പാഴ്ഭൂമിയിൽ കരനെൽ വിസ്മയം
പാഴ്ഭൂമിയിൽ കരനെൽ വിസ്മയം
Friday, December 2, 2016 6:21 AM IST
പാഴ്ഭൂമിയിലെ കരനെൽ ക്കൃഷി വിജയം നാട്ടുകാർക്ക് കൗതുകമായി. മുണ്ടക്കയം പുഞ്ചവയൽ ഒറവാറൻതറ വീട്ടിൽ ലൂയിസ് തോമസ് എന്ന യുവകർഷകനാണ് നെൽകൃഷിയിൽ വിജയം രചിക്കുന്നത്.

അടച്ചുപൂട്ടിയ റബർഫാക്ടറി വളപ്പിലെ കുറ്റിക്കാടുകൾ മാലിന്യം തള്ളുന്നതിനുള്ള ഇടമായി ആൾക്കാർ തെരഞ്ഞെടുത്തതിനുള്ള പ്രതിവിധിയായാണ് ലൂയിസ് കാടുവെട്ടി മണ്ണിളക്കി കരനെൽക്കൃഷി തുടങ്ങിയത്.

മുണ്ടക്കയം കൃഷിഭവനിൽ നിന്നും ലഭിച്ച ‘ഐശ്വര്യ’ ഇനത്തിൽപ്പെട്ട നെൽവിത്തുകളാണ് കൃഷിക്കുപയോഗിക്കുന്നത്. കരനെൽക്കൃഷിയിൽ മുൻപരിചയമുള്ള ലൂയിസ് കൃഷിപ്പണികൾ ശരിയായ തരത്തിൽ തന്നെയാണ് ചെയ്തുവരുന്നത്.

പാഴായികിടന്ന പുരയിടത്തിൽ നെൽച്ചെടിയുടെ ആർത്തുവരവ് നെല്ലിനെ അറിയുന്ന പഴമക്കാർക്ക് നെല്ലനുഭവങ്ങൾ ഓർത്തെടുക്കാനും പുതുതലമുറയിലെ കുട്ടികൾക്ക് കൗതുകവുമായി.


സ്കൂൾ കുട്ടികൾ നെല്ലിന്റെ കൃഷിരീതി, വിളവെടുപ്പ്, ചരിത്രം ഇവയൊക്കെ അറിയാൻ ലൂയിസിനെ തേടിയെത്തി. മുതിർന്ന കർഷകർ, പുസ്തകങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്‌ഥർ ഇവരിൽ നിന്നൊക്കെ കൂടുതൽ അറിവുകൾ ശേഖരിച്ച് കുട്ടികൾക്ക് നൽകുകയാണ് ഈ മാതൃകാ കർഷകൻ.

സ്വന്തം കൃഷിഭൂമിക്കു പുറമേ പാട്ടത്തിനു സ്‌ഥലമെടുത്ത് കൃഷിയിൽ സജീവമായ ലൂയിസ് ഇതരകർഷകർക്ക് കൃഷിയറിവുകൾ പകരുന്നതിനും വിപണി വ്യതിയാനങ്ങൾ പഠിപ്പിക്കുന്നതിനും ബദ്ധശ്രദ്ധനാണ്.

ഫാ. മാത്യു വടക്കേമുറിയുടെ നാമധേയത്തിലുള്ള പ്രഥമ യുവകർഷക പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ലൂയിസിന് കൃഷി എന്നത് ജീവനോപാധി എന്നതിലുപരി തപസ്യ തന്നെയാണ്. ഫോൺ: 9446123705.

എ.ജെ. അലക്സ് റോയ്