. ഇടവിളയായും അതിരുകളിലും മറ്റുവിളകൾ. തമിഴ്നാട് തൂത്തുക്കുടിയിലെ കാർഷിക മാതൃകകളാണ് ഇവയെല്ലാം. ചെടിമുരിങ്ങ പ്രധാനവിളയായ ഗ്രാമമാണ് തൂത്തുക്കുടി ജില്ലയിലെ ഏറലിനടുത്തുള്ള കൊർകൈമനല്ലൂർ. കേരളീയർ മുരിങ്ങനട്ടാൽ പിന്നെ അതിൽ ആയുധം തൊടുന്നപതിവില്ല. അങ്ങനെ തൊട്ടാൽകായ്ഫലം ഉണ്ടാകില്ലെന്നുവരെ വിശ്വസിക്കുന്നവരുണ്ട് കേരളത്തിൽ. ഫലമോ കൈയെത്താദൂരത്തിലേക്ക് മുരിങ്ങ വളരും, വിളവെടുപ്പ് അസാധ്യമാകും. അഥവാ സാധ്യമായാൽ തന്നെ ചെലവേറും. മുഴുവൻ കായ്കളും പറിച്ചെടുക്കാനുമാകില്ല.

ഏറലിലെ തോട്ടങ്ങളിലെ മുരിങ്ങച്ചെടികൾക്ക് ഒന്നരആൾ പൊക്കമേയുള്ളൂ. ഒരുചുവട്ടിൽ നിന്നും പത്തു മുതൽ പതിനഞ്ചുവരെ ചിനപ്പുകൾ. ഇതിൽ ഇലകാണാത്തവിധം മുരിങ്ങക്കായകൾ. ഒരുപ്രാവശ്യം നട്ടാൽ 15 വർഷം വരെ തുടർച്ചയായി വിളവെടുക്കുമെങ്കിലും മരങ്ങൾക്ക് എപ്പോഴും ഒരു വയസു തന്നെ. ഇവിടെയാണ് കൊന്പുകോതലിന്‍റെ മായാജാലം തമിഴ്കർഷകർ നമുക്ക് കാണിച്ചുതരുന്നത്.

ജൂണ്‍ മുതൽ ഒക്ടോബർ വരെയാണ് മുരിങ്ങയിൽ വിളവെടുപ്പുകാലം. ഇതിനുശേഷം മുരിങ്ങക്കന്പുകൾ ഒരാൾപൊക്കത്തിൽ വെട്ടും. പിന്നെ ഇവ പാവൽ, പടവലം വിളകളുടെ പന്തൽക്കാലുകളാണ്. ഇതിൽ വല വലിച്ചുകെട്ടി പാവലും പടവലവും കയറ്റുന്നു. ഇവയുടെ വിളവെടുപ്പ് ജനുവരിയോടെ അവസാനിക്കും. പിന്നീട് മുരിങ്ങമരങ്ങൾ അടുത്തവിളവെടുപ്പിനായി ചുവട്ടിൽ നിന്നും ഒരടി ഉയരത്തിൽ മുറിക്കും. ഇതോടൊപ്പം തണ്ണിമത്തൻ, വെള്ളരി, മത്തൻ എന്നിവ നടും. മുരിങ്ങയ്ക്ക് പുതിയ ചിനപ്പുകൾ ഉണ്ടാകാൻ നൽകുന്ന വളങ്ങൾകൊണ്ട് ഇവയും വളരും.

മൂന്നുമാസത്തിനുള്ളിൽ മുരിങ്ങയുടെ പുതിയ ചിനപ്പുകൾ ഒരാൾപൊക്കത്തിലെത്തി പൂവിടുന്പോൾ മത്തൻ, തണ്ണിമത്തൻ, വെള്ളരി എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും. ഇവയുടെ അവശിഷ്ടഭാഗങ്ങൾ അഴുകി മുരിങ്ങയ്ക്ക് ഒന്നാന്തരം ജൈവവളമായി മാറുന്നു. ഇവ മുരിങ്ങത്തോട്ടങ്ങളിൽ പടർത്തുന്നതിനാൽ വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും മുരിങ്ങയ്ക്ക് സംരക്ഷണവും കിട്ടുന്നു. മുരിങ്ങയുടെ വിളവെടുപ്പു കാലം കേരളത്തിലെ ഓണക്കാലമായതിനാൽ മികച്ച വില ലഭിക്കുന്നു. മുരിങ്ങത്തോട്ടങ്ങളുടെ അതിർത്തിയിൽ ബജിയുണ്ടാക്കുന്ന പിണ്ടിവലിപ്പം കൂടുതലുള്ള ഇനത്തിൽപ്പെട്ട വാഴ കൃഷി ചെയ്യുന്നു. ഇതിനു മധ്യത്തിൽ വഴുതനയും വളരുന്നു. ചുരുക്കത്തിൽ ഒരിഞ്ചും പാഴാക്കാതെയുള്ള കൃഷി.

ഓണക്കാലത്തെ തോവാളപ്പൂക്കൾ

ഓണത്തിന് കേരളത്തിലെ വീട്ടുമുറ്റങ്ങളിൽ വർണപ്പൂക്കളം തീർക്കുന്ന പൂക്കൾ പ്രധാനമായും എത്തുന്നത് മുരിങ്ങഗ്രാമത്തിനു സമീപമുള്ള തോവാളയിൽ നിന്നാണ്. റോഡ് സൈഡുകളിലെ കൃഷിയിടങ്ങളിൽ ബന്തിയും വാടാമല്ലിയും മുല്ലപ്പൂവും കോഴിവാലനുമെല്ലാം കേരളത്തിലെ വീട്ടുമുറ്റങ്ങളിലേക്കു പുറപ്പെടാൻ തയാറാകുന്നു. തോവാളയിലെ റാഡ് സൈഡിലെ ഷെഡുകളിൽ പൂക്കച്ചവടം പൊടിപൊടിക്കുന്നു. നല്ലവെയിലത്തും തല ഉയർത്തി നിൽക്കുന്ന പൂക്കൾ. കേരളത്തിലെ ഓണത്തിനു നിറംപകരാൻ മാസങ്ങൾക്കു മുന്പുതന്നെ തോവാളയിലെ കർഷകർ ഒരുങ്ങുന്നു. നിലമുഴുത് വിത്തുവിതയ്ക്കുന്നു. ആട്ടിൻകാഷ്ഠവും ചാണകവും പിന്നെ ചില്ലറ രാസവളങ്ങളുമെല്ലാം കൂട്ടിനനുസരിച്ച് ചേർത്ത് വിരിയിക്കുന്നത് മനോഹര പുഷ്പങ്ങൾ. ഇത്തവണ വേനൽകടുത്തതിനാൽ പലസ്ഥലങ്ങളിലും കൃഷി നശിച്ചു. തുള്ളിനന സംവിധാനത്തിലേക്ക് മാറിയ പാടങ്ങളിൽ മാത്രമാണ് മികച്ചവിളവു ലഭിച്ചത്. അതിനാൽ പൂക്കൾക്ക് വിലകൂടുമെന്നാണ് പൂ മാർക്കറ്റ് നൽകുന്ന സൂചന.


ജൈവ രീതിയിൽ മുരുകേശന്‍റെ മുരിങ്ങ

തമിഴ്നാട്ടിൽ എല്ലാം വിഷമയമാണെന്ന വിശ്വാസം തിരുത്തിക്കുറിക്കുന്ന കൃഷിയിടങ്ങളാണ് കൊർക്കൈമനല്ലൂരിലുള്ളത്. ഇവിടത്തെ പ്രധാനകർഷകനായ ഈസ്റ്റ് സ്ട്രീറ്റിലെ നാൽപ്പത്തിരണ്ടുകാരനായ മുരുകേശന്‍റെ കൃഷിയിടത്തിലെത്തിയാൽ ഇതുമനസിലാകും.

തന്പിരാജ്, ഗോൾഡൻ, സുന്ദർരാജ്, സുനിൽ തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളും ഇതിനുദാഹരണമാണ്. പതിനൊന്ന് ഏക്കറിലാണ് മുരുകേശന് കൃഷിയുള്ളത്. ഇവിടെയുള്ളത് നാലുമുതൽ ഏഴുവരെ വർഷം പ്രായമുള്ള മുരിങ്ങകൾ. തളിരിലകളിൽ രോഗബാധയുണ്ടാകാതിരിക്കാൻ പൂക്കുന്നതിന് രണ്ടരമാസം മുന്പ് ക്ലോർപൈറിഫോസ് എന്ന കീടനാശിനി പ്രയോഗം മാത്രമാണ് ഈ കൃഷിയിടങ്ങളിൽ ചെയ്യുന്നത്. ഇതിനുശേഷം കൃഷി ജൈവരീതികളിലേക്കുമാറും. മറ്റു രോഗബാധകളില്ലാത്തതിനാൽ പിന്നീട് വിഷപ്രയോഗമില്ല. മുരിങ്ങത്തോട്ടങ്ങളിൽ വളർത്തുന്ന തേനീച്ചകൾ വിഷപ്രയോഗമില്ലെന്ന്് തെളിയിക്കുന്നു.

വളപ്രയോഗം

ഇവിടത്തെ ആടുഫാമുകളിൽ നിന്നും ലോറിക്ക് കൃഷിയിടങ്ങളിലെത്തിക്കുന്ന ആട്ടിൻകാഷ്ഠമാണ് പ്രധാനവളം. ഉണക്കച്ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം അടിവളമായിത്തന്നെ നൽകുന്നു. വിത്തിട്ട് പിടിപ്പിക്കുന്ന മരങ്ങൾ മൂന്നാം മാസം കായ്ക്കും. ഒരേക്കറിൽ നിന്ന് ഒരുസീസണിൽ 10 ടണ്‍ വരെ വിളവു ലഭിക്കും. മുരിങ്ങത്തോട്ടങ്ങളിൽ തേനീച്ച എത്തിയതോടെ വിളവ് മുപ്പത് ഇരട്ടി വർധിച്ചെന്ന് കർഷകർ പറയുന്നു. ഒരു ചെടിയിൽ നിന്ന് 15 വർഷം വരെ വിളവെടുക്കാം. ചെടിയുടെ ചുവട്ടിൽ നിന്ന് ഒരടി അകലത്തിൽ കൈകൊണ്ട് കുഴിയുണ്ടാക്കി ജൈവവളങ്ങൾ ഇതിൽ ഇട്ടുമൂടുന്നു. ഇതിനുശേഷം തുള്ളിനന സംവിധാനത്തിലൂടെ കുഴിയുടെ മുകളിൽ ജലസേചനം നടത്തുന്നു. ഇതാണ് വളപ്രയോഗ രീതി.

തേനീച്ചയും ഇടവിളകളും

മുരിങ്ങത്തോട്ടത്തിന്‍റെ അതിരുകളിൽ നിശ്ചിത അകലത്തിലാണ് തേനീച്ചപ്പെട്ടികൾ വച്ചിരിക്കുന്നത്. തേനീച്ചകളാൽ നിറഞ്ഞിരിക്കുകയാണ് മുരിങ്ങപൂങ്കുലകൾ. ഇതിനാൽ വിളവ് 30 ഇരട്ടി വർധിച്ചു. മുരിങ്ങവിളവെടുപ്പിനു ശേഷം കന്പുമുറിച്ച് ഇവ പന്തൽകാലാക്കി പാവൽ, പടവലം എന്നിവ കൃഷിചെയ്യുന്നു. ഇതിനുശേഷം മുരിങ്ങ, ചുവട്ടിൽ നിന്ന് ഒരടി ഉയരത്തിൽ മുറിക്കുന്നു. ഇതിൽ നിന്നും വരുന്ന പുതുനാന്പുകളിലാണ് അടുത്തവർഷം കായുണ്ടാകുന്നത്. ഇതിനാൽ 15 വർഷവും മുരിങ്ങ നിത്യയൗവനത്തിലാണ്. ഓരോവർഷം കൂടുന്തോറും ചിനപ്പുകളുടെ എണ്ണം വർധിക്കുന്നതിനാൽ വിളവും വർധിക്കുന്നു. ചുവട്ടിൽ നിന്നും മുരിങ്ങ വെട്ടുന്ന സമയത്ത് വെള്ളരി വർഗങ്ങൾ, തണ്ണിമത്തൻ തുടങ്ങിയവ കൃഷിചെയ്യുന്നു. ഇങ്ങനെ വർഷം പലവിളകളിൽ നിന്നുള്ള ആദായമുള്ളതിനാൽ ഇവർ കൃഷി ആസ്വദിക്കുകയാണ്.

വിളവെടുപ്പ്

നാലുദിവസത്തിലൊരിക്കലാണ് മുരിങ്ങവിളവെടുക്കുന്നത്്. ജൂണ്‍മുതൽ ഒക്ടോബർവരെയാണ് വിളവെടുപ്പുകാലം. കിലോയ്ക്ക് 17-22 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ജനുവരിയിലാണ് അടുത്ത കൃഷികാലത്തിനായി ചുവട്ടിൽ നിന്നും മുരിങ്ങ വെട്ടുന്നത്. രണ്ടര അടി നീളമുള്ള ഗുണമേ·കൂടിയ മുരിങ്ങക്കായാണ് തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്നത്. തോട്ടങ്ങളിൽ സന്ദർശകരായെത്തുന്ന മയിലുകൾ മുരിങ്ങയിലുള്ള കീടങ്ങളെ തിന്നു നശിപ്പിക്കുന്നു. ഫോണ്‍: മുരുകേശൻ-97878 030 75.

ടോം ജോർജ്