രുചിമധുരവുമായി പാഷന്‍ ഫ്രൂട്ട്
രുചിമധുരവുമായി പാഷന്‍ ഫ്രൂട്ട്
Thursday, August 9, 2018 3:14 PM IST
പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ രുചിക്കൂട്ടില്‍ ഒരുക്കിയിരിക്കുന്നത്...

പാഷന്‍ഫ്രൂട്ട് ലെസ്സി

ചേരുവകള്‍
പാഷന്‍ ഫ്രൂട്ട്- രണ്ടെണ്ണം
തൈര് പുളിയില്ലാത്തത് -മൂന്ന് ടേബിള്‍ സ്പൂണ്‍
ഐസ് -ആവശ്യത്തിന്
തേന്‍ -രണ്ട് ടീസ്പൂണ്‍

തയാറാക്കുന്നവിധം
പാഷന്‍ഫ്രൂട്ടിന്റെ കാമ്പ് മിക്‌സിയിലിട്ട് ഒന്നടിച്ച് കുരുവില്ലാതെ അരിച്ചെടുക്കുക. ഇതില്‍ തൈരും ഐസും തേനും അല്‍പം തണുത്ത വെള്ളവും ചേര്‍ത്ത് നന്നായി അടിക്കണം. ഇതു ഗ്ലാസില്‍ ഒഴിച്ച് പാഷന്‍ഫ്രൂട്ടിന്റെ കാമ്പ് മുകളില്‍ വിതറി സെര്‍വ് ചെയ്യാം.

പാഷന്‍ പഞ്ച്

ചേരുവകള്‍
പാഷന്‍ ഫ്രൂട്ട്- മൂന്നെണ്ണം
പഴം -ഒരെണ്ണം
തണ്ണിമത്തന്‍ കഷണങ്ങളാക്കിയത് -ഒരു കപ്പ്
ഓറഞ്ച് ജ്യൂസ് -300 മില്ലി
തണുത്തപാല്‍ -ഒരു കപ്പ്

തയാറാക്കുന്നവിധം
പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ് എടുത്ത് ഒന്ന് മിക്‌സിയില്‍ കറക്കി കുരുവില്ലാതെ അരിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഒന്നുകൂടി മിക്‌സിയില്‍ അടിച്ചെടുത്ത് വിളമ്പാം.

പാഷന്‍ഫ്രൂട്ട് കോക്കന് ജെല്ലി

ചേരുവകള്‍
പാഷന്‍ഫ്രൂട്ട് ജ്യൂസ് -ഒരു ഗ്ലാസ്
ചൈനാഗ്രാസ് -100 ഗ്രാം
കരിക്ക് -ഒന്ന്
പഞ്ചസാര -നാല് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം
ചൈനാഗ്രാസ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചെറുതീയില്‍ ഉരുക്കുക. അതിന്റെ പകുതിയിലേക്ക് പാഷന്‍ഫ്രൂട്ട് ജ്യൂസും പകുതി പഞ്ചസാരയും ഒഴിച്ച് ചൂടാക്കണം. ഇതു വിളമ്പാനുള്ള പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. കരിക്ക് കാമ്പും വെള്ളവും മിക്‌സിയില്‍ അടിക്കണം. ഇത് ബാക്കി ചൈനാഗ്രാസിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക. എന്നിട്ട് ആദ്യം ഫ്രിഡ്ജില്‍ വച്ച് സെര്‍വിംഗ് ബൗളിന്റെ മുകളില്‍ ഒഴിച്ച് വീണ്ടും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് സെറ്റ് ആക്കണം. നന്നായി സെറ്റ് ആയി കഴിയുമ്പോള്‍ വിളമ്പാം.



പാഷന്‍ ഫിസര്‍

ചേരുവകള്‍
പഞ്ചസാര -20 ഗ്രാം
നാരങ്ങനീര് -10 മില്ലി
ഐസ് -ആവശ്യത്തിന്
പാഷന്‍ഫ്രൂട്ട് ജ്യൂസ് -50 മില്ലി (കാല്‍ ഗ്ലാസ്)
സോഡ -ഒരു ഗ്ലാസ്
പുതിനയില -രണ്ടു തണ്ട്

തയാറാക്കുന്നവിധം
പഞ്ചസാരയും നാരങ്ങാനീരും പാഷന്‍ഫ്രൂട്ട് അരിയില്ലാതെ മിക്‌സിയില്‍ ഒന്നും കറക്കി എടുത്ത ജ്യൂസും മിക്‌സിയില്‍ നന്നായി അടിക്കുക. ഇതു ഗ്ലാസില്‍ ഒഴിച്ച് സോഡയും ചേര്‍ക്കണം. പുതിനയിലയും ഐസും ഇട്ട് ഉപയോഗിക്കാം.

പാഷന്‍ഫ്രൂട്ട് ജ്യൂസ്

ചേരുവകള്‍
പാഷന്‍ഫ്രൂട്ട് - 10 എണ്ണം
പഞ്ചസാര -ആറു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം
പാഷന്‍ഫ്രൂട്ടിന്റെ കാമ്പ് മിക്‌സിയില്‍ ഒന്നു കറക്കി കുരുവില്ലാതെ അരിച്ചെടുക്കുക. ഇതില്‍ പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വച്ച് തിളപ്പിക്കണം. അല്‍പനേരം തിളച്ചുകഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക. ഈ സിറപ്പ് തണുപ്പിച്ച് കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുക. ഒരു ഗ്ലാസ് ജ്യൂസിന് കാല്‍ഗ്ലാസ് സിറപ്പ് മതിയാകും.

പാഷന്‍ഫ്രൂട്ട് ജാം

ചേരുവകള്‍
പാഷന്‍ഫ്രൂ് ജ്യൂസ് -രണ്ടു ഗ്ലാസ്
പഞ്ചസാര -രണ്ടു ഗ്ലാസ്
നാരങ്ങനീര് --ഒരു നാരങ്ങയുടേത്

തയാറാക്കുന്നവിധം
പാഷന്‍ഫ്രൂട്ടിന്റെ കാമ്പ് മിക്‌സിയില്‍ ഒന്നു കറക്കി കുരുവില്ലാതെ അടിച്ചെടുക്കുക. ഈ ജ്യൂസിലേക്ക് പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത് അടുപ്പില്‍ വച്ച് നന്നായി വറ്റിക്കണം. നന്നായി വറ്റി കുറുകി വരുമ്പോള്‍ സ്റ്റൗവ് ഓഫ് ചെയ്യുക. തണുത്ത് കഴിയുമ്പോള്‍ ചെറിയകുപ്പികളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യത്തിന് മാത്രം പുറത്തെടുക്കുക. പ്രിസര്‍വേറ്റീവ്‌സ് ഇല്ലാത്തതുകൊണ്ട് പുറത്ത് അധികം വയ്ക്കാന്‍ പാടില്ല.

സോജി മനോജ് പാലത്ര
ചങ്ങനാശേരി