മുട്ടയിലും വ്യാജനോ?
മുട്ടയിലും വ്യാജനോ?
Wednesday, November 23, 2016 6:47 AM IST
സമ്പൂർണ മാംസാഹാരമെന്ന വിശേഷണമുള്ള കോഴിമുട്ട എന്ന ഭക്ഷ്യവസ്തു പെട്ടെന്നൊരു നാൾ മുതൽ സാധാരണക്കാരന്റെ പേടി സ്വപ്നമായി മാറിയിരിക്കുന്നു. എല്ലാത്തിലും മായമാണ് എന്നുള്ള വാർത്തകൾക്കു പിന്നാലെ ദാ മുട്ടയിലും വ്യാജൻ എന്ന വാർത്ത വന്നെത്തിയിരിക്കുന്നു. ആ വ്യാജമുട്ടയ്ക്കുള്ള വിളിപ്പേര്– ചൈനീസ് മുട്ട. സത്യത്തിൽ എന്താണ് ഈ ചൈനീസ് മുട്ട ? അങ്ങനെ ഒന്നുണ്ടോ? ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുട്ടയാണോ ഇത്? കാര്യങ്ങൾ ഇങ്ങനെയൊക്കെ ചർച്ചയാകുന്നുണ്ടെങ്കിലും ചൈനീസ് മുട്ട എന്ന അദ്ഭുത സാധനം കാണാൻ ഞാനും കാത്തിരിക്കുകയാണ്. അദ്ഭുത സാധനം എന്നുതന്നെ പറയാൻ കാരണം അതി സങ്കീർണമായ ജൈവഘടനയുള്ള മുട്ട വ്യാജമായി നിർമിക്കുക എന്നത് ചില്ലറക്കാര്യമല്ല. വെളുത്തനിറവും കട്ടിയുള്ള തോടും ശരാശരി 57 ഗ്രാം ഭാരവുമാണ് ഒരു ശരാശി കോഴിമുട്ടയ്ക്കുള്ളത്. അത്തരത്തിലുള്ള ഒരു മുട്ടയിൽ വെള്ളക്കരു (ആൽബുമെൻ) 60 ശതമാനവും മഞ്ഞക്കരു (കൊഴുപ്പ്) 30 ശതമാനവും മുട്ടത്തോട് (ഷെൽ) 10 ശതമാനവുമാണ്. ഇതൊക്കെ കൃത്യമായ അളവിൽ ചേർത്ത് ഉരുട്ടിഎടുക്കുക എന്നത് ശ്രമകരം തന്നെ.

ഇന്നത്തെ നിലയ്ക്കുള്ള ചൈനീസ് മുട്ട വിവാദങ്ങൾ കേൾക്കുമ്പോൾ ഞാനെന്റെ പി.ജി. പഠനകാലത്തെ ഗുരുനാഥനായ ഡോ. നാരായണൻകുട്ടിയുടെ ക്ലാസുകൾ ഓർത്തുപോവുകയാണ്. കോഴിമുട്ട, ഇറച്ചി എന്നിവയുടെ ഉത്പന്നങ്ങളിൽ അനവധി ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം കോഴിമുട്ടയുടെ ഗുണങ്ങൾ വർണിക്കുമ്പോൾ വാചാലനായിത്തീരാറുണ്ട്. അതിൽ അദ്ദേഹം പറഞ്ഞിരുന്ന ഒരു പ്രധാന വിശേഷണം കോഴിമുട്ട, ഒരിക്കലും മായം ചേർക്കാൻ പറ്റാത്ത, കുട്ടികൾക്കും വൃദ്ധർക്കും ഒരു പോലെ വിശ്വസിച്ചു കഴിക്കാവുന്ന ഒരു സമ്പൂർണാഹാരമാണെന്നതാണ്. കൂടാതെ 100 ഗ്രാം മുട്ടയിൽ നിന്ന് ശരാശരി 150 കിലോകലോറി ഊർജം, ഒരു ഗ്രാം അന്നജം, 12 ഗ്രാം മാംസ്യം, 300 മില്ലിഗ്രാം കൊളസ്ട്രോൾ എന്നിവ ലഭ്യമാകുന്നു. വിറ്റാമിനുകളുടെ കാര്യത്തിൽ ജീവകം എ, ബി ജീവകങ്ങൾ, ജീവകം ഇ എന്നിവ ധാരാളമായുണ്ട്. ഇത്തരത്തിൽ നിസാരവിലയ്ക്ക് ലഭ്യമാകുന്ന ഒരു ഔഷധക്കുട്ടായ മുട്ടയാണ് ഇന്നത്തെ വില്ലൻ. സ്‌ഥിതി ഇങ്ങനെ യൊക്കെ ആണെന്നിരിക്കെ ചൈനീസ് മുട്ടയുടെ അഥവാ രാസമുട്ട വിവാദത്തെ വിശദമായി ഒന്ന് ഇഴകീറി പരിശോധിക്കാം.

സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ മാധ്യമങ്ങൾക്ക് വലിയ സ്വാധീനം ജനങ്ങളിലുണ്ട്. ഇത്തരത്തിൽ ഒരു വിവാദം തുടങ്ങിയപ്പോൾ തന്നെ ചൈനീസ് മുട്ട എന്നൊരു സാധനം ഉണ്ടെന്നതരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകി. സാക്ഷരത കൂടിയവരും അഭ്യസ്തവിദ്യരും ഉടൻ ഇന്റർനെറ്റിൽ പരതി. അപ്പോൾ ദേ കിടക്കുന്നു ചൈനീ സ് മുട്ട. അതെങ്ങനെ തിരിച്ചറിയാമെന്നുള്ള വാർത്തകൾ കൂടാ തെ ചൈനീസ് മുട്ട നിർമാണ രീതി വരെ യൂ ട്യൂബ് വീഡിയോയിൽ കാണാം. സോഡിയം ആൽജിനേറ്റ്, ജെലാറ്റിൻ, കാൽസ്യം ക്ലോറൈഡ്, കാൽസ്യം കാർബണേറ്റ് എന്നീ ചേരുവകളും മറ്റനുബന്ധ രാസവസ്തുക്കളും ചേർത്ത് മുട്ടകൾ നിർമിക്കാമെന്ന് ഇതിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ വളരെ കൃത്യതയോടും സൂക്ഷ്മയോടും കൂടി, കുടിൽ വ്യവസായം പോലെ മുട്ടകൾ നിർമിച്ചു വിൽക്കാം എന്നു പറയുന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും വിശ്വസിക്കാൻ പറ്റാത്തതാണ്. ഇനി കളിപ്പാട്ടം പോലെ ഇത്തരത്തിൽ മുട്ട നിർമിച്ച് വിൽക്കാമെന്നൊക്കെ കരുതിയാൽ തന്നെ അതിനു വളരെയധികം ചെലവു വരും. 4–5 രൂപ വിലയ്ക്ക് ലഭിക്കുന്ന മുട്ടയുടെ വിലയ്ക്ക് ഇവ വിൽക്കാനും സാധ്യമല്ല.


മുട്ടകൾ കേടാകാതിരിക്കാൻ ദീർഘനാൾ ഫ്രീസറിൽ സുക്ഷിക്കുകയും പിന്നീട് അവയെടുത്ത് ചുടാക്കുകയും ചെയ്യുമ്പോൾ മഞ്ഞക്കരുവിന്റെ ഘടനയിൽ മാറ്റം വരുന്നതായി കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ളതോ കേടായ മുട്ടകളോ ആവാം ചിലർ ചൈനീസ് മുട്ട എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. കൂടാതെ, മുട്ടത്തോട് പെട്ടെന്ന് ഉടഞ്ഞുപോകാതിരിക്കാൻ കോഴിത്തീറ്റയിൽ കാൽസ്യത്തിന്റെ അളവു കൂടുതൽ ചേർക്കുന്നതിനാൽ മുട്ടത്തോടിന് കട്ടികൂടുതലായി കണ്ടുവരുന്നു. ഇത്തരത്തിൽ കട്ടിയുള്ള തോടോടുകൂടിയ മുട്ടകളും ചില വൈറസ് രോഗങ്ങളാൽ ആകൃതി മാറിയ മുട്ടകളുമെല്ലാം വ്യാജൻമാരാണെന്ന് ധരിക്കാൻ ഇടവരരുത്.

നിർഭാഗ്യമെന്നു പറയട്ടെ ലോകമെങ്ങും ഒക്ടോബർ 14 ലോക മുട്ടദിനമായി ആചരിച്ചപ്പോൾ കേരളത്തിൽ ചൈനീസ് മുട്ട എന്ന വിവാദ വാർത്തയാണ് ആഘോഷിക്കപ്പെട്ടത്. അന്നേ ദിവസം രാവിലെ തന്നെ എറണാകുളം, ഇടുക്കി ജില്ലകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ തൃശൂരിലെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻ സിലെ ലാബിൽ സംശയിക്കപ്പെട്ട മുട്ടകളുടെ സാമ്പിളുകളുമായി എത്തിച്ചേർന്നിരുന്നു. പ്രസ്തുത കേന്ദ്രത്തിലെ ശാസ്ത്രജ്‌ഞരുടെ നേതൃത്വത്തിൽ 44 ഓളം സാമ്പിളുകൾ പരിശോധിച്ചു. എന്നാൽ ഇവയിൽ ഒന്നും തന്നെ സംശയിക്കത്തക്‌തതായ ഒന്നും കണ്ടെത്താനായില്ല. ഫിസിക്കൽ ടെസ്റ്റിൽ ഉൾപ്പെടുന്ന കാന്റിലിംഗ്, ബോയിലിംഗ്, ഇന്റേണൽ ആന്റ് എക്സ്റ്റേണൽ ഇവാലുവേഷൻ, ഓർഗനോലെപ്റ്റിക് ടെസ്റ്റുകൾ എന്നിവയാണ് നടത്തിയത്. പരിശോധിച്ച മുട്ടകളിൽ ഒന്നു പോലും കൃത്രിമമല്ലെന്നും യഥാർഥ ഭക്ഷ്യയോഗ്യമായ മുട്ടകളാണെന്നും കണ്ടെത്തി. എന്നാൽ നഗരത്തിൽ വിറ്റഴിക്കുന്ന മുട്ടകളിൽ ചിലത് പഴക്കം ചെന്നവയും ബി.ഐ.എസ് നിബന്ധനകൾക്ക് വിധേയമായി രേഖപ്പെടുത്തിയവ യല്ലെന്നും ബോദ്ധ്യപ്പെടുകയും വിശദമായ പരീക്ഷണ ഫലങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കൂടുതൽ പരിശോധനകളുമായി മുന്നോട്ടു പോകാവുന്നതാണെന്നും രാസപരിശോധനകൾ ക്കായി മുട്ടത്തോടും, തോടിനും കീഴിലെ നേർത്ത ആവരണവും മറ്റേതെങ്കിലും ലാബിലേക്ക് അയക്കാമെന്നും റിപ്പോർ ട്ടിൽ പറയുന്നുണ്ട്.

കേരളത്തിൽ വ്യാജമുട്ട വിൽ പ്പന വ്യാപകമാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്ന ശാ സ്ത്രീയ പരിശോധന ഫലങ്ങളാണ് സർവകലാശാലയിൽ നിന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനെല്ലാം പുറമെ ചൈനയിൽ നിന്നോ മറ്റ് അയൽ രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് മുട്ട ഇറക്കുമതി നടക്കുന്നില്ലെന്ന് തുറമുഖങ്ങളിൽ നിന്നുള്ള രേഖകളും ഡയറക്ടർ ഓഫ് ഫോറിൻ ട്രേഡ് ഓഫീസും സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ലക്ഷക്കണക്കിന് മുട്ടകൾ ഉദ്പാദിപ്പിക്കുന്ന തമിഴ്നാട്ടിലെ നാമക്കലിൽ ഇത്തരത്തിലുള്ള ഒരു വാർത്തയും പ്രചരിക്കുന്നില്ലെന്ന് അവിടുത്തെ ശാസ്ത്രജ്‌ഞരും ഉറപ്പിച്ചു പറയുന്നു. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ ചൈനീസ് മുട്ട എന്ന സാധനം ഒരു സാങ്കൽപ്പിക വസ്തു ആണെന്ന് നിസംശയം പറയാം. കൂടുതൽ വിവരങ്ങൾക്ക് : ഡോ. ഹരികൃഷ്ണൻ എസ്. – 9446443700.

ഡോ. എസ്.ഹരികൃഷ്ണൻ
അസിസ്റ്റന്റ് പ്രഫസർ, പൗൾട്രി സയൻസ് ഡിപ്പാർട്ട്മെന്റ്, വെറ്ററിനറി സർവകലാശാല.